പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ആറ് പുതിയ 1700 TEU ഡ്യുവൽ-ഫ്യുവൽ LNG കണ്ടെയ്‌നർ കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള താത്പര്യപത്രത്തിൽ CMA CGM ഗ്രൂപ്പ് ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
15 OCT 2025 3:02PM by PIB Thiruvananthpuram
- CMA CGM ഗ്രൂപ്പ് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (CSL) ആറ് പുതിയ 1700 TEU ഡ്യുവൽ-ഫ്യുവൽ LNG കണ്ടെയ്‌നർ കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള താത്പര്യപത്രത്തിൽ ഒപ്പുവച്ചു. ഇതോടെ ഡ്യുവൽ-ഫ്യുവൽ LNG കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കുന്നതിനായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെടുന്ന ആദ്യ അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനിയായി ഗ്രൂപ്പ് മാറി
- ഇന്ത്യയുടെ സമുദ്ര വികസന ദർശനങ്ങൾക്ക് അനുപൂരകമാം വിധം പ്രവർത്തിക്കുന്ന CMA CGM ഗ്രൂപ്പ്, 2025-ൽ ഇന്ത്യൻ രജിസ്ട്രിയിൽ നാല് കപ്പലുകൾ റീഫ്ലാഗ് ചെയ്തു.വർഷാവസാനത്തോടെ 1,000 ഇന്ത്യൻ കപ്പൽ ജോലിക്കാരെ നിയമിക്കും. കൂടാതെ 2026-ൽ 500 കപ്പൽ ജോലിക്കാരെ കൂടി നിയമിക്കാൻ പദ്ധതിയിടുന്നു.
- പുതുതായി നിർമ്മിക്കുന്ന ആറ് 1,700 TEU LNG അധിഷ്ഠിത കണ്ടെയ്‌നർ കപ്പലുകൾ ഇന്ത്യൻ പതാകയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യും. പ്രധാനമന്ത്രി മോദിയുടെ മാർഗനിർദ്ദേശപ്രകാരം നടപ്പിലാക്കിയ ഇന്ത്യൻ സമുദ്ര നയത്തെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ സമുദ്ര ഭാവിയിലേക്ക് മുന്നേറുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധത CMA CGM വ്യക്തമാക്കുന്നു.
കര, നാവിക, വ്യോമ, ലോജിസ്റ്റിക്സ് സൊല്യൂഷൻ മേഖലകളിലെ ആഗോള പങ്കാളിയായി അറിയപ്പെടുന്ന CMA CGM ഗ്രൂപ്പ്, ഇന്ത്യയിലെ കൊച്ചിൻ ഷിപ്‌യാർഡിൽ ആറ് അത്യാധുനിക LNG അധിഷ്ഠിത കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള താത്പര്യപത്രത്തിൽ ഒപ്പുവച്ചു. തന്ത്രപരമായ ഈ പങ്കാളിത്തത്തിലൂടെ ഒരു ഇന്ത്യൻ കപ്പൽശാലയിൽ നിന്ന് LNG കപ്പലുകൾ കമ്മീഷൻ ചെയ്യുന്ന ആദ്യ പ്രധാന വിദേശ ചരക്ക് നീക്ക കമ്പനിയായി CMA CGM ഗ്രൂപ്പ് മാറി. ആറ് കപ്പലുകളും ഇന്ത്യൻ പതാകയ്ക്ക് കീഴിലായിരിക്കും രജിസ്റ്റർ ചെയ്യുക.
LNG-യിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതിനാലും കുറഞ്ഞ കാർബൺ ബഹിർഗമന സജ്ജമായതിനാലും സുസ്ഥിര ഷിപ്പിംഗിനുള്ള CMA CGM ന്റെ പ്രതിബദ്ധത 1,700 TEU (Twenty-foot Equivalent Units) ശേഷിയുള്ള പുതിയ കണ്ടെയ്‌നർ കപ്പലുകൾ പ്രകടമാക്കുന്നു. 2050-ഓടെ പൂജ്യം കാർബൺ ബഹിർഗമനം എന്ന ഗ്രൂപ്പിൻ്റെ അഭിലാഷ പൂർണ്ണമായ ലക്ഷ്യത്തിന് അനുപൂരകമാണിത്. ഇതിലൂടെ ഹരിതഗൃഹ വാതക ബഹിർഗമനം ഗണ്യമായി കുറയ്ക്കുന്നു. കൊറിയൻ കപ്പൽ നിർമ്മാതാക്കളായ HD ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസിൻ്റെ സാങ്കേതിക സഹകരണത്തോടെയായിരിക്കും കൊച്ചിൻ ഷിപ്പ്‌യാർഡ് പദ്ധതി നടപ്പിലാക്കുക.
മെയ്ക്ക് ഇൻ ഇന്ത്യ 1, ആത്മനിർഭർ ഭാരത് 2 എന്നിവയുൾപ്പെടെ ഇന്ത്യയുടെ സമുദ്ര ദർശനത്തോടും തന്ത്രപരമായ ദേശീയ മുൻഗണനകളോടുമുള്ള CMA CGMൻ്റെ ശക്തമായ പ്രതിബദ്ധത ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നു. തന്ത്രപരമായ ടെർമിനലുകൾ, സമുദ്ര സേവനങ്ങൾ, കപ്പൽ നിർമ്മാണം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സമുദ്ര മൂല്യ ശൃംഖലയിലുടനീളം ഗ്രൂപ്പ് സജീവമായി നിക്ഷേപം നടത്തുന്നു. അതോടൊപ്പം ഇന്ത്യൻ രജിസ്ട്രിക്ക് കീഴിലുള്ള കപ്പലുകളെ കമ്പനി റീഫ്ലാഗ് ചെയ്യുന്നു. ഇന്ത്യയിലെ വിപുലീകരിച്ച ക്രൂയിംഗ്, മാനിംഗ് പ്രവർത്തനങ്ങളിലൂടെ പ്രാദേശിക സമുദ്ര തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നു. 2025-ൽ ഇന്ത്യൻ രജിസ്ട്രിക്ക് കീഴിലുള്ള നാല് കപ്പലുകളെ CMA CGM റീഫ്ലാഗ് ചെയ്യും. വർഷാവസാനത്തോടെ 1,000 ഇന്ത്യൻ കപ്പൽ ജോലിക്കാരെ നിയമിക്കാനും ലക്ഷ്യമിടുന്നു. 2026-ൽ, 500 ഇന്ത്യൻ കപ്പൽ ജോലിക്കാരെ കൂടി നിയമിക്കാനും CMA CGM പദ്ധതിയിടുന്നു.
CMA CGM ഗ്രൂപ്പ് ചെയർമാനും CEO യുമായ റോഡോൾഫ് സാഡെ പറഞ്ഞു: “ഇന്ത്യൻ നിർമ്മിത LNG കപ്പലുകൾക്ക് ഓർഡർ നൽകുന്ന ആദ്യ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് CMA CGM എന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടെ വ്യാവസായിക, സാങ്കേതിക ശേഷിയിൽ ഞങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തെയാണ് ഈ നാഴികക്കല്ല് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഇന്ത്യയെ ഒരു ആഗോള കപ്പൽ നിർമ്മാണ ശക്തിയാക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ അഭിലാഷത്തെ ഇത് പിന്തുണയ്ക്കുന്നു. CMA CGM നെ സംബന്ധിച്ചിടത്തോളം ഇന്ത്യ തന്ത്രപ്രധാനമായ ഒരു രാജ്യമാണ്, അവിടെ ഞങ്ങൾ നിക്ഷേപ, പരിശീലന, നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. കപ്പൽ നിർമ്മാണത്തിനുപരി, ഇന്ത്യൻ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ആഗോള വ്യാപാരത്തെ കാർബൺ വിമുക്തമാക്കുന്നതിനും ഉള്ള സംഭാവനകൾക്കായി ലോജിസ്റ്റിക്സ്, സമുദ്ര പരിശീലനം, സുസ്ഥിര ഗതാഗതം എന്നിവയിലെ പങ്കാളിത്തം നാം ശക്തിപ്പെടുത്തുകയാണ്.”
CMA CGM-ഉം കൊച്ചിൻ ഷിപ്പ്‌യാർഡും തമ്മിലുള്ള പങ്കാളിത്തം നൂതനാശയങ്ങൾ, സുസ്ഥിരത, ആഗോള സമുദ്ര മികവ് എന്നിവയ്ക്കുള്ള പരസ്പര സഹകരണത്തെയും സമർപ്പണത്തെയും വ്യക്തമാക്കുന്നു. ഗ്രൂപ്പിൻ്റെ കപ്പൽ നവീകരണ, ഊർജ്ജ പരിവർത്തന തന്ത്രങ്ങൾക്ക് അനുസൃതമായി, 2029 മുതൽ 2031 വരെ കപ്പലുകൾ വിതരണം ചെയ്യും.
കൊച്ചിൻ ഷിപ്പ്‌യാർഡ് CMD മധു എസ് നായർ പറഞ്ഞു: “നാഴികക്കല്ലായി മാറുന്ന ഈ സംരംഭത്തിൻ്റെ ഭാഗമാകാൻ CMA CGM കൊച്ചി കപ്പൽ ശാലയെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കപ്പൽ നിർമ്മാണ വിപണിയിലെ ഭാവി പ്രതീക്ഷകൾ നിറവേറ്റുന്നതിനായി സുസ്ഥിര പരിഹാരങ്ങളും ഉന്നത നിലവാരവുമുള്ള കപ്പലുകൾ നിർമ്മിക്കാനും CSL പ്രതിജ്ഞാബദ്ധമാണ്. ഏറ്റവും വലിയ കപ്പൽ നിർമ്മാണ ഗ്രൂപ്പായ HD KSOE യുടെ പ്രധാന പങ്കാളിയെന്ന നിലയിൽ സഹകരിക്കുന്നതിനാൽ ഈ പദ്ധതി CSL-നെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. ഇത് ലോകമെമ്പാടുമുള്ള ഇടപാടുകാർക്ക് സേവനം നൽകുന്നതിനായി പങ്കാളിത്തത്തിലൂടെ മികച്ച പരിഹാരങ്ങൾ കൊണ്ടുവരാനുള്ള നമ്മുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു."
CMA CGM ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ തന്ത്ര പ്രാധാന്യമുള്ള ഒരു വിപണിയെ പ്രതിനിധീകരിക്കുന്നു. ഗ്രൂപ്പിന്റെ ആഗോള ശൃംഖലയിൽ നിർണ്ണായക സ്ഥാനം വഹിക്കുന്നു. രാജ്യത്ത് 34 വർഷത്തെ സാന്നിധ്യവും 17,000 ജീവനക്കാരുടെ തൊഴിൽ ശക്തിയുമുള്ള CMA CGM, 19 പ്രതിവാര സമുദ്ര സേവനങ്ങളിലൂടെ ഇന്ത്യയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
പ്രധാന ഷിപ്പിംഗ് പ്രവർത്തനങ്ങൾക്ക് പുറമേ, ഇന്ത്യയുടെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ CMA CGM,സജീവമായി നിക്ഷേപം നടത്തുന്നു. മുംബൈയ്ക്കടുത്തുള്ള നവഷേവ ഫ്രീപോർട്ട് ടെർമിനൽ (NSFT), മുന്ദ്ര തുറമുഖം എന്നിവിടങ്ങളിലെ ടെർമിനലുകളിൽ തന്ത്രപരമായ ഓഹരി പങ്കാളിത്തവുമുണ്ട്.
CMA CGM ഗ്രൂപ്പ് ചെന്നൈയിൽ തങ്ങളുടെ ആഗോള ബിസിനസ് സേവനങ്ങളുടെ (GBS) ആസ്ഥാനം സ്ഥാപിച്ചു.ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്, ധനകാര്യം, നിയമം, ഉപഭോക്തൃ പരിചരണം, പരിവർത്തനം എന്നിവയടക്കമുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തന്ത്രപരമായ കേന്ദ്രമായി ഇത് വർത്തിക്കുന്നു. 9,000-ത്തിലധികം ജീവനക്കാരുടെ തൊഴിൽ ശക്തിയുള്ള GBS,
ലോകമെമ്പാടുമുള്ള 160 ഏജൻസികളെ പിന്തുണയ്ക്കുന്നു, 261 പ്രക്രിയകളുടെയും 158 വകുപ്പുകളുടെയും മേൽനോട്ടം വഹിക്കുന്നു, ഗ്രൂപ്പിന്റെ ബിസിനസ് പ്രക്രിയകളുടെ 60% ത്തിലധികം സംഭാവന നൽകുന്നു.
CMA CGM-ൻ്റെ ലോജിസ്റ്റിക്സ് അനുബന്ധ സ്ഥാപനമായ CEVA ലോജിസ്റ്റിക്സ്, 31 ഇന്ത്യൻ നഗരങ്ങളിലായി 105 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു, ഏകദേശം 900,000 ചതുരശ്ര മീറ്റർ വെയർഹൗസ് കൈകാര്യം ചെയ്യുന്നു. 2023-ൽ സ്റ്റെല്ലാർ VCSൻ്റെ ഏറ്റെടുക്കൽ ഇന്ത്യയുടെ കരാർ ലോജിസ്റ്റിക്സ് മേഖലയിൽ CEVA ലോജിസ്റ്റിക്സിന്റെ പങ്ക് കൂടുതൽ വിപുലമാക്കി. പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ആഗോള വൈദഗ്ധ്യവും നൂതനമായ പരിഹാരങ്ങളും വാഗ്ദാനം ചെയ്തു.
ഇന്ത്യയിലെ മുൻനിര കപ്പൽ നിർമ്മാതാവായ കൊച്ചിൻ ഷിപ്പ്‌യാർഡ്, മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത്കാൽ വിഷൻ 2047 എന്നിവയ്ക്ക് കീഴിൽ രാജ്യത്തെ ഒരു ആഗോള സമുദ്ര ശക്തിയാക്കി വികസിപ്പിക്കാനുള്ള ഭാരത സർക്കാരിൻ്റെ ഉദ്യമങ്ങൾക്ക് തുടക്കമിടുകയാണ്. ഈ പദ്ധതി അത്തരം സംരംഭങ്ങൾക്കുള്ള മികച്ച ഒരു ഉദാഹരണമാണ്.
1: ഇന്ത്യയിൽ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, ഉത്പന്നങ്ങൾ പ്രാദേശികമായി നിർമ്മിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിക്ഷേപം ആകർഷിക്കുന്നതിനുമായി ആരംഭിച്ച സർക്കാർ സംരംഭമാണ് മെയ്ക്ക് ഇൻ ഇന്ത്യ.
2: പ്രാദേശിക ഉത്പാദനം, നൂതനാശയങ്ങൾ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭമാണ് ആത്മനിർഭർ ഭാരത്.
*****
LPSS
( റിലീസ് ഐ.ഡി: 2179366)
സന്ദര്‍ശക കൗണ്ടര്‍ : 56