പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
എറണാകുളം – കെഎസ്ആർ ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടന സർവീസ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും
എറണാകുളത്തിന് പുറമെ ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം റെയില്വേ സ്റ്റേഷനുകളിലും ഉദ്ഘാടനച്ചടങ്ങുകൾ
പോസ്റ്റഡ് ഓണ്:
06 NOV 2025 8:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 8-ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സര്വീസുകള് രാഷ്ട്രത്തിന് സമര്പ്പിക്കും. ട്രെയിൻ നമ്പർ 06652 എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ പ്രത്യേക ഉദ്ഘാടന സർവീസും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിങിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.
ബനാറസ് റെയിൽവേ സ്റ്റേഷനില് സംഘടിപ്പിക്കുന്ന പ്രധാന ചടങ്ങില് നാല് വന്ദേ ഭാരത് സർവീസുകളാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. എറണാകുളം – കെഎസ്ആർ ബെംഗളൂരു, ബനാറസ്-ഖജുരാഹോ, ലഖ്നൗ ജങ്ഷൻ-സഹാരൻപൂർ, ഫിറോസ്പൂർ -ഡൽഹി കന്റോണ്മെന്റ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകള്ക്കാണ് തുടക്കമാവുക.
പുതുതായി ആരംഭിക്കുന്ന എറണാകുളം- കെഎസ്ആർ ബെംഗലൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് കേരളത്തിന് ലഭിക്കുന്ന മൂന്നാമത് വന്ദേ ഭാരത് സർവീസും കേരളത്തെ തമിഴ്നാടുമായും കർണാടകയുമായും ബന്ധിപ്പിക്കുന്ന ആദ്യ അന്തർ സംസ്ഥാന വന്ദേ ഭാരത് സർവീസുമാണ്. ഈ പുതിയ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണ റെയിൽവേ പരിധിയിൽ 12 ജോഡി വന്ദേ ഭാരത് ട്രെയിനുകളാണ് സേവനം നൽകുക.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തെയും കോസ്മോപൊളിറ്റൻ നഗരമായ ബെംഗലൂരുവിനെയും ബന്ധിപ്പിക്കുന്ന കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് ഇരുനഗരങ്ങള്ക്കുമിടയില് സുഗമമായ യാത്രാ സൗകര്യം ഉറപ്പാക്കും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നീ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിച്ച് കൃഷ്ണരാജപുരത്തും കെഎസ്ആർ ബെംഗലൂരുവിലും എത്തിച്ചേരുന്ന ഈ സർവീസ് ഐടി പ്രൊഫഷണലുകൾക്കും വ്യാപാരികള്ക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും.
ദക്ഷിണ റെയിൽവേയ്ക്ക് കീഴില് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്ന എറണാകുളം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളില് പ്രധാനമന്ത്രിയുടെ വാരണാസിയിലെ പ്രധാന ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, വിശിഷ്ട വ്യക്തികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സര്വീസ് നടത്തുന്ന എല്ലാ സ്റ്റേഷനുകളിലും ട്രെയിനിന് ഊഷ്മള സ്വീകരണം നൽകും.
ട്രെയിൻ നമ്പർ 06652 എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗലൂരു വന്ദേഭാരത് പ്രത്യേക ഉദ്ഘാടന സർവീസ്:
ട്രെയിൻ നമ്പർ 06652 എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് പ്രത്യേക ഉദ്ഘാടന സർവീസ് 2025 നവംബർ 8-ന് രാവിലെ 08.00 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 17.50 ന് കെഎസ്ആർ ബെംഗലൂരുവിലെത്തും.
( റിലീസ് ഐ.ഡി: 2187764)
സന്ദര്ശക കൗണ്ടര് : 3