പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
മത്സ്യ ഉത്പാദന രംഗത്ത് രാജ്യം വികസനക്കുതിപ്പിൽ; സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കേരളം മാതൃക: കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്
വളർച്ചയുടെ പുതിയ അവസരങ്ങൾക്ക് സമുദ്രം വഴിതുറക്കുന്നു: കേന്ദ്ര തുറമുഖ മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ
കേന്ദ്ര സഹായത്തോടെ കേരളം മത്സ്യബന്ധന മേഖലയിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കി: കേന്ദ്ര ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ
ബ്ലൂ ടൈഡ്സ് കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലേവിന് തുടക്കമായി
Posted On:
19 SEP 2025 3:38PM by PIB Thiruvananthpuram

മത്സ്യ ഉത്പാദന രംഗത്ത് രാജ്യം വികസനക്കുതിപ്പിലാണെന്നും സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്. മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ കേരള ഗവൺമെന്റ് സംഘടിപ്പിച്ച ബ്ലൂ ടൈഡ്സ് കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദക രാജ്യമാണെന്ന് പറഞ്ഞ അദ്ദേഹം, 2014-15-ൽ 9.6 ദശലക്ഷം ടൺ ആയിരുന്ന ഇന്ത്യയുടെ മത്സ്യോത്പാദനം 2024-2025-ൽ 19.5 ദശലക്ഷം ടണ്ണായി വർധിച്ചുവെന്ന് ചൂണ്ടിക്കാട്ടി.

സമുദ്ര സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കേരളം തങ്ങളുടെ പ്രതിബദ്ധത തുടരണമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി, മത്സ്യബന്ധന മേഖലയിലെ പ്രവർത്തനങ്ങൾക്കായി 1346 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയിലൂടെയും മറ്റ് പദ്ധതികളിലൂടെയും കേന്ദ്ര ഗവൺമെൻ്റ് കേരളത്തിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളർച്ചയുടെ പുതിയ അവസരങ്ങൾക്ക് സമുദ്രം പ്രധാന പങ്കുവഹിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിലൂടെ കോൺക്ലേവിനെ അഭിസംബോധന ചെയ്ത കേന്ദ്ര തുറമുഖ - കപ്പൽ - ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു. കടലിന്റെ ശക്തി സംരക്ഷിക്കുന്നതിനൊപ്പം ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനുള്ള വഴികളും പരിശോധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള - യൂറോപ്യൻ യൂണിയൻ ബ്ലൂ ഇക്കോണമി കോൺക്ലേവ് കേവലം സംഭാഷണത്തിനുള്ള വേദി മാത്രമല്ല, സമുദ്ര സമ്പദ്‌വ്യവസ്ഥയോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ വേദി കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ കേരളത്തിൽ 7 ആധുനിക മത്സ്യബന്ധന തുറമുഖങ്ങൾ, 9 സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, കാലാവസ്ഥയെ അതിജീവിക്കുന്ന 6 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, 2 അത്യാധുനിക മത്സ്യ മാർക്കറ്റുകൾ, ഐ എസ് ആർ ഒയുമായി സഹകരിച്ച് മത്സ്യത്തൊഴിലാളികൾക്കുള്ള 6500 ട്രാൻസ്പോണ്ടറുകൾ തുടങ്ങിയവ പ്രവർത്തനക്ഷമമാക്കിയെന്ന് കോൺക്ലേവിൽ മുഖ്യാതിഥിയായി സംസാരിച്ച കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പറഞ്ഞു. നിലവിലെ ആഗോള സാഹചര്യത്തിൽ ഇന്ത്യ - യൂറോപ്യൻ യൂണിയൻ ബന്ധം അടുത്ത തലത്തിലേക്ക് എത്തിക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തവും പ്രതിജ്ഞാബദ്ധതയുമാണ് എന്ന പ്രധാനമന്ത്രിയുടെ ദർശനം കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. മികച്ച തൊഴിൽ വിഭവ ശേഷിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം, യൂറോപ്യൻ യൂണിയനുമായി കൂടുതൽ വാണിജ്യ ബന്ധങ്ങൾക്ക് സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൃദ്ധി, സുസ്ഥിരത, മനുഷ്യ പുരോഗതി എന്നിവയ്ക്കായുള്ള ശ്രമങ്ങളാണ് യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺക്ലേവ് യാഥാർത്ഥ്യമാക്കിയതിൽ കേന്ദ്ര ഗവൺമെന്റിനും യൂറോപ്യൻ യൂണിയനും കോൺക്ലേവിന്റെ മറ്റ് പങ്കാളികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസിഡർ ശ്രീ ഹെർവ് ഡെൽഫിൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മന്ത്രിമാരായ ശ്രീ കെ എൻ ബാലഗോപാൽ, ശ്രീ കെ രാജൻ, ശ്രീ പി എ മുഹമ്മദ് റിയാസ്, ശ്രീ ജെ ചിഞ്ചുറാണി, ശ്രീ വീണാ ജോർജ്, കടന്നപ്പള്ളി രാമചന്ദ്രൻ, വ്യവസായി ശ്രീ എം എ യൂസഫ് അലി, ശ്രീ കെ വി തോമസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 18 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും, ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും ചടങ്ങിൽ പങ്കാളികളായി. കേരള ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബി IAS ചടങ്ങിൽ നന്ദി പറഞ്ഞു.
***
SK
(Release ID: 2168474)
Visitor Counter : 9