ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേരളത്തിലെ തീരദേശ മത്സ്യത്തൊഴിലാളികൾ
പോസ്റ്റഡ് ഓണ്‍:
10 FEB 2026 1:54PM by PIB Thiruvananthpuram
മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതുൾപ്പെടെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായി കേന്ദ്ര ഫിഷറീസ് വകുപ്പ്, വിവിധ പദ്ധതികൾ, നയങ്ങൾ, പരിപാടികൾ എന്നിവയിലൂടെ നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. പ്രധാന മന്ത്രി മത്സ്യ സമ്പദ യോജന (പിഎംഎംഎസ് വൈ) എന്ന മുൻനിര പദ്ധതി പ്രകാരം കഴിഞ്ഞ 5 വർഷവും ഈ വർഷവുമായി കേരളത്തിന് 1418.51 കോടി രൂപയുടെ മത്സ്യബന്ധന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കുള്ള പിന്തുണ (20 എണ്ണം), സ്റ്റോക്ക് പുനരുജ്ജീവനത്തിനായി തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കൽ (42 എണ്ണം), കക്കവർഗകൃഷി (1140 എണ്ണം), ബയോഫ്ലോക്ക് യൂണിറ്റുകൾ (780 എണ്ണം), റീ-സർക്കുലേറ്ററി അക്വാകൾച്ചർ സംവിധാനം (ആർഎഎസ്) (708 എണ്ണം) പോലുള്ള ഇതര/അധിക ഉപജീവന പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി, മത്സ്യ ബന്ധന നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗ്ഗ പിന്തുണ സംരംഭം (1,71,033 എണ്ണം) കേരളത്തിന് അംഗീകരിച്ചു. കൂടാതെ, തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി ആധുനിക സംയോജിത തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ (09 എണ്ണം), കാലാവസ്ഥാ പ്രതിരോധശേഷിയുള്ള തീരദേശ ഗ്രാമങ്ങൾ (06 എണ്ണം), പിന്തുണ സേവന കേന്ദ്രങ്ങൾ - മത്സ്യ സേവാ കേന്ദ്രങ്ങൾ (10 എണ്ണം), സാഗർ മിത്രകേന്ദ്രങ്ങൾ (222 എണ്ണം) എന്നിവ സ്ഥാപിക്കുന്നതിനും കേരളത്തിന് അംഗീകാരം ലഭിച്ചു.
കൂടാതെ, മത്സ്യസമ്പത്തിന്റെ പുനരുജ്ജീവനത്തിനായി ഇന്ത്യൻ പ്രത്യേക സാമ്പത്തിക മേഖലയുടെ (EEZ) കിഴക്കൻ തീരത്ത് ഏപ്രിൽ 15 മുതൽ ജൂൺ 14 വരെയും പടിഞ്ഞാറൻ തീരത്ത് ജൂൺ 1 മുതൽ ജൂലൈ 31 വരെയും 61 ദിവസത്തേക്ക് ഏകീകൃത മത്സ്യബന്ധന നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) ബുൾ അല്ലെങ്കിൽ പെയർ ട്രോളിംഗ്, മത്സ്യബന്ധനത്തിനായി കൃത്രിമ വിളക്കുകൾ / LED വിളക്കുകൾ എന്നിവ ഉപയോഗിക്കൽ തുടങ്ങിയ നാശകരമായ മത്സ്യബന്ധന രീതികൾ നിരോധിക്കാനും ഫിഷറീസ് വകുപ്പ് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളും / കേന്ദ്രഭരണ പ്രദേശങ്ങളും പ്രാദേശിക ജലാശയങ്ങളിൽ നിന്നും പിടിക്കാൻ കഴിയുന്ന മത്സ്യ ഇനങ്ങളുടെ അനുവദനീയമായ ഏറ്റവും കുറഞ്ഞ വലുപ്പം (MLS), മെഷ് വലുപ്പം, മത്സ്യബന്ധന ഉപകരണ നിയന്ത്രണങ്ങൾ തുടങ്ങിയ സമാനമായ നിരോധനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നോഡൽ മന്ത്രാലയമായ പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയം, (MoP&NG) കേന്ദ്ര പൊതു വിതരണ സമ്പ്രദായ പ്രകാരം സുപ്പീരിയർ മണ്ണെണ്ണ (PDS SKO) വിതരണ നയം രൂപീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ് അറിയിച്ചു. ഈ നയത്തിന് കീഴിൽ പാചകത്തിനും വിളക്കുകൾ, പ്രത്യേക ആവശ്യങ്ങൾ (മത്സ്യബന്ധനം, മേള, പ്രദർശനങ്ങൾ, പകർച്ചവ്യാധി, ദുരന്തം മുതലായവ) എന്നിവയ്ക്കും ത്രൈമാസ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രം മണ്ണെണ്ണ വിതരണം ചെയ്യും. മണ്ണെണ്ണയുടെ അളവും മാനദണ്ഡങ്ങളും പൊതു വിതരണവും അതത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തീരുമാനിക്കുന്നു. കൂടാതെ, 2020 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പിഡിഎസ് മണ്ണെണ്ണയുടെ ചില്ലറ വിൽപ്പന വില ഇന്ത്യയിലുടനീളം സബ്സിഡി ആവശ്യമില്ലാത്ത നിലയിൽ(NIL under-recovery level ) നിലനിർത്തുന്നു.
ഖനി മന്ത്രാലയം അറിയിച്ചതുപോലെ, 2002-ലെ തീരമേഖല ധാതു &വികസന നിയമത്തിലും അതനുസരിച്ച് രൂപപ്പെടുത്തിയ ചട്ടങ്ങളായ തീരമേഖല ധാതു &വികസന (ലേലം) നിയമങ്ങൾ, 2024, തീരമേഖല ധാതു സംരക്ഷണം & വികസന നിയമങ്ങൾ, 2024 എന്നിവയിലും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നു.
പിഎംഎംഎസ്‌വൈ പ്രകാരം, സുരക്ഷിതമായ ലാൻഡിംഗ്, ബെർത്തിംഗ് സൗകര്യം നൽകുന്നതും ശീതീകരണ ശൃംഖല സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മത്സ്യ ബന്ധന അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതും മുൻഗണനാ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ 5 വർഷങ്ങളിലും ഈ വർഷത്തിലും, PMMSY യുടെ കീഴിൽ, ഈ ശ്രേണിയിലുള്ള വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് കേരളത്തിന് അംഗീകാരം ലഭിച്ചു.അതിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ വിപുലീകരണം/നവീകരണം (7 എണ്ണം), നിലവിലുള്ള തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി ഡ്രെഡ്ജിംഗ് (6 എണ്ണം), ഐസ് പ്ലാന്റുകൾ/കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കൽ (16 എണ്ണം), മത്സ്യങ്ങളുടെ സംഭരണ കാല ദൈർഘ്യം/ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്ന ചരക്ക് വാഹനങ്ങൾ (468 എണ്ണം), മൊത്തവ്യാപാര മത്സ്യ വിപണി (2 എണ്ണം), ചില്ലറ വിൽപ്പന വിപണി (5 എണ്ണം), മത്സ്യ കിയോസ്‌ക് (90 എണ്ണം), തത്സമയ മത്സ്യ വിൽപ്പന കേന്ദ്രങ്ങൾ (77 എണ്ണം), മൂല്യവർദ്ധിത സംരംഭ യൂണിറ്റുകൾ (10 എണ്ണം) എന്നിവ ഉൾപ്പെടുന്നു.
ഇന്ന് ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ് നൽകിയതാണ് ഈ വിവരങ്ങൾ.
***
( റിലീസ് ഐ.ഡി: 2225892)
സന്ദര്‍ശക കൗണ്ടര്‍ : 20