ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു
സെന്റ് ബർക്കുമാൻസ് കോളേജിന്റെ 100 വർഷങ്ങൾ രാഷ്ട്രനിർമാണത്തിന്റെയും സ്വഭാവരൂപീകരണത്തിന്റെയും ഐതിഹാസിക ചരിത്രം: ഉപരാഷ്ട്രപതി
“കേരള കേരളമായി മാറി”: തന്റെ മൂന്നാം സന്ദർശനം സവിശേഷമെന്ന് ഉപരാഷ്ട്രപതി
“വിദ്യാഭ്യാസം സ്വഭാവശുദ്ധി രൂപപ്പെടുത്തുന്നു; വിദ്യാസമ്പന്നരായ പൗരന്മാർ രാഷ്ട്രത്തെ വാർത്തെടുക്കുന്നു”: ഉപരാഷ്ട്രപതി
സാങ്കേതികവിദ്യ സ്വീകരിക്കുന്ന കാലം കഴിഞ്ഞു; ഇന്ത്യ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളായ രാജ്യമായി മാറണം: ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
28 FEB 2026 6:02PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Vice-President Shri C. P. Radhakrishnan graced the Valedictory Function of the Centenary Celebrations of St. Berchmans College in Changanassery, Kerala today.
Describing it as his third visit to the State after assuming office, he termed it a special occasion, noting that… pic.twitter.com/3ZBESd4FTK
— Vice-President of India (@VPIndia) February 28, 2026
ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം കേരളത്തിലേക്കുള്ള തന്റെ മൂന്നാമത്തെ സന്ദർശനമാണിതെന്ന് അദ്ദേഹം പറഞ്ഞു. "കേരള കേരളമായി മാറി" എന്ന് അദ്ദേഹം പറഞ്ഞു. ഇതു സംസ്ഥാനത്തിന്റെ ആഴത്തിലുള്ള സാംസ്കാരിക സ്വത്വത്തെയും അഭിമാനത്തെയും പ്രതിഫലിപ്പിക്കുന്നു
നൂറുവർഷം പഴക്കമുള്ള കലാലയം എന്നത് വെറും ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഒരു നൂറ്റാണ്ടായി ഈ സ്ഥാപനം നിശബ്ദമായും എന്നാൽ സുസ്ഥിരമായും രാഷ്ട്രനിർമാണത്തിന് സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കോളനിവാഴ്ചയ്ക്കു കീഴിലായിരുന്ന കാലത്ത്, ചരിത്രപ്രസിദ്ധമായ ഈ കലാലയം ബൗദ്ധിക ഉണർവിന്റെ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. 1922-ൽ സ്ഥാപിതമായ ഈ കലാലയം അറിവിന്റെയും സ്വഭാവശുദ്ധിയുടേയും വഴികാട്ടിയായി നിലകൊള്ളുകയും ജനമനസ്സുകളെയും രാഷ്ട്രത്തെയും ഒരുപോലെ വാർത്തെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
കലാലയത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, അസംഖ്യം പൂർവ വിദ്യാർഥികൾ ഈ സ്ഥാപനത്തിന്റെ പുകഴ്പെറ്റ അറിവിന്റെ വെളിച്ചം ഇന്ത്യയിലുടനീളവും ലോകമെമ്പാടും എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പ്രശസ്ത നടൻ പ്രേം നസീർ, മുൻ മുഖ്യമന്ത്രിമാരായ ശ്രീ വാസുദേവൻ നായർ, ശ്രീ ഉമ്മൻ ചാണ്ടി എന്നിവർ ഈ കോളേജിലെ പൂർവ വിദ്യാർഥികളാണെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരെ വാർത്തെടുക്കുക എന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ഈ സ്ഥാപനം നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ ഉപരാഷ്ട്രപതി, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നത് നമ്മുടെ സ്വന്തം വികാരങ്ങൾ മാനിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിൽ അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി.
ഒരാളുടെ സാമൂഹ്യമോ സാമ്പത്തികമോ ആയ അവസ്ഥ എന്തുതന്നെയായാലും പഠനം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. ജീവിതത്തിലുടനീളം തുറന്ന മനസ്സ് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകളിൽ താൻ പങ്കെടുക്കാറുണ്ടെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് അദ്ദേഹം ആവർത്തിച്ചു. "വിദ്യാഭ്യാസം സ്വഭാവശുദ്ധി രൂപപ്പെടുത്തുന്നു," എന്ന് പറഞ്ഞ അദ്ദേഹം, വിദ്യാസമ്പന്നനായ പൗരൻ സമൂഹത്തെയും രാഷ്ട്രത്തെയും വാർത്തെടുക്കുമെന്നും കൂട്ടിച്ചേർത്തു.
ദേശീയ വളർച്ചയിൽ ഗവേഷണത്തിന്റെയും സാങ്കേതിക വികസനത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, കോളനിവാഴ്ചയ്ക്കായി ക്ലർക്കുമാരെ മാത്രം സൃഷ്ടിച്ചിരുന്ന വിദ്യാഭ്യാസ കാലഘട്ടം എന്നേ അവസാനിച്ചുവെന്ന് പറഞ്ഞു. ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. “സാങ്കേതികവിദ്യകൾ വെറുതെ സ്വീകരിക്കുന്ന കാലം കഴിഞ്ഞു. നാം സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളായി മാറണം, അങ്ങനെ നാം ഉൽപ്പാദിപ്പിക്കുന്നവ ലോകം ഏറ്റെടുക്കണം” - അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിനാലും കരുത്തുറ്റ യുവജനതയാൽ നയിക്കപ്പെടുന്നതിനാലും ഈ മാറ്റം സാധ്യമാണെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, ഉത്തരവാദിത്വമുള്ള പൗരന്മാരെയും നൂതനാശയ ഉപജ്ഞാതാക്കളെയും നേതാക്കളെയും വാർത്തെടുക്കുന്നതിൽ സെന്റ് ബർക്കുമാൻസ് കോളേജ് പോലുള്ള സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളേജിന്റെ ആദർശവാക്യമായ 'കാരിത്താസ് വെരാ നോബിലിറ്റാസ്' (കാരുണ്യമാണ് യഥാർഥ കുലീനത) എന്നതിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, യഥാർഥ കുലീനത എന്നത് ജനനത്തിലോ സമ്പത്തിലോ അല്ല, മറിച്ച് ദാനധർമ്മത്തിലാണ് എന്ന് അടിവരയിട്ടു പറഞ്ഞു. കാരുണ്യം എന്നത് പണത്തിൽ മാത്രം ഒതുങ്ങുന്നതല്ല; അത് ഒരു നല്ല വാക്കോ, മാനസികമായ പിന്തുണയോ, സമയമോ, അധ്വാനമോ, അറിവോ അല്ലെങ്കിൽ മാർഗനിർദേശമോ ആകാം. "നമുക്കായി ജീവിക്കുന്നത് മോശമല്ല, എന്നാൽ നമുക്കായി മാത്രം ജീവിക്കുന്നത് മോശമാണ്" - എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ എവിടെ പോയാലും ഈ ആദർശവാക്യം മനസ്സിൽ സൂക്ഷിക്കണമെന്നും സാമൂഹ്യപ്രതിജ്ഞാബദ്ധതയുള്ള വ്യക്തികൾ എന്ന നിലയിൽ സമൂഹത്തിന് തിരികെ നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
"നിങ്ങൾ ഈ കലാലയത്തിന്റെ രണ്ടാം നൂറ്റാണ്ടാണ്. അടുത്ത നൂറുവർഷം നിങ്ങളുടെ ആശയങ്ങളാലും കരുത്തിനാലും പ്രതിജ്ഞാബദ്ധതയാലും എഴുതപ്പെടും. വലിയ സ്വപ്നങ്ങൾ കാണുക. കഠിനാധ്വാനം ചെയ്യുക. മൂല്യങ്ങളിൽ ഉറച്ചുനിൽക്കുക." - വിദ്യാർഥികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു,
പ്രസംഗം ഉപസംഹരിക്കവേ, ശതാബ്ദി എന്നത് നൂറുവർഷത്തിന്റെ അവസാനമല്ല, മറിച്ച് മഹത്തായ പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഉപരാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "കഴിഞ്ഞ നൂറ്റാണ്ടിനേക്കാൾ തിളക്കത്തോടെ അടുത്ത നൂറ്റാണ്ട് പ്രകാശിക്കട്ടെ"- അദ്ദേഹം പറഞ്ഞു.
ഈ ചടങ്ങിൽ, ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ബർക്കുമാൻസ് സെന്റർ ഫോർ എമർജിങ് ടെക്നോളജീസും', 'ഡോ. കെ. എം. എബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റും' ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-വിനോദസഞ്ചാര സഹമന്ത്രി ശ്രീ സുരേഷ് ഗോപി; കേരള സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി ശ്രീ വി. എൻ. വാസവൻ; പാർലമെന്റ് അംഗം ശ്രീ കൊടിക്കുന്നിൽ സുരേഷ്; എംഎൽഎ ശ്രീ ജോബ് മൈക്കിൾ; ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ; സെന്റ് ബർക്കുമാൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ടെഡി കഞ്ഞൂപറമ്പിൽ; സെന്റ് ബർക്കുമാൻസ് കോളേജ് മാനേജർ അഡ്വ. ആന്റണി എത്തക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*****
SK
( റിലീസ് ഐ.ഡി: 2233999)
സന്ദര്‍ശക കൗണ്ടര്‍ : 58