പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പുനർവികസന പദ്ധതികൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു

പോസ്റ്റഡ് ഓണ്‍: 10 OCT 2025 4:37PM by PIB Thiruvananthpuram

കോഴിക്കോട്, 10 ഒക്ടോബർ 2025: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പുരോഗമിച്ചു വരുന്ന  പുനർവികസന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ന്യൂനപക്ഷകാര്യ,  ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയ സഹമന്ത്രി ശ്രീ ജോർജ്ജ്  കുര്യൻ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വിശദമായ അവലോകന യോഗം ചേർന്നു. കോഴിക്കോട് പാർലമെന്റ് അംഗം ശ്രീ എം. കെ. രാഘവനും യോഗത്തിൽ പങ്കെടുത്തു. പാലക്കാട് ഡിവിഷൻ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ മധുകർ റോട്ട്; അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ശ്രീ എസ്. ജയകൃഷ്ണൻ; എറണാകുളം കൺസ്ട്രക്ഷൻ ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥർ; പാലക്കാട് ഡിവിഷനിലെ മുതിർന്ന ബ്രാഞ്ച് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സഞ്ചാര മേഖലകൾ  മെച്ചപ്പെടുത്തൽ എന്നിവയുൾപ്പെടെ പുനർവികസന പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ പുരോഗതി കേന്ദ്ര മന്ത്രി അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തു. അടുത്ത വർഷം ജൂണിൽ പുനർവികസന പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കോഴിക്കോട് സ്റ്റേഷനിലെ ആരോഗ്യ യൂണിറ്റിൻ്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായതായും ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി മൾട്ടി ലെവൽ കാർ പാർക്കിംഗ് സൗകര്യത്തിൻ്റെ നിർമ്മാണം നടന്നുവരുന്നതായും മന്ത്രിയെ അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി തൻ്റെ മുൻ സന്ദർശന വേളയിൽ പ്രഖ്യാപിച്ച ഐടി പാർക്ക് സമയബന്ധിതമായി ഏറ്റെടുത്ത് പൂർത്തിയാക്കുമെന്ന് ശ്രീ കുര്യൻ പറഞ്ഞു.

അവലോകന യോഗത്തിന് ശേഷം, മന്ത്രിയും എംപിയും സ്റ്റേഷൻ പരിസരവും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളും പരിശോധിച്ചു.

ലോകോത്തര സ്റ്റേഷനുകൾക്കായുള്ള ഇന്ത്യൻ റെയിൽവേയുടെ കാഴ്ചപ്പാടിന് അനുസൃതമായി, നവീകരിച്ച അടിസ്ഥാന സൗകര്യങ്ങളും  മെച്ചപ്പെട്ട സൗകര്യങ്ങളും  കൂടുതൽ മനോഹരവുമായ, ആധുനികവും യാത്രക്കാർക്ക് അനുയോജ്യമായതുമായ ഒരു ടെർമിനലാക്കി കോഴിക്കോട് റെയിൽവേ സ്റ്റേഷനെ മാറ്റുവാൻ പുനർവികസന പദ്ധതികൾ ലക്ഷ്യമിടുന്നു.

 

 

****


( റിലീസ് ഐ.ഡി: 2177379) സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക: English