സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

റഷ്യയിലെ കൽമീകിയയിൽ സഫലമായ പ്രദർശനത്തിന് ശേഷം ബുദ്ധ ഭഗവാൻ്റെ പവിത്രമായ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തിച്ചു

Posted On: 19 OCT 2025 11:30PM by PIB Thiruvananthpuram
ചരിത്രപരവും ആത്മീയവുമായ പ്രാധാന്യത്തോടെ റഷ്യയിലെ കൽമീകിയ റിപ്പബ്ലിക്കിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം, ഇന്ത്യയുടെ ഔദ്യോഗിക ദേശീയ സമ്പത്തായ ഭഗവാൻ ബുദ്ധൻ്റെ പവിത്രമായ   തിരുശേഷിപ്പുകൾ ആചാരപരമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. 2025 ഒക്ടോബർ 11 മുതൽ 18 വരെ നടന്ന പരിപാടികൾക്ക് സമാപനം കുറിച്ചു കൊണ്ട്, ആദരണീയ ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ മനോജ് സിൻഹയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഞായറാഴ്ച കൽമീകിയയുടെ തലസ്ഥാനമായ എലിസ്റ്റയിൽ നിന്ന് പുറപ്പെട്ടു.


ഇന്ത്യാ ഗവൺമെൻ്റിന് കീഴിലുള്ള സാംസ്ക്കാരിക മന്ത്രാലയം, ഇൻ്റർനാഷണൽ ബുദ്ധമത കോൺഫെഡറേഷൻ (IBC), നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്‌സ് (IGNCA) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രദർശനം, സമാനമായ ബുദ്ധമത പൈതൃകം ആഘോഷിക്കുന്നതിനും ഇന്ത്യയിലെയും റഷ്യയിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

പ്രദർശനത്തിൻ്റെ സമാപനം കുറിക്കുന്നതിനായി, "ബുദ്ധ ശാക്യമുനിയുടെ സുവർണ്ണ വിഹാരം" (The Golden Abode of Buddha Shakyamuni) എന്നറിയപ്പെടുന്ന എലിസ്റ്റയിലുള്ള സെൻട്രൽ ടെമ്പിളിൽ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ആദരണീയരായ സന്യാസിമാരെയും ഭക്തരെയും അഭിസംബോധന ചെയ്യവെ, പരിപാടി സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് ലെഫ്റ്റനൻ്റ് ഗവർണർ സിൻഹ വിവരിച്ചു.

“റഷ്യയിലെ കൽമീകിയയിൽ ഒരാഴ്ച നീണ്ടുനിന്ന പ്രദർശനത്തിന് ശേഷം ഭഗവാൻ ബുദ്ധൻ്റെ പവിത്രമായ തിരുശേഷിപ്പുകൾ തിരിച്ചെത്തിച്ചു. പരസ്പര ധാരണ വളർത്തുന്നതിനും വിശ്വാസവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതിനും സമാനമായ ആത്മീയ അനുഭവങ്ങളിലൂടെ ശാശ്വതമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത പ്രദർശനം അടിവരയിടുന്നു,” ലെഫ്റ്റനൻ്റ് ഗവർണർ വ്യക്തമാക്കി.
 

ഭൗതിക അവശിഷ്ടങ്ങൾ തിരിച്ചെത്തിയെങ്കിലും, “കൽമീകിയയിലെ ഭഗവാൻ ബുദ്ധൻ്റെ ശാശ്വത സാന്നിധ്യം സാധകരെ ആത്മീയ ഉണർവിലേക്ക് നയിച്ചുകൊണ്ടിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. കൽമീകിയയിലെ ജനങ്ങൾക്ക് സന്തോഷവും ആത്മീയ സാഫല്യവും പകർന്ന കഴിഞ്ഞ ഒരാഴ്ചക്കാലത്തെ "ചരിത്രപരവും അനുഗ്രഹങ്ങൾ നിറഞ്ഞതുമായ" കാലഘട്ടം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തൻ്റെ പ്രസംഗത്തിൽ, ഭഗവാൻ ബുദ്ധൻ്റെ ദർശനങ്ങളുടെ കാലാതീതമായ പ്രസക്തിയെക്കുറിച്ച് വിശദീകരിക്കവേ, കാരുണ്യം, ജ്ഞാനം, നീതി എന്നീ തത്വങ്ങളിൽ അടിയുച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ മാനവരാശിയോട് ലഫ്റ്റനൻ്റ് ഗവർണർ സിൻഹ ആഹ്വാനം ചെയ്തു. “ദയാപൂർണ്ണവും, എല്ലാ വിവേചനങ്ങളിൽ നിന്നും മുക്തവും, മനുഷ്യനും പ്രകൃതിയും സമരസപ്പെട്ട് ജീവിക്കുന്നതുമായ ഒരു ലോകം നാം കെട്ടിപ്പടുക്കണം. ബുദ്ധ ദർശനങ്ങൾ  മാനവ രാശിക്ക് ഈ ദിശയിൽ വഴികാട്ടിയായി വർത്തിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

"ഇന്ത്യയും റഷ്യയും തമ്മിലുള്ള സാംസ്‌ക്കാരികവും ആത്മീയവുമായ വിനിമയങ്ങൾ പ്രധാന മുൻഗണനയായി തുടരുന്നുവെന്നും", "സമാധാനം, ആത്മീയ ചിന്ത, സാനുകമ്പ ജീവിതം എന്നീ ശാശ്വത മൂല്യങ്ങളിലുള്ള സമാനമായ വിശ്വാസത്തെ" അടിസ്ഥാനമാക്കിയുള്ളതാണ് അതെന്നും,  പരിപാടിയുടെ നയതന്ത്ര പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ലെഫ്റ്റനൻ്റ് ഗവർണർ പറഞ്ഞു.  

പവിത്രമായ തിരുശേഷിപ്പുകളുടെ വിജയകരമായ പ്രദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സഹായകമായി. ഭാവി തലമുറകൾക്ക് സമാധാനവും ആത്മീയ ഉണർവ്വും പകരുന്ന സമാന പൈതൃകവും പൊതുദർശനവും പ്രദർശനം ശക്തിപ്പെടുത്തി.

സാംസ്‌ക്കാരികവും ആത്മീയവുമായ ഇന്ത്യയുടെ സമ്പന്ന പൈതൃകം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാരത സർക്കാരിന് കീഴിലുള്ള സാംസ്‌ക്കാരിക മന്ത്രാലയം, ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (IBC), നാഷണൽ മ്യൂസിയം, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ദി ആർട്സ് (IGNCA) എന്നിവയുടെ സഹകരണത്തോടെയുള്ള ഉദ്യമമായിരുന്നു പ്രദർശനം.
 
************************

(Release ID: 2181030) Visitor Counter : 9
Read this release in: English , हिन्दी