ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡൽഹി സർവകലാശാലയുടെ 102-ാമത് ബിരുദദാന ചടങ്ങിൽ 1.2 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഉപരാഷ്ട്രപതി ബിരുദം സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 28 FEB 2026 11:24AM by PIB Thiruvananthpuram

ഡൽഹി സർവകലാശാലയുടെ 102-ാമത് ബിരുദദാന സമ്മേളനത്തിൽ, ഇന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഉപരാഷ്ട്രപതിയും ഡൽഹി സർവകലാശാലയുടെ ചാൻസലറുമായ ശ്രീ സി.പി. രാധാകൃഷ്ണൻ 1.2 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു.

സർവകലാശാലയുടെ 104 വർഷത്തെ ശ്രദ്ധേയമായ യാത്രയെയും അക്കാദമിക മികവിനും തുടർച്ചയ്ക്കുമുള്ള അതിൻ്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പ്രശംസിച്ചു.

 

സർവകലാശാലയുടെ ചരിത്രപരമായ മാറ്റം എടുത്തുപറഞ്ഞ അദ്ദേഹം, കേവലം മൂന്ന് കോളേജുകൾ, രണ്ട് ഫാക്കൽറ്റികൾ, എട്ട് വകുപ്പുകൾ, അമൂല്യ ഗ്രന്ഥങ്ങളുടെ ഒരു ചെറിയ ലൈബ്രറി, 750 വിദ്യാർത്ഥികൾ എന്നിവയോടെയാണ് സർവകലാശാല ആരംഭിച്ചതെന്ന് നിരീക്ഷിച്ചു. ഇന്ന്, 16 ഫാക്കൽറ്റികൾ, 86 വകുപ്പുകൾ, 90 കോളേജുകൾ, 20 ഹാളുകളും ഹോസ്റ്റലുകളും, 30-ലധികം കേന്ദ്രങ്ങളും സ്ഥാപനങ്ങളും, 34 ലൈബ്രറികൾ, ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ എന്നിവ സർവകലാശാലയുടെ ഭാഗമാണ്. "ഡൽഹി സർവകലാശാല അതിൻ്റെ ചരിത്ര യാത്രയിൽ വളരെ ദൂരം പിന്നിട്ടിരിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ബിരുദം നേടുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം പല രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതലാണെന്നും ഇത് സർവകലാശാലയുടെ വിശാലമായ അക്കാദമിക മികവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും വിപുലമായ ചടങ്ങിനെ അഭിനന്ദിച്ചുകൊണ്ട്, ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

 

ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി സർവകലാശാലയെ വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയുടെ ബൗദ്ധിക, രാഷ്ട്രീയ, ശാസ്ത്രീയ, സാംസ്കാരിക ജീവിതത്തിന് നേതൃത്വം നൽകിയവരെ ഈ സർവകലാശാല വാർത്തെടുത്തിട്ടുണ്ടെന്ന് പറഞ്ഞു. ഇന്ത്യയെ മാത്രമല്ല, ലോകത്തെയും രൂപപ്പെടുത്തിയ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധേയമായ ശ്രേണിയിൽ ഇപ്പോൾ അവർ ഭാഗമാകുന്നതായി അദ്ദേഹം ബിരുദ വിദ്യാർത്ഥികളോട് പറഞ്ഞു.

 

സർവകലാശാലയുടെ വർദ്ധിച്ചുവരുന്ന അക്കാദമിക് നിലവാരം എടുത്തുകാണിച്ചുകൊണ്ട്, ദേശീയ, അന്തർദേശീയ റാങ്കിംഗിൽ സ്ഥിരമായി ഉയർന്നുവരുന്നതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. തുടർച്ചയായി നാല് വർഷമായി ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളിൽ ഒന്നാം സ്ഥാനം ഈ സർവകലാശാല നിലനിർത്തിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ബിരുദദാന സമ്മേളനം കേവലം ആചാരപരമായ പരിപാടിയല്ല; അത് ഒന്നിൻ്റെ ഒടുക്കവും മറ്റൊന്നിൻ്റെ തുടക്കവും അടയാളപ്പെടുത്തുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പഠനം, അച്ചടക്കം, സൗഹൃദങ്ങൾ, പരീക്ഷകൾ, സ്വയം കണ്ടെത്തൽ എന്നിവയുടെ വർഷങ്ങളെ ഇത് ആഘോഷിക്കുന്നു. അതേസമയം, ഉത്തരവാദിത്വത്തിൻ്റെ ഒരു വലിയ മേഖലയിലേക്കുള്ള ബിരുദധാരികളുടെ ഔപചാരിക പ്രവേശനത്തെയും ഇത് സൂചിപ്പിക്കുന്നു.

 

വ്യാപക പരിവർത്തനത്തിന് വിധേയമാകുന്ന ഒരു ലോകത്തിലേക്ക് ബിരുദധാരികൾ കാലെടുത്തുവയ്ക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. സാങ്കേതികവിദ്യ വ്യവസായങ്ങളെ പുനർനിർമ്മിക്കുകയും നിർമിത ബുദ്ധി തൊഴിൽ സ്വഭാവത്തെ പുനർനിർവചിക്കുകയും കാലാവസ്ഥാ വ്യതിയാനം വളർച്ചയുടെ മാതൃകകളെ വെല്ലുവിളിക്കുകയും കൂടാതെ, ലോകമെമ്പാടുമുള്ള ജനാധിപത്യങ്ങൾ പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. അത്തരമൊരു ലോകത്ത്, ബിരുദം എന്നത് ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല, മറിച്ച് ഒരു പ്രതിജ്ഞാബദ്ധതയാണ്, സമൂഹത്തെ സേവിക്കാനും ഒരാളുടെ കഴിവുകൾ കൂടുതൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള പ്രതിജ്ഞാബദ്ധത. സ്വയം മാത്രമല്ല, രാജ്യത്തിൻ്റെയും പുരോഗതിക്ക് വേണ്ടി ജീവിക്കാനുള്ള പ്രതിജ്ഞാബദ്ധത, എല്ലാറ്റിനുമുപരി, "രാഷ്ട്രം ആദ്യം" എന്ന തത്വം ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത എന്നിവയെയും ഇത് സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

2047-ൽ വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെക്കുറിച്ച് പരാമർശിക്കവേ, ഈ നിർണായക ഘട്ടത്തിൽ യുവാക്കളുടെ പങ്ക് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ദർശനത്തിലും, 2047-ൽ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 100 വർഷം ആഘോഷിക്കുമ്പോൾ, സ്വയം പര്യാപ്തവും വികസിതവുമായ രാജ്യമായി മാറാനുള്ള അഭിലാഷം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

ഇന്ത്യൻ യാഥാർത്ഥ്യങ്ങളിൽ വേരൂന്നിയതും എന്നാൽ ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ പരിഹാരമാർഗങ്ങൾ വികസിപ്പിക്കാനും, ഉൽപ്പാദിപ്പിക്കാനും, ഗവേഷണം നടത്താനും, സൃഷ്ടിക്കാനുമുള്ള കഴിവാണ് ആത്മനിർഭർ ഭാരതമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗവേഷണം, സംരംഭകത്വം, തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ എന്നിവയുടെ എഞ്ചിനുകളായി മാറാൻ സർവകലാശാലകളോട് ഇത് ആഹ്വാനം ചെയ്യുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, സാങ്കേതിക നേതൃത്വം, സാമൂഹിക ഐക്യം, പാരിസ്ഥിതിക സുസ്ഥിരത, സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ സ്ഥാപനങ്ങൾ എന്നിവക്കായാണ് വികസിത ഭാരതം നിലകൊള്ളുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം എല്ലാ പൗരന്മാരിലേക്കും എത്തുന്നുണ്ടെന്നും ആ അവസരം ഏവർക്കും ഒരു വാഗ്ദാനമായി മാറുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

 

ബിരുദധാരികളെ ഈ ദർശനത്തിൻ്റെ ശിൽപികളായി അദ്ദേഹം അഭിസംബോധന ചെയ്തു. ശാസ്ത്രജ്ഞർ, സിവിൽ സർവീസുകാർ, സംരംഭകർ, കലാകാരന്മാർ, അഭിഭാഷകർ, അധ്യാപകർ, നൂതനാശയ വിദഗ്ധർ എന്നിങ്ങനെ ആരായി തീർന്നാലും 2047 ലെ ഇന്ത്യയെ ഈ വിദ്യാർഥികൾ രൂപപ്പെടുത്തുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അവരുടെ സമഗ്രത, കഴിവ്, അനുകമ്പ, നൂതനാശയ മനോഭാവം എന്നിവയെ ആശ്രയിച്ചാണ് ആത്മനിർഭർ ഭാരതിൻ്റെയും വികസിത ഭാരതത്തിൻ്റെയും സാക്ഷാത്കാരം സാധ്യമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ബിരുദധാരികളിൽ 50 ശതമാനത്തിലധികവും സ്വർണ്ണ മെഡൽ ജേതാക്കളിൽ 70 ശതമാനത്തിലധികവും വനിതകളാണെന്നതിൽ ഉപരാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ വർഷം ബിരുദം നേടുന്ന വനിതകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വനിതാ വിദ്യാഭ്യാസത്തിൻ്റെ അസാധാരണമായ വളർച്ചയുടെ പ്രതിഫലനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തുടർച്ചയായ കഠിനാധ്വാനത്തിലൂടെ നേടിയ അർഹമായ വിജയത്തിന് എല്ലാ ബിരുദ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകളും നേർന്നു.

 

 അന്വേഷണ മനോഭാവം മുന്നോട്ട് കൊണ്ടുപോകാനും പഠനം ഒരു ആജീവനാന്ത പ്രക്രിയയാണെന്ന് ഓർമ്മിക്കാനും ഉപരാഷ്ട്രപതി ബിരുദധാരികളോട് അഭ്യർത്ഥിച്ചു. ലഭിച്ച അവസരങ്ങൾക്ക് നന്ദിയുള്ളവരായിരിക്കാനും അതോടൊപ്പം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഓർമ്മിക്കാനും അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. "ലഹരിവസ്തുക്കൾ വേണ്ട" എന്ന് പറയാനും സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെടുന്നതിനുപകരം ക്രിയാത്മകമായി ഉപയോഗിക്കാനും അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.

 

ബിരുദദാന ചടങ്ങിൽ ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. യോഗേഷ് സിംഗ്, ഫാക്കൽറ്റി അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

 

***


( റിലീസ് ഐ.ഡി: 2233864) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil