പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
തേവര മത്സ്യ മാർക്കറ്റിൽ ശുചിത്വ ബോധവൽക്കരണ പരിപാടിയുമായി ഐസിഎആർ–സിഐഎഫ്ടി
Posted On:
26 SEP 2025 4:37PM by PIB Thiruvananthpuram
എറണാകുളത്തെ തേവര മത്സ്യ മാർക്കറ്റിൽ സ്വച്ഛതാ ഹി സേവാ കാമ്പയിനിന്റെ ഭാഗമായി ഐസിഎആർ–സിഐഎഫ്ടി ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ഉണ്ടാകേണ്ട വൃത്തി, ശുചിത്വം, മാലിന്യ സംസ്കരണ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്വച്ഛതാ ഹി സേവാ കാമ്പയിൻ. ഐസിഎആർ–സിഐഎഫ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പെ. ജയ ജയന്തി സമ്മേളനത്തെ സ്വാഗതം ചെയ്യുകയും പരിപാടിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.തേവര സർക്കിൾ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷാജ് സുബാഷ് പൊതുജനാരോഗ്യത്തിനും വിപണി പ്രശസ്തിക്കും ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. 'ഉത്തരവാദിത്തപരമായ കൈകാര്യം ചെയ്യൽ, ശുചിത്വ മാർക്കറ്റിംഗ് രീതികൾ, മത്സ്യ മാലിന്യ ഉപയോഗം' എന്ന വിഷയത്തിൽ ഐസിഎആർ-സിഐഎഫ്ടിയിലെ സീനിയർ സയന്റിസ്റ്റ് ഡോ. മാർട്ടിൻ സേവ്യർ ഒരു ബോധവൽക്കരണ സെഷൻ നടത്തി. കൂടാതെ, മത്സ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ സിഐഎഫ്ടി റാപ്പിഡ് ടെസ്റ്റിംഗ് കിറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിപുലമായ വിശദീകരണവും നടത്തി. മലിനീകരണ സാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള മത്സ്യ കൈകാര്യം ചെയ്യൽ, മാലിന്യ നിർമാർജനം, ശുചിത്വ നടപടികൾ എന്നിവയാണ് ഈ സെഷനിൽ പ്രതിബാധിച്ചത്.

കൂടാതെ, മാർക്കറ്റിന്റെ പതിവ് പരിപാലനത്തെ പിന്തുണയ്ക്കുന്നതിനായി മത്സ്യ വിൽപ്പനക്കാർക്കും ശുചീകരണ തൊഴിലാളികൾക്കും ക്ലീനിംഗ്, ശുചിത്വ കിറ്റുകൾ -കയ്യുറകൾ, പൊതു മാലിന്യ ബിന്നുകൾ, ബക്കറ്റുകൾ, കപ്പുകൾ, അണുനാശിനി ഏജന്റുകൾ എന്നിവ വിതരണം ചെയ്തു. അതോടൊപ്പം 'മത്സ്യ മാർക്കറ്റുകളിലെ ശുചിത്വ കൈകാര്യം ചെയ്യൽ', 'മത്സ്യത്തിലെ വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കൽ' എന്നിവയെക്കുറിച്ചുള്ള രണ്ട് ലഘുലേഖകൾ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. മത്സ്യ വിൽപ്പനക്കാർ, ചില്ലറ വ്യാപാരികൾ, ക്ലീനിംഗ് ജീവനക്കാർ എന്നിവർക്കിടയിൽ ശുചിത്വത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.


*****************
(Release ID: 2171750)
Visitor Counter : 5