യുവജനകാര്യ, കായിക മന്ത്രാലയം
ഇന്ത്യയിലെ കായിക പരിശീലന മേഖലാ വികസനത്തിന്റെ ഏകീകൃത ചട്ടക്കൂട് സംബന്ധിച്ച കർമസമിതി റിപ്പോർട്ട് സമർപ്പിച്ചു
प्रविष्टि तिथि:
13 JAN 2026 6:55PM by PIB Thiruvananthpuram
2047-ലെ വികസിത ഭാരതമെന്ന കേന്ദ്രസര്‍ക്കാര്‍ കാഴ്ചപ്പാടിനനുസൃതമായി ലോകത്തെ മുൻനിര കായിക രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ മികച്ച അന്താരാഷ്ട്ര മാതൃകകൾക്ക് സമാനമായി രാജ്യത്തെ കായിക പരിശീലന സംവിധാനം പരിഷ്കരിക്കുന്നതിന് കായിക വകുപ്പ് രൂപീകരിച്ച കർമസമിതി റിപ്പോർട്ട് സമർപ്പിച്ചു.
ഇന്ത്യൻ ബാഡ്മിന്റൺ ദേശീയ മുഖ്യ പരിശീലകൻ ശ്രീ പുല്ലേല ഗോപിചന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കർമസമിതി പരിശീലകരുടെ വിദ്യാഭ്യാസവും പരിശീലനവും ഉൾപ്പെടെ പ്രധാന വശങ്ങൾ പരിശോധിച്ചു. പരിശീലകരുടെ ഗുണനിലവാരവും ലഭ്യതയും, പരിശീലക വിദ്യാഭ്യാസത്തിലെ അക്കാദമിക പരിഷ്കാരങ്ങൾ, ശേഷി വർധനയ്ക്കായി നടപ്പാക്കുന്ന വ്യവസ്ഥാപിത നടപടികൾ എന്നിവ ഇതിലുൾപ്പെടുന്നു.
രാജ്യത്തെ കായിക പരിശീലകരുടെ വികസനം, അക്രഡിറ്റേഷൻ, തൊഴില്‍ നൈപുണ്യവികസനം എന്നിവയ്ക്കായി സമഗ്ര ദേശീയ ചട്ടക്കൂട് റിപ്പോർട്ട് വിഭാവനം ചെയ്യുന്നു. കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവി സജ്ജവുമായ കായിക പരിശീലന സംവിധാനം സൃഷ്ടിക്കാന്‍ പ്രായോഗിക ശിപാർശകളും റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.
പരിശീലകരുടെ വിദ്യാഭ്യാസം, അക്രഡിറ്റേഷൻ, ഭരണനിര്‍വഹണം എന്നിവയ്ക്ക് പരമോന്നത ദേശീയ സമിതിയായി 'ദേശീയ കായികപരിശീലക അക്രഡിറ്റേഷൻ ബോർഡ്' സ്ഥാപിക്കാൻ ശ്രീ പുല്ലേല ഗോപിചന്ദ് നയിക്കുന്ന കർമസമിതി നിര്‍ദേശിച്ചു. ദേശീയ നിലവാരം നിശ്ചയിക്കുക, പരിശീലക ക്രമങ്ങള്‍ക്ക് അംഗീകാരം നൽകുക, സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുക, എല്ലാ കായിക ഇനങ്ങളിലും മേഖലകളിലും സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക തുടങ്ങിയവ ഈ ബോര്‍ഡിന്റെ ഉത്തരവാദിത്തമായിരിക്കും.
അടിസ്ഥാനതല പരീശീലകര്‍, രണ്ടാംനിര പരിശീലകര്‍, ഉന്നതതല പരിശീലകര്‍, ദേശീയ ടീം പരിശീലകര്‍ എന്നിങ്ങനെ വിവിധ തലങ്ങളായി ദേശീയ പരിശീലക ക്രമം കർമസമിതി മുന്നോട്ടുവെയ്ക്കുന്നു. ഇതിൽ അടിസ്ഥാനതലം എല്ലാവർക്കും പ്രാപ്യമായ പ്രാരംഭ ഘട്ടമായിരിക്കും.
മുന്‍ കായികതാരങ്ങൾക്കും കായികാധ്യാപകര്‍ക്കും കായികശാസ്ത്ര ബിരുദധാരികൾക്കും വിവിധ രീതികളിൽ മേഖലയിലേക്ക് കടന്നുവരാന്‍ ഈ സംവിധാനം വഴിയൊരുക്കും. ഒപ്പം കൃത്യമായ ഫലങ്ങളുടെയും നിരന്തര കായിക വൈദഗ്ധ്യ വികസനത്തിന്റെയും അടിസ്ഥാനത്തിൽ യോഗ്യത പ്രകാരമുള്ള പുരോഗതിയും ഇത് ഉറപ്പാക്കും.
പരിശീലകർക്ക് പ്രായോഗിക പ്രവർത്തനപരിചയം ഉറപ്പാക്കുന്നതിന് പ്രാക്ടീസ്-ഫസ്റ്റ് കോച്ച് എജ്യുക്കേഷൻ മാതൃകയാണ് കമ്മിറ്റി നിർദ്ദേശിച്ചത്. ഇത് 'പ്രാക്ടീസ്–തിയറി–പ്രാക്ടീസ്' എന്ന പരിശീലന തത്വശാസ്ത്രം പിന്തുടരുന്നു.
ആകെ 1,800 മണിക്കൂർ പരിശീലക വിദ്യാഭ്യാസത്തിൽ ഏകദേശം 78 ശതമാനം നേരിട്ടുള്ള ഫീൽഡ് അനുഭവത്തിലും മാര്‍ഗനിര്‍ദേശകര്‍ക്ക് കീഴിലെ ഇന്റേൺഷിപ്പ്, മേൽനോട്ടത്തിലൂന്നിയ പരിശീലന രീതികൾ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ബാക്കി ഭാഗത്തില്‍ കായികശാസ്ത്രം, മനഃശാസ്ത്രം, നൈതികത, സുരക്ഷ, പ്രകടന വിശകലനം എന്നിവയും ഉൾപ്പെടും.
കായികതാരങ്ങൾക്കായി ആവിഷ്ക്കരിച്ച വിജയകരമായ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിൽനിന്ന് (ടോപ്സ്) പ്രചോദനമുൾക്കൊണ്ട് പരിശീലകർക്ക് പ്രത്യേകം "ടോപ്സ് ഫോർ കോച്ചസ്" മാതൃകയും കർമസമിതി ശിപാർശ ചെയ്തു. ഈ സംരംഭത്തിന് കീഴിൽ മികച്ച കഴിവും പ്രകടനവും പുറത്തെടുക്കുന്ന പരിശീലകർക്ക് വിപുലമായ പരിശീലനത്തിനും അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിനും അന്താരാഷ്ട്ര അനുഭവങ്ങള്‍ക്കും പ്രത്യേക പിന്തുണ സേവനങ്ങൾക്കും പരിശീലന രീതികളിലെ നൂതന കണ്ടെത്തലുകൾക്കും സാമ്പത്തികവും സ്ഥാപനപരവുമായ പിന്തുണ നൽകും.
ശാസ്ത്രീയ തീരുമാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് 24 മണിക്കൂറൂം പ്രവർത്തിക്കുന്ന ഒരു 'ദേശീയ കായിക ശാസ്ത്ര ഹെൽപ് ലൈൻ' ആരംഭിക്കാനും ചട്ടക്കൂട് നിർദേശിക്കുന്നു.
കായിക ശാസ്ത്രജ്ഞർ, ഫിസിയോതെറാപ്പിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, മനഃശാസ്ത്ര വിദഗ്ധര്‍, പെർഫോമൻസ് അനലിസ്റ്റുകൾ എന്നിവരടങ്ങുന്ന വിദഗ്ധ പാനലിന്റെ സേവനം ഹെൽപ് ലൈനിൽ ലഭ്യമാകും. പരിക്കുകൾ തടയാനുള്ള മുൻകരുതലുകൾ, പോഷകാഹാരം, പരിശീലന ഭാരം നിയന്ത്രിക്കൽ, പുനരധിവാസം, പ്രകടന വിശകലനം എന്നിവയിൽ തത്സമയ ഉപദേശങ്ങൾ ഹെൽപ്പ് ലൈൻ നൽകും. ടോൾ ഫ്രീ നമ്പർ, മൊബൈൽ അപ്ലിക്കേഷൻ, ഓൺലൈൻ പോർട്ടൽ എന്നിവ വഴി ഇത് ലഭ്യമാകും.
യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ https://yas.nic.in/en/sports/report-task-force-unified-framework-development-coaching-ecosystem-india-december-2025 എന്ന ലിങ്കിൽ റിപ്പോർട്ട് ലഭ്യമാണ്.
SKY
*******
(रिलीज़ आईडी: 2214398)
आगंतुक पटल : 3