സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

രണ്ടാമത് ആഗോള ബുദ്ധ ഉച്ചകോടി ജനുവരി 24, 25 തീയതികളിൽ ന്യൂഡൽഹിയിൽ; ആഗോള വെല്ലുവിളികൾ ചർച്ചയാകും

प्रविष्टि तिथि: 17 JAN 2026 7:54PM by PIB Thiruvananthpuram

കേന്ദ്ര സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് അന്താരാഷ്ട്ര ബുദ്ധമത കൂട്ടായ്മ  (ഐബിസി) 2026 ജനുവരി 24, 25 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ രണ്ടാമത് ആഗോള ബുദ്ധ ഉച്ചകോടി  സംഘടിപ്പിക്കും.  

ആധുനിക ലോകം സാമൂഹ്യ, രാഷ്ട്രീയ, പരിസ്ഥിതി മേഖലകളില്‍ അഭിമുഖീകരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ പലപ്പോഴും സംഘർഷങ്ങൾക്കും ഒറ്റപ്പെടലിനും അനിശ്ചിതത്വത്തിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അനുകമ്പയിലും വിവേകത്തിലും ഐക്യത്തിലും അധിഷ്ഠിതമായ ബുദ്ധ ധർമത്തിലെ കാലാതീത ജ്ഞാനം ആഗോള വെല്ലുവിളികളെ നേരിടാന്‍ വിലപ്പെട്ട മാർഗനിർദ്ദേശങ്ങൾ നൽകുന്നു. സമാധാനം, പങ്കിട്ട ഐശ്വര്യം, ആഴമേറിയ മാനുഷിക ബന്ധം എന്നിവ വളർത്താന്‍ കൂട്ടായ വിവേകത്തിൻ്റെയും ഏകസ്വരത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും തത്വങ്ങൾ അത്യന്താപേക്ഷിതമാണ്.

ഈ അടിസ്ഥാന ആശയങ്ങളെ മുൻനിർത്തി "കൂട്ടായ വിവേകം, ഏകസ്വരം, സഹവർത്തിത്വം"  എന്ന പ്രമേയത്തിലാണ് രണ്ടാമത് ആഗോള ബുദ്ധമത ഉച്ചകോടി സംഘടിപ്പിക്കുന്നത്.  സാമൂഹ്യ ഐക്യം വളർത്തുന്നതിലും ക്രിയാത്മക അന്താരാഷ്ട്ര ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിലും ബുദ്ധ തത്വശാസ്ത്രത്തിന്റെ പ്രസക്തി ആവര്‍ത്തിച്ചുറപ്പിക്കാന്‍   പ്രമേയം ലക്ഷ്യമിടുന്നു.

"കൂട്ടായ വിവേകം, ഏകസ്വരം" എന്ന ഐബിസിയുടെ ആപ്തവാക്യത്തിനനുസൃതമായി ഐക്യത്തിൻ്റെയും സംവാദത്തിൻ്റെ യും ആഗോള വേദിയായാണ്  ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. 2023-ൽ സംഘടിപ്പിച്ച ആദ്യ ഉച്ചകോടിയിലെന്നപോലെ ഇത്തവണയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യാതിഥിയായി ഉച്ചകോടി ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗോള പരമോന്നത മതമേലധ്യക്ഷന്മാർ, വിവിധ രാജ്യങ്ങളിലെ ബുദ്ധമത സംഘങ്ങളുടെ തലവന്മാർ, പ്രമുഖ സന്യാസിവര്യന്മാര്‍, പണ്ഡിതർ, മുതിർന്ന വിശിഷ്ട വ്യക്തികൾ തുടങ്ങി 200 പ്രതിനിധികളടക്കം 800-ലേറെ പേർ ഉച്ചകോടിയിൽ പങ്കെടുക്കും.

മാനവികത നേരിടുന്ന സുപ്രധാന വെല്ലുവിളികൾക്ക് ബുദ്ധമതം മുന്നോട്ടുവെയ്ക്കുന്ന പരിഹാരങ്ങള്‍ സംബന്ധിച്ച് ചർച്ച ചെയ്യാൻ രാഷ്ട്രത്തലവന്മാരും സംഘാംഗങ്ങളും പണ്ഡിതന്മാരും ഉച്ചകോടിയിൽ ഒന്നിക്കും. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതിയുടെയും ഉപഭോഗ സംസ്കാരത്തിൻ്റെയും പരിസ്ഥിതി നശീകരണത്തിൻ്റെയും    കാലഘട്ടത്തിൽ ധാർമിക നേതൃത്വത്തിനും സാമൂഹ്യ ഐക്യത്തിനും സുസ്ഥിര ജീവിതത്തിനും  ബുദ്ധ ധർമത്തിലെ അടിസ്ഥാന മൂല്യങ്ങൾ എങ്ങനെ പ്രചോദനമാകുമെന്ന് ചർച്ചകളില്‍ വിലയിരുത്തും.

സമ്മേളന വിവരങ്ങൾ:

  • പ്രമേയം: കൂട്ടായ വിവേകം, ഏകസ്വരം, സഹവർത്തിത്വം

  • തീയതി: 2026 ജനുവരി 24, 25 

  • വേദി: ഭാരത് മണ്ഡപം, ന്യൂഡൽഹി – 110001.

പ്രധാന പാനലിസ്റ്റുകളും പ്രഭാഷകരും:

  • തായ്‌ലൻഡ്  മുൻ വിദേശകാര്യ മന്ത്രി മാരിസ് സാംഗിയാംപോങ്സ  

  • പത്മശ്രീ ജേതാവും വിയറ്റ്നാം നാഷണൽ അസംബ്ലി അംഗവുമായ മോസ്റ്റ് വെനറബിൾ തിച്ച് ഡക് തിൻ 

  • റിഗോൺ തുപ്തൻ മിൻഡ്രോളിംഗ് മൊണാസ്ട്രിയുടെ  ഇന്ത്യയിലെ പ്രസിഡൻ്റ്  ഗ്യെൽട്രുൾ ജിഗ്മെ റിൻപോച്ചെ  

  • ഭൂട്ടാനിലെ  സിദ്ധാർത്ഥാസ് ഇൻറ്റൻ്റ് സ്ഥാപകന്‍ സോങ്‌സർ ജമ്യാംഗ് ഖ്യെന്റ്‌സെ റിൻപോച്ചെ

  • മ്യാന്‍മറിലെ സിതഗു അന്താരാഷ്ട്ര ബുദ്ധിസ്റ്റ് അക്കാദമി പ്രോ റെക്ടർ, മോസ്റ്റ് വെനറബിൾ ആഷിൻ കുമാര 

  • നേപ്പാളിലെ  ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സുബർണ ലാൽ ബജ്രാചാര്യ. 

  • ജപ്പാൻ ബുദ്ധിസ്റ്റ് ഫെഡറേഷൻ ഡയറക്ടര്‍ റവ. കോഷോ ടോമിയോക്ക.

  • ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് തായ്‌വാൻ സെക്രട്ടറി ജനറൽ മാസ്റ്റർ ഷി ജിയാൻ-യിൻ  

  • ബംഗളൂരുവിലെ മഹാബോധി സൊസൈറ്റി ജനറൽ സെക്രട്ടറി വെനറബിൾ ആനന്ദ ഭന്തെ

  • പത്മശ്രീ പുരസ്കാര ജേതാവും അമേരിക്കയിലെ പ്രശസ്ത ബുദ്ധമത പണ്ഡിതനുമായ പ്രൊഫ. റോബർട്ട് തർമാൻ 

കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.

***


(रिलीज़ आईडी: 2215725) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , English , हिन्दी