ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

"ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മത്സ്യബന്ധന–മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ" എന്ന വിഷയത്തിൽ നിക്ഷേപക സംഗമം

പോസ്റ്റഡ് ഓണ്‍: 12 DEC 2025 1:50PM by PIB Thiruvananthpuram

ഭാരത സർക്കാരിൻ്റെ  ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് ലക്ഷദ്വീപ് ഭരണകൂടവുമായി സഹകരിച്ച് “ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മത്സ്യബന്ധന–മത്സ്യകൃഷി മേഖലയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ” എന്ന വിഷയത്തിലൂന്നി ഒരു നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ഈ സംഗമം 13/12/2025 ന് ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ നടക്കും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, പഞ്ചായത്തിരാജ് സഹ മന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ,  കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന, ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ അടക്കം ഒട്ടേറെ വിശിഷ്ട അതിഥികൾ ഈ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കും.

ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലെ മത്സ്യബന്ധനവും മത്സ്യകൃഷിയുമായി ബന്ധപ്പെട്ട വികസന സാധ്യതകൾ വിശദമായി പര്യവേക്ഷണം ചെയ്യുന്നതിനുള്ള സവിശേഷമായ വേദി ഈ നിക്ഷേപക സംഗമം  നിക്ഷേപകർക്ക് പ്രദാനം ചെയ്യുന്നു. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളുടെ ആവശ്യകതകൾക്ക് അനുഗുണമായതും, ഒപ്പം ലക്ഷ്യവേധിയായ ഇടപെടലുകൾ സുഗമമാക്കുകയും ചെയ്യുന്ന സംഗമം, നിക്ഷേപകർക്ക് അവരുടെ അനുഭവങ്ങൾ പങ്കിടാനും, മേഖല നേരിടുന്ന വെല്ലുവിളികളെ അവതരിപ്പിക്കാനും, ഭാവിയിലെ അവസരങ്ങളെക്കുറിച്ച് ചർച്ച നടത്താനും ഉതകുന്ന സംവേദനാത്മക സെഷനും സംഘടിപ്പിക്കും.

ലക്ഷദ്വീപിലെ ഫിഷറീസ് വകുപ്പ്, NFDB, MPEDA, EIC, CMFRI, CIFT, CIFNET, NCDC, NCEL, FSI, ദ്വീപ് ഭരണകൂടം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ  പ്രതിനിധികളും  പരിപാടിയിൽ പങ്കെടുക്കും. ട്യൂണ (ചൂര മീൻ), കടൽപ്പായൽ, ആഴക്കടൽ മത്സ്യബന്ധനം, മാലിന്യ സംസ്ക്കരണം, അലങ്കാര മത്സ്യകൃഷി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സംരംഭകർ ഉൾപ്പെടെ രാജ്യത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 35 പ്രമുഖ നിക്ഷേപകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  


ലക്ഷദ്വീപിലെ ദ്വീപുകൾ മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും ഉത്തരവാദിത്തപൂർണ്ണവും സുസ്ഥിരവുമായ നിക്ഷേപങ്ങൾക്ക് വിപുലമായ അവസരങ്ങൾ തുറന്ന് നൽകുന്നു. ലക്ഷദ്വീപിൽ ഏറ്റവും കൂടുതലായി ലഭിക്കുന്ന  മത്സ്യം (75%) ട്യൂണയാണെന്നത് പ്രത്യേക സാധ്യതകൾ തുറക്കുന്ന ഘടകമാണ്.  കൂടാതെ 4200 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ലഗൂണും സമൃദ്ധമായ അലങ്കാര മത്സ്യ ജൈവവൈവിധ്യവും ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു.ആഴക്കടൽ ട്യൂണ മത്സ്യബന്ധനം, ട്യൂണ സംസ്ക്കരണം, ശതീകൃത സംഭരണ  സൗകര്യങ്ങൾ, കടൽപ്പായൽ കൃഷി, ഓഫ്‌ഷോർ മാരികൾച്ചർ ഫാമുകൾ (തീരത്തോടടുത്ത് നിയന്ത്രിത സമുദ്ര പരിതഃസ്ഥിതിയിലുള്ള മത്സ്യ/ അനുബന്ധ കൃഷി), അലങ്കാര മത്സ്യ ഉത്പാദന യൂണിറ്റുകൾ എന്നിവയ്ക്കുള്ള അവസരങ്ങൾ ഈ മേഖല വാഗ്ദാനം ചെയ്യുന്നു.പരിസ്ഥിതി സൗഹൃദ ട്യൂണ ഉത്പാദനം, ഉയർന്ന മൂല്യമുള്ള കടൽപ്പായൽ വിത്തുകൾ, കടൽപ്പായൽ  അധിഷ്ഠിത ഉത്പന്നങ്ങൾ, സുസ്ഥിര ഉറവിടങ്ങൾ ലഭ്യമായ അക്വേറിയം സ്പീഷീസുകൾ എന്നിവയ്ക്ക് ഉയർന്നുവരുന്ന ആഗോള ആവശ്യകത നിറവേറ്റാനും ഇത്തരം സംരംഭങ്ങൾക്ക് കഴിയും. ഈ മേഖലകളിൽ നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങൾ ഉയർന്ന വരുമാനസാധ്യത മാത്രമല്ല, പ്രാദേശിക ജനങ്ങളുടെ ഉപജീവനക്ഷമത വർധിപ്പിക്കുന്നതിനും, പ്രതിരോധ ശേഷിയുള്ള നീല സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിലും സുപ്രധാന പങ്കുവഹിക്കും. ജലമേഖലകളുടെ പാട്ടത്തിനെടുക്കൽ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ നിക്ഷേപക സൗഹൃദ ബിസിനസ് ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർന്നു പോരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) മുഖേന ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി കൈവരിക്കാൻ ലക്ഷ്യമിടുന്ന ദേശീയ ദൗത്യത്തിന് അനുപൂരകമാണ്  ഈ നിക്ഷേപക സംഗമം.

ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, ദേശീയ ഏജൻസികൾ, ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ, പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹങ്ങൾ എന്നിവരുടെ പ്രതിനിധികളുമായി നിക്ഷേപകർ നടത്തുന്ന  സംവേദനാത്മക സെഷൻ, സമഗ്ര സർക്കാർ സമീപനം (Whole-of-Government Approach) മുഖേന മത്സ്യബന്ധന–മത്സ്യകൃഷി മേഖലകളിലെ സംയോജിത ആസൂത്രണത്തെയും നയരൂപീകരണത്തെയും ശക്തിപ്പെടുത്തുന്നു. ലക്ഷദ്വീപിൻ്റെ  വിസ്മയകരമായ മത്സ്യബന്ധന സാധ്യതകൾ തുറക്കുന്നതിനുള്ള തന്ത്രപ്രധാനവും സുപ്രധാനവുമായ ചുവടുവയ്പ്പാണ് നിക്ഷേപക സംഗമം. കൂടാതെ 2047 ൽ വികസിത ഭാരതമെന്ന  ദർശനത്തിന് സംഭാവന നൽകാനുതകും വിധം കേന്ദ്രഭരണ പ്രദേശത്തിൻ്റെ  സുസ്ഥിര വളർച്ച സാധ്യമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിക്കൂടിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.



നിക്ഷേപ അവസരങ്ങൾ
ലക്ഷദ്വീപിൻ്റെ  അതുല്യമായ സമുദ്ര പരിസ്ഥിതി ഉന്നത മൂല്യമുള്ള വ്യാപാര മേഖലകളിൽ മൂന്നു തലങ്ങളിലായുള്ള നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒന്നാമതായി, പരമ്പരാഗതാടിസ്ഥാനത്തിലുള്ളതും പാരിസ്ഥിതികമായി ഏറ്റവും മികച്ചതുമായ ട്യൂണ മത്സ്യബന്ധന രീതി ലക്ഷദ്വീപിൻ്റെ  ഏറ്റവും വലിയ പ്രത്യേകതയാണ്. ഈ മാർഗ്ഗം സമഗ്രമായ ഹുക്ക്-ടു-പ്ലേറ്റ് ട്രെയ്‌സബിലിറ്റി ഉറപ്പുനൽകുന്നതിനാൽ, ആഗോള തലത്തിൽ ഏറെ  മൂല്യമുള്ള എക്‌സ്‌ക്ലൂസീവ് പ്രീമിയം മാർക്കറ്റുകൾ വികസിപ്പിക്കാൻ വലിയ അവസരം ഒരുക്കുന്നു. രണ്ടാമതായി, അതീവ ശുദ്ധവും സുതാര്യവുമായ ജലം നിറഞ്ഞ അറ്റോൾ ദ്വീപുകളുടെ വിശാലമായ ലഗൂണുകൾ, ഉന്നത ഗുണമേന്മയുള്ള കടൽപ്പായൽ കൃഷിക്കായി ഏറ്റവും അനുയോജ്യമായ സ്വാഭാവിക പരിസരമാണ്. ഇവിടങ്ങളിലെ അനുകൂലമായ പരിസ്ഥിതി ഘടകങ്ങൾ മൂല്യമേറിയ കടൽപ്പായൽ ഉത്പന്നങ്ങളുടെ ഉത്പാദനത്തിന് ഉറച്ച അടിസ്ഥാനവും നൽകുന്നു. മൂന്നാമതായി, ഈ ലഗൂണുകൾ സമൃദ്ധമായ അലങ്കാര മത്സ്യ ജൈവവൈവിധ്യത്തിന് അനുഗുണമായ ആവാസവ്യവസ്ഥയാണ്. മികച്ച ജല ഗുണനിലവാരം, പ്രാദേശികമായി ലഭ്യമായ നൈപുണ്യമുള്ള തൊഴിൽ ശക്തി, ചെലവുകുറഞ്ഞ വിത്ത് ഉത്പാദന ശേഷി തുടങ്ങിയ ഘടകങ്ങൾ ചേരുമ്പോൾ, ലക്ഷദ്വീപ് രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലും മത്സരക്ഷമമായ  അലങ്കാര മത്സ്യബന്ധന മൂല്യ ശൃംഖല സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രമായി മാറുന്നു. ഈ ഘടകങ്ങൾ ആകെക്കൂടി, ലക്ഷദ്വീപിനെ നീല സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപങ്ങൾക്ക് ഏറ്റവും പ്രതീക്ഷാജനകമായ കേന്ദ്രങ്ങളിലൊന്നാക്കി ഉയർത്തുന്നു.


പശ്ചാത്തലം

‘സൂര്യോദയ മേഖല’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യബന്ധന മേഖല, രാജ്യത്തെ 3 കോടിയിലധികം പൗരന്മാരുടെ, പ്രത്യേകിച്ച് പാർശ്വവത്കരിക്കപ്പെട്ടവരും ദുർബലരുമായ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ ഉത്പാദക രാജ്യം കൂടിയാണ് ഇന്ത്യ; ആഗോള ഉത്പാദനത്തിൽ 8% സംഭാവന ചെയ്യുന്നതോടൊപ്പം, മത്സ്യകൃഷി ഉത്പാദനത്തിലും ആഗോളതലത്തിൽ രണ്ടാമതാണ്. ലക്ഷ്യവേധിയായ ഇടപെടലുകൾ 2015-ൽ ആരംഭിച്ച ശേഷം, വിവിധ പദ്ധതികളിലായി ₹38,572 കോടി രൂപയുടെ നിക്ഷേപം കേന്ദ്രസർക്കാർ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൻ്റെ  ഫലമായി, ഇന്ത്യയുടെ മൊത്തം മത്സ്യ ഉത്പാദനം 197 ലക്ഷം ടണ്ണായി ഉയർന്നു. ഈ മേഖലയിലെ വാർഷിക വളർച്ചാ നിരക്ക് 8.74% ആണെന്നത് ശക്തമായ പ്രകടനത്തെ സൂചിപ്പിക്കുന്നു. സമുദ്രോത്പന്ന കയറ്റുമതി മൂല്യം ₹62,400 കോടിയായി ഉയർന്നിട്ടുണ്ട്. 2030 ഓടെ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ₹1 ലക്ഷം കോടിയായി ഉയർത്തുകയും അതിൽ 30% മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മത്സ്യബന്ധന വകുപ്പിൻ്റെ  ദർശനം. ഈ വളർച്ചാ പ്രതീക്ഷ, നീല സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലും ഉപജീവനം ശക്തിപ്പെടുത്തുന്നതിലും വഹിക്കുന്ന പ്രധാന പങ്ക് വ്യക്തമാക്കുന്നു.


ഇന്ത്യ, മത്സ്യ ഉത്പാദനത്തിലും മത്സ്യകൃഷിയിലും ആഗോളതലത്തിൽ രണ്ടാം സ്ഥാനത്ത് നിലകൊള്ളുന്നുവെന്നും,രാജ്യത്തിൻ്റെ  സമുദ്രോത്പന്ന കയറ്റുമതി ₹60,000 കോടി ആണെന്നതും 2025 ലെ ബജറ്റ് പ്രസ്താവനകളിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നാളിതുവരെ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സമുദ്രമേഖലയിലെ വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി, വിശിഷ്യാ ആൻഡമാൻ–നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപിലെ വിവിധ ദ്വീപുകളും കേന്ദ്രമാക്കി, ഇന്ത്യയുടെ 'എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ ആൻഡ് ഹൈ സീ'യിൽ നിന്നുള്ള മത്സ്യസമ്പത്തിൻ്റെ  സുസ്ഥിര ഉപയോഗം ഉറപ്പ് വരുത്തുന്ന സമഗ്ര ചട്ടക്കൂട് സർക്കാർ  പ്രഖ്യാപിച്ചു. ഈ ദീർഘദർശിയായ നയപരിപാടിയുടെ പശ്ചാത്തലത്തിൽ, ലക്ഷദ്വീപിലെ ദ്വീപുകളിൽ നിക്ഷേപ അവസരങ്ങൾ അന്വേഷിക്കുന്ന നിക്ഷേപകർക്ക്, പ്രസ്തുത നിക്ഷേപക സംഗമം വിലപ്പെട്ടതും തന്ത്രപ്രധാനവുമായ വേദി ഒരുക്കി നൽകുന്നു.


₹19.20 കോടി രൂപയുടെ മൊത്തം പദ്ധതി ചെലവിലാണ് ലക്ഷദ്വീപിനായി 16 ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ ഭാരത സർക്കാരിൻ്റെ  ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയത്. ഈ കപ്പലുകൾ മൾട്ടിപ്പിൾ ഗിയർ സംവിധാനങ്ങൾ (പോൾ & ലൈൻ, ലോങ്‌ലൈൻ, ട്രോൾ ലൈൻ) പിന്തുണയ്ക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കൂടാതെ, ഓൺബോർഡ് ശീതീകരണ/ശീതീകൃത സംഭരണം, നൂതന ഗതിനിയന്ത്രണ സംവിധാനങ്ങൾ എന്നിവയോടു കൂടി ഇവ സജ്ജമാണ്. ഇവയുടെ ലക്ഷ്യം EEZ-ൽ ലഭ്യമായ ട്യൂണ പോലുള്ള സമ്പന്നമായ മത്സ്യ വിഭവങ്ങൾ ദീർഘകാലീനവും സുസ്ഥിരവുമായ രീതിയിൽ വിനിയോഗിക്കാൻ  സഹായിക്കുക എന്നതാണ്. ഈ പദ്ധതി, ലക്ഷദ്വീപിൻ്റെ  ഉപജീവനാധിഷ്ഠിത പരമ്പരാഗത ട്യൂണ മത്സ്യബന്ധന രീതിയെ, ഉയർന്ന തോതിലുള്ള, സുസംഘടിതമായ, കയറ്റുമതി അധിഷ്ഠിത സംരംഭമാക്കി  മാറ്റുന്നതിനുള്ള ഒരു പ്രധാന ഉദ്യമമാണ്.


മത്സ്യബന്ധനത്തിലും മത്സ്യകൃഷിയിലും സുസ്ഥിര വളർച്ച കൈവരിക്കാൻ ക്ലസ്റ്റർ അധിഷ്ഠിത സമീപനം ഫിഷറീസ് വകുപ്പ്  കൂടുതൽ ശക്തിപ്പെടുത്തി വരുന്നു. ഈ ശ്രമങ്ങൾക്ക് അനുബന്ധമായി, 2024 സെപ്റ്റംബർ മാസം, ലക്ഷദ്വീപിൽ സിവീഡ് ക്ലസ്റ്റർ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചു. ഏകദേശം 300 സ്പീഷീസുകൾ ഉൾപ്പെടുന്ന അലങ്കാര മത്സ്യബന്ധന മേഖല, ആഗോളതലത്തിൽ സുസ്ഥിരമായി ലഭ്യമാകുന്ന അക്വേറിയം സ്പീഷീസുകളുടെ ഉയർന്ന ആവശ്യകതക്ക് അനുഗുണമായ പ്രജനനവും ഉത്പാദന യൂണിറ്റുകളും സ്ഥാപിക്കുന്നതിനുള്ള വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി, ലക്ഷദ്വീപിലെ മത്സ്യബന്ധന–മത്സ്യകൃഷി മേഖലയെ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ വികസിപ്പിക്കുന്നതിനുള്ള പ്രധാന ഉദ്യമമെന്ന നിലയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

***


( റിലീസ് ഐ.ഡി: 2203355) സന്ദര്‍ശക കൗണ്ടര്‍ : 72
ഈ റിലീസ് വായിക്കുക: Urdu , English , हिन्दी