PIB Headquarters
azadi ka amrit mahotsav

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ

ജനസംഖ്യാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിൽ ഒരു ആഗോള മാതൃക സൃഷ്ടിക്കുന്നു.

പോസ്റ്റഡ് ഓണ്‍: 06 MAR 2026 11:13AM by PIB Thiruvananthpuram

പ്രധാന കാര്യങ്ങൾ

*ഇന്ത്യ 24 രാജ്യങ്ങളുമായി ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ-ഡി.പി.ഐ) സംബന്ധിച്ച സഹകരണ കരാറുകളിൽ ഒപ്പിട്ടു.

*അതിർത്തി കടന്നുള്ള പണമിടപാടുകൾ സാധ്യമാക്കിക്കൊണ്ട് യു.പി.ഐ ഇപ്പോൾ 8 രാജ്യങ്ങളിൽ പ്രവർത്തനക്ഷമമാണ്.

*പങ്കാളിത്ത രാജ്യങ്ങൾക്ക് ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ഏറ്റെടുക്കുന്നതിന് 'ഇന്ത്യൻ സ്റ്റോക്ക് ഗ്ലോബൽ' സൗകര്യമൊരുക്കുന്നു.


*ആഗോള ഡി.പി.ഐ കലവറ(ഡി.പി.ഐ റിപ്പോസിറ്ററി)ത്തിലേക്ക്  ഏറ്റവും കൂടുതൽ പരിഹാരങ്ങൾ സംഭാവന ചെയ്തത് ഇന്ത്യയാണ്.'

ആമുഖം

രാജ്യങ്ങൾ എങ്ങനെ ഭരിക്കുന്നു, ഇടപാടുകൾ നടത്തുന്നു, സേവനങ്ങൾ നൽകുമെന്നതിനെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (ഡി.പി.ഐ) പുനർ രൂപകല്പന ചെയ്യുന്നു. ഈ പരിവർത്തനത്തിൽ, ഡിജിറ്റൽ സംവിധാനങ്ങളുടെ വലിയ ഉപയോക്താവ് എന്ന നിലയിൽ നിന്ന് ജനസംഖ്യാടിസ്ഥാനത്തിലുള്ള തോതിലുള്ള ഡിജിറ്റൽ വാസ്തുവിദ്യയുടെ നിർമ്മാതാവായി ഇന്ത്യ മാറിയിരിക്കുന്നു.  വ്യാപ്തി, സുതാര്യത, സംയോജനം എന്നിവയാണ് ഇന്ത്യയുടെ സമീപനത്തെ വ്യത്യസ്തമാക്കുന്നത്. ക്ഷേമ വിതരണം, സാമ്പത്തിക പ്രവർത്തനങ്ങൾ, സംസ്ഥാന ശേഷി എന്നിവയെ പിന്തുണയ്ക്കുന്ന പരസ്പര പ്രവർത്തനക്ഷമമായ പൊതു പാതകൾ വഴി തിരിച്ചറിയൽ (ഐഡന്റിറ്റി), പണമിടപാടുകൾ, ഡാറ്റാ കൈമാറ്റം എന്നിവ ബന്ധിപ്പിച്ചിരിക്കുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിശ്വസനീയവും സമഗ്രവുമായ ഡിജിറ്റൽ മാർഗങ്ങൾക്കായി ആരായുമ്പോൾ, ഇന്ത്യയുടെ അനുഭവം നിരന്തര ശ്രദ്ധ ആകർഷിക്കുന്നു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരു അടഞ്ഞ പ്ലാറ്റ്ഫോമായിട്ടല്ല, മറിച്ച് എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു പൊതു നന്മയായി രൂപകൽപ്പന ചെയ്യാൻ കഴിയുമെന്ന് ഈ മാതൃക തെളിയിക്കുന്നു. ഉൾച്ചേർക്കലും കാര്യക്ഷമതയും ഒരുമിച്ച് മുന്നേറുമെന്ന് ഇത് കാണിക്കുന്നു.
അങ്ങനെ ചെയ്യുന്നതിലൂടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ സംവിധാനങ്ങൾ എങ്ങനെ നിർമ്മിക്കുകയും നിയന്ത്രിക്കുകയും വേണമെന്നതിനെക്കുറിച്ചുള്ള ആഗോള ചർച്ചയെ ഇന്ത്യ സ്ഥിരമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ആഗോള ഡിജിറ്റൽ നിമിഷം:
എന്തുകൊണ്ട് ഡി.പി.ഐ പ്രധാന്യമർഹിക്കുന്നു

ഇന്നത്തെ അടിസ്ഥാന സൗകര്യങ്ങൾ റോഡുകൾ, തുറമുഖങ്ങൾ, പവർ ഗ്രിഡുകൾ എന്നിവയിൽ മാത്രം ഒതുങ്ങുന്നില്ല. ഇന്നിത് ഡിജിറ്റൽ ആണ്. ആധുനിക സമൂഹങ്ങളുടെ നട്ടെല്ലായി മാറുന്ന അടിസ്ഥാന ഡിജിറ്റൽ സംവിധാനങ്ങളുടെ ഒരു കൂട്ടമായാണ് ഐക്യരാഷ്ട്രസഭ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ നിർവചിക്കുന്നത്. ഈ സംവിധാനങ്ങൾ ജനങ്ങൾക്കും ബിസിനസുകൾക്കും സർക്കാരുകൾക്കും ഇടയിൽ സുരക്ഷിതവും തടസ്സരഹിതവുമായ ആശയവിനിമയം സാധ്യമാക്കുന്നു. വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതും മുതൽ തൽക്ഷണ ഡിജിറ്റൽ പണമിടപാടുകളും സുരക്ഷിതമായ ഡാറ്റ കൈമാറ്റവും സാധ്യമാക്കുന്നതുവരെ, ഡി.പി.ഐ ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തുന്നു. റെയിൽവേ ഒരുകാലത്ത് വിവിധ പ്രദേശങ്ങളെ പുതിയ അവസരങ്ങളുമായി ബന്ധിപ്പിച്ചത് പോലെ, ആധുനിക സമ്പദ് വ്യവസ്ഥയിൽ ആർക്കൊക്കെ സേവനങ്ങളും വിപണികളും അവകാശങ്ങളും അഭിഗമ്യമാവുന്നുവെന്ന് ഇന്ന് നിർണയിക്കുന്നത് ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ്.

ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പൊതുവായ മൂല്യം നൽകണമെങ്കിൽ, അത് സമഗ്രവും, പരസ്പര പ്രവർത്തനക്ഷമവും, പൊതുതാൽപ്പര്യം മുൻനിർത്തി നിയന്ത്രിക്കപ്പെടുന്നതുമായിരിക്കണം.
നന്നായി രൂപകൽപ്പന ചെയ്ത ഒരു ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തിന് സബ്സിഡി വിതരണം, വോട്ടർ രജിസ്ട്രേഷൻ, സുരക്ഷിത ബാങ്കിങ് എന്നിവയെ പിന്തുണയ്ക്കാൻ കഴിയും. പണമിടപാടുകളുമായും ഡാറ്റാ കൈമാറ്റ ചട്ടക്കൂടുകളുമായും ബന്ധിപ്പിക്കുമ്പോൾ, അത് സംസ്ഥാന ശേഷി ശക്തിപ്പെടുത്തുകയും അവസരങ്ങൾ വിപുലമാക്കുകയും ചെയ്യുന്ന ഒരു ഏകീകൃത ഘടന സൃഷ്ടിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, ജനസംഖ്യാ തോതിലുള്ള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് എത്രത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്നതിൻ്റെ ഒരു പ്രായോഗിക ഉദാഹരണമാണ് ഇന്ത്യയുടെ അനുഭവം നൽകുന്നത്. 140 കോടിയിൽ (1.4 ബില്യൺ) അധികം ആളുകൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യ നിർമ്മിച്ചു.
നിയന്ത്രണങ്ങളുടേയും വിപുലമായ ആപ്ലിക്കേഷനുകളുടെയും പിന്തുണയോടെ സമ്പദ് വ്യവസ്ഥയെ ആധുനികവത്കരിക്കുകയും, ഭരണനിർവഹണം പരിഷ്‌കരിക്കുകയും, ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യുന്ന തുറന്നതും അഭിഗമ്യവുമായ ഒരു ശൃംഖലയാണ് ഇത്.
ഇന്ത്യയുടെ കാര്യത്തിൽ, ഉൾച്ചേർക്കൽ, നവീകരണം, വിശ്വാസം എന്നിവയുടെ തത്വങ്ങൾ അതിൻ്റെ  ഡി.പി.ഐ ആവാസവ്യവസ്ഥയുടെ പ്രവർത്തന യാഥാർത്ഥ്യങ്ങളാണ്. ജനസംഖ്യാടിസ്ഥാനത്തിൽ, അളക്കാവുന്ന സ്വാധീനത്തോടെ, ഡിജിറ്റൽ സംവിധാനങ്ങൾക്ക് വികസനം ത്വരിതപ്പെടുത്തുന്നതോടൊപ്പം ജനാധിപത്യത്തെ കൂടുതൽ ആഴത്തിൽ വേരൂന്നിയതാക്കാനും കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു.

ഇന്ത്യയുടെ ഡി.പി.ഐയുടെ അടിസ്ഥാനങ്ങൾ:
ജെ.എ.എം (ജൻധൻ, ആധാർ,മൊബൈൽ) ട്രിനിറ്റി

ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഒറ്റ രാത്രികൊണ്ട് ഉയർന്നുവന്നതല്ല. വ്യക്തിവിവരങ്ങൾ, ബാങ്കിങ്, കണക്റ്റിവിറ്റി എന്നിവയുടെ ബോധപൂർവമായ സംയോജനത്തിലൂടെയാണ് ഇത് വിത്തുപാകിയത്. ഈ സംയോജനമാണ് ജെ.എ.എം (ജാം) ട്രിനിറ്റി (മൂന്നു ഘടകങ്ങളുടെ ഗണം-ത്രിത്വം) ആയി രൂപപ്പെട്ടത്.ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ, ആധാർ രജിസ്‌ട്രേഷൻ, വ്യാപകമായ മൊബൈൽ ഫോൺ വ്യാപനം എന്നിവ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള അടിസ്ഥാന പാളി സൃഷ്ടിച്ചു. അവയൊരുമിച്ച്, വ്യക്തികളെ നേരിട്ടും സ്ഥിരീകരിക്കുന്നതുമായ രീതിയിൽ സംസ്ഥാനവുമായി ബന്ധിപ്പിച്ചു. ജെ.എ.എം വഴി, ക്ഷേമ ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്താൻ തുടങ്ങി. ഇടനിലക്കാരുടെ എണ്ണം കുറഞ്ഞു. കാലതാമസം പരിമിതപ്പെട്ടു. ചോർച്ച കുറഞ്ഞു. ഈ സംയോജനത്തിൻ്റെ  വ്യാപ്തി പിന്നീട് സമഗ്രമായ ഒരു ഡി.പി.ഐ ആവാസവ്യവസ്ഥയായി പരിണമിക്കുന്നതിന് അടിത്തറയിട്ടു.

ആധാർ

രാജ്യമെമ്പാടുമുള്ള താമസക്കാർക്കായി ആധാർ ഒരു ബയോമെട്രിക് അധിഷ്ഠിത ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ചു. കാര്യക്ഷമമായ സേവന വിതരണത്തിനായി തനതായ തിരിച്ചറിയലും സുരക്ഷിതമായ പ്രാമാണീകരണവും ഇത് പ്രാപ്തമാക്കി. 2026 മാർച്ച് വരെ 144 കോടിയിലധികം ആധാർ നമ്പറുകൾ സൃഷ്ടിക്കപ്പെട്ടു. ദൈനംദിന സംവിധാനങ്ങളുമായുള്ള ആഴത്തിലുള്ള സംയോജനമാണ് ഈ ഉപയോഗം പ്രതിഫലിപ്പിക്കുന്നത്. 2024-25 കാലയളവിൽ മാത്രം 2,707 കോടിയിലധികം ആധികാരികതാ നിർണയ ഇടപാടുകൾ നടന്നു. തിരിച്ചറിയൽ രേഖകൾ കൊണ്ടുനടക്കാവുന്ന രീതിയിലായി. പരിശോധന ഏതാണ്ട് തത്ക്ഷണം സാധ്യമായി. സേവനങ്ങളിലേക്കുള്ള അഭിഗമ്യത കൂടുതൽ വിശ്വസനീയവും സുതാര്യവുമായി.

ജൻ ധൻ യോജന

ഇന്ത്യയിലെ ബാങ്കിംഗ് സൗകര്യമില്ലാത്ത ഓരോ മുതിർന്ന വ്യക്തിക്കും ഒരു ബാങ്ക് അക്കൗണ്ട്, സാമ്പത്തിക ഐഡൻ്റിറ്റി, വായ്പ, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ അവശ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സാമ്പത്തിക ഉൾച്ചേർക്കലിനുള്ള ദേശീയ ദൗത്യമായി ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ധൻ യോജനയിലൂടെ ലക്ഷ്യമിടുന്നത്.

2014 ആഗസ്റ്റിൽ ആരംഭിച്ച ഇത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ സംരംഭങ്ങളിൽ ഒന്നായി പരിണമിച്ചു. 2015-ൽ 14.72 കോടിയായിരുന്ന അക്കൗണ്ടുകളുടെ എണ്ണം 2026 മാർച്ചിൽ 57.71 കോടിയായി വളർന്നു. 2015 മാർച്ചിൽ 15,670 കോടി രൂപയായിരുന്ന നിക്ഷേപം 2026 മാർച്ചിൽ 2.94 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ഗുണഭോക്താക്കൾക്ക് ആകെ 39.98 കോടി റൂപേ ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തു. സാമ്പത്തിക പങ്കാളിത്തം വർദ്ധിച്ചു. സാമ്പത്തിക ഏജൻസിയെ ശക്തിപ്പെടുത്തിക്കൊണ്ട് സമ്പാദ്യങ്ങൾ ഔപചാരിക സംവിധാനത്തിലേക്ക് പ്രവേശിച്ചു.

മൊബൈൽ ഫോണുകളും കണക്റ്റിവിറ്റിയും

കണക്റ്റിവിറ്റി അതിൻ്റെ  തൃകോണ പരിച്ഛേദം (മൂന്ന് ഘടകങ്ങളും) പൂർത്തീകരിച്ചു. 85.5 ശതമാനം ഇന്ത്യൻ കുടുംബങ്ങളിലും കുറഞ്ഞത് ഒരു സ്മാർട്ട്‌ഫോൺ ഉള്ളതിനാൽ, മൊബൈൽ ഫോൺ ഒരു ബാങ്കായും ക്ലാസ് മുറിയായും പൊതു സേവനങ്ങളിലേക്കുള്ള ഒരു കവാടമായും മാറി. 2025 ഡിസംബർ അവസാനത്തോടെ വയർലെസ് ടെലിഫോൺ വരിക്കാരുടെ എണ്ണം 125.87 കോടിയിലെത്തി. 5 ജി മൊബൈൽ സേവനങ്ങൾ ഇപ്പോൾ 99.9 ശതമാനം ജില്ലകളിലും ലഭ്യമാണ്, ഇത് ജനസംഖ്യയുടെ 85 ശതമാനം പേരെയും ഉൾക്കൊള്ളുന്നു. 2025 ഡിസംബർ വരെ, രാജ്യവ്യാപകമായി 5.18 ലക്ഷം 5 ജി ബേസ് ട്രാൻസ്സീവർ സ്റ്റേഷനുകൾ സ്ഥാപിച്ചു. ഔദ്യോഗിക തിരിച്ചറിയൽ സംവിധാനങ്ങളും ബാങ്കിങ് സേവനങ്ങളും നഗര കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ലെന്ന് ഈ വിപുലമായ ഡിജിറ്റൽ വ്യാപ്തി ഉറപ്പാക്കി. ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ അവ പ്രാപ്യമായി.  ഐഡൻ്റിറ്റി, ധനകാര്യം, കണക്റ്റിവിറ്റി എന്നിവയെ അഭൂതപൂർവമായ തോതിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ വിശാലമായ ഡി.പി.ഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന പാതകൾ ജെ.എ.എം ത്രിത്വം സൃഷ്ടിച്ചു.

ഇന്ത്യയുടെ ഡി.പി.ഐ സഞ്ചയത്തിൻ്റെ ഉയർച്ച:

ഏതാനും അടിസ്ഥാന ഡിജിറ്റൽ സംവിധാനങ്ങളിൽ നിന്ന് ആരംഭിച്ച്, തുറന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻ്റർഫേസും (ഓപ്പൺ എ.പി.ഐ) പൊതു ഡിജിറ്റൽ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നിർമ്മിച്ച, പരസ്പരബന്ധിതമായ ഒരു ദേശീയ ചട്ടക്കൂടിലേക്ക് ഇന്ത്യയുടെ ഡി.പി.ഐ സഞ്ചയം (ഡി.പി.ഐ സ്റ്റാക്ക്) വളർന്നു.  ഇന്ത്യ സ്റ്റാക്ക് എന്നറിയപ്പെടുന്ന ഇത് ജനസംഖ്യാ തലത്തിൽ വ്യക്തിഗത തിരിച്ചറിയൽ, ഡാറ്റ, പണമിടപാടുകൾ എന്നിവയുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളെ അനാവരണം ചെയ്യുന്നു.

 ഡിജിറ്റൽ ഐഡൻ്റിറ്റിയിലും സാമ്പത്തിക ഉൾച്ചേർക്കലിലും ആരംഭിച്ചത് ക്രമേണ പണമിടപാടുകൾ, ക്ഷേമ വിതരണം, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഭരണ നിർവഹണ സംവിധാനങ്ങൾ എന്നിവയിലേക്ക് വ്യാപിച്ചു.
പരസ്പരം പ്രവർത്തിക്കാവുന്ന ഡിജിറ്റൽ പാതകളിലൂടെ ഒരുമിച്ച് പ്രവർത്തിക്കുന്നതിനാണ് ഈ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൻ്റെ പരിണിതഫലം ഒറ്റപ്പെട്ട പോർട്ടലുകളുടെ ഒരു ശേഖരമല്ല, മറിച്ച് സാമ്പത്തിക പ്രവർത്തനങ്ങളെയും പൊതു സേവന വിതരണത്തെയും പിന്തുണയ്ക്കുന്ന ഒരു സംയോജിത ഡിജിറ്റൽ നട്ടെല്ലാണ്. ഇന്ത്യയുടെ സാഹചര്യത്തിൽ വികസിപ്പിച്ചെടുത്തതാണെങ്കിലും, മാറ്റങ്ങൾ വരുത്താവുന്നതും സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാവുന്നതുമായതിനാൽ ഈ മാതൃക ദേശീയ അതിരുകൾക്കപ്പുറത്തും പ്രസക്തമാവുന്നു.

പ്രധാന മേഖലകളിൽ ഈ സ്റ്റാക്ക് (സഞ്ചയം) വികസിച്ചത് ഇങ്ങനെയാണ്:

ഡിജിറ്റൽ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ

ഏകീകൃത പണവിനിമയ ഇൻ്റർഫേസ് (യൂണിഫൈഡ് പേയമെൻ്റ്സ് ഇൻ്റർഫേസ്-യു.പി.ഐ): യു.പി.ഐ റീട്ടെയിൽ പണമിടപാടുകളെ സുഗമമായ ഡിജിറ്റൽ അനുഭവമാക്കി മാറ്റി. വ്യക്തികൾക്കും വ്യാപാരികൾക്കും ഇടയിൽ തത്സമയം തൽക്ഷണവും പരസ്പര പ്രവർത്തനക്ഷമവും സുരക്ഷിതവുമായ ഇടപാടുകൾ ഇത് സാധ്യമാക്കുന്നു. 2026 ജനുവരിയിൽ, 28.33 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 21.70 ബില്യൺ ഇടപാടുകൾ ഇത് കൈകാര്യം ചെയ്തു. ഇത് ദൈനംദിന വാണിജ്യത്തിലേക്കുള്ള അതിൻ്റെ  ആഴത്തിലുള്ള സംയോജനത്തെ പ്രതിഫലിപ്പിക്കുന്നു. മൊത്തം 691 ബാങ്കുകൾ യു.പി.ഐ സംവിധാനത്തിൽ സജീവമാണെന്നത് അതിൻ്റെ വിശാലമായ സ്ഥാപനപരമായ സ്വീകാര്യതയെ എടുത്തുകാണിക്കുന്നു. ഇടപാടുകളുടെ അളവ് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ (ചില്ലറ വിപണന) അതിവേഗ പണമിടപാട് പേയ്‌മെൻ്റ്  സംവിധാനമായി യു.പി.ഐയെ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അംഗീകരിച്ചു.  പ്രൈം ടൈം ഫോർ റിയൽ ടൈം എന്ന പേരിലുള്ള 2024 എ.സി.ഐ ലോകവ്യാപക റിപ്പോർട്ട്, ആഗോള തൽസമയ പണമിടപാടുകളുടെ ഏകദേശം 49 ശതമാനം യു.പി.ഐ വഴിയാണെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ, മൊത്തം റീട്ടെയിൽ പണമിടപാടുകളുടെ 81 ശതമാനവും യു.പി.ഐ മുഖേനയാണ് നടത്തുന്നത്. ഇത് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കും വ്യക്തിയിൽ നിന്ന് വ്യാപാരിയിലേക്കുള്ള പണമടയ്ക്കലുകൾക്കായുള്ള ഇഷ്ടപ്പെട്ട രീതിയാക്കി മാറ്റുന്നു.

പൊതു ധനകാര്യ കൈകാര്യ സംവിധാനം (പി.എഫ്.എം.എസ്): 
പൊതു ചെലവുകളിൽ സുതാര്യതയും നിയന്ത്രണവും പി.ഇ.എം.എസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഫണ്ടുകളുടെയും നിർവഹണ ഏജൻസികൾക്കും ഗുണഭോക്താക്കൾക്കുമുള്ള ഇലക്ട്രോണിക് പണമിടപാടുകളുടേയും സമഗ്രമായ നിരീക്ഷണം സാധ്യമാക്കുന്ന ഒരു വെബ് അധിഷ്ഠിത ഓൺലൈൻ ഇടപാട് സംവിധാനമാണ് ഇത്. 2014 ഡിസംബറിൽ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന് കീഴിലുള്ള പണമടയ്ക്കൽ, അക്കൗണ്ടിങ്, റിപ്പോർട്ടിങ് എന്നിവയ്ക്കായി ഇത് നിർബന്ധിതമാക്കി. ഈ പരിഷ്‌കാരം യഥാർത്ഥമല്ലാത്ത, വ്യാജ ഗുണഭോക്താക്കളെ നീക്കം ചെയ്യാനും ചോർച്ച കുറയ്ക്കാനും സഹായിച്ചു. തൽഫലമായി, 2015 നും 2024 മാർച്ചിനും ഇടയിൽ സർക്കാർ 4.31 ലക്ഷം കോടിയിലധികം രൂപ ലാഭിച്ചു. 2026 ജനുവരിയിലെ കണക്കനുസരിച്ച്, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തുക 49.09 ലക്ഷം കോടി രൂപ കവിഞ്ഞു. ഇത് ലക്ഷ്യബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ക്ഷേമ വിതരണത്തിലേക്കുള്ള മാറ്റത്തിൻ്റെ  സൂചനയാണ്.

ഡിജിറ്റൽ കോമേഴ്‌സിനായുള്ള തുറന്ന ശൃംഖല(ഒ.എൻ.ഡി.സി):  
2022-ൽ ആരംഭിച്ച ഒ.എൻ.ഡി.സി ഒരു ഒരു കച്ചവട കേന്ദ്രം എന്നതിനേക്കാൾ പരസ്പര പ്രവർത്തനക്ഷമമായ സംവിധാനങ്ങളിലൂടെ വാങ്ങുന്നവരെയും വിൽപ്പനക്കാരെയും ബന്ധിപ്പിച്ചുകൊണ്ട് ഡിജിറ്റൽ വാണിജ്യത്തെ ജനാധിപത്യവൽക്കരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു തുറന്ന ശൃംഖലയാണ്.  ഇത് പ്രത്യേകിച്ച് ചെറുകിട ബിസിനസുകൾക്ക്, വിപണിയിലേക്കുള്ള അഭിഗമ്യത  വികസിപ്പിക്കുകയും പ്രവേശന തടസ്സങ്ങൾ കുറയ്ക്കുകയും വിശാലമായ പങ്കാളിത്തം സാധ്യമാക്കുകയും ചെയ്യുന്നു. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള 630-ലധികം നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമായി ആകെ 1.16 ലക്ഷത്തിലധികം ചില്ലറ വിൽപ്പനക്കാർ ഒ.എൻ.ഡി.സിയിലൂടെ ഉപജീവനം നടത്തുന്നു.

ഗവൺമെൻ്റ്  ഇ-മാർക്കറ്റ് പ്ലേസ്:
ഗവൺമെൻ്റ് ഇ-മാർക്കറ്റ് പ്ലേസ് (ഇ-വിപണനകേന്ദ്രം) പൊതു സംഭരണം ഡിജിറ്റൽവത്കരിക്കുകയും ഗവൺമെൻ്റ് കരാറുകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ സ്ഥാപനങ്ങളുടെ ചരക്കുകളുടെയും സേവനങ്ങളുടെയും സുതാര്യവും കാര്യക്ഷമവുമായ സംഭരണത്തിനായി ഇത് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു. 2025 നവംബർ വരെ, മൊത്ത വ്യാപാര മൂല്യം 16.41 ലക്ഷം കോടി രൂപ കവിയുന്ന തരത്തിൽ ഏകദേശം 3.27 കോടി ഓർഡറുകൾ പ്രവർത്തനക്ഷമമായി. ഇതിൽ 7.94 ലക്ഷം കോടി രൂപയുടെ സേവനങ്ങളും 8.47 ലക്ഷം കോടി രൂപയുടെ ഉല്പന്നങ്ങളും ഉൾപ്പെടുന്നു. 10,894 ലധികം ഉല്പന്ന വിഭാഗങ്ങളെയും 348 സേവന വിഭാഗങ്ങളെയും ഈ സംവിധാനം പിന്തുണയ്ക്കുന്നു. 1.67 ലക്ഷത്തിലധികം ഉപഭോക്തൃസംഘടനകളും ഇതിൽ പങ്കാളികളാണ്. 24 ലക്ഷത്തിലധികം വിൽപ്പനക്കാരും സേവന ദാതാക്കളും അവരുടെ വിവരങ്ങൾ പൂർത്തിയാക്കി, ഇതിൽ 11 ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട സംരംഭങ്ങളും ഉൾപ്പെടുന്നു. ഇവയാണ് മൊത്തം ഓർഡർ മൂല്യത്തിൻ്റെ  44.8 ശതമാനം സംഭാവന ചെയ്യുന്നത്. 7.35 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓർഡറുകളാണ് ഇതുവഴി ലഭിച്ചത്.

പൗരസേവന വിതരണ സംവിധാനങ്ങൾ
(സിറ്റിസൺ സർവീസ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ):

ഡിജിലോക്കർ: 2015 ൽ ആരംഭിച്ച ഡിജിലോക്കർ, പൗരന്മാർക്കായി ഒരു സുരക്ഷിത ഡിജിറ്റൽ പ്രമാണ വാലറ്റ് അവതരിപ്പിച്ചു. സമ്മതാധിഷ്ഠിത പ്രവേശനം ഉപയോഗപ്പെടുത്തി ആധികാരിക ഇലക്ട്രോണിക് രേഖകൾ സംഭരിക്കാനും അഭിഗമ്യമാക്കാനും പങ്കിടാനും ഇത് വ്യക്തികളെ അനുവദിക്കുന്നു. ഈ സംവിധാനം ആധികാരികത ഉറപ്പാക്കുകയും വ്യാജ രേഖകളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. പൗരന്മാർക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും നിർണായകമായ ആജീവനാന്ത രേഖകൾ വീണ്ടെടുക്കാൻ കഴിയും. 2026 മാർച്ച് 5- ലെ കണക്കനുസരിച്ച്, ഡിജിലോക്കറിന് 67.63 കോടി ഉപയോക്താക്കളുണ്ടായിരുന്നു. 2026 മാർച്ച് ആയപ്പോഴേക്കും, ഈ സംവിധാനം വഴി 950 കോടിയിലധികം രേഖകൾ വിതരണം ചെയ്തു. ഇത് പൊതുഭരണത്തിൽ അതിൻ്റെ  വർദ്ധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

ഉമാംഗ് (യു.എം.എ.എൻ.ജി): 
2017 ൽ ആരംഭിച്ച ഉമാംഗ്, അല്ലെങ്കിൽ പുതിയ കാലത്തെ ഭരണനിർവഹണത്തിനുള്ള ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ (യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേണൻസ്) ഇന്ത്യയിൽ മൊബൈൽ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ അഭിഗമ്യമാക്കുന്നതിന് ഇത് ഒരു ഏകജാലക മൊബൈൽ-വെബ് സംവിധാനം ലഭ്യമാക്കുന്നു.  ഇ.പി.എഫ്.ഒ. ബാലൻസും ക്ലെയിമുകളും, പാൻ- ആധാർ സേവനങ്ങൾ, ഡിജിലോക്കർ അഭിഗമ്യത, ഉപഭോഗ ബിൽ പണമിടപാടുകൾ, പെൻഷൻ സേവനങ്ങൾ, സ്‌കോളർഷിപ്പ് അപേക്ഷകൾ, പാസ്‌പോർട്ട് അനുബന്ധ സേവനങ്ങൾ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, പരീക്ഷാ ഫലങ്ങൾ തുടങ്ങിയ സേവനങ്ങൾ അഭിഗമ്യമാക്കാൻ പൗരന്മാർക്ക് ഉമാംഗ് ഉപയോഗിക്കാം. 2026 മാർച്ച് 5 വരെ, ഇത് 10.25 കോടി ഉപയോക്തൃ രജിസ്ട്രേഷനുകളും 723.36 കോടി ഇടപാടുകളും രേഖപ്പെടുത്തി. 2,400-ലധികം സർക്കാർ സേവനങ്ങൾ പോർട്ടലിൽ ലഭ്യമാണെന്നത് പൗരന്മാർക്കും ഭരണകൂടത്തിനുമിടയിലുള്ള ഒരു പ്രധാന സമ്പർക്കമുഖമായി ഇതിനെ മാറ്റുന്നു.

ഇ-കോടതികൾ: 
കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പിന് കീഴിലുള്ള രാജ്യമൊട്ടാകെയുള്ള (പാൻ ഇന്ത്യൻ) ലക്ഷ്യാധിഷ്ഠിത സംരംഭമാണ് ഇ-കോടതി പദ്ധതി. വിവര വിനിമയ സാങ്കേതിക വിദ്യ (ഐ.സി.ടി) ഉപയോഗിച്ച് നീതിന്യായ പ്രക്രിയകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും അഭിഗമ്യവുമാക്കാൻ ഇത് ശ്രമിക്കുന്നു. 2011 മുതൽ 2015 വരെയുള്ള ഒന്നാം ഘട്ടം അടിസ്ഥാന കമ്പ്യൂട്ടർവത്കരണത്തിലും ആന്തരിക കണക്റ്റിവിറ്റിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അതിൻ്റെ  ഫലമായി, 14,249 കോടതികൾ കമ്പ്യൂട്ടർവൽക്കരിക്കുകയും 13,683 കോടതികളിൽ ലോക്കൽ ഏരിയ നെറ്റ്‌വർക്കുകൾ(എൽ.എ.എൻ) സ്ഥാപിക്കുകയും ചെയ്തു. 2015 മുതൽ 2023 വരെയുള്ള രണ്ടാം ഘട്ടത്തിൽ പൗരന്മാർക്ക് വിവര വിനിമയ സാങ്കേതിക വിദ്യാധിഷ്ഠിത സേവന വിതരണത്തിലേക്ക് മാറി. വിപുല മേഖലാ ശൃംഖലാ (വൈഡ് ഏരിയ നെറ്റ് വർക്ക്) കണക്റ്റിവിറ്റി, പങ്കാളികൾക്കുള്ള പരിശീലനം, ഇ-സേവ കേന്ദ്രങ്ങൾ, ജില്ലാ നിയമ സേവന അതോറിറ്റികളുടെയും താലൂക്ക് നിയമ സമിതികളുടെയും കമ്പ്യൂട്ടർവത്കരണം എന്നിവ ഇത് അവതരിപ്പിച്ചു. അഡ്വാൻസ്ഡ് കേസ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ് വെയർ, നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്, ഡിജിറ്റൽ ഫയലിംഗിനും ഓൺലൈൻ പണമിടപാടുകൾക്കുമുള്ള സംവിധാനങ്ങൾ എന്നിവ നിയമ സേവനങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ അഭിഗമ്യതയെ മാറ്റിമറിച്ചു.

2023 സെപ്റ്റംബറിൽ, കേന്ദ്ര മന്ത്രിസഭ 2023 മുതൽ 2027 വരെ കാലയളവിലേക്കുള്ള മൂന്നാം ഘട്ടത്തിന് 7,210 കോടി രൂപയുടെ ധനവിഹിതത്തോടെ അംഗീകാരം നൽകി. ഈ ഘട്ടത്തിൽ ഡിജിറ്റൽ, പേപ്പർരഹിത കോടതികളും പഴയകാല രേഖകളുടേയും തീർപ്പാക്കാത്ത കേസുകളുടെയും സമഗ്രമായ ഡിജിറ്റൽവത്കരണവും പുരോഗമിക്കുന്നു. ഇത് കോടതികൾ, ജയിലുകൾ, ആശുപത്രികൾ എന്നിവയിലുടനീളം വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ  വികസിപ്പിക്കുകയും ഗതാഗത നിയമലംഘനങ്ങൾക്കപ്പുറം ഓൺലൈൻ കോടതികളുടെ പ്രസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിർമ്മിത ബുദ്ധി, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (ഒ.സി.ആർ) തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സംയോജനം കേസുകൾ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച വിശകലനത്തെയും വ്യവഹാര പ്രവണതകളുടെ പ്രവചനത്തെയും പിന്തുണയ്ക്കുന്നു. ഡാറ്റാധിഷ്ഠിത നീതിന്യായ ഭരണനിർവഹണത്തിലേക്കുള്ള ഘടനാപരമായ മാറ്റത്തെ ഈ സംരംഭം അടയാളപ്പെടുത്തുന്നു.

ആരോഗ്യ, പോഷക ആവാസവ്യവസ്ഥ

കോ വിൻ:
2021 ജനുവരി 16 ന്, ഇന്ത്യയുടെ കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ ഡിജിറ്റൽ നെടുംതൂൺ ആയി 'കോ വിൻ' ആരംഭിച്ചു. ഇത് വാക്‌സിൻ നിർമ്മാതാക്കൾ, ഭരണകർത്താക്കൾ, ആരോഗ്യ പ്രവർത്തകർ, പൊതു, സ്വകാര്യ മേഖലകളിലെ ഗുണഭോക്താക്കൾ എന്നിവരെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിച്ചു.

220 കോടിയിലധികം ഡോസുകൾ കൈകാര്യം ചെയ്തുകൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ യജ്ഞങ്ങളിലൊന്നായ കോ വിൻ സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവന്നു. തത്സമയ വിവര നിരീക്ഷണം ഏകോപനവും പൊതുജന വിശ്വാസവും മെച്ചപ്പെടുത്തി. ഇതിൻ്റെ  രൂപകൽപ്പനയും നിർവ്വഹണവും അന്താരാഷ്ട്ര താൽപ്പര്യവും ആകർഷിക്കപ്പെട്ടു. നിരവധി രാജ്യങ്ങൾ ഡിജിറ്റൽ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുള്ള ഒരു മാതൃകയായി ഇതിനെ പരിശോധിച്ചു.

ഇ സഞ്ജീവനി:
2019 നവംബറിൽ ആരംഭിച്ച ഇ സഞ്ജീവനി, ടെലിമെഡിസിൻ വഴി ആരോഗ്യ സംരക്ഷണത്തിലേക്കുള്ള അഭിഗമ്യത വിപുലീകരിച്ചു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലുമുള്ള രോഗികളെ വിദൂരത്തുള്ള ഡോക്ടരെ കൊണ്ട് പരിശോധിപ്പിക്കുന്നതിന് ഇത് സൗകര്യമൊരുക്കുന്നു.  യാത്രാ ചെലവുകളും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനൊപ്പം വിദൂര സമൂഹങ്ങളിലേക്ക് വിദഗ്‌ദ്ധോപദേശം നൽകാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. 2026 മാർച്ച് 5 വരെ, ഇത് 45.42 കോടി രോഗികൾക്ക് സേവനം നൽകുകയും 2.3 ലക്ഷം ആരോഗ്യ സംരക്ഷണ ദാതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെലികൺസൾട്ടേഷൻ പരീക്ഷണാടിസ്ഥാന സേവനത്തിൽ നിന്ന് മുഖ്യധാരാ പൊതുജനാരോഗ്യ സേവനത്തിലേക്ക് മാറിയിരിക്കുന്നു.

ഇ-ഹോസ്പിറ്റലും ഒ.ആർ.എസും:
ഡിജിറ്റൽ ഇന്ത്യ സംരംഭത്തിൻ്റെ  ഭാഗമായി, നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ ഇ-ഹോസ്പിറ്റൽ, ഇ-ബ്ലഡ് ബാങ്ക്, ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം എന്നിവ വികസിപ്പിച്ചെടുത്തു. ആശുപത്രി സേവനങ്ങളിലേക്ക് ഓൺലൈൻ പ്രവേശനം നൽകുന്നതിനായി 2015 ജൂലൈ 1 ന് ഒ.ആർ.എസ് പോർട്ടൽ ആരംഭിച്ചു. ആഭ്യന്തര പ്രവർത്തന രീതികൾ, നിയമനങ്ങൾ, ചികിത്സാ നിർണയം, ബില്ലിംഗ് എന്നിവ ഡിജിറ്റൽവത്കരിക്കുന്ന ഒരു ആശുപത്രി നിയന്ത്രണ വിവര സംവിധാനമായി ഇ-ഹോസ്പിറ്റൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നു.
കേന്ദ്ര, സംസ്ഥാന, സ്വയംഭരണ, സഹകരണ ആശുപത്രികൾക്ക് ക്ലൗഡ് അധിഷ്ഠിത സേവന മാതൃകയിലൂടെ ഇത് ലഭ്യമാണ്. ഇ-ബ്ലഡ്ബാങ്ക് ആപ്ലിക്കേഷൻ ആദ്യന്ത രക്തബാങ്ക് നിയന്ത്രണത്തെ പിന്തുണയ്ക്കുന്നു. ഈ സംവിധാനങ്ങൾ ഒരുമിച്ച്, രോഗികളെയും ആശുപത്രികളെയും ഡോക്ടർമാരെയും ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുകയും ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുമായി സേവനങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുന്നു.

ആരോഗ്യ സേതു:
കോവിഡ് 19 ൻ്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി 2020 ഏപ്രിൽ 2 ന് ആരോഗ്യ സേതു ആരംഭിച്ചു. ഇത് രോഗബാധിതരുമായി സമ്പർക്കത്തിലായവരെ ബ്ലൂടൂത്ത് അടിസ്ഥാനമാക്കി കണ്ടെത്തൽ, രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ (ഹോട്ട്സ്പോട്ടുകൾ) അടയാളപ്പെടുത്തൽ, ആരോഗ്യ നിർദേശങ്ങളുടെ പ്രചരണം എന്നിവ പ്രാപ്തമാക്കി. ഈ ആപ്ലിക്കേഷൻ പിന്നീട് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ദൗത്യ പിന്തുണയോടെ ഒരു ദേശീയ ആരോഗ്യ ആപ്പായി പരിവർത്തനം ചെയ്യപ്പെട്ടു. ഉപയോക്താക്കൾക്ക് ഒരു ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാനും പരിശോധിച്ചുറപ്പിച്ച ദാതാക്കളിൽ നിന്ന് ഡിജിറ്റൽ ലാബ് റിപ്പോർട്ടുകൾ, കുറിപ്പടികൾ, രോഗനിർണയങ്ങൾ എന്നിവ പ്രാപ്യമാക്കാനും ചെയ്യാനും കഴിയും.  ഇ-സഞ്ജീവനി ഒ.പി.ഡി സേവനത്തിലൂടെ ഡോക്ടർമാരിൽ നിന്ന് ഓൺലൈനായി വൈദ്യോപദേശം (കൺസൽട്ടേഷൻ) മുൻകൂട്ടി നിശ്ചയിക്കാനും ഇത് അനുവദിച്ച്, ഇത് പരിചരണത്തിൻ്റെ  തുടർച്ച ശക്തിപ്പെടുത്തുന്നു.

ദേശീയ സാംക്രമികേതര രോഗ പ്ലാറ്റ് ഫോം (എൻ.സി.ഡി): 
പ്രധാന ജീവിതശൈലി രോഗങ്ങളുടെ പരിശോധന, രോഗനിർണയം, രോഗചികിത്സ എന്നിവയെ പിന്തുണയ്ക്കുന്നതാണ് ദേശീയ സാംക്രമികേതര രോഗ പ്ലാറ്റ് ഫോം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായും ടാറ്റ ട്രസ്റ്റുകളുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇത് ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധനയും, ദീർഘകാല രോഗ ചികിത്സയും സാധ്യമാക്കുന്നു. 2025 ഡിസംബർ വരെ, 74.97 കോടി ഗുണഭോക്താക്കളെ ഈ സംവിധാനത്തിൽ ചേർത്തിട്ടുണ്ട്. 8.64 കോടിയിലധികം രോഗികൾ രക്താതിമർദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലാണ്. ഉയർന്ന അപകടസാധ്യതയുള്ള ജനവിഭാഗത്തെ വ്യവസ്ഥാപിതമായി കണ്ടെത്തുന്നതിന് പ്രാപ്തമാക്കുന്ന ഈ പ്ലാറ്റ്ഫോം 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനക്ഷമമാണ്.

പോഷൺ ട്രാക്കർ: 
2021 മാർച്ച് 1 ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ദേശീയ ഇ-ഗവേണൻസ് വിഭാഗം വഴി പുറത്തിറക്കിയ പോഷൺ ട്രാക്കർ, പോഷകാഹാര നിരീക്ഷണത്തിനുള്ള ഒരു ഭരണനിർവഹണോപാധിയായി പവർത്തിക്കുന്നു. കുട്ടികളിലെ വളർച്ച മുരടിപ്പ്, അതിശോഷണം, ഭാരക്കുറവ് എന്നിവ ചലനാത്മകമായി തിരിച്ചറിയുന്നതിനായി ഇത് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നു. പോഷകാഹാര സേവന വിതരണത്തിൻ്റെ  ആദ്യന്ത നിരീക്ഷണവും ഇത് പ്രാപ്തമാക്കുന്നു. 2026 ജനുവരി വരെ, 14.03 ലക്ഷം അങ്കണവാടി കേന്ദ്രങ്ങൾ ഇതിൽ ഭാഗഭാക്കാക്കിയും, 8.90 കോടി അർഹരായ ഗുണഭോക്താക്കളെ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തും ഇത് ഡാറ്റാധിഷ്ഠിത പോഷകാഹാര ഇടപെടലുകളെ ശക്തിപ്പെടുത്തി.


വിദ്യാഭ്യാസവും നൈപുണ്യവും

ദിക്ഷ: 
2017 ൽ ആരംഭിച്ച ദിക്ഷ, സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പ്ലാറ്റ് ഫോമാണ്.. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിലിൻ്റെ  ഒരു സംരംഭമാണിത്. സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള ബോർഡുകളും കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളും ഉൾപ്പെടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈ പ്ലാറ്റ് ഫോം സ്വീകരിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ  ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പഠന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ദിക്ഷയുടെ ലക്ഷ്യം. വ്യക്തിഗത പഠിതാക്കൾക്ക് പ്രാപ്യവും ആകർഷകവും അനുയോജ്യവുമായ രീതിയിലാണ് വിദ്യാഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലാസ് മുറികൾക്കപ്പുറത്തേക്ക് വ്യാപിച്ച് അധ്യാപകർ, വിദ്യാർത്ഥികൾ, ഭരണകർത്താക്കൾ എന്നിവരെ ഒരുപോലെ പിന്തുണയ്ക്കുന്ന ഒന്നാണിത്. 2026 മാർച്ച് 5 വരെ, ഈ പ്ലാറ്റ് ഫോം മുഖേന 566 കോടി പഠന സെഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് രജിസ്റ്റർ ചെയ്ത 2.11 കോടി ഉപയോക്താക്കളുണ്ട്. 18.52 കോടിയാണ് പാഠ്യപദ്ധതി രജിസ്‌ട്രേഷൻ. 14.71 കോടി പേർ പൂർത്തീകരിക്കുകയും 12.69 കോടി സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്.

സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്:
2023-ൽ ആരംഭിച്ച സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്, സമഗ്രമായ ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ നൈപുണ്യ വികസനം(സ്‌കില്ലിങ്), പുനർ നൈപുണ്യ വികസനം(റീ സ്‌കില്ലിങ്), വൈദഗ്ധ്യ തലമുയർത്തൽ (അപ്പ് സ്‌കില്ലിങ്) എന്നിവയെ പിന്തുണയ്ക്കുന്നതിനായാണ് സൃഷ്ടിച്ചത്.

eOffice-Logo

ഇത് ഓൺലൈൻ പരിശീലനത്തെ ,എ.പി.ഐ.കൾ വഴി നൽകുന്ന വിശ്വസനീയമായ നൈപുണ്യ യോഗ്യതാപത്രങ്ങളുമായും, പണമിടപാട്- തൊഴിൽ കണ്ടെത്തൽ സേവനങ്ങളുമായും സംയോജിപ്പിക്കുന്നു. ഭരണകൂടത്തിൽ നിന്ന് പൗരനിലേക്കും, ബിസിനസിൽ നിന്ന് പൗരനിലേക്കും, ബിസിനസിൽ നിന്ന് ബിസിനസ്സിലേക്കും സേവനങ്ങൾ പ്രാപ്തമാക്കുന്നതിനായി, ഉദ്യം, ഇ ശ്രാം, നാഷണൽ കരിയർ സർവീസ്, എ.എസ്.ഇ.എം. പോർട്ടലുകൾ എന്നിവ സംയോജിപ്പിച്ച് നവീകരിച്ച പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നു. ഇത് പഠിതാക്കളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുകയും വ്യവസായ ആവശ്യകതയുമായി പരിശീലനം ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉയർന്നുവരുന്ന തൊഴിൽ ശക്തിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ ക്രമീകരിക്കാൻ കഴിയും. ഇന്ത്യയുടെ മനുഷ്യ മൂലധന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിക്കൊണ്ട്, നൈപുണ്യ വികസനത്തിനും തൊഴിലിനും ഇടയിലുള്ള ഒരു പാലമായി ഈ പ്ലാറ്റ് ഫോം പ്രവർത്തിക്കുന്നു.

ഭരണനിർവഹണ കാര്യക്ഷമതയ്ക്കും
ഏകോപനത്തിനുമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ:

ഇ-ഓഫീസ്:
സർക്കാർ വകുപ്പുകളിലുടനീളം പേപ്പർ രഹിത പ്രവർത്തനം ഇ-ഓഫീസ് സാധ്യമാക്കി. ഇത് ഇലക്ട്രോണിക് ഫയൽ മാനേജ്‌മെൻ്റിനെയും ഡിജിറ്റൽ തീരുമാനമെടുക്കലിനെയും പിന്തുണയ്ക്കുന്നു. ലളിതവും പ്രതികരണശേഷിയുള്ളതും സുതാര്യവുമായ ഒരു ഭരണസംവിധാനം സൃഷ്ടിക്കുക എന്നതാണ് പ്ലാറ്റ്‌ഫോമിൻ്റെ  ലക്ഷ്യം. സ്വതന്ത്ര രൂപഘടനയിൽ നിർമ്മിച്ച ഇത് കേന്ദ്ര, സംസ്ഥാന, ജില്ലാ തലങ്ങളിൽ ആവർത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഇത് ഒരു ഏകീകൃത ഡിജിറ്റൽ ചട്ടക്കൂടിനുള്ളിൽ സ്വതന്ത്ര പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യുന്നു.

API Setu: Get access to thousands of APIs

എ.പി.ഐ സേതു:
 2020 മാർച്ചിൽ ഓപ്പൺ എ.പി.ഐ പ്ലാറ്റ് ഫോം പ്രോജക്റ്റ് എന്നും അറിയപ്പെടുന്ന എ.പി.ഐ സേതുവിന് കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം തുടക്കമിട്ടു. ആപ്ലിക്കേഷൻ പ്രോഗ്രാമിങ് സമ്പർക്കമുഖങ്ങൾ (ഇൻ്റർഫേസുകൾ) മുഖേന വഴി സർക്കാർ ഡാറ്റയുടെയും സേവനങ്ങളുടെയും സുരക്ഷിതവും നിലവാരമുള്ളതുമായ പങ്കിടൽ ഇത് പ്രാപ്തമാക്കുന്നു. പ്രസിദ്ധീകരണം മുതൽ ഉപഭോഗം വരെയുള്ള മുഴുവൻ എ.പി.ഐ ജീവിതചക്രവും പ്ലാറ്റ് ഫോം കൈകാര്യം ചെയ്യുകയും പൊതു, സ്വകാര്യ ആവാസവ്യവസ്ഥകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2026 മാർച്ച് വരെ, പ്ലാറ്റ് ഫോം നിലവിൽ 8,036 എ.പി.ഐകൾക്ക് ആതിഥേയത്വമരുളുന്നു. ഇതിൽ 6,592 ഉപഭോക്താക്കളും 2,559 പ്രസാധകരും 10,530 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. ഘടനാപരവും സുരക്ഷിതവുമായ ഡാറ്റാ കൈമാറ്റത്തിന് സൗകര്യമൊരുക്കുന്നതിലൂടെ, എ.പി.ഐ സേതു ഇന്ത്യയുടെ ഡിജിറ്റൽ ഭരണതല (ഗവേണൻസ് ലാൻഡ്സ്‌കേപ്പ്)ത്തിലുടനീളം പരസ്പര പ്രവർത്തനക്ഷമതയും നൂതനത്വവും ശക്തിപ്പെടുത്തുന്നു.

പി.എം ഗതിശക്തി:
2021 ഒക്ടോബർ 13 ന് ആരംഭിച്ച പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ, സംയോജിത ആസൂത്രണത്തിനും അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഏകോപിത നിർവ്വഹണത്തിനുമായി ജി.ഐ.എസ് അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റ് ഫോം നൽകുന്നു. സാമ്പത്തിക മേഖലകളിലുടനീളം ബഹുതല കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിനും മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഇടയിൽ സമന്വയം മെച്ചപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. ഈ ചട്ടക്കൂടിന് കീഴിൽ രൂപവത്കരിച്ച ശൃംഖലാ ആസൂത്രണ സംഘം, മൾട്ടിമോഡാലിറ്റി(ബഹുമുഖ ഗതാഗത മാർഗങ്ങൾ), ഇൻ്റർമോഡാലിറ്റി(പരസ്പരബന്ധിത ഗതാഗത സംവിധാനം), ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി(അവസാനഘട്ടം വരെയുള്ള ഗതാഗത സൗകര്യം), ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കൽ എന്നിവ ഉറപ്പാക്കുന്നതിന് ആസൂത്രണ ഘട്ടത്തിൽ നിർണായകമായ അടിസ്ഥാന സൗകര്യ നിർദ്ദേശങ്ങൾ വിലയിരുത്തുന്നു.  2026 ഫെബ്രുവരി 10 വരെ, ആകെ ഏകദേശം 16.10 ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന 352 അടിസ്ഥാന സൗകര്യ പദ്ധതികൾ ഈ സംവിധാനത്തിലൂടെ വിലയിരുത്തി. ഇതിൽ 201 പദ്ധതികൾക്ക് അനുമതി നൽകുകയും 167 എണ്ണം നിർവഹണഘട്ടത്തിലുമാണ്. വൻകിട അടിസ്ഥാന സൗകര്യ ഭരണനിർവഹണത്തിന് ഈ പ്ലാറ്റ് ഫോം യോജിപ്പും സുതാര്യതയും നൽകുന്നു. ഇന്ത്യയുടെ ഡി.പി.ഐ സഞ്ചയം എങ്ങനെയാണ് ഭരണം, സാമ്പത്തിക വളർച്ച, പൗര ശാക്തീകരണം എന്നിവയെ വിപുലമായ തോതിൽ ശാക്തീകരിക്കുന്ന സമഗ്രമായ ഡിജിറ്റൽ നട്ടെല്ലായി പരിണമിച്ചതെന്ന് ഈ പരസ്പരബന്ധിത പ്ലാറ്റ് ഫോമുകൾ ഒരുമിച്ച് ചിത്രീകരിക്കുന്നു.


ഇന്ത്യയുടെ ഡി.പി.ഐ നയതന്ത്രം
ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളു(ഡി.പി.ഐ)മായുള്ള ഇന്ത്യയുടെ ഇടപെടൽ ആഴമേറിയ ഒരു നാഗരിക ധാർമ്മികതയിൽ നിന്നാണ്. വസുധൈവ കുടുംബകം എന്നാൽ ലോകം ഒരു കുടുംബമാണ് എന്നാണ് അർഥമാക്കുന്നത്. അതിർത്തികൾ, ഭാഷകൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവയ്ക്കപ്പുറം പങ്കിട്ട പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാഴ്ചപ്പാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഡിജിറ്റൽ യുഗത്തിൽ, ഡി.പി.ഐയിൽ ഇന്ത്യയുടെ ഇടപെടലിലൂടെ ഈ തത്ത്വചിന്ത പുതിയ ആവിഷ്‌കാരം കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയെ ഒരു അടഞ്ഞ ആസ്തിയായിട്ടല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു പൊതുനന്മയായാണ് കാണുന്നത്. ഇന്ത്യ സാങ്കേതികവിദ്യ പങ്കിടുക മാത്രമല്ല, മറ്റ് രാജ്യങ്ങളെ അവരുടെ സ്വന്തം സാഹചര്യങ്ങളുമായി അതിനെ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. രാജ്യങ്ങൾ വിശ്വസനീയമായ ഡിജിറ്റൽ മാർഗങ്ങൾക്കായി തിരയുമ്പോൾ, ഇന്ത്യയുടെ അനുഭവം ആഗോള നയ സംവാദങ്ങളിൽ ക്രമേണ ഇടംപിടിച്ചിട്ടുണ്ട്.

S. No.

Countries with MoUs on India Stack / Digital Public Infrastructure

1

Republic of Armenia

2

Republic of Sierra Leone

3

Republic of Suriname

4

Antigua and Barbuda

5

Papua New Guinea

6

Republic of Trinidad and Tobago

7

United Republic of Tanzania

8

Republic of Kenya

9

Republic of Cuba

10

Republic of Colombia

11

Lao People's Democratic Republic

12

Saint Kitts and Nevis

13

Ethiopia

14

Jamaica

15

Gambia

16

Fiji

17

Guyana

18

Venezuela

19

Sri Lanka

20

Brazil

21

Lesotho

22

Maldives

23

Mongolia

24

Malaysia


അന്താരാഷ്ട്ര തലത്തിൽ ഈ സമീപനം എങ്ങനെ പ്രാവർത്തികമാക്കപ്പെടുന്നുവെന്ന് ഇനിപ്പറയുന്ന സംരംഭങ്ങൾ കാണിക്കുന്നു:

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ തന്ത്രപരമായ പങ്കാളിത്തങ്ങൾ:
2026 ഫെബ്രുവരിയിൽ, ഇന്ത്യ സ്റ്റാക്ക്, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ സഹകരണത്തിനായി 24 രാജ്യങ്ങളുമായി ഭാരത സർക്കാർ ധാരണാപത്രങ്ങളും (എം.ഒ.യു) കരാറുകളും ഒപ്പുവച്ചു. ഈ പങ്കാളിത്തങ്ങൾ സാങ്കേതിക പരിജ്ഞാനം പങ്കിടുന്നതിലും ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ് ഫോമുകളുടെ പുനർനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സഹകരണ മേഖലകളിൽ ഡിജിറ്റൽ ഐഡൻ്റിറ്റി, ഡിജിറ്റൽ പണമിടപാടുകൾ, ഡാറ്റാ കൈമാറ്റ ചട്ടക്കൂടുകൾ, സേവന വിതരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഒരു ഉൽപ്പന്നത്തിൻ്റെ കയറ്റുമതിയല്ല, മറിച്ച് വാസ്തുവിദ്യയിലും രൂപകല്പനാ തത്വങ്ങളിലും സഹകരണമാണ് ലക്ഷ്യം. ഈ ഇടപെടൽ ജനസംഖ്യാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇന്ത്യയെ പ്രായോഗിക പങ്കാളിയായി സ്ഥാനപ്പെടുത്തിയിട്ടുണ്ട്.

യു.പി.ഐയുടെ അതിർത്തി കടന്നുള്ള വികസനം:
ഇന്ത്യയുടെ പണമിടപാട് അടിസ്ഥാന സൗകര്യം ദേശാതിർത്തികൾ കടന്നിരിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ്, ഖത്തർ എന്നിവയുൾപ്പെടെ 8 രാജ്യങ്ങളിൽ യു.പി.ഐ ഇപ്പോൾ സജീവമാണ്. പണമടയ്ക്കൽ ലഘൂകരിക്കുക, പണമിടപാട് കാര്യക്ഷമത മെച്ചപ്പെടുത്തുക, സാമ്പത്തിക ഉൾപ്പെടുത്തൽ വികസിപ്പിക്കുക എന്നിവയാണ് ഇതിൻ്റെ  അന്താരാഷ്ട്ര സ്വീകാര്യത. തടസ്സമില്ലാതെ അതിർത്തികൾപ്പുറത്തേക്ക് പണമിടപാടുകൾ സാധ്യമാക്കുന്നതിലൂടെ, ആഗോള ഫിൻടെക് (സാമ്പത്തിക സാങ്കേതിക വിദ്യ) മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം യു.പി.ഐ ശക്തിപ്പെടുത്തി. ഈ സംവിധാനത്തിൻ്റെ  വ്യാപ്തിയും വിശ്വാസ്യതയും ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളുടെയും നിയന്ത്രണ ഏജൻസികളുടെയും ശ്രദ്ധ ആകർഷിച്ചു.

ഇന്ത്യ സ്റ്റാക്ക് ഗ്ലോബൽ
ഘടനാപരമായ സഹകരണം സാധ്യമാക്കുന്നതിനായി, ഇന്ത്യയുടെ ഡി.പി.ഐ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനും പങ്കാളിത്ത രാജ്യങ്ങൾ അത് സ്വീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സമർപ്പിത പ്ലാറ്റ് ഫോമായി ഇന്ത്യ സ്റ്റാക്ക് ഗ്ലോബൽ സ്ഥാപിതമായി. പ്രധാന ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലേക്കും സാങ്കേതിക ഉറവിടങ്ങൡലേക്കും ഈ പോർട്ടൽ പ്രവേശനം നൽകുന്നു. ഇന്ത്യയുടെ അനുഭവത്തിനും സുഹൃദ് രാഷ്ട്രങ്ങളുടെ ആവശ്യകതകൾക്കും ഇടയിലുള്ള ഒരു പാലമായി ഇത് വർത്തിക്കുന്നു. ഈ സംരംഭത്തിലൂടെ, ഡിജിറ്റൽ പൊതുസാമഗ്രികളെ സ്ഥിരമായ മാതൃകകളേക്കാൾ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താവുന്ന നിർമ്മാണ ബ്ലോക്കുകളായാണ് അവതരിപ്പിക്കുന്നത്.

ജി 20 പ്രഖ്യാപനവും ആഗോള ഡി.പി.ഐ ശേഖരണവും:
2023-ൽ ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന കാലത്ത്, ഇന്ത്യ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളെ വികസന അജൻഡയുടെ കേന്ദ്രബിന്ദുവാക്കി. ജി 20 ന്യൂഡൽഹി നേതാക്കളുടെ പ്രഖ്യാപനം ഡി.പി.ഐയെ ഒരു വികസന ത്വരകമായി സുവ്യക്തമായി അംഗീകരിച്ചു. ഡി.പി.ഐ ഒരു സ്വകാര്യ സാങ്കേതികവിദ്യയല്ല, മറിച്ച് സമഗ്ര വളർച്ചയ്ക്കുള്ള, പ്രത്യേകിച്ചും ആഗോള ദക്ഷിണമേഖലയ്ക്ക് വേണ്ടിയുള്ള ഡിജിറ്റൽ പാതകളാണെന്ന ആശയം ഇന്ത്യ വ്യക്തമാക്കി. പാഠങ്ങളും പ്രയോഗങ്ങളും പങ്കിടുന്നതിനുള്ള ഒരു വിജ്ഞാന വേദി എന്ന നിലയിലാണ് ഇന്ത്യയുടെ അധ്യക്ഷതയിൽ ആഗോള ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ ശേഖരം (ഗ്ലോബൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ റിപ്പോസിറ്ററി) ആരംഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ ഡി.പി.ഐ രൂപകൽപ്പന ചെയ്യുന്നതിലും വിന്യസിക്കുന്നതിലും ഉള്ള വിവര വിടവുകൾ നികത്തുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയാണ് ഏറ്റവും കൂടുതൽ ഡി.പി.ഐ പരിഹാരമാർഗങ്ങൾ ഈ ശേഖരത്തിലേക്ക് സംഭാവന ചെയ്തതെന്നത് ചർച്ച രൂപപ്പെടുത്തുന്നതിലുള്ള രാജ്യത്തിൻ്റെ  പങ്കിനെ അരക്കിട്ടുറപ്പിക്കുന്നു.

ഒരു തുറന്ന ഡിജിറ്റൽ പൊതുനന്മയായി കോ വിൻ
ലോകത്തിന് സൗജന്യമായി ഒരു ഓപ്പൺ സോഴ്സ് (സ്വതന്ത്ര) സോഫ്റ്റ് വെയറായി കോ വിൻ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യ അതിൻ്റെ  ഡിജിറ്റൽ ആരോഗ്യ വേദിയെ ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ചു. 220 കോടിയിലധികം വാക്‌സിൻ ഡോസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്ലാറ്റ് ഫോമിൻ്റെ വിജയം, സങ്കീർണ്ണമായ പൊതുജനാരോഗ്യ ലോജിസ്റ്റിക്‌സിനെ വിപുലമായ തലത്തിൽ ഏകോപിപ്പിക്കാനുള്ള കഴിവ് പ്രകടമാക്കി. സാങ്കേതികവിദ്യ സൗജന്യമായി ലഭ്യമാക്കിയതിലൂടെ, തങ്ങളുടെ ഡിജിറ്റൽ അനുഭവം പങ്കുവെക്കാനുള്ളതാണെന്ന് ഇന്ത്യ സൂചന നൽകി. പൊതുനന്മയ്ക്കും, സമഗ്ര വികസനത്തിനും, സാമൂഹിക ശാക്തീകരണത്തിനും വേണ്ടിയുള്ള സാങ്കേതികവിദ്യയുടെയും നയങ്ങളുടെയും ഉപയോഗം, ഉത്പതിഷ്ണുതയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ തേടുന്ന വികസ്വര രാജ്യങ്ങൾക്ക് പ്രായോഗിക പാഠങ്ങൾ പ്രദാനം ചെയ്യുന്നു.


എം.ഒ.എസ്.ഐ.പി.യും പരമാധികാര ഡിജിറ്റൽ ഐഡൻ്റിറ്റിയും
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മോഡുലാർ ഓപ്പൺ-സോഴ്സ് (സ്വതന്ത്ര) ഐഡൻ്റിറ്റി പ്ലാറ്റ് ഫോം (എം.ഒ.എസ്.ഐ.പി) മറ്റൊരു പ്രധാന ഉദാഹരണമാണ്. പരമാധികാര (സോവറിൻ) ഡിജിറ്റൽ ഐഡൻ്റിറ്റി സംവിധാനങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ക്രമീകരിച്ച് മാറ്റം വരുത്താൻ സാധിക്കുന്നതും, തുറന്ന ഉറവിട (ഓപ്പൺ സോഴ്‌സ്)മുള്ളതുമായ സ്വതന്ത്ര ചട്ടക്കൂട് എം.ഒ.എസ്.ഐ.പി നൽകുന്നു. 25-ലധികം രാജ്യങ്ങൾ അവരുടെ ദേശീയ ഐഡൻ്റിറ്റി പരിപാടികൾക്കായി ഈ പ്ലാറ്റ് ഫോം ഏറ്റെടുക്കുകയോ പര്യവേക്ഷണം ചെയ്യുകയോ ചെയ്യുന്നു. മൊത്തത്തിൽ, ഈ സംരംഭങ്ങൾ പങ്കിട്ട കാര്യക്ഷമതയിൽ നങ്കൂരമിട്ട നയതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ ഇന്ത്യ കൂടുതൽ സമഗ്രവും പരസ്പര പ്രവർത്തനക്ഷമവുമായ ഒരു ആഗോള ഡിജിറ്റൽ ഘടന രൂപപ്പെടുത്താൻ സഹായിക്കുന്നു.

ഉപസംഹാരം
ഡിജിറ്റൽ യുഗത്തിൽ വികസനവും ഭരണവും എങ്ങനെ വിഭാവനം ചെയ്യപ്പെടുന്നു എന്നതിലെ വിശാലമായൊരു മാറ്റത്തെയാണ് ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളോട് കൂടിയുള്ള ഇന്ത്യയുടെ പ്രയാണം പ്രതിഫലിപ്പിക്കുന്നത്. സാമ്പത്തിക ഉൾച്ചേർക്കലും വ്യക്തിത്വ അഭിഗമ്യതയും വികസിപ്പിക്കുന്നതിനുള്ള ശ്രമമായി ആരംഭിച്ചത് സാമ്പത്തിക പ്രവർത്തനങ്ങൾ, പൊതു സേവന വിതരണം, സ്ഥാപനപരമായ കാര്യക്ഷമത എന്നിവയെ അടിവരയിടുന്ന സമഗ്രവും പരസ്പര പ്രവർത്തനക്ഷമവുമായ ഒരു ഘടനയായി വളർന്നു. വിപൂലീകരണത്തിന് വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും, സുരക്ഷയ്ക്കും നിയന്ത്രണങ്ങൾക്കുമൊപ്പം സുതാര്യതയ്ക്ക് സഹവർത്തിക്കാൻ കഴിയുമെന്നും ഈ മാതൃക തെളിയിക്കുന്നു.'

സാങ്കേതികവിദ്യയെ പൊതു ആവശ്യവുമായി ബന്ധിപ്പിക്കുന്നതിലൂടെ, വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഡിജിറ്റൽ സംവിധാനങ്ങൾക്ക് കഴിയുമെന്ന് ഇന്ത്യ പ്രകടമാക്കിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങൾ ഉത്പതിഷ്ണുതയും സമഗ്രതയുമുള്ള ഡിജിറ്റൽ അടിത്തറകൾ നിർമ്മിക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യയുടെ അനുഭവം കേവലമൊരു പഠനവിഷയം മാത്രമായല്ല, മറിച്ച് പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ  ഭാവിയിലേക്കുള്ള ഒരു മാതൃകാ സൂചിക കൂടിയായാണ് നിലകൊള്ളുന്നത്

അവലംബം:
Click here to see pdf

****


( റിലീസ് ഐ.ഡി: 2236503) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , हिन्दी , Bengali , Bengali-TR , Gujarati , Tamil