റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദേശീയ പാതകളുടെ ഹരിതവത്ക്കരണ (ഗ്രീൻ കവർ) സൂചിക (NH-GCI) സംബന്ധിച്ച ആദ്യ വാർഷിക റിപ്പോർട്ട് (2025-26) ദേശീയ പാത അതോറിറ്റി (NHAI) പുറത്തിറക്കി.
പോസ്റ്റഡ് ഓണ്‍:
09 MAR 2026 5:42PM by PIB Thiruvananthpuram
ദേശീയപാതകളിലെ ഹരിതവത്ക്കരണത്തിന്റെ തോത് വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ NHAI നടപ്പാക്കുന്ന, ദേശീയ പാതകളുടെ ഹരിതവത്ക്കരണ സൂചിക (NH-GCI) 2025–26-സംബന്ധിച്ച ആദ്യ വാർഷിക റിപ്പോർട്ട്പുറത്തിറക്കി. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററുമായി (NRSC) സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. നൂതന ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, ദേശീയപാതാ ശൃംഖലകളിലെ റൈറ്റ് ഓഫ് വേ ( (Right of Way-RoW) ) യിലെ പച്ചപ്പിന്റെ ശാസ്ത്രീയവും പരിമാണാത്മകവുമായ വിലയിരുത്തൽ നടത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ദേശീയപാതകളുടെ ഇടത് -വലതു വശങ്ങളിലെ സസ്യജാലങ്ങളുടെ സാന്നിധ്യം വസ്തുനിഷ്ഠമായും സാങ്കേതികവിദ്യാധിഷ്ഠിതമായും കണക്കാക്കാൻ സഹായിക്കുന്ന ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ സെൻസറുകൾ മുഖേന കണ്ടെത്തുന്ന ക്ലോറോഫിൽ സാന്നിധ്യത്തിലൂടെയാണ് വിലയിരുത്തൽ നടത്തുന്നത്. ഒരു കിലോമീറ്റർ വിസ്തൃതിയിലെ ദേശീയപാതകളുടെ റൈറ്റ് ഓഫ് വേ (Right of Way-RoW) യിൽ പച്ചപ്പു നിറഞ്ഞ ഭൂപ്രദേശത്തിന്റെ അനുപാതത്തെ പ്രതിനിധീകരിക്കുന്ന ശതമാന മൂല്യത്തിലൂന്നിയാണ് NH-GCI റിപ്പോർട്ട് തയ്യാറാക്കായിരിക്കുന്നത്.
2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 24 സംസ്ഥാനങ്ങളിലായി ഏകദേശം 30,000 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയ പാതകളെ ആദ്യ മൂല്യനിർണ്ണയ സൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള വാർഷിക സൈക്കിളുകളിൽ പച്ചപ്പിന്റെ ക്രമാനുഗതമായ വികാസവും വർഷാവർഷമുള്ള മാറ്റങ്ങളും നിരീക്ഷിക്കും.
2024 ജനുവരിയിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ISRO) നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററുമായി (NRSC) NHAI ഒപ്പുവച്ച മൂന്ന് വർഷത്തെ ധാരണാപത്രത്തിന്റെ (MoU) അടിസ്ഥാനത്തിലാണ് ഈ സംരംഭം ആരംഭിച്ചത്. ദേശീയപാതകളിലെ പച്ചപ്പിന്റെ സൂക്ഷ്മ തല വിലയിരുത്തലിനായി ശക്തവും വിശ്വസനീയവും ചെലവ് കുറഞ്ഞതും സമയലാഭാധിഷ്ഠിതവുമായ ഒരു സംവിധാനം ഈ നൂതന സമീപനം വാഗ്ദാനം ചെയ്യുന്നു. സസ്യജാല പരിപാലനത്തിന്റെ മെച്ചപ്പെട്ട താരതമ്യം, റാങ്കിങ്, ലക്ഷ്യവേധിയായ ഇടപെടലുകൾ എന്നിവയ്ക്കും ഈ കണ്ടെത്തലുകൾ ഉപകരിക്കും.
പാരിസ്ഥിതിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും ദേശീയപാത ശൃംഖലയുടെ ഹരിത വത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള NHAI യുടെ ശക്തമായ പ്രതിബദ്ധതയാണ് NH-GCI സംരംഭം പ്രതിഫലിപ്പിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് NHAI വെബ്സൈറ്റിൽ ലഭ്യമാണ്. ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റിപ്പോർട്ട് വായിക്കാവുന്നതാണ്:
https://nhai.gov.in/nhai/sites/default/files/mix_file/NRSC_NH-GCI_FinalReport_09Dec2025.pdf
( റിലീസ് ഐ.ഡി: 2237531)
സന്ദര്‍ശക കൗണ്ടര്‍ : 7