PIB Headquarters
നക്സലിസത്തിനെതിരായി കേന്ദ്ര ഗവൺമെൻ്റിൻ്റെ സമഗ്ര തന്ത്രം
Posted On:
25 OCT 2025 3:37PM by PIB Thiruvananthpuram
കരുത്തുറ്റ നടപടികളുടെ ഒരു ദശാബ്ദം: അക്രമസംഭവങ്ങൾ കുറയ്ക്കുന്നത് മുതൽ വികസനവും പുനഃസംയോജനവും വരെ
പ്രധാന വസ്തുതകൾ
•2014 നും 2024 നും ഇടയിലെ നക്സൽ അനുബന്ധ സംഭവങ്ങൾ 53% കുറഞ്ഞു
• കഴിഞ്ഞ ദശകത്തിൽ അധിക സുരക്ഷയുള്ള 576 പോലീസ് സ്റ്റേഷനുകൾ നിർമ്മിക്കുകയും നക്സൽ ബാധിത ജില്ലകൾ 126 ൽ നിന്ന് 18 ആയി കുറയ്ക്കുകയും ചെയ്തു
• 2025 ഒക്ടോബർ വരെ 1,225 നക്സലുകൾ കീഴടങ്ങി, 270 പേരെ വധിച്ചു
• സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണങ്ങൾ 73% കുറഞ്ഞു. സാധാരണക്കാരുടെ മരണങ്ങൾ 70% കുറഞ്ഞു.
ആമുഖം
സുരക്ഷ, വികസനം, പുനരധിവാസം എന്നിവ ഉൾ ചേർത്തുകൊണ്ട് ഒരു സംയോജിത സമീപനത്തിലൂടെ ഇന്ത്യയുടെ നക്സൽ വിരുദ്ധ തന്ത്രത്തെ കേന്ദ്ര ഗവൺമെൻ്റ് പരിവർത്തനം ചെയ്തു. മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന ഓരോ പ്രദേശത്തിനുമുള്ള വ്യത്യസ്തമായ രീതികൾക്കു പകരം , 2026 മാർച്ചോടെ എല്ലാ നക്സൽ ബാധിത ജില്ലകളെയും നക്സൽ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ, സംഭാഷണം, സുരക്ഷ, ഏകോപനം എന്നിവയിൽ വേരൂന്നിയ ഒരു ഏകീകൃത പദ്ധതി കേന്ദ്ര ഗവൺമെൻ്റ് ആവിഷ്കരിച്ചു.
നിയമ പരിപാലനത്തിലെ കാര്യക്ഷമത, ശേഷി വികസനം, സാമൂഹിക സംയോജനം എന്നിവയിൽ ഈ സമീപനം തുല്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് പ്രതിപ്രവർത്തനങ്ങൾ ഉണ്ടായതിനുശേഷം നിയന്ത്രിക്കുന്നതിന് പകരം, കാലേകൂട്ടിയുള്ള പ്രവർത്തനങ്ങളിലൂടെ നക്സൽ പ്രവർത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന മാതൃകാപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
കഴിഞ്ഞ ദശകത്തിലുണ്ടായ നക്സൽ ആക്രമണങ്ങളിൽ കുറവ്
കഴിഞ്ഞ ദശകത്തിൽ, സുരക്ഷാ സേനയുടെയും വികസന സംരംഭങ്ങളുടെയും ഏകോപിത ശ്രമങ്ങൾ നക്സൽ ബന്ധിത അക്രമങ്ങളിൽ ഗണ്യമായ കുറവിന് കാരണമായി. 2004–2014 കാലയളവിലെ 16,463 ൽ നിന്ന് 2014–2024 ന് ഇടയിലുണ്ടായ അക്രമ സംഭവങ്ങൾ 7,744 ആയി കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം 1,851 ൽ നിന്ന് 509 ആയി കുറഞ്ഞു.സിവിലിയൻ മരണങ്ങൾ 4,766 ൽ നിന്ന് 1,495 ആയി കുറഞ്ഞു. ഇത് നക്സൽ ബാധിത പ്രദേശങ്ങളിൽ സമാധാനവും ഭരണവും പുനഃസ്ഥാപിച്ചതിൻ്റെ ശ്രദ്ധേയമായ തെളിവാണ്.

2025 ൽ മാത്രം, സുരക്ഷാ സേന 270 നക്സലുകളെ ഉന്മൂലനം ചെയ്തു. 680 പേരെ അറസ്റ്റ് ചെയ്തു, 1,225 പേരുടെ കീഴടങ്ങലുകൾക്ക് സൗകര്യമൊരുക്കി. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ് പോലുള്ള പ്രധാന ദൗത്യങ്ങളും ബിജാപൂർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നക്സലുകളുടെ കൂട്ട കീഴടങ്ങലുകളും മുഖ്യധാരാ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള ആത്മവിശ്വാസം കലാപകാരികൾക്കിടയിൽ വർദ്ധിക്കുന്നതിന് തെളിവാണ്.

സുരക്ഷാ ശൃംഖലയും സാങ്കേതിക മികവും ശക്തിപ്പെടുത്തി
അടിസ്ഥാന സുരക്ഷാ സൗകര്യങ്ങളിൽ ഗവൺമെൻ്റ് നിർണായക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, അധിക സുരക്ഷാ സംവിധാനങ്ങൾ ഉള്ള 576 പോലീസ് സ്റ്റേഷനുകൾ നിർമ്മിക്കുകയും കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 336 പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്തു. 2014-ൽ നക്സൽ ബാധിത ജില്ലകളുടെ എണ്ണം 126 ആയിരുന്നത് 2024-ൽ 18 ആയി കുറഞ്ഞു. ഇപ്പോൾ ഏറ്റവുമധികം നക്സൽ ബാധിത ജില്ലകളായി തരംതിരിച്ചിട്ടുള്ള 6 ജില്ലകൾ മാത്രമേയുള്ളൂ. രാത്രിയിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള ഹെലിപാഡുകളുടെ (68 എണ്ണം നിർമ്മിച്ചത്) വിപുലീകരണം വിവിധ നക്സൽ വിരുദ്ധ ദൗത്യങ്ങളുടെ ഭാഗമായ യാത്രാസൗകര്യവും പ്രതികരണ സമയവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
നക്സൽ പ്രവർത്തനങ്ങളുടെ കൃത്യമായ നിരീക്ഷണവും വിശകലനവും ഉറപ്പാക്കാൻ സുരക്ഷാ ഏജൻസികൾ ഇപ്പോൾ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. നക്സൽ നീക്കങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിനായി ലൊക്കേഷൻ ട്രാക്കിംഗ്, മൊബൈൽ ഡാറ്റ വിശകലനം, ശാസ്ത്രീയമായ കോൾ ലോഗ് പരിശോധന, സാമൂഹ്യ മാധ്യമ വിശകലനം തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു . വിവിധ ഫോറൻസിക്, സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുള്ള പിന്തുണ ഇൻ്റലിജൻസ് വിവരങ്ങളുടെ സമാഹരണം കൂടുതൽ ശക്തിപ്പെടുത്തുകയും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തു. കൂടാതെ, നിരീക്ഷണവും തന്ത്രപരമായ ആസൂത്രണവും മെച്ചപ്പെടുത്തുന്നതിന് ഡ്രോൺ നിരീക്ഷണം, ഉപഗ്രഹ ഇമേജിംഗ്, എ ഐ അധിഷ്ഠിത ഡാറ്റ അനലിറ്റിക്സ് എന്നിവ ഫലപ്രദമായി ഉപയോഗിക്കുന്നു.
നക്സൽ സാമ്പത്തിക ശൃംഖല തകർക്കാനുള്ള തന്ത്രങ്ങൾ
നക്സലിസത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകൾ വ്യവസ്ഥാപിതമായി നിർമാർജനം ചെയ്തു . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പ്രത്യേക വിഭാഗം 40 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. അതേസമയം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പ്രവർത്തനങ്ങളിലൂടെ 12 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടി. സംസ്ഥാനങ്ങളും 40 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. കൂടാതെ, നഗര നക്സലുകൾക്ക് ധാർമ്മികവും മാനസികവുമായ ഗുരുതര തിരിച്ചടികൾ നേരിടേണ്ടി വന്നു. ഇത് അവരുടെ വിവരവിനിമയ സംവിധാനങ്ങളിലൂടെയുള്ള പ്രവർത്തനശേഷിയിൽ കുറവ് വരുത്തി
ശേഷി വികസനവും സംസ്ഥാനങ്ങൾക്കുള്ള പിന്തുണയും
സംസ്ഥാന സേനകളെ ശാക്തീകരിക്കുക എന്നത് ഗവൺമെൻ്റിൻ്റെ ഇടത് തീവ്രവാദ വിരുദ്ധ (എൽഡബ്ല്യുഇ) നയത്തിൻ്റെ ഒരു സുപ്രധാന ഘടകമാണ്. സുരക്ഷാ അനുബന്ധ ചെലവ് (എസ്‌ആർഇ) പദ്ധതിയുടെ കീഴിൽ, കഴിഞ്ഞ 11 വർഷത്തിനിടെ എൽഡബ്ല്യുഇ ബാധിത സംസ്ഥാനങ്ങൾക്ക് 3,331 കോടി രൂപ അനുവദിച്ചു. മുൻ ദശകത്തെ അപേക്ഷിച്ച് 155% വർദ്ധന. സംസ്ഥാന പ്രത്യേക സേനകൾ, പ്രത്യേക ഇൻ്റലിജൻസ് ശാഖകൾ, അധിക സുരക്ഷയുള്ള പോലീസ് സ്റ്റേഷനുകളുടെ നിർമാണം എന്നിവയ്ക്കായിപ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതി(എസ്‌ഐഎസ്) വഴി 991 കോടി രൂപ അനുവദിച്ചു.
2017–18 മുതൽ 1,741 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഇതുവരെ ₹445 കോടി അനുവദിച്ചു. പ്രത്യേക കേന്ദ്ര സഹായ (SCA) പ്രകാരം, എൽഡബ്ല്യുഇ ജില്ലകളിലെ വികസന പദ്ധതികൾക്കായി ₹3,769 കോടി നീക്കിവച്ചു. ക്യാമ്പ് അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര ഏജൻസികൾക്കുള്ള സഹായ (ACALWEMS) പദ്ധതി പ്രകാരം ₹122.28 കോടിയും ആരോഗ്യ സൗകര്യങ്ങൾക്കായി ₹12.56 കോടിയും ഇതോടൊപ്പം നൽകി.
അടിസ്ഥാന സൗകര്യ വികസനം
നക്സൽ ബാധിത പ്രദേശങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ വികസനം സാമൂഹികവും സാമ്പത്തികവുമായ ഉൾപ്പെടുത്തലിനെ ത്വരിതപ്പെടുത്തി.
*റോഡ് ഗതാഗത സൗകര്യം : 2014 നും 2025 നും ഇടയിൽ, 12,000 കിലോമീറ്ററിലധികം റോഡുകൾ പൂർത്തിയായി. ആകെ 17,589 കിലോമീറ്റർ നിർമ്മാണത്തിനായി ₹20,815 കോടി അനുവദിച്ചു.
*മൊബൈൽ കണക്റ്റിവിറ്റി: ഇടതു തീവ്രവാദ (LWE) ബാധിത പ്രദേശങ്ങളിൽ മൊബൈൽ കണക്റ്റിവിറ്റിയുടെ വിപുലീകരണം രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കി. ആദ്യ ഘട്ടത്തിൽ, ₹4,080 കോടി ചെലവിൽ 2,343 (2G) ടവറുകൾ നിർമ്മിച്ചു. രണ്ടാം ഘട്ടത്തിൽ, 2022 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ₹2,210 കോടിയുടെ നിക്ഷേപത്തോടെ 2,542 (4G) ടവറുകൾ അനുവദിച്ചു.അതിൽ 1,139 എണ്ണം പ്രവർത്തനക്ഷമമായി.
കൂടാതെ, ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങൾക്കായി 8,527 (4G) ടവറുകൾ അംഗീകരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കുള്ള ആസൂത്രണ പദ്ധതി പ്രകാരം അനുമതി നൽകിയ 4,281 ടവറുകളിൽ 2,556 എണ്ണം പ്രവർത്തനക്ഷമമാണ്. അതേസമയം 4G സാച്ചുറേഷൻ പ്ലാൻ പ്രകാരമുള്ള 4,246 ടവറുകളിൽ 2,602 എണ്ണം പ്രവർത്തനക്ഷമമാണ്.
•സാമ്പത്തിക ഉൾപ്പെടുത്തലും പ്രവേശനക്ഷമതയും: 1007 ബാങ്ക് ശാഖകൾ, 937 എടിഎമ്മുകൾ, 37,850 ബാങ്കിംഗ് കറസ്‌പോണ്ടൻ്റുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.ഓരോ 5 കിലോമീറ്ററിലും പൗരന്മാർക്ക് തപാൽ, സാമ്പത്തിക സേവനങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഇപ്പോൾ 90 ജില്ലകളിലായി 5,899 പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നു.
• വിദ്യാഭ്യാസവും നൈപുണ്യ വികസനവും: കൗശൽ വികാസ് യോജനയ്ക്ക് കീഴിൽ, 48 ജില്ലകളിലായി 48 വ്യാവസായിക പരിശീലന സ്ഥാപനങ്ങളും (ഐടിഐ) 61 നൈപുണ്യ വികസന കേന്ദ്രങ്ങളും (എസ്ഡിസി) സ്ഥാപിക്കുന്നതിന് ₹495 കോടി അനുവദിച്ചു. ഇതിൽ 46 ഐടിഐകളും 49 എസ്ഡിസികളും പ്രവർത്തനക്ഷമമാണ്. സംഘർഷമേഖലയിൽ നിന്ന് വികസനത്തിൻ്റെ മുഖ്യധാരയിലേക്ക് മടങ്ങുന്ന യുവാക്കൾക്ക് ഈ സ്ഥാപനങ്ങൾ പുതിയ ഉപജീവന അവസരങ്ങൾ നൽകുന്നു.
•സുരക്ഷയും നിർവഹണവും: ആകെ 108 കേസുകൾ അന്വേഷിച്ചു. തുടർന്ന് ഇതുവരെ 87 കുറ്റപത്രം സമർപ്പിച്ചു. 2018 ൽ രൂപീകരിച്ച ബസ്തരിയ ബറ്റാലിയനിൽ ബിജാപൂർ, സുക്മ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള 400 യുവാക്കൾ ഉൾപ്പെടെ 1,143 പേർ ഉൾപ്പെടുന്നു, ഇത് സുരക്ഷാ പ്രവർത്തനങ്ങളിൽ പ്രാദേശിക പങ്കാളിത്തവും വിശ്വാസവും വളർത്തുന്നതിനെ പ്രതീകപ്പെടുത്തുന്നു.
നക്സൽ ശൃംഖലയെ നിർവീര്യമാക്കൽ, മേഖലകളെ നക്സൽ മുക്തമാക്കൽ, പുനരധിവാസം ഉറപ്പാക്കൽ
മൂന്ന് പതിറ്റാണ്ടിലേറെയായി ഇടതു തീവ്രവാദ (LWE) സ്വാധീനത്തിലായിരുന്ന നിരവധി പ്രദേശങ്ങളെ,സുസ്ഥിരമായ സുരക്ഷാ പ്രവർത്തനങ്ങളിലൂടെയും കേന്ദ്രീകൃത ഇൻ്റലിജൻസ് അധിഷ്ഠിത തന്ത്രങ്ങളിലൂടെയും ഗവൺമെൻ്റ് തിരിച്ചുപിടിച്ചിട്ടുണ്ട്. " കണ്ടെത്തുക, ലക്ഷ്യമിടുക, നിർവീര്യമാക്കുക" എന്ന സമീപനമാണ് ഈ വിജയത്തിൻ്റെ കേന്ദ്രബിന്ദു.പ്രധാന നക്സൽ നേതാക്കളെ തിരിച്ചറിയാനും ഇല്ലാതാക്കാനും അവരുടെ കമാൻഡ് ഘടനയെ തകർക്കാനും ഇത് സുരക്ഷാസേനയെ പ്രാപ്തമാക്കുന്നു.വിദൂര പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ചുകൊണ്ട്, ഒക്ടോപസ്, ഡബിൾ ബുൾ, ചക്രബന്ധ തുടങ്ങിയ ദൗത്യങ്ങൾ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചു.
തൽഫലമായി, ബുദ്ധ പഹാർ, പരസ്നാഥ്, ബറാംസിയ, ചക്രബന്ധ തുടങ്ങിയ പ്രദേശങ്ങൾ ഇടതു തീവ്രവാദത്തിൽ നിന്ന് ഏറെക്കുറെ മോചിതമായി. നക്സലുകളുടെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായ അബുജ്മദിലേക്ക് സുരക്ഷാ സേന വിജയകരമായി പ്രവേശിച്ചു. കൂടാതെ, പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) യുടെ ആധിപത്യം ഉണ്ടായിരുന്ന ബിജാപൂരിലെയും സുക്മയിലെയും പ്രധാനഇടങ്ങളിൽ നിന്ന് പിൻവാങ്ങാൻ അവർ നിർബന്ധിതരായി. ഞങ്ങളുടെ ആക്രമണാത്മക പ്രവർത്തനങ്ങളുടെ ഫലമായി 2024-ൽ, സുരക്ഷാ സേനയ്‌ക്കെതിരെ നക്സലുകൾ ആരംഭിച്ച തന്ത്രപരമായ പ്രത്യാക്രമണ കാമ്പെയ്‌ൻ (TCOC) പരാജയപ്പെട്ടു.
2024-ൽ, സുരക്ഷാ സേന 26 പ്രധാന ഏറ്റുമുട്ടലുകൾ നടത്തി.അതിൻ്റെ ഫലമായി മുൻനിര നക്‌സൽ കേഡറുകൾ നിർവീര്യമാക്കപ്പെട്ടു:
•1 സോണൽ കമ്മിറ്റി അംഗം (ZCM)
•5 സബ്-സോണൽ കമ്മിറ്റി അംഗങ്ങൾ (SZCM)
•2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ (SCM)
•31 ഡിവിഷണൽ കമ്മിറ്റി അംഗങ്ങൾ (DVCM)
•59 ഏരിയ കമ്മിറ്റി അംഗങ്ങൾ (ACM)
ഈ വ്യവസ്ഥാപിത നടപടി നിരവധി പ്രധാന ഗ്രൂപ്പുകളെ നിർമാർജനം ചെയ്യുകയും, മുമ്പ് നക്സൽ ബാധിതമായിരുന്ന പ്രദേശങ്ങളിൽ സമാധാനവും ഭരണവും പുനഃസ്ഥാപിക്കുകയും ചെയ്തു. സുരക്ഷാ ശ്രമങ്ങൾക്കൊപ്പം, ഉപജീവനമാർഗ്ഗവും സാമൂഹിക പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് മടങ്ങാൻ ഗവൺമെൻ്റ് ആവിഷ്കരിച്ച കീഴടങ്ങൽ, പുനരധിവാസ നയം കേഡർമാരെ പ്രോത്സാഹിപ്പിക്കുന്നു.
2025-ൽ ഇതുവരെ 521 എൽഡബ്ല്യുഇ കേഡർമാർ കീഴടങ്ങി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ 1,053 പേർ കീഴടങ്ങി. മാത്രമല്ല, പുനരധിവസിപ്പിക്കപ്പെട്ട കേഡറുകൾക്ക് ₹5 ലക്ഷം (ഉയർന്ന റാങ്ക്), ₹2.5 ലക്ഷം (മധ്യ/താഴ്ന്ന റാങ്ക്), ₹10,000 പ്രതിമാസ തൊഴിൽ പരിശീലന സ്റ്റൈപ്പൻ്റ് എന്നിവ 36 മാസത്തേക്ക് നൽകുന്നു. ഇത് അന്തസ്സോടെയും സ്ഥിരതയോടെയും ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്നു.
ഉപസംഹാരം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നക്സലിസത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം സുരക്ഷ, വികസനം, സാമൂഹിക നീതി എന്നിവയിൽ വേരൂന്നിയ ഒരു സമഗ്ര പദ്ധതിയായി പരിണമിച്ചു. ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, കൃത്യമായ ലക്ഷ്യത്തോടെയുള്ള നടപടികൾ, അനുകമ്പാപൂർണമായ പുനരധിവാസം എന്നിവയുടെ സംയോജനത്തിലൂടെ, ഒരിക്കൽ സംഘർഷഭരിതമായ പ്രദേശങ്ങളെ അവസരങ്ങളുടെ കേന്ദ്രങ്ങളാക്കി ഗവണ്മെൻ്റ് പരിവർത്തനം ചെയ്തു.
കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകൾ തമ്മിലുള്ള സുസ്ഥിരമായ സഹകരണത്തിലൂടെയും സത്വര പ്രവർത്തനങ്ങളിലൂടെയും 2026 മാർച്ചോടെ രാജ്യത്തെ നക്സൽ മുക്തമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പാതയിൽ നാം മുന്നേറുകയാണ്. ഇത് ഒരു ദശാബ്ദക്കാലത്തെ കരുത്തുറ്റ ഭരണത്തിൻ്റെയും സമാധാനത്തിനും വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും തെളിവാണ്.
See in PDF
****
(Release ID: 2182588)
Visitor Counter : 12