പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കേരള-യൂറോപ്യൻ യൂണിയൻ കോൺക്ലേവിന് തിരുവനന്തപുരത്ത് തുടക്കം: കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയാകും

Posted On: 18 SEP 2025 3:31PM by PIB Thiruvananthpuram

മത്സ്യബന്ധന മേഖലയിലെ സുസ്ഥിരത ഉറപ്പാക്കാൻ കേരള ​ഗവൺമെന്റ് സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ് കേരള - യൂറോപ്യൻ യൂണിയൻ കോൺക്ലേവിന് തിരുവനന്തപുരം കോവളത്ത് തുടക്കമായി. കോൺക്ലേവിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നാളെ (സെപ്റ്റംബർ 19)  നടക്കും. ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷ കാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന കോൺക്ലേവിൽ ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവെ ഡെൽഫിന്റെ നേതൃത്വത്തിൽ നൂറോളം പേരടങ്ങുന്ന സംഘം പങ്കെടുക്കും.

ഫെഡറേഷൻ ഓഫ് യൂറോപ്യൻ ബിസിനസ് ഇൻ ഇന്ത്യ പ്രതിനിധികളും സംസ്ഥാനത്തെ വ്യവസായ പ്രമുഖരും വിദഗ്ധരും വിവിധ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യവസായികളും ഉൾപ്പെടെ 750 ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുക. ബ്ലൂ ഇക്കോണമി, വ്യാവസായിക ക്ലസ്റ്ററുകൾ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, കുടിയേറ്റം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കോൺക്ലേവിലൂടെ 500 കോടി യൂറോയുടെ വരെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. 

സുസ്ഥിരമായ രീതിയിൽ സമുദ്ര വിഭവങ്ങൾ ഉപയോഗിച്ച് സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും ഉപജീവന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമൊപ്പം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ബ്ലൂ ഇക്കോണമി കോൺക്ലേവിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തീരമേഖലയുടെ സമഗ്ര വികസനം, മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യ മാർക്കറ്റുകളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തൽ, അനുബന്ധ വ്യവസായങ്ങളും കയറ്റുമതിയും വിപുലമാക്കൽ, മൂല്യ വർധിത ഉല്പന്നങ്ങളുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ലക്ഷ്യമിട്ട് വൻ തോതിൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികളാണ് കോൺക്ലേവിലൂടെ ഫിഷറീസ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

ആയുഷ് വകുപ്പുമായി ചേർന്ന് കേരളത്തിൽ വെൽനെസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം യൂറോപ്യൻ രാജ്യങ്ങളിലും വെൽനെസ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ സാധ്യത കൂടി കോൺക്ലേവിൽ തേടും. യൂറോപ്യൻ സർവകലാശാലകളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്.

***

SK


(Release ID: 2168037) Visitor Counter : 5
Read this release in: English