വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഭുവനേശ്വർ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലുള്ള മാധ്യമ പ്രതിനിധി സംഘം കേരളത്തിൽ പര്യടനം ആരംഭിച്ചു.

മാധ്യമ സംഘം ഇന്ന് കൊച്ചി വാട്ടർ മെട്രോ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 09 FEB 2026 7:02PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കീഴിലുള്ള ഭുവനേശ്വർ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാഗമായി ഒഡീഷയിൽ നിന്നുള്ള മാധ്യമ സംഘത്തിൻ്റെ കേരള പര്യടനം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സന്ദർശനത്തോടെ ആരംഭിച്ചു. രണ്ട് പിഐബി ഓഫീസർമാരുൾപ്പടെ 14 പേരടങ്ങുന്നതാണ് സംഘം. തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിങ്ങനെ മൂന്ന് ജില്ലകളിലാണ് സന്ദർശനം.

സന്ദർശന വേളയിൽ, കൊച്ചി വാട്ടർ മെട്രോയുടെ ആസൂത്രണം, നടപ്പിലാക്കൽ, പ്രവർത്തന ചട്ടക്കൂട് എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായി സംഘം കെ.എം.ആർ.എൽ-ലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംവദിച്ചു. കെ.എം.ആർ.എൽ ചീഫ് ജനറൽ മാനേജരും (വാട്ടർ ട്രാൻസ്‌പോർട്ട്) കൊച്ചി വാട്ടർ മെട്രോ മേധാവിയുമായ ശ്രീ ഷാജി പി. ജനാർദ്ദനൻ, ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം.പി. റാം നവാസ്, പിആർ ആൻഡ് സോഷ്യൽ മീഡിയ മേധാവി ശ്രീ കെ.കെ. ജയകുമാർ എന്നിവർ പദ്ധതിയെക്കുറിച്ച് മാധ്യമ സംഘത്തിന് വിശദീകരണം നല്കി.

2023 ഏപ്രിൽ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിനുശേഷം കൊച്ചി വാട്ടർ മെട്രോ 60 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നല്കിയിട്ടുണ്ടെന്നും പ്രതിദിനം ശരാശരി 6,000-ത്തിലധികം യാത്രക്കാർ ഈ സേവനം ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ യാത്രാ പരിഹാരമായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വെസ്സലുകളും ആധുനിക ടെർമിനലുകളും കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനോടോപ്പം ദ്വീപ് നിവാസികളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സുരക്ഷിതവും ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ഗതാഗതം ഉറപ്പാക്കുന്നതിലൂടെ കൊച്ചി വാട്ടർ മെട്രോ ദ്വീപ് നിവാസികളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കുകയും, യാത്രാ സമയം കുറയ്ക്കുകയും, അവസാന മൈൽ കണക്റ്റിവിറ്റി ശക്തമാക്കുകയും ചെയ്യുന്നു. അതോടൊപ്പം കുറഞ്ഞ അളവിൽ മാത്രം കാർബൺ പുറന്തള്ളുന്ന പൊതുഗതാഗത സംവിധാനമെന്ന നിലയിൽ ഇതൊരു ദേശീയ മാതൃകയായി ഉയർന്നുവന്നതായും ചർച്ചയിൽ എടുത്തുകാട്ടി.

സാംസ്കാരികമായ കൂടിച്ചേരലുകൾക്കും, സുസ്ഥിര ഗതാഗതത്തിനും, സാമ്പത്തിക വളർച്ചയ്ക്കുമുള്ള ചാലകശക്തിയായി ജലപാതകളെ പ്രയോജനപ്പെടുത്തുന്ന ഇന്ത്യയുടെ സംയോജിത കാഴ്ചപ്പാടിനെക്കുറിച്ച് ചർച്ചകളിൽ ഊന്നിപ്പറഞ്ഞു. കട്ടക്കിലെ മഹാനദി തീരത്തുള്ള സിൽവർ സിറ്റി ബോട്ട് ക്ലബ്, ബാലി യാത്ര മൈതാനം, ബാരാബതി പ്രദേശം, ഡീർ പാർക്ക്, ചഹ്ട്ട, ധബലേശ്വർ ക്ഷേത്രം, മുണ്ടലി പാലം, ഒഡീഷ മാരിടൈം മ്യൂസിയം, മണ്ഡപാദ വ്യൂ പോയിൻ്റ് എന്നിവ ഉൾപ്പെടുത്തി കൊച്ചി വാട്ടർ മെട്രോ നടത്തിയ സാധ്യതാ പഠനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഈ പ്രദേശത്തിൻ്റെ ചരിത്രപരമായ പ്രാധാന്യത്തേയും പ്രകൃതിഭംഗിയേയും ഇത് അടിവരയിടുന്നു.

 

ഇന്ത്യയിലെ ഉൾനാടൻ ജലപാതകളും തീരദേശ ഗതാഗത ശൃംഖലയും തന്ത്രപരമായി വികസിപ്പിക്കുന്നതിനുള്ള സമീപകാല ബജറ്റ് നിർദ്ദേശങ്ങളും ചർച്ചയിൽ അവലോകനം ചെയ്തു. ദേശീയ ജലപാത -5 (NW-5) ഇതിൽ പ്രത്യേക ശ്രദ്ധ നേടി. സുസ്ഥിരവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ നഗര ചലനാത്മകതയുടെ മാനദണ്ഡമായി കൊച്ചി വാട്ടർ മെട്രോ ഉയർത്തിക്കാട്ടപ്പെട്ടു. തടസ്സമില്ലാത്ത മൾട്ടിമോഡൽ സംയോജനം, എല്ലാവർക്കും പ്രാപ്യമായ രീതിയിലുള്ള പ്രവേശനക്ഷമത, ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള വിന്യാസം എന്നിവ ഇതിൻ്റെ പ്രത്യേകതകളായി എടുത്തുകാണിച്ചു.

 

78 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖലയിലായി തിരിച്ചറിഞ്ഞ 15 റൂട്ടുകൾ വികസിപ്പിക്കാനും, അതുവഴി 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിക്കാനുമാണ് കൊച്ചി വാട്ടർ മെട്രോ പദ്ധതി വിഭാവനം ചെയ്യുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 38 ജെട്ടികളിലേക്കായി സർവീസ് നടത്തുന്നതിന് വൈദ്യുത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന 78 അതിവേഗ ഹൈബ്രിഡ് ഫെറികളുടെ ഒരു വലിയ വ്യൂഹം തന്നെ പദ്ധതിയിലുണ്ട്. 33,000-ത്തിലധികം ദ്വീപ് നിവാസികൾക്ക് വാട്ടർ മെട്രോയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

കൊച്ചി വാട്ടർ മെട്രോയിലെ ബോട്ട് യാത്രയിലൂടെ മാധ്യമ സംഘത്തിന് പദ്ധതിയുടെ പ്രവർത്തനങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളും നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഒരുക്കി.

 

മാധ്യമ സംഘം കാലടിയിലെ ആദിശങ്കര ജന്മസ്ഥാനം, കീർത്തി സ്തംഭം, കോടനാട് (കപ്രിക്കാട്) ആന പരിശീലന കേന്ദ്രം, കേരള ഫോക്ലോർ മ്യൂസിയം, ചരിത്രപ്രസിദ്ധമായ മട്ടാഞ്ചേരി കൊട്ടാരം, ഫോർട്ട് കൊച്ചി പ്രദേശം എന്നിവിടങ്ങളും സന്ദർശിച്ചു.

 

പി.ഐ.ബി (PIB) ഭുവനേശ്വർ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ മനോജ് കുമാർ കാളി, മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീ സ്വാധീൻ ശക്തി പ്രസാദ്, പി.ഐ.ബി കൊച്ചിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീമതി ഷാമില കെ.വൈ. എന്നിവർ സംഘത്തെ അനുഗമിച്ചു.

സംഘം നാളെ കോട്ടയത്തുള്ള റബർ ബോർഡ് ആസ്ഥാനവും കുമരകവും സന്ദർശിച്ച ശേഷം തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും.

 

ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിവിധ വികസന പദ്ധതികൾ മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തുക എന്നതാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിവിധ സംസ്ഥാനങ്ങളിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ലക്ഷ്യം.

 

SKY

 

****


( റിലീസ് ഐ.ഡി: 2225627) സന്ദര്‍ശക കൗണ്ടര്‍ : 41
ഈ റിലീസ് വായിക്കുക: English , Odia