ഉപരാഷ്ട്രപതിയുടെ കാര്യാലയം
MSME മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു
Posted On:
27 NOV 2025 5:08PM by PIB Thiruvananthpuram
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക (MSME) മേഖല ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും ഊർജ്ജസ്വലവും ചലനാത്മകവുമായ സ്തംഭമായി ഉയര്‍ന്നുവന്നതിനെക്കുറിച്ച് യോഗത്തിൽ ഉപരാഷ്ട്രപതിയെ വിശദമായി ധരിപ്പിച്ചു.
സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, സംരംഭകത്വ പ്രോത്സാഹനം, ജനങ്ങളുടെ ശാക്തീകരണം, പാരിസ്ഥിതിക സുസ്ഥിരത എന്നീ മേഖലകളിൽ MSME മേഖലയ്ക്കുള്ള നിർണായക പങ്കിനെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു.
ബിസിനസ്സ് സുഗമമാക്കുന്നതിനും അവയെ തരംതിരിക്കുന്നതിനുമായി ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ മുഖേന സംരംഭങ്ങളുടെ ഔപചാരികവത്ക്കരണം സാധ്യമാക്കാനുള്ള മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു
ഖാദി, ഗ്രാമ, കയർ വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന MSME മേഖലയുടെ സമഗ്ര വളർച്ചയെ പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കി വരുന്ന അഭിമാന സംരംഭങ്ങളെക്കുറിച്ച് ഉപരാഷ്ട്രപതിയെ അറിയിച്ചു. വായ്പാ പിന്തുണ, സാങ്കേതിക സഹായം, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനവും പരിശീലനവും, മത്സരശേഷി, വിപണി വിപുലീകരണം എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കുന്ന മേഖലകളെന്ന് അദ്ദേഹത്തെ അറിയിച്ചു.
തുടർന്ന്, പിഎം വിശ്വകർമ, ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം, പിഎം എംപ്ലോയ്‌മെൻ്റ് ജനറേഷൻ പ്രോഗ്രാം (PMEGP), മൈക്രോ ആൻഡ് സ്മോൾ എൻ്റർപ്രൈസസ് ക്ലസ്റ്റർ ഡെവലപ്മെൻ്റ് പ്രോഗ്രാം (MSE-CDP), MSME കളിൽ നിന്നുള്ള പൊതുസംഭരണ നയം, വനിതകളും എസ്സി/എസ്ടി സംരംഭകരും ഉടമകളായ സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനങ്ങൾ എന്നീ പ്രധാന പദ്ധതികളും അവയുടെ പുരോഗതിയും ഉപരാഷ്ട്രപതിയെ പരിചയപ്പെടുത്തി. കൂടാതെ, വികസിത ഭാരതമെന്ന ദർശനത്തിന് അനുപൂരകമാം വിധത്തിൽ രൂപകൽപ്പന ചെയ്ത് നടപ്പിലാക്കി വരുന്ന മന്ത്രാലയത്തിൻ്റെ വിവിധ പദ്ധതികളെയും ഇടപെടലുകളെയും യോഗത്തിൽ ഉയർത്തിക്കാട്ടി.
MSME മേഖലയെ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ ഉദ്യമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ബജറ്റ് പിന്തുണയും സംരംഭകർക്കുള്ള വായ്പാ ലഭ്യതയും വർദ്ധിച്ചതിലും ഉപരാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. രാജ്യവ്യാപകമായി ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പിഎം വിശ്വകർമ അടക്കമുള്ള പദ്ധതികൾ വിജയം കണ്ടതിനെ അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാക്കളാണ് MSME മേഖലയെന്ന് ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി, സമ്പന്നമായ പാരമ്പര്യവും വിനിയോഗിക്കപ്പെടാത്ത വിശാലമായ സാധ്യതകളുമുള്ള ഈ മേഖലയെ അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയ ലക്ഷ്യവേധിയായ ഇടപെടലുകളിലൂടെ നിരന്തരം പുനരുജ്ജീവിപ്പിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
****
(Release ID: 2195645)
Visitor Counter : 3