ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്ത്രീ ശാക്തീകരണവും പോഷകാഹാരവുമാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ പ്രധാന മുൻഗണനകൾ; ഈ ദർശനത്താൽ നയിക്കപ്പെടുന്നതാണ് മിക്ക പദ്ധതികളും: ശ്രീ ജോർജ്ജ് കുര്യൻ


‘സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ’ വഴി സ്ത്രീ ശാക്തീകരണത്തിന് ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണ്: ശ്രീ ജോർജ്ജ് കുര്യൻ

Posted On: 18 SEP 2025 4:03PM by PIB Thiruvananthpuram

സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ അഭിപ്രായപ്പെട്ടു. മിക്ക കേന്ദ്ര ഗവൺമെൻറ് പദ്ധതികളും ഈ ദർശനത്താൽ നയിക്കപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യം നേടാൻ  സ്ത്രീകൾക്ക് ശരിയായ പോഷകാഹാരം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ രാജ്യവ്യാപക ആരോഗ്യ സംരംഭമായ "സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ" ന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്തെ വെൺപകൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) നടന്ന സംസ്ഥാനതല മൾട്ടിസ്പെഷ്യാലിറ്റി ഹെൽത്ത് ക്യാമ്പ് സന്ദർശിക്കുകയായിരുന്നു ശ്രീ കുര്യൻ. മധ്യപ്രദേശിലെ ധാറിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച ആരോഗ്യ സംരംഭം, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്, സമഗ്രവും വിദഗ്ദ്ധവുമായ വൈദ്യസഹായം നൽകുന്നതിനായി രാജ്യമെമ്പാടും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

ഗുണഭോക്താക്കളുമായി സംവദിച്ച ശ്രീ കുര്യൻ, എല്ലാ പങ്കാളികളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ആരോഗ്യമേഖലയിൽ വിജയം സാധ്യമാകൂ എന്ന് ഓർമ്മിപ്പിച്ചു. കേന്ദ്ര ഗവൺമെൻറ്, 'നാരി ശക്തി'യെ വികസിത ഭാരതത്തിന്റെ ഒരു പ്രധാന സ്തംഭമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്ത്രീകൾ നയിക്കുന്ന വികസനം കൊണ്ടുവരുന്നതിനുള്ള ഒരു സംരംഭമാണ് 'സ്വസ്ത് നാരി സശക്ത് പരിവാർ' എന്നും അദ്ദേഹം പ്രസ്താവിച്ചു.

വിഭവങ്ങളുടെ അഭാവം മൂലം ഒരു സ്ത്രീയും രോഗബാധിതയാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം അടിവരയിട്ടു. ആരോഗ്യമുള്ള ഒരു സ്ത്രീക്ക് മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ കഴിയൂ. ഇന്ത്യയിലെ എല്ലാ മെഡിക്കൽ ജീവനക്കാരുടെയും സമർപ്പിത സേവനത്തിന് ശ്രീ കുര്യൻ അവരെ അഭിനന്ദിച്ചു.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ആചരിക്കുന്ന പോഷണ  മാസാചരണത്തോട് ചേർന്ന് നടത്തുന്ന അഭിയാൻ 2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടക്കും. പരിപാടി ഗാന്ധി ജയന്തി ദിനത്തിൽ സമാപിക്കും. ഈ അഭിയാന്റെ ഭാഗമായി, രാജ്യമെമ്പാടും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും, അവിടെ സ്ത്രീകൾക്ക് സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യ സേവനങ്ങൾ നൽകും.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (എഎഎം), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സിഎച്ച്സി), മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. രണ്ടാഴ്ചയ്ക്കിടെ സംഘടിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: സ്ത്രീകളുടെ ആരോഗ്യ പരിശോധന, മാതൃ-ശിശു സംരക്ഷണം, അവബോധവും പെരുമാറ്റ മാറ്റവും, നിക്ഷയ് മിത്ര എൻറോൾമെന്റ് ഡ്രൈവ്, രക്തദാന ക്യാമ്പുകൾ. പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി ആരോഗ്യ ക്യാമ്പുകൾ നടത്തുന്നതിന് സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഈ ഡ്രൈവിൽ പങ്കുചേരണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഭ്യർത്ഥിച്ചു. സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ, സൗജന്യ മരുന്നുകളുടെ വിതരണം, ആവശ്യമുള്ളവർക്ക് കൗൺസിലിംഗ്  എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ സേവനങ്ങൾ ക്യാമ്പ് വാഗ്ദാനം ചെയ്യും.

 

-SK-


(Release ID: 2168189) Visitor Counter : 9
Read this release in: English