വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മണിപ്പൂരില്‍ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം, സംയോജിത ജലഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ കൊച്ചി ജല മെട്രോ സന്ദര്‍ശിച്ചു

പോസ്റ്റഡ് ഓണ്‍: 23 FEB 2026 7:27PM by PIB Thiruvananthpuram

ഇംഫാലിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB) സംഘടിപ്പിച്ച, കേരളത്തിലേക്കുള്ള മാധ്യമ പര്യടനത്തിന്റെ ഭാഗമായി, മണിപ്പൂരില്‍ നിന്നുള്ള മാധ്യമ പ്രതിനിധി സംഘം  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) നടപ്പിലാക്കിയ നൂതനവും പരിസ്ഥിതി സൗഹൃദപരവുമായ നഗര ജലഗതാഗത സംരംഭമായ കൊച്ചി ജലമെട്രോ 2026 ഫെബ്രുവരി 23 ന് സന്ദര്‍ശിച്ചു.

Image

കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരെ സ്വാഗതം ചെയ്യുകയും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കെഎംആര്‍എല്‍ ഡയറക്ടര്‍ (പ്രോജക്ട്‌സ്) ഡോ. എം. പി. റാം നവാസ്; കെഎംആര്‍എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) സഞ്ജയ് കുമാര്‍; കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍; കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ ജോണ്‍; പിആര്‍ & സമൂഹമാധ്യമ വിഭാഗം മേധാവി കെ. കെ. ജയകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സെഷനില്‍ പങ്കെടുത്തു.

Image

പിഐബി കൊച്ചിയിലെ മീഡിയ & കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ശ്രീമതി. ഷാമില കെ. വൈ.യും സന്ദര്‍ശന വേളയില്‍ പ്രതിനിധി സംഘത്തോടൊപ്പമുണ്ടായിരുന്നു

Image

ജലമെട്രോ സംവിധാനത്തിന്റെ പ്രവര്‍ത്തന ചട്ടക്കൂട്, സാങ്കേതിക സവിശേഷതകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വിശദമാക്കുന്ന വീഡിയോ, ആശയവിനിമയത്തിനിടെ ശ്രീ ബെഹ്‌റ അവതരിപ്പിച്ചു. ജലഗതാഗതത്തിനും റെയില്‍ മെട്രോ ശൃംഖലയ്ക്കുമിടയില്‍ സുഗമമായ കണക്റ്റിവിറ്റിയും പൊതുവായ ടിക്കറ്റിംഗ് സംവിധാനവും ഉള്ളതിനാല്‍ സമയകാര്യക്ഷമവും സംയോജിതവുമായ ഗതാഗത സംവിധാനം ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഏതൊരു പൊതുഗതാഗത സംവിധാനത്തിന്റെയും വിജയം, ഗണ്യമായ തോതിലെ മനുഷ്യ ഇടപെടല്‍, ആസൂത്രണത്തിലും നിര്‍വ്വഹണത്തിലുമുള്ള കൃത്യത, ശുചിത്വം, ഉപയോക്തൃ സൗഹൃദ ടിക്കറ്റിംഗ്, സുസ്ഥിരവും സാമ്പത്തികമായി ലാഭകരവുമായ സംവിധാനത്തിന്റെ വികസനം എന്നിവയെ ആശ്രയിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു .


ഇത്തരം ജലഗതാഗത സംവിധാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജല ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതി ഏറ്റെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും അനുബന്ധ വകുപ്പുകളുമായും ഏകോപനത്തിന്റെയും വിശദമായ കൂടിയാലോചനകളുടെയും ആവശ്യകത അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു .

ആഗോള സുസ്ഥിര ലക്ഷ്യങ്ങളുമായി ഫലപ്രദമായി പൊരുത്തപ്പെടുന്ന സമഗ്രവും പ്രവേശനക്ഷമവും പരിസ്ഥിതി സൗഹൃദവുമായ നഗരഗതാഗത സംവിധാനത്തിന്റെ ഒരു മാതൃകയായി കൊച്ചി ജലഗതാഗത പദ്ധതി അവതരിപ്പിക്കപ്പെട്ടു. 78 കിലോമീറ്റര്‍ ശൃംഖലയിലുടനീളമുള്ള 10 ദ്വീപുകളെ, 15 പ്രത്യേക റൂട്ടുകളിലൂടെ ബന്ധിപ്പിക്കുന്ന വിധത്തിലാണ് കൊച്ചി ജലഗതാഗത പദ്ധതി വിഭാവനം ചെയ്യുന്നത്. നിലവില്‍, വാട്ടര്‍ മെട്രോയ്ക്ക് കീഴില്‍ 20 ബോട്ടുകളും 12 ടെര്‍മിനലുകളും പ്രവര്‍ത്തിക്കുന്നു.

തുടര്‍ന്ന് ഒരു സംവേദനാത്മക ചോദ്യോത്തര സെഷനില്‍, മണിപ്പൂരിലെ ലോക്തക് തടാകത്തില്‍ സമാനമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത, ധനസഹായ സ്രോതസ്സുകള്‍, പ്രവര്‍ത്തന വെല്ലുവിളികള്‍, തൊഴിലവസരങ്ങള്‍, ദീര്‍ഘകാല സുസ്ഥിരത എന്നിവയുള്‍പ്പെടെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിനിധി സംഘം വിശദീകരണം തേടി.  ഭാവിയില്‍ ജലാധിഷ്ഠിത പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ താല്‍പ്പര്യമുള്ള ഏതൊരു സംസ്ഥാനത്തിനും സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശവും പിന്തുണയും നല്‍കുമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.

കൊച്ചിയുടെ ദീര്‍ഘകാല സമുദ്ര, വ്യാപാര ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതും ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക പൈതൃകത്തിന് പേരുകേട്ടതുമായ ചരിത്രപ്രാധാന്യമുള്ള ജൂത പട്ടണം, പരമ്പരാഗത സുഗന്ധവ്യഞ്ജന വിപണികള്‍, പുരാതന വസ്തുക്കളുടെ വില്പനശാലകള്‍ എന്നിവയും പ്രതിനിധി സംഘം സന്ദര്‍ശിച്ചു.  നഗരത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ബഹുസാംസ്‌കാരിക പാരമ്പര്യവും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ഇടപെടലും അനുഭവിക്കാന്‍ ഈ സന്ദര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കി.

 ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരത്തിലും സംഘം സന്ദര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെയും ചരിത്ര പൈതൃകത്തെയും കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച ഈ സന്ദര്‍ശനം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി.

***


( റിലീസ് ഐ.ഡി: 2231960) സന്ദര്‍ശക കൗണ്ടര്‍ : 35
ഈ റിലീസ് വായിക്കുക: English