ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ശ്രീ സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്‌മെന്റ് ശേഷിയും സമുദ്രമേഖലയിലെ മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി വിപുലീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നു.

"വിഴിഞ്ഞം തുറമുഖത്തിന്റെ ഉജ്വലമായ വിജയം, ഇന്ത്യയുടെ വിശാലമായ സമുദ്രമേഖല പര്യവേക്ഷണം ചെയ്യുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മഹത്തായ കാഴ്ചപ്പാടിന്റെ ഫലമാണ്" - സർബാനന്ദ സോനോവാൾ

"കരുത്തുറ്റ തുറമുഖ അടിസ്ഥാനസൗകര്യങ്ങളും കാര്യക്ഷമമായ ജലഗതാഗത സംവിധാനങ്ങളും ഉള്ളതിനാൽ, ഇന്ത്യയുടെ സമുദ്ര ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കേരളത്തിന് കഴിയും" - കേന്ദ്രമന്ത്രി സോനോവാൾ.

प्रविष्टि तिथि: 24 JAN 2026 8:31PM by PIB Thiruvananthpuram

കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, കേരളത്തിലെ തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മുതിർന്ന സംസ്ഥാന-കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങളുടെ തുടക്കമാണ് ഈ ഉദ്ഘാടനത്തിലൂടെ കുറിച്ചത്. അതിവേഗത്തിലും സംയോജിതവുമായ വികസന പരിപാടിയുടെ കീഴിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഇന്ത്യയുടെ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്‌മെന്റ് ശേഷി ഗണ്യമായി വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ സമുദ്ര അടിസ്ഥാനസൗകര്യ വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ വിപുലീകരണം ലക്ഷ്യമിടുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടം, 10 ലക്ഷം TEU ശേഷിയോടെ 2024 ഡിസംബർ 3-നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച തുറമുഖം, 14.3 ലക്ഷത്തിലധികം TEU-കൾ കൈകാര്യം ചെയ്യുകയും 130 ശതമാനത്തിലധികം ശേഷി വിനിയോഗത്തിൽ  പ്രവർത്തിക്കുകയും ചെയ്തു. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, വിദൂര കിഴക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പ്രധാന ആഗോള കപ്പൽ പാതകളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാൻ തുറമുഖത്തിന് സാധിച്ചു. ഇത് പ്രധാന ദേശീയ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ എന്ന നിലയിലുള്ള വിഴിഞ്ഞത്തിന്റെ പങ്ക് കൂടുതൽ ഉറപ്പിച്ചു.

"വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനവും വിപുലീകരണവും ലോകോത്തര തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ ലക്ഷ്യബോധമുള്ള സമീപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. വിദേശ ട്രാൻസ്ഷിപ്പ്‌മെന്റ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്താനും ഇന്ത്യയുടെ വിദേശ വ്യാപാരത്തിന്റെ വളർച്ച പിന്തുണയ്ക്കാനും ഈ ശേഷി വർദ്ധിപ്പിക്കൽ നിർണ്ണായക പങ്ക് വഹിക്കും." - ചടങ്ങിൽ സംസാരിച്ച ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു.

ശേഷി വർദ്ധിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി, നിലവിലുള്ള കണ്ടെയ്നർ ബെർത്ത് വികസിപ്പിച്ച് 2 കിലോമീറ്റർ നീളമുള്ള തുടർച്ചയായ കണ്ടെയ്നർ ബെർത്ത് നിർമ്മിക്കും; ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും നീളമേറിയതായിരിക്കും. പുലിമുട്ടിന്റെ നീളം 3.88 കിലോമീറ്ററായി വർദ്ധിപ്പിക്കുകയും, കടൽ നികത്തി കൂടുതൽ കണ്ടെയ്നർ യാർഡുകൾ വികസിപ്പിക്കുകയും ചെയ്യും. ഷിപ്പ്-ടു-ഷോർ, യാർഡ് ക്രെയിനുകൾ എന്നിവ അധികമായി സജ്ജീകരിക്കുന്നതിലൂടെ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ശക്തിപ്പെടുത്തും. ഇത് 28,000 TEU വരെ ശേഷിയുള്ള അടുത്തതലമുറ കണ്ടെയ്നർ കപ്പലുകളെ കൈകാര്യം ചെയ്യാൻ പ്രാപ്തമാക്കും. പദ്ധതി പൂർത്തിയാകുമ്പോൾ, ഒരേസമയം അഞ്ച് മാതൃയാനങ്ങളെ (Mother Vessels) വരെ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് സാധിക്കും. പ്രതിവർഷം 5.7 ദശലക്ഷം TEU വരെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കേരള ഗവണ്മെന്റും  അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ 2024 നവംബറിൽ ഒപ്പുവച്ച അനുബന്ധ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതുവഴി പദ്ധതിയുടെ സമയക്രമം ഏകദേശം 17 വർഷത്തോളം നേരത്തെയാക്കാനും 2028 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി ഏകദേശം 16,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ വികസന ഘട്ടങ്ങൾക്കായി മാത്രം ഏകദേശം 7,398 കോടി രൂപ ഉൾപ്പെടുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനം 'മാരിടൈം വിഷൻ 2030', 'അമൃത് കാൽ വിഷൻ 2047' എന്നീ ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കരുത്തുറ്റതും കാര്യക്ഷമവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ സമുദ്രമേഖലയുടെ രൂപീകരണത്തിന് ഇത് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 "വിഴിഞ്ഞം നിലവിൽ പ്രധാനമായും ഇന്ത്യൻ കണ്ടെയ്‌നർ തുറമുഖങ്ങളുടെ  ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ മുഴുവൻ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും." - ചടങ്ങിൽ സംസാരിച്ച കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു.

ശേഷി വർദ്ധിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രാദേശിക ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറാനുള്ള പാതയിലാണ്. ഇത് ആഗോള സമുദ്ര വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനും സഹായിക്കും.

-SK-


(रिलीज़ आईडी: 2218358) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी