പാര്‍ലമെന്ററികാര്യ മന്ത്രാലയം
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
प्रविष्टि तिथि:
19 DEC 2025 5:47PM by PIB Thiruvananthpuram
2025 ഡിസംബര്‍ ഒന്ന് തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ 2025 ലെ ശീതകാല സമ്മേളനം 2025 ഡിസംബര്‍ 19 വെള്ളിയാഴ്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 19 ദിവസങ്ങളിലായി 15 സിറ്റിംഗുകളാണ് ഈ സമ്മേളനത്തില്‍ നടന്നത്.
സമ്മേളന കാലയളവില്‍, 10 ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ലോക്‌സഭ എട്ട് ബില്ലുകളും രാജ്യസഭ എട്ട് ബില്ലുകളും പാസാക്കി. ആകെ എട്ട് ബില്ലുകളാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.
ദേശീയ ഗീതമായ 'വന്ദേമാതരം' രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ചര്‍ച്ച ലോക്‌സഭയില്‍ ഡിസംബര്‍ 8നും, രാജ്യസഭയില്‍ ഡിസംബര്‍ 9, 10, 11 തീയതികളിലുമായി നടന്നു. ലോക്‌സഭയില്‍ പ്രധാനമന്ത്രിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 65 അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ച 11 മണിക്കൂര്‍ 32 മിനിറ്റ് നീണ്ടുനിന്നു. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. സഭാ നേതാവിന്റെ (രാജ്യസഭ) പ്രസംഗത്തോടെ സമാപിച്ച ചര്‍ച്ചയില്‍ 81 അംഗങ്ങള്‍ പങ്കെടുത്തു. രാജ്യസഭയില്‍ ആകെ 12 മണിക്കൂര്‍ 49 മിനിറ്റാണ് ഈ വിഷയത്തിനായി വിനിയോഗിച്ചത്.

കൂടാതെ, തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ലോക്‌സഭയില്‍ ഡിസംബര്‍ 9, 10 തീയതികളിലും രാജ്യസഭയില്‍ ഡിസംബര്‍ 11, 15, 16 തീയതികളിലുമായി നടന്നു. ലോക്‌സഭയിലെ ചര്‍ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ഉപസംഹരിച്ചു. 62 അംഗങ്ങള്‍ പങ്കെടുത്ത ഈ ചര്‍ച്ച 12 മണിക്കൂര്‍ 59 മിനിറ്റ് നീണ്ടുനിന്നു. രാജ്യസഭയില്‍ സഭാ നേതാവാണ് (രാജ്യസഭ) ചര്‍ച്ച ഉപസംഹരിച്ചത്. 57 അംഗങ്ങള്‍ പങ്കെടുത്ത ഈ ചര്‍ച്ചയ്ക്കായി ആകെ 10 മണിക്കൂര്‍ 37 മിനിറ്റ് സമയമാണ് എടുത്തത്.
2025-26 വര്‍ഷത്തേക്കുള്ള ആദ്യഘട്ട അനുബന്ധ ധനാഭ്യര്‍ത്ഥനകള്‍ പൂര്‍ണ്ണമായി ചര്‍ച്ച ചെയ്യുകയും വോട്ടെടുപ്പിന് വിധേയമാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വിനിയോഗ ബില്‍ 2025 ഡിസംബര്‍ 15ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്ത് പാസാക്കുകയും ചെയ്തു, 2025 ഡിസംബര്‍ 16ന് രാജ്യസഭ ഇത് തിരിച്ചയച്ചു.
2025ലെ വര്‍ഷകാല സമ്മേളനത്തിന് ശേഷം രാഷ്ട്രപതി പുറപ്പെടുവിച്ച മണിപ്പൂര്‍ ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2025 (2025ലെ രണ്ടാം നമ്പര്‍) എന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ചര്‍ച്ച ചെയ്ത് പാസാക്കി.
'മണിപ്പൂരില്‍ ജല (മലിനീകരണ പ്രതിരോധവും നിയന്ത്രണവും) ഭേദഗതി നിയമം 2024' നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ പ്രമേയം 2025 ഡിസംബര്‍ മൂന്നിന് രാജ്യസഭ അംഗീകരിച്ചു.
വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍, 2025 ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.
ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് എട്ട് ബില്ലുകള്‍ പാസാക്കി. ഇതില്‍ ചില ബില്ലുകള്‍ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. അവയില്‍ ചിലത് താഴെ പറയുന്നവയാണ്:
ഹെല്‍ത്ത് സെക്യൂരിറ്റി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സെസ് ബില്‍, ദേശീയ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകള്‍ നിറവേറ്റുന്നതിനുള്ള വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനായി നിര്‍ദ്ദിഷ്ട ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യന്ത്രങ്ങള്‍ക്കോ അല്ലെങ്കില്‍ അത്തരം നിര്‍മാണ പ്രക്രിയകള്‍ക്കോ മേല്‍ സെസ് ഏര്‍പ്പെടുത്താനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
സസ്‌റ്റൈനബിള്‍ ഹാര്‍നെസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ ബില്‍, 2025 ആണവോര്‍ജ്ജത്തിന്റേയും അയണൈസിംഗ് റേഡിയേഷന്റേയും പ്രോത്സാഹനവും വികസനവും ലക്ഷ്യമിടുന്നു. ആണവോര്‍ജ്ജ ഉത്പാദനം, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ജലം, കൃഷി, വ്യവസായം, ഗവേഷണം, പരിസ്ഥിതി, ആണവ ശാസ്ത്രസാങ്കേതിക മേഖലകളിലെ നവീകരണം എന്നിവയില്‍ ഇവ പ്രയോജനപ്പെടുത്താനും അതുവഴി ജനക്ഷേമം ഉറപ്പാക്കാനും ബില്‍ വിഭാവനം ചെയ്യുന്നു. കൂടാതെ, ഇതിന്റെ സുരക്ഷിതമായ ഉപയോഗത്തിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി ശക്തമായ ഒരു നിയന്ത്രണ ചട്ടക്കൂട് ഏര്‍പ്പെടുത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
വികസിത് ഭാരത്- ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍): വിബി – ജി റാം ജി ബില്‍, 2025 വികസിത ഭാരതം @2047 എന്ന ദേശീയ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന ഒരു ഗ്രാമീണ വികസന ചട്ടക്കൂട് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നു. ഇതനുസരിച്ച്, അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസത്തെ വേതനത്തോടുകൂടിയ തൊഴില്‍ നിയമപരമായി ഉറപ്പുനല്കുന്നു. സമ്പന്നവും കരുത്തുറ്റതുമായ ഗ്രാമീണ ഭാരതത്തിനായി ശാക്തീകരണം, വളര്‍ച്ച, വിവിധ പദ്ധതികളുടെ സംയോജനം, സമഗ്രവ്യാപനം എന്നിവ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, ലോക്‌സഭ/രാജ്യസഭ പാസാക്കിയ ബില്ലുകള്‍, ഇരുസഭകളും പാസാക്കിയ ബില്ലുകള്‍ എന്നിവയുടെ പട്ടിക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
ഈ സമ്മേളനത്തില്‍ ലോക്‌സഭയുടെ പ്രവര്‍ത്തനക്ഷമത ഏകദേശം 110 ശതമാനവും, രാജ്യസഭയുടേത് ഏകദേശം 121 ശതമാനവും ആയിരുന്നു.
*****
(रिलीज़ आईडी: 2206820)
आगंतुक पटल : 9