പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാൻ്റ് കൊച്ചി ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു.
പോസ്റ്റഡ് ഓണ്‍:
27 FEB 2026 6:05PM by PIB Thiruvananthpuram
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ കൊച്ചി ബ്രഹ്മപുരത്തെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാൻ്റ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെള്ളിയാഴ്ച (2026 ഫെബ്രുവരി 27) വെർച്വൽ ആയി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്ലാൻ്റ് സ്ഥാപിതമായതോടെ ജൈവമാലിന്യങ്ങളുടെ സുസ്ഥിരമായ സംസ്കരണത്തിൽ സംസ്ഥാനം വലിയൊരു കുതിച്ചുചാട്ടം നടത്തിയെന്ന് പ്ലാൻ്റ് ഉദ്ഘാടനം വെര്‍ച്വല്‍ ആയി നിര്‍വഹിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. ജൈവമാലിന്യ സംസ്കരണത്തിനായി സിബിജി പ്ലാൻ്റ് കമ്മീഷൻ ചെയ്യുന്ന കേരളത്തിലെ ആദ്യ നഗരമായി കൊച്ചി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" ഉറവിടത്തിൽ തന്നെ തരംതിരിച്ച 150 ടൺ നഗര ജൈവ ഖരമാലിന്യങ്ങൾ (MSW) ഈ സിബിജി പ്ലാൻ്റ് പ്രതിദിനം സംസ്കരിക്കും. ഇതിലൂടെ പ്രതിദിനം 5.6 ടൺ കംപ്രസ്ഡ് ബയോഗ്യാസും 28 ടൺ ജൈവ വളവും ഉത്പാദിപ്പിക്കും. ബിപിസിഎല്ലിനും കൊച്ചി കോർപ്പറേഷനും ഈ പദ്ധതി ഒരുപോലെ ഗുണകരമാണ്," അദ്ദേഹം പറഞ്ഞു.

കോഴിക്കോട്, കൊല്ലം, പാലക്കാട്, തൃശൂർ, കോട്ടയം ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും സമാനമായ പ്ലാൻ്റുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുന്നതോടെ, ജൈവമാലിന്യങ്ങളുടെ പരിപാലനത്തിലും സംസ്കരണത്തിലും കേരളം ഗണ്യമായ പുരോഗതിക്ക് സാക്ഷ്യം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ പ്ലാൻ്റ് യാഥാർത്ഥ്യമായതെന്നും കേന്ദ്ര സർക്കാരിൻ്റെ 'സ്വച്ഛ് ഭാരത്' പ്രവർത്തനങ്ങളുടെ സുപ്രധാന ചുവടുവെയ്പ്പാണ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാൻ്റെന്നും കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു.

കേരള സർക്കാർ, കൊച്ചി കോർപ്പറേഷൻ, മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ, ഭാരത സർക്കാരിൻ്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം എന്നിവയുടെ സംയുക്ത ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. സംസ്ഥാനത്ത് സിബിജി പ്ലാൻ്റ് സ്ഥാപിക്കുന്നതിന് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടേയും ദീർഘവീക്ഷണവും നേതൃത്വവും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരം സുസ്ഥിരമായ സംരംഭങ്ങൾ സജീവമായി ഏറ്റെടുക്കാൻ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത് അവരുടെ മാർഗ്ഗനിർദ്ദേശമാണെന്നും ശ്രീ സുരേഷ് ഗോപി വ്യക്തമാക്കി.
" 2018-ലെ ദേശീയ ജൈവ ഇന്ധന നയം, ജൈവ ഇന്ധനങ്ങളുടെ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയിൽ ജൈവ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് നല്കുന്നു. കംപ്രസ്ഡ് ബയോഗ്യാസ് പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം രാജ്യത്തുടനീളം 195 സിബിജി പ്ലാൻ്റുകൾ സ്ഥാപിച്ചുവരികയാണ്, അവയിൽ ഏഴെണ്ണം കേരളത്തിലാണ് വരുന്നത്. ഫോസിൽ ഇന്ധനത്തിൻ്റെ ഇറക്കുമതി കുറച്ചുകൊണ്ട് ജൈവ ഇന്ധന ഉത്പാദനത്തിൽ പരമാവധി സ്വയംപര്യാപ്തത നേടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധമായ ഊർജ്ജം, വർത്തുള സമ്പദ്‌വ്യവസ്ഥ, സുസ്ഥിര നഗരവികസനം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ ശക്തമായ തെളിവാണ് കൊച്ചിയിലെ ഈ പ്ലാൻ്റ്. നഗരമാലിന്യങ്ങളെ എങ്ങനെ പരിസ്ഥിതി സൗഹൃദ ഇന്ധനമാക്കി മാറ്റാമെന്നും അതുവഴി പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കാനും ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് ഇത് തെളിയിക്കുന്നു. ഈ സംരംഭം രാജ്യത്തുടനീളം ഇത്തരത്തിലുള്ള കൂടുതൽ പദ്ധതികൾക്ക് പ്രചോദനമാകും," അദ്ദേഹം പറഞ്ഞു.
പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരും ബിപിസിഎല്ലും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. “സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളെ ഞാൻ തീർച്ചയായും അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യും. ഏതാനും വർഷങ്ങൾക്കുമുമ്പ് ഈ ഭൂമി എല്ലാവർക്കും ഒരു വലിയ ആശങ്കയായിരുന്നു. എന്നാൽ ഇന്ന്, ഇത് പുനരുപയോഗ ഊർജ്ജത്തിൻ്റെ ഉറവിടമായി മാറിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ, മാലിന്യ സംസ്കരണരംഗത്ത് സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങളെ പ്രതിപാദിക്കുന്ന കോഫി ടേബിൾ ബുക്ക് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും ചേർന്ന് കൈമാറി.
കേരള തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ്, നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ബിപിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയുള്ള ഡയറക്ടറുമായ (റിഫൈനറീസ്) ശ്രീ. സഞ്ജയ് ഖന്ന, കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ്, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ശ്രീമതി അനുപമ ടി.വി ഐഎഎസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2233654)
സന്ദര്‍ശക കൗണ്ടര്‍ : 18