പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തിരുവനന്തപുരം ബയോ-360 ലൈഫ് സയൻസസ് പാർക്കിലെ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിടും

प्रविष्टि तिथि: 21 JAN 2026 2:20PM by PIB Thiruvananthpuram

ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. 2026 ജനുവരി 23-ന് (വെള്ളിയാഴ്ച) ബയോ-360 ലൈഫ് സയൻസസ് പാർക്കിൽ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിക്കും. 

ഇന്ത്യാ ​ഗവൺമെന്റിന്റെ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (CSIR) ഘടക സ്ഥാപനമായ സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) സ്ഥാപിക്കുന്ന ഈ അത്യാധുനിക ഹബ്ബ്, ലൈഫ് സയൻസസ് മേഖലയിലെ ഡീപ്പ്-ടെക് ഇന്നൊവേഷൻ, സാങ്കേതികവിദ്യകളുടെ വിപണിയിലേക്കുള്ള മാറ്റം, സംരംഭകത്വം എന്നിവയ്ക്കായുള്ള ഒരു ദേശീയ കേന്ദ്രമായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് CSIR-NIIST ഡയറക്ടർ ഡോ.അനന്തരാമകൃഷ്ണൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

ആയുർവേദ ഗവേഷണത്തിനായുള്ള ഉന്നത കേന്ദ്രം (സെന്റർ ഓഫ് എക്സലൻസ് ഇൻ ആയുർവേദ റിസർച്ച് - CEAR) ഈ ഹബ്ബിൽ ഉണ്ടായിരിക്കും. ഒപ്പം സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, കയർ, റബ്ബർ സാങ്കേതികവിദ്യകൾ, സുസ്ഥിര പാക്കേജിംഗ്, ബയോമാനുഫാക്ചറിംഗ്, ഗ്രീൻ ഹൈഡ്രജൻ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ ദേശീയ മുൻഗണനാ മേഖലകളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. സ്റ്റാർട്ടപ്പുകൾക്കും MSME-കൾക്കും വളരാൻ അനുയോജ്യമായ ഒരു സാഹചര്യമൊരുക്കുന്നതോടൊപ്പം ശാസ്ത്രീയ മാനദണ്ഡീകരണം, ഗുണനിലവാര ഉറപ്പ്, മൂല്യവർദ്ധനവ്, വിപുലമായ നിർമ്മാണം എന്നിവ ശക്തിപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

ആയുഷ് ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയ സാധൂകരണം, ഗുണനിലവാര നിയന്ത്രണം, ആഗോള മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയിലുള്ള ഊന്നൽ ഈ ഹബ്ബിന്റെ പ്രധാന സവിശേഷതയാണ്. സ്പൈസസ് ബോർഡ് പോലുള്ള ഏജൻസികളുമായുള്ള സഹകരണത്തിലൂടെ ആഗോള മത്സരക്ഷമതയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംസ്കരണം, മൂല്യവർദ്ധനവ്, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയും ഹബ്ബ് പ്രോത്സാഹിപ്പിക്കും.

കേരളത്തിന്റെ സമൃദ്ധമായ പ്രകൃതിവിഭവ സമ്പത്തും ശാസ്ത്രീയ വൈഭവവും പ്രയോജനപ്പെടുത്തി കയർ, റബർ, പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് മേഖലകളിൽ ഉയർന്ന മൂല്യമുള്ളതും സുസ്ഥിരവുമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഹബ് നിർണായക പങ്ക് വഹിക്കും. ഇത് സുസ്ഥിര പാക്കേജിംഗിനായുള്ള CSIRന്റെ ദേശീയ ദൗത്യവുമായി പൂർണമായും ഒത്തുചേരുന്നതാണ്. അത്യാധുനിക ബയോമാനുഫാക്ചറിംഗും വ്യാവസായിക ബയോടെക്‌നോളജി പ്ലാറ്റ്‌ഫോമുകളും ബയോ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ബയോകെമിക്കലുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, ഫംഗ്ഷണൽ ഫുഡുകൾ എന്നിവയുടെ നിർമ്മാണത്തിന് പിന്തുണ നൽകും. ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ ഇന്ത്യയുടെ ശുദ്ധ ഊർജ പരിവർത്തനത്തിന് ശക്തമായ സംഭാവന നൽകുകയും ചെയ്യും.‌

ദേശീയ മിഷനുകൾക്കും ഇന്ത്യാ ​ഗവൺമെന്റിന്റെ മുൻഗണനകൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്തിട്ടുള്ള CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബ് സാങ്കേതികവിദ്യയുടെ വിപണിയിലേക്കുള്ള കൈമാറ്റം വേഗത്തിലാക്കൽ, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സ്ത്രീ ശാക്തീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കും.

CSIR–NIISTയുടെ വിപുലീകരണത്തിനായി ബയോ-360 ലൈഫ് സയൻസസ് പാർക്കിൽ 10 ഏക്കർ ഭൂമി കേരള ​ഗവൺമെന്റ് അനുവദിച്ചിട്ടുണ്ടെന്നും ഇത് വളർന്നുവരുന്ന ലൈഫ് സയൻസസ്, ഇന്നൊവേഷൻ ഹബ്ബ് എന്ന നിലയിൽ തിരുവനന്തപുരത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു. CSIR–NIISTയുടെ സുവർണ ജൂബിലി വർഷത്തോടൊപ്പം നടക്കുന്ന ഈ ശിലാസ്ഥാപനം, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ദേശീയ വികസനത്തിനുമായി 50 വർഷമായി നൽകിയ സമർപ്പിത സേവനത്തെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

-SK-


(रिलीज़ आईडी: 2216820) आगंतुक पटल : 108
इस विज्ञप्ति को इन भाषाओं में पढ़ें: English