വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്റെ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) 2025 ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരും
അടുത്ത 15 വര്‍ഷത്തിനകം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 10 ലക്ഷം പ്രത്യക്ഷ തൊഴിലുകളും കരാര്‍ ഉറപ്പാക്കും
Posted On:
30 SEP 2025 4:02PM by PIB Thiruvananthpuram
ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്റെ വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (TEPA) 2025 ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരും. 2024 മാര്‍ച്ച് 10ന് ന്യൂഡല്‍ഹിയിലാണ് കരാര്‍ ഒപ്പുവെച്ചത്. ആധുനികവും അഭിലഷണീയവുമായ TEPA, ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിക്ഷേപം, തൊഴില്‍ സൃഷ്ടി എന്നിവയുമായി ബന്ധപ്പെട്ട പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന ആദ്യ കരാറാണ്.
ചരക്കുകളുമായി ബന്ധപ്പെട്ട വിപണി പ്രവേശം, ചരക്കുകളുടെ ഉത്ഭവ നിയമങ്ങള്‍, വ്യാപാര സൗകര്യങ്ങള്‍, വ്യാപാര പ്രതിവിധികള്‍, ശുചിത്വ സസ്യാരോഗ്യ നടപടികള്‍, സാങ്കേതിക വ്യാപാര തടസങ്ങള്‍, നിക്ഷേപ പ്രോത്സാഹനം, സേവനങ്ങളുടെ വിപണി പ്രവേശം, ബൗദ്ധിക സ്വത്തവകാശങ്ങള്‍, വ്യാപാരം, സുസ്ഥിര വികസനം, മറ്റ് നിയമ പൊതു വ്യവസ്ഥകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 14 അധ്യായങ്ങള്‍ ഈ കരാറില്‍ ഉള്‍പ്പെടുന്നു.
കരാറിലൂടെ ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്റെ വിപണി പ്രവേശന വാഗ്ദാനത്തില്‍ 100% കാര്‍ഷികേതര ഉല്പന്നങ്ങളും സംസ്‌കരിച്ച കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ ഇളവും ഉള്‍പ്പെടുന്നു. ഔഷധം, മെഡിക്കല്‍ ഉപകരണങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യപദാര്‍ഥങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട സംവേദനക്ഷമത കണക്കിലെടുത്താണ് വാഗ്ദാനം.
ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമപ്പുറം അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യയില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ വര്‍ധനയ്ക്കും ഈ നിക്ഷേപങ്ങളിലൂടെ രാജ്യത്ത് 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കരാര്‍ ലക്ഷ്യമിടുന്നു.
കരാറിന്റെ പ്രധാന സവിശേഷതകള്‍
ചരക്കുകളിലും സേവനങ്ങളിലും അന്താരാഷ്ട്ര വ്യാപാരം മെച്ചപ്പെടുത്തുന്നതിന് വളര്‍ന്നുവരുന്ന നിരവധി അവസരങ്ങളടങ്ങുന്ന സുപ്രധാന പ്രാദേശിക കൂട്ടായ്മയാണ് ഇന്ത്യ-യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര അസോസിയേഷന്‍ (ഇഎഫ്ടിഎ). യൂറോപ്പിലെ മൂന്ന് പ്രധാന സാമ്പത്തിക കൂട്ടായ്മകളിലൊന്നാണ് ഇഎഫ്ടിഎ (യൂറോപ്യന്‍ യൂണിയനും യുകെയുമാണ് മറ്റുള്ളവ). ഇഎഫ്ടിഎ രാജ്യങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. നോര്‍വേയാണ് രണ്ടാമത്.
പ്രത്യേക ഉല്പാദന മേഖലകളിലേക്ക് പ്രവേശനം നല്‍കിയും അനുകൂല വ്യാപാരനിക്ഷേപ അന്തരീക്ഷം സൃഷ്ടിച്ചും ഇന്ത്യന്‍ കയറ്റുമതിക്കാരെ ഈ കരാര്‍ ശാക്തീകരിക്കും. രാജ്യത്ത് നിര്‍മിക്കുന്ന ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്ന ഈ നടപടി കൂടുതല്‍ വിപണി ലഭ്യത ഉറപ്പാക്കാന്‍ സേവന മേഖലയ്ക്ക് അവസരങ്ങള്‍ നല്‍കും.
നിക്ഷേപ, തൊഴില്‍ പ്രതിബദ്ധതകള്‍
TEPA-യിലെ അനുച്ഛേദം 7.1 പ്രകാരം കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇഎഫ്ടിഎ രാജ്യങ്ങള്‍ അവരുടെ നിക്ഷേപകരിലൂടെ 10 വര്‍ഷത്തിനകം 50 ബില്യണ്‍ യുഎസ് ഡോളറും, അടുത്ത 5 വര്‍ഷത്തിനകം അധികമായി 50 ബില്യണ്‍ യുഎസ് ഡോളറുമടക്കം 15 വര്‍ഷത്തിനകം ഇന്ത്യയിലേക്ക് ആകെ 100 ബില്യണ്‍ യുഎസ് ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഈ നിക്ഷേപ പ്രവാഹത്തിന്റെ ഫലമായി ഇന്ത്യയില്‍ 10 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സഹായിക്കാനും ഇഎഫ്ടിഎ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നു.
ഉത്പാദന ശേഷിവര്‍ധനയ്ക്കായി ദീര്‍ഘകാല മൂലധനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ നിക്ഷേപ പ്രതിബദ്ധതയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം (എഫ്പിഐ) ഉള്‍പ്പെടുന്നില്ല.
ചരക്കുകളുടെ വിപണി പ്രവേശം
ഇന്ത്യയുടെ 99.6% കയറ്റുമതി ഉള്‍ക്കൊള്ളുന്ന 92.2% തീരുവ നിരക്കുകളില്‍ ഈ കരാര്‍ പ്രകാരം ഇഎഫ്ടിഎ ഇളവുകള്‍ വാഗ്ദാനം ചെയ്തു. 100% കാര്‍ഷികേതര ഉത്പന്നങ്ങളും സംസ്‌കരിച്ച കാര്‍ഷിക ഉത്പന്നങ്ങളിലെ തീരുവ ഇളവുകളും ഇതിലുള്‍പ്പെടുന്നു.
ഇഎഫ്ടിഎയ്ക്ക് ഇന്ത്യ നല്‍കിയ വാഗ്ദാനത്തില്‍ ഇഎഫ്ടിഎയുടെ 95.3% കയറ്റുമതികളുടെ 82.7% തീരുവ നിരക്കുകള്‍ ഉള്‍പ്പെടുന്നു. ഈ ഇറക്കുമതിയുടെ 80%ത്തിലധികം വരുന്ന സ്വര്‍ണത്തിന്റെ നിലവിലെ തീരുവയില്‍ മാറ്റമില്ല. മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, പാലുത്പന്നങ്ങള്‍, സോയ, കല്‍ക്കരി, പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങി സംവേദനക്ഷമതയുള്ള മേഖലകള്‍ സംരക്ഷിച്ചിരിക്കുന്നു.

സേവനങ്ങള്‍ക്കും ഗതാഗതത്തിനും ഉണര്‍വ്
105 ഉപമേഖലകളില്‍ ഇന്ത്യ പ്രതിബദ്ധത വാഗ്ദാനം ചെയ്തു.
ഇഎഫ്ടിഎയുടെ പ്രതിബദ്ധതകള്‍: 128 (സ്വിറ്റ്‌സര്‍ലന്‍ഡ്), 114 (നോര്‍വേ), 107 (ലീച്ചെന്‍സ്‌റ്റൈന്‍), 110 (ഐസ്‌ലാന്‍ഡ്).
നഴ്‌സിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ പ്രൊഫഷണല്‍ സേവനങ്ങളില്‍ പരസ്പര അംഗീകാരത്തോടെയുള്ള കരാറുകള്‍ക്ക് (എംആര്‍എ) TEPA അവസരം നല്‍കുന്നു.
ഐടി, ബിസിനസ് സേവനങ്ങള്‍, സാംസ്‌കാരിക വിനോദ സേവനങ്ങള്‍, വിദ്യാഭ്യാസം, ദൃശ്യശ്രവ്യ സേവനങ്ങള്‍ എന്നിവയില്‍ ഈ കരാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.
താഴെ പറയുന്ന രീതികളില്‍ മെച്ചപ്പെട്ട പ്രവേശനം ലഭിക്കുന്നു:
രീതി 1: സേവനങ്ങളുടെ ഡിജിറ്റല്‍ വിതരണം
രീതി 3: വാണിജ്യപരമായ സാന്നിധ്യം
രീതി 4: പ്രധാന ഉദ്യോഗസ്ഥരുടെ പ്രവേശനത്തിനും താല്‍ക്കാലിക താമസത്തിനും കൂടുതല്‍ പിന്തുണ.
ബൗദ്ധിക സ്വത്തവകാശങ്ങള്‍
ബൗദ്ധിക സ്വത്തവകാശങ്ങളുടെ വാണിജ്യപരമായ തലങ്ങള്‍ അഥവാ TRIPS നിലവാരത്തിലുള്ള ബൗദ്ധിക സ്വത്തവകാശ പ്രതിബദ്ധതകളാണ് TEPA കരാര്‍ ഉറപ്പാക്കുന്നത്. ഐപിആറിന്റെ ഉയര്‍ന്ന നിലവാരം പ്രകടമാക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള ബൗദ്ധിക സ്വത്തവകാശങ്ങളുടെ അധ്യായം ശക്തമായ ഐപിആര്‍ നിര്‍വഹണത്തെ സൂചിപ്പിക്കുന്നു. ജനറിക് മരുന്നുകളിലെ ഇന്ത്യയുടെ താല്പര്യങ്ങളും പേറ്റന്റുകളുടെ കാലാവധി നീട്ടുന്ന തന്ത്രങ്ങള്‍ സംബന്ധിച്ച ആശങ്കകളും പൂര്‍ണമായി പരിഹരിച്ചിട്ടുണ്ട്.
സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനം
സുസ്ഥിര വികസനം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, സാമൂഹ്യപുരോഗതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ ഊന്നല്‍ നല്‍കുന്നു. വ്യാപാര നടപടിക്രമങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ലളിതവല്‍ക്കരണവും ഏകോപനവും സ്ഥിരതയും കരാര്‍ പ്രോത്സാഹിപ്പിക്കും.
തൊഴില്‍, നൈപുണ്യം, സാങ്കേതിക സഹകരണം
അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യയിലെ യുവ തൊഴിലാളികള്‍ക്ക് വന്‍തോതില്‍ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ ആക്കം കൂട്ടും. മെച്ചപ്പെട്ട തൊഴില്‍ സാങ്കേതിക പരിശീലന സൗകര്യങ്ങളും ഇതിലുള്‍പ്പെടുന്നു. കൃത്യതയാര്‍ന്ന എന്‍ജിനീയറിങ്, ആരോഗ്യശാസ്ത്രം, പുനരുപയോഗ ഊര്‍ജം, നൂതനാശയങ്ങള്‍, ഗവേഷണവികസനം എന്നിവയില്‍ ആഗോള മുന്‍നിര സാങ്കേതികവിദ്യകളിലേക്ക് പ്രവേശനം നേടാനും കരാര്‍ സഹായിക്കുന്നു.
വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറില്‍ വിവിധ മേഖലകള്‍ക്ക് കീഴിലെ നേട്ടങ്ങള്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക:
************************
(Release ID: 2173338)
Visitor Counter : 8