പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

77-ാം റിപ്പബ്ലിക് ദിനത്തിൽ രൺ ഓഫ് കച്ഛിൽ ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാകയുടെ മഹത്തായ പ്രദർശനം

രാജ്യമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഖാദി കരകൗശല തൊഴിലാളികൾ വീടുകളിൽനിന്ന് വീഡിയോ സന്ദേശങ്ങളിലൂടെ ലോകത്തിലെ ഏറ്റവും വലിയ ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ചു

ഭുജ് ഭൂകമ്പത്തിന്റെ 25-ാം വാർഷികത്തിൽ, കച്ഛിന്റെ അജയ്യമായ കരുത്തിന്റെയും പുനരുദ്ധാരണ-വികസന യാത്രയുടെയും സ്മരണ പുതുക്കി

ഇന്ത്യൻ സൈന്യവും BSF ഉദ്യോഗസ്ഥരും ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക പൂർണ ബഹുമതികളോടെ പ്രദർശിപ്പിക്കുകയും റിപ്പബ്ലിക് ദിനത്തിൽ അഭിവാദ്യം അർപ്പിക്കുകയും ചെയ്തു

പരിപാടിയുടെ ഭാഗമായി ഗ്രാമോദ്യോഗ് വികാസ് യോജന (GVY) പദ്ധതിക്ക് കീഴിൽ ഗുജറാത്തിലെ കരകൗശല തൊഴിലാളികൾക്ക് ഉപകരണങ്ങളും പണിയായുധപ്പെട്ടികളും വിതരണം ചെയ്തു

ഇന്ത്യൻ സൈന്യത്തിലെ ധീരരക്തസാക്ഷിയുടെ ഭാര്യയെ വേദിയിൽ KVIC ചെയർമാൻ ആദരിച്ചു; അവരുടെ ത്യാഗത്തിന് പ്രണാമമർപ്പിച്ചു.

“റിപ്പബ്ലിക് ദിനത്തിൽ രൺ ഓഫ് കച്ഛിൽ ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുന്നത് രാജ്യത്തിന് അഭിമാനകരമായ കാര്യമാണ്. ഈ പരിപാടി 'ഓപ്പറേഷൻ സിന്ദൂറി'ലെ ധീരരായ സൈനികർക്ക് സമർപ്പിച്ചിരിക്കുന്നു. ഭുജ് ഭൂകമ്പത്തിനുശേഷം കച്ഛിന്റെ ആസൂത്രിതമായ പുനർവികസനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലാണ് സാധ്യമായത്.”- KVIC ചെയർമാൻ

പോസ്റ്റഡ് ഓണ്‍: 26 JAN 2026 9:54PM by PIB Thiruvananthpuram

77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ഗുജറാത്തിലെ അതിർത്തി ജില്ലയായ ഭുജിലെ രൺ ​ഓഫ് കച്ഛിലുള്ള ധോർഡോയിൽ തിങ്കളാഴ്ച രാജ്യസ്‌നേഹത്തിന്റെയും തദ്ദേശീയ കരുത്തിന്റെയും ചരിത്രപരമായ സംഗമം അരങ്ങേറി. മഹാത്മാഗാന്ധിയുടെ പൈതൃകം പേറുന്ന ഖാദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സ്മാരക ദേശീയ പതാക, എല്ലാ ആദരവോടും അഭിമാനത്തോടും കൂടി ഗംഭീരമായി പ്രദർശിപ്പിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയത്തിന് (MSME) കീഴിലുള്ള ഖാദി-ഗ്രാമ വ്യവസായ കമ്മീഷൻ (KVIC) ആണ് ഈ സവിശേഷമായ പ്രദർശനം സംഘടിപ്പിച്ചത്. വെളുത്ത ഉപ്പുമരുഭൂമിയുടെ പശ്ചാത്തലത്തിൽ പ്രകാശമാനമായ ഈ ചരിത്രപ്രസിദ്ധമായ ത്രിവർണ്ണ പതാക, രാഷ്ട്രത്തിന്റെ പെരുമയുടെയും സ്വയംപര്യാപ്തതയുടെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും മനോഹരമായ പ്രതീകമായി മാറി.

ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒത്തുകൂടിയ ജനസഞ്ചയം രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും മഹത്തായ പാരമ്പര്യത്തിന്റെയും നേർക്കാഴ്ചയാണു ദർശിച്ചത്. കച്ഛിൽ ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ ത്രിവർണ്ണ പതാകയെ വീഡിയോ സന്ദേശങ്ങളിലൂടെ അഭിവാദ്യം ചെയ്ത്, രാജ്യത്തുടനീളമുള്ള ഖാദി കരകൗശല തൊഴിലാളികൾ പുതിയൊരു റെക്കോർഡ് സൃഷ്ടിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ഈ ചടങ്ങിൽ, ഇന്ത്യൻ സൈന്യത്തിലെയും അതിർത്തി രക്ഷാസേനയിലെയും (BSF) ജവാന്മാർ ഖാദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക പൂർണ്ണ സൈനിക ബഹുമതികളോടെ സ്ഥാപിക്കുകയും സല്യൂട്ട് അർപ്പിക്കുകയും ചെയ്തു. രാജ്യസ്‌നേഹം നിറഞ്ഞുനിന്ന ഈ പരിപാടിയിൽ അങ്ങേയറ്റം വൈകാരികമായ നിമിഷത്തിനും വേദിയൊരുങ്ങി. ഇന്ത്യൻ ​കരസേനയിലെ ധീര രക്തസാക്ഷി സർജന്റ് മുരളീധരന്റെ പത്നി ശ്രീമതി രാജകുമാരിയെ KVIC ചെയർമാൻ വേദിയിൽ ആദരിച്ചു. അവരുടെ ത്യാഗത്തെയും രാജ്യത്തോടുള്ള സമർപ്പണത്തെയും സേവനത്തെയും ചടങ്ങിൽ പ്രത്യേകം സ്മരിച്ചു.

KVIC ചെയർമാൻ ശ്രീ മനോജ് കുമാർ ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ഇന്ത്യൻ സൈന്യത്തിലെയും അതിർത്തി രക്ഷാസേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ, പ്രാദേശിക ജനപ്രതിനിധികൾ, ഗുജറാത്ത് സർക്കാരിലെയും KVIC -യിലെയും ഉന്നത ഉദ്യോഗസ്ഥർ, ഖാദി കരകൗശല തൊഴിലാളികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, ഗ്രാമവ്യവസായ വികസന പദ്ധതിക്ക് കീഴിൽ ഗുജറാത്തിലെ കരകൗശല തൊഴിലാളികൾക്ക് ഉപകരണങ്ങളും പണിയായുധപ്പെട്ടികളും വിതരണം ചെയ്തു. 2026 ജനുവരി 26 എന്നത് 2001-ലെ ഭുജ് ഭൂകമ്പം നടന്ന് 25 വർഷം പൂർത്തിയാകുന്ന വേളയാണെന്നതു ശ്രദ്ധേയമാണ്. ഈ സന്ദർഭത്തിൽ, ഭൂകമ്പത്തിൽ ഇരയായ പൗരന്മാരെ സ്മരിക്കുകയും, കച്ഛിന്റെ അജയ്യമായ ആത്മവീര്യത്തെയും അതിജീവന ശേഷിയെയും  ചരിത്രപരമായ വികസന യാത്രയെയും ചടങ്ങിൽ എടുത്തുപറയുകയും ചെയ്തു.

ഈ സന്ദർഭത്തിൽ, KVIC ചെയർമാൻ ശ്രീ മനോജ് കുമാർ അഭിസംബോധനയിൽ പറഞ്ഞതിങ്ങനെ: "77-ാം റിപ്പബ്ലിക് ദിനത്തിന്റെ ശുഭവേളയിൽ രൺ ഓഫ് കച്ഛിൽ ലോകത്തിലെ ഏറ്റവും വലിയ ഖാദി ത്രിവർണ്ണ പതാക പ്രദർശിപ്പിക്കുന്നത് രാഷ്ട്രത്തിന് ലഭിച്ച വലിയ അഭിമാന നിമിഷമാണ്. ഈ പരിപാടി 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിലെ ധീരരായ സൈനികർക്കായി സമർപ്പിക്കുന്നു. ഈ ചരിത്രനേട്ടത്തിന് കാരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ നേതൃത്വമാണ്; അദ്ദേഹത്തിന്റെ മാർഗനിർദ്ദേശപ്രകാരം ഖാദി പ്രസ്ഥാനം ദേശീയ-അന്തർദേശീയ തലങ്ങളിൽ പുതിയ അംഗീകാരങ്ങൾ കൈവരിച്ചിരിക്കുകയാണ്."

ഈ അവസരത്തിൽ, ഖാദി വിപണന കേന്ദ്രങ്ങളിൽ നിന്ന് ഖാദി പതാകകൾ വാങ്ങി വീടുകളിൽ ഉയർത്തണമെന്ന് അദ്ദേഹം രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചു. ജനുവരി 26 ഭുജ് ഭൂകമ്പത്തിന്റെ 25-ാം വാർഷികം കൂടിയാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിച്ച 2001-ലെ ആ വിനാശകരമായ ദുരന്തത്തിന് ശേഷം, പുനർനിർമ്മാണത്തിന്റെയും ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അസാധാരണമായ മാതൃകയാണ് ഭുജ് കാഴ്ചവച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"ഇന്ന് നാം കാണുന്ന സുരക്ഷിതവും സുസംഘടിതവുമായ പുതിയ ഭുജ് എന്നത് കേവലം യാദൃച്ഛികതയല്ല. മറിച്ച്, അന്നത്തെ മുഖ്യമന്ത്രി എന്ന നിലയിലുള്ള ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും അശ്രാന്ത പരിശ്രമത്തിന്റെയും വികസന ചിന്താഗതിയുടെയും തെളിവാണ്. ഭാവിയിലേക്കായി ആസൂത്രണം ചെയ്യപ്പെട്ട സ്വയംപര്യാപ്ത നഗരമായാണ് ഭുജിനെ വികസിപ്പിച്ചിരിക്കുന്നത്.": പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തെക്കുറിച്ച് പരാമർശിച്ച് അ‌ദ്ദേഹം പറഞ്ഞു.

"അതിർത്തി പ്രദേശത്തോടുള്ള സാമീപ്യം കാരണം, ഇന്ന് നമ്മുടെ ധീരരായ സൈനികരുടെ ശക്തമായ സാന്നിധ്യത്താൽ രാജ്യസുരക്ഷയുടെ നിർണ്ണായക സ്തംഭമായി ഭുജ് മാറിയിരിക്കുന്നു. ഈ നഗരം നവ ഇന്ത്യയുടെ സുരക്ഷയുടെയും ദൃഢനിശ്ചയത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്." - കെ.വി.ഐ.സി ചെയർമാൻ  പറഞ്ഞു. ഭുജിൽ സ്ഥാപിച്ചിട്ടുള്ള 'സ്മൃതി വനത്തെ'ക്കുറിച്ച് പരാമർശിക്കവെ, ഇത് സ്മാരകം മാത്രമല്ലെന്നും 2001-ലെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പൗരന്മാർക്കായി സമർപ്പിക്കപ്പെട്ട സജീവ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. ദുഃഖത്തെ കരുത്തായും, സ്മരണകളെ ദൃഢനിശ്ചയമായും, ദുരന്തങ്ങളെ രാഷ്ട്രനിർമ്മാണത്തിനുള്ള പ്രചോദനമായും എങ്ങനെ മാറ്റാമെന്ന് ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശപ്രകാരം, ഖാദി-ഗ്രാമവ്യവസായ മേഖല അഭൂതപൂർവ്വമായ പുരോഗതിയാണ് കൈവരിച്ചതെന്ന് അ‌ദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കരകൗശല തൊഴിലാളികൾക്ക് സ്വയംപര്യാപ്തരാകാനുള്ള അവസരം ഇതിലൂടെ ലഭിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഉൽപ്പാദനം, വിപണനം, രൂപകൽപ്പന, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ KVIC വരുത്തിയ സുപ്രധാന മാറ്റങ്ങൾ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. രണ്ട് കോടിയിലധികം പേർക്ക് തൊഴിൽ നൽകുന്നതോടൊപ്പം ഖാദി-ഗ്രാമവ്യവസായ മേഖലയുടെ വിൽപ്പന 1,70,000 കോടി രൂപ കടന്നിരിക്കുകയാണ്- അ‌ദ്ദേഹം പറഞ്ഞു. ഖാദി വ്യവസായത്തിലെ വിപ്ലവകരമായ മാറ്റങ്ങൾ കാരണം കരകൗശല തൊഴിലാളികളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. ഖാദി നൂൽ നൂൽക്കുന്നവർക്ക് ഒരു 'ഹങ്കി'ന് നൽകുന്ന കൂലി 4 രൂപയിൽ നിന്ന് 15 രൂപയായി വർദ്ധിപ്പിച്ചത് ഈ മാറ്റത്തിന്റെ വ്യക്തമായ തെളിവാണ്. ഇത് വരുമാനത്തിലെ വർദ്ധന മാത്രമല്ല, തൊഴിലാളികളുടെ ആത്മാഭിമാനം, ആത്മവിശ്വാസം, ജീവിതനിലവാരം എന്നിവയിലുണ്ടായ ഗുണപരമായ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നതായി അ‌ദ്ദേഹം വ്യക്തമാക്കി.

ഈ ബൃഹത്തായ ദേശീയ ത്രിവർണ്ണ പതാക ഇന്ത്യൻ ജനതയുടെ കൂട്ടായ ചൈതന്യത്തിന്റെയും ഖാദി എന്ന പാരമ്പര്യ കരകൗശലവിദ്യയുടെയും പ്രതീകമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുന്നതിനായി KVIC ആണ് ഈ പതാക തയ്യാറാക്കിയത്. ഇതിനുമുമ്പും പല സുപ്രധാന അവസരങ്ങളിലും ഈ പതാക പ്രദർശിപ്പിച്ചിട്ടുണ്ട്. 225 അടി നീളവും 150 അടി വീതിയുമുള്ള ഈ പതാകയ്ക്ക് ഏകദേശം 1400 കിലോ ഗ്രാം തൂക്കമുണ്ട്. ഈ പതാകയുടെ നിർമ്മാണത്തിനായി ഖാദി കരകൗശല തൊഴിലാളികളും അനുബന്ധ ജീവനക്കാരും ഏകദേശം 3500 അധിക മണിക്കൂറുകൾ അധ്വാനിച്ചു. കൈകൊണ്ട് നൂറ്റതും നെയ്തതുമായ 4,500 മീറ്റർ നീളമുള്ള ഖാദി കോട്ടൺ തുണി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 33,750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പതാകയിലെ അശോകചക്രത്തിന് 30 അടി വ്യാസമുണ്ട്. 70 ഖാദി കരകൗശല തൊഴിലാളികൾ ചേർന്ന് 49 ദിവസമെടുത്താണ് ഈ പതാക പൂർത്തിയാക്കിയത്.

മഹത്തായ രൺ ഓഫ് കച്ഛ് പോലുള്ള സവിശേഷമായ ഇടത്ത് ഈ കൂറ്റൻ ത്രിവർണ്ണ പതാക പ്രദർശിപ്പിച്ചത് രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് വലിയൊരു പ്രചോദനമാണ്. ഇത് ഖാദിയുടെ മഹത്തായ ഭൂതകാലത്തെയും തിളക്കമാർന്ന ഭാവിയെയും എടുത്തുകാട്ടുന്നു.

****


( റിലീസ് ഐ.ഡി: 2218918) സന്ദര്‍ശക കൗണ്ടര്‍ : 37
ഈ റിലീസ് വായിക്കുക: English