ഉപരാഷ്ട്രപതിയുടെ കാര്യാലയം
ന്യൂഡൽഹിയിൽ നടന്ന ശ്രീ രമണമഹർഷിയുടെ 146-ാമത് ജയന്തി ആഘോഷങ്ങളെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു.
प्रविष्टि तिथि:
22 JAN 2026 8:32PM by PIB Thiruvananthpuram
ഭഗവാൻ ശ്രീ രമണ മഹർഷിയുടെ 146-ാമത് ജയന്തി ആഘോഷങ്ങളെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് അഭിസംബോധന ചെയ്തു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു നാണയം ഉപരാഷ്ട്രപതി പുറത്തിറക്കി.
ഭഗവാൻ ശ്രീ രമണമഹർഷി ആധുനിക ഇന്ത്യയിലെ ഏറ്റവും ആദരണീയരായ ആത്മീയ ജ്ഞാനികളിൽ ഒരാളാണെന്നും രാജ്യത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൽ അദ്ദേഹം സവിശേഷമായ സ്ഥാനം അലങ്കരിക്കുന്നുണ്ടെന്നും ചടങ്ങിൽ സംസാരിച്ച ഉപരാഷ്ട്രപതി പറഞ്ഞു. അനേകം സന്യാസിമാർ നിസ്സംഗമായ ജീവിതം നയിച്ചിട്ടുണ്ടെങ്കിലും, സ്വയം സ്വീകരിച്ച ഉദാത്തമായ സന്യാസ ജീവിതത്തോടു പോലും മമതയില്ലാതെ നിലകൊണ്ടു എന്നതാണ് ശ്രീ രമണമഹർഷിയെ അദ്വിതീയനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
സത്യം, ആത്മജ്ഞാനം, ആന്തരിക സ്വാതന്ത്ര്യം എന്നിവയ്ക്കായുള്ള ഇന്ത്യയുടെ കാലാതീതമായ അന്വേഷണത്തിൻ്റെ സത്തയെ പ്രതിനിധീകരിക്കുന്നതാണ് രമണമഹർഷിയുടെ ജീവിതവും ഉപദേശങ്ങളുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രധാന അധ്യാപനമായ ആത്മവിചാരത്തെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, മഹർഷിയുടെ ആന്തരിക സാക്ഷാത്കാരത്തിലുള്ള ഊന്നൽ ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകർക്ക് പ്രചോദനമായെന്നും, ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും സാർവത്രികമായി ആദരിക്കപ്പെടുന്ന ആത്മീയ ആചാര്യന്മാരിൽ ഒരാളായി പ്രതിഷ്ഠിച്ചുവെന്നും ചൂണ്ടിക്കാട്ടി.
രമണമഹർഷിയുടെ സന്ദേശത്തിൻ്റെ സമകാലിക പ്രസക്തിയെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്നത്തെ സങ്കീർണ്ണവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമായ ലോകത്ത് നേതൃത്വം, ഭരണം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ആത്മബോധത്തേയും ആന്തരിക അച്ചടക്കത്തേയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അധ്യാപനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭക്തി, ജ്ഞാനം, ധ്യാനം അല്ലെങ്കിൽ നിസ്വാർത്ഥ സേവനം എന്നിങ്ങനെയുള്ള എല്ലാ ആത്മീയ പാതകളുടേയും ഐക്യം ഒരേ സത്യത്തിലേക്കാണ് ആത്യന്തികമായി നയിക്കുന്നതെന്ന് മഹർഷി ഉറപ്പിച്ചു പറഞ്ഞതായും, ദൈവം ഒന്നാണെങ്കിലും ആരാധനാ രീതികൾ വ്യത്യസ്തമായിരിക്കാമെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞതായും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഭഗവാൻ ശ്രീ രമണമഹർഷിയുടെ കാരുണ്യം മനുഷ്യർക്കും മൃഗങ്ങൾക്കും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ലഭ്യമായിരുന്നുവെന്നും, ഇത് ഇന്ത്യയുടെ സാംസ്കാരിക ധാർമ്മികതയുമായും സാർവത്രിക ഐക്യത്തിൻ്റെ പാരമ്പര്യവുമായും ആഴത്തിൽ പ്രതിധ്വനിക്കുന്ന മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
രമണമഹർഷിയുടെ കാലാതീതമായ ജ്ഞാനം സംരക്ഷിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും തിരുവണ്ണാമലൈയിലെ ശ്രീ രമണാശ്രമവും ഇന്ത്യയിലും വിദേശത്തുമുള്ള രമണ കേന്ദ്രങ്ങളും വഹിക്കുന്ന ശാശ്വത പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ആശ്രമത്തിൻ്റെ സാമൂഹിക സേവന സംരംഭങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, അവിടുത്തെ സൗജന്യ മെഡിക്കൽ ഡിസ്പെൻസറികൾ, സാധുക്കൾക്കും നിരാലംബരായവർക്കും ഭക്ഷണം നല്കുന്നത്, അവരുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് എടുത്തുപറഞ്ഞു. ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മഹാത്മാഗാന്ധി പലപ്പോഴും സ്വാതന്ത്ര്യസമര സേനാനികളെ കരുത്തും വ്യക്തതയും ആശ്വാസവും നേടുന്നതിനായി ആശ്രമം സന്ദർശിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു
ധനകാര്യ മന്ത്രാലയം അദ്ദേഹത്തിന്റെ സ്മരണാർദ്ധം നാണയം പുറത്തിറക്കിയത് ഉചിതമായ ആദരവാണെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഭഗവാൻ ശ്രീ രമണമഹർഷിയുടെ ആത്മീയ സ്വാധീനത്തിനും ശ്രീ രമണാശ്രമത്തിൻ്റെ ചരിത്രപരമായ പങ്കിനുമുള്ള ആദരമാണിതെന്നും പറഞ്ഞു. ഈ നാണയം കേവലമൊരു നാണയശാസ്ത്രപരമായ ബഹുമതി മാത്രമല്ല, മറിച്ച് ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിൻ്റേയും ആന്തരിക ഉണർവ് എന്ന ലോകത്തോടുള്ള സന്ദേശത്തിൻ്റേയും ശാശ്വതമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തർക്കും അനുയായികൾക്കും ഊഷ്മളമായ ആശംസകൾ നേർന്നുകൊണ്ട്, ഭഗവാൻ ശ്രീ രമണമഹർഷിയെപ്പോലുള്ള ഒരു ജ്ഞാനിയോടുള്ള യഥാർത്ഥ ആദരവ് കേവലം ആഘോഷങ്ങളിൽ മാത്രമല്ല, മറിച്ച് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളായ ലാളിത്യം, ആത്മബോധം, ദയ എന്നിവ ഉൾക്കൊള്ളാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നതിലാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭഗവാൻ്റെ അധ്യാപനങ്ങൾ രാജ്യത്തെ കൂടുതൽ ഐക്യത്തിലേക്കും ജ്ഞാനത്തിലേക്കും ആന്തരിക കരുത്തിലേക്കും നയിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരുവണ്ണാമലൈ (തമിഴ്‌നാട്) ശ്രീ രമണാശ്രമം പ്രസിഡൻ്റ് ഡോ. വെങ്കട്ട് എസ്. രമണൻ, ഡൽഹി രമണ കേന്ദ്രം പ്രസിഡൻ്റ് ജസ്റ്റിസ് കെ. രാമമൂർത്തി (റിട്ട.) ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2217562)
आगंतुक पटल : 3