പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
മത്സ്യ ശക്തി പദ്ധതിയുടെ ലക്ഷ്യം സംരംഭകത്വ വികസനം: കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ
ന്യൂനപക്ഷകാര്യ മന്ത്രാലയവും സിഎംഎഫ്ആർഐയും നടപ്പിലാക്കുന്ന മത്സ്യ ശക്തി സംരംഭം കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു
Posted On:
28 AUG 2025 6:20PM by PIB Thiruvananthpuram

മത്സ്യത്തൊഴിലാളി സമൂഹത്തിനിടയിലെ സംരംഭകത്വം വികസിപ്പിക്കുകയാണ് മത്സ്യ ശക്തി സംരംഭത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ. തിരുവനന്തപുരം കോവളത്തുള്ള ആനിമേഷൻ സെന്ററിൽ പ്രധാൻ മന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) പദ്ധതിയ്ക്ക് കീഴിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് നടപ്പിലാക്കുന്ന മത്സ്യ ശക്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യോൽപാദനം, കൂടു കൃഷി, സ്ത്രീകൾക്കായി നേതൃ പരിശീലനം എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് പദ്ധതിക്ക് കീഴിൽ വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വിവരിച്ചു. ലൈഫ് സ്കില്ലുകളിൽ സ്ത്രീകൾക്ക് പരിശീലനം നൽകും, ഇതിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ശ്രീ ജോർജ്ജ് കുര്യൻ പറഞ്ഞു. മത്സ്യ കർഷക, ഉല്പാദന സംഘടനകൾ രൂപീകരിച്ചാൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ സാമ്പത്തിക പിന്തുണ ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, യഥാർത്ഥ മത്സ്യത്തൊഴിലാളികളെ മാത്രമാണ് ഈ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതെന്നും കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഗുണഭോക്താക്കൾ തൊഴിൽ ദായകരായി മാറണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.


പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിന് പിന്തുണ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. തൊഴിൽ സാധ്യതകളൊരുക്കി മികച്ച വേതനം ഉറപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഈ ലക്ഷ്യത്തോടെയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പരിശീലനം നൽകുന്നത്. വിവിധ ഗവൺമെൻ്റ് പദ്ധതികളുടെ ഗുണഭോക്താക്കളാകാനും മത്സ്യമേഖലയിലെ കൺസൾട്ടന്റുമാരാകാനും ഈ പരിശീലനം ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ മാത്രമല്ല, 15-25 ശതമാനം വരെയുള്ള ഭൂരിപക്ഷ വിഭാഗങ്ങളെയും ഇത്തരം പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എല്ലാ മത്സ്യത്തൊഴിലാളികളും രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഇത് അടിസ്ഥാനമാക്കിയായിരിക്കും ഭാവിയിൽ ഫിഷറീസ് മേഖലയിലെ ആനുകൂല്യങ്ങൾ ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി ശ്രീ അങ്കുർ യാദവും സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്ജും ഒപ്പുവെച്ചു. മത്സ്യങ്ങളുടെ ചെവിക്കല്ലിൽ നിന്നുള്ള ആഭരണ നിർമാണത്തിൽ പരിശീലനം ലഭിച്ചവർ തങ്ങൾ നിർമിച്ച ആഭരണങ്ങൾ ശ്രീ ജോർജ്ജ് കുര്യന് സമ്മാനിച്ചു. രണ്ട് സമുദ്ര അലങ്കാര മത്സ്യങ്ങളായ ലെമൺ ഡാംസെൽ, ക്ലൗൺ ഗോബി എന്നിവയുടെ ക്യാപ്റ്റീവ് ബ്രീഡിംഗിലും വിത്ത് ഉൽപാദനത്തിലും ഐസിഎആർ-സിഎംഎഫ്ആർഐ നേടിയ സുപ്രധാന മുന്നേറ്റങ്ങളുടെ ബ്രോഷർ കേന്ദ്ര സഹമന്ത്രി പ്രകാശനം ചെയ്തു. ലെമൺ ഡാംസെലിൻ്റെ വികസനം ശ്രീമതി രതി ഭുവനേശ്വരിയും, ക്ലൗൺ ഗോബിയുടേത് ശ്രീമതി കൃഷ്ണ സുകുമാരനുമാണ് നടത്തിയത്. ചടങ്ങിൽ കേന്ദ്ര മന്ത്രി ഈ രണ്ട് അലങ്കാര ഇനങ്ങൾ സമുദ്ര അക്വേറിയം സംരംഭകർക്ക് കൈമാറി. ഐസിഎആർ-സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ. സൂര്യ എസ് മത്സ്യ ശക്തി പദ്ധതിയെ കുറിച്ച് വിവരിച്ചു. നാഷണൽ ഫിഷറീസ് ഡെവലപ്പ്മെന്റ് ബോർഡ് (എൻഎഫ്‌ഡിബി) സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. കണ്ണപ്പൻ, വിഴിഞ്ഞം ഐസിഎആർ- സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. സന്തോഷ് ബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
പശ്ചാത്തലം
പ്രധാൻ മന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) പദ്ധതിയ്ക്ക് കീഴിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് മത്സ്യ ശക്തി സംരംഭം നടപ്പിലാക്കുന്നത്.
പിഎം വികാസ് പദ്ധതിയുടെ ഭാഗമായി, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള 690 പേർക്ക് പരിശീലനം നൽകുന്നതിൽ ഐസിഎആർ-സിഎംഎഫ്ആർഐ ശ്രദ്ധ കേന്ദ്രീകരിക്കും. പങ്കെടുക്കുന്നവരുടെ മേഖലാ പരിജ്ഞാനവും സംരംഭക കഴിവുകളും സജ്ജീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുവഴി വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭക പ്രോത്സാഹനം എന്നിവയിലൂടെ ന്യൂനപക്ഷ സമൂഹങ്ങളെ ശാക്തീകരിക്കുക എന്ന പദ്ധതിയുടെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.
മത്സ്യമേഖലയെ കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടികളാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്. ഭക്ഷ്യ-അലങ്കാര മത്സ്യ രംഗത്ത് സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതികവിദ്യകളിൽ പരിശീലനം നൽകും. കൂട് മത്സ്യകൃഷി, മത്സ്യ വിത്തുൽപാദനം, കൃത്രിമ പ്രജനനം, ഓയിസ്റ്റർ കൃഷി, കടൽപ്പായൽ കൃഷി തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം നൽകും.
690 ഉദ്യോഗാർത്ഥികളിൽ 270 പേർക്ക് പാരമ്പര്യേതര മത്സ്യബന്ധന അധിഷ്ഠിത കഴിവുകളിൽ പരിശീലനം നൽകും . ഇതിൽ 90 പേർക്ക് മത്സ്യവിഭവ ഉത്പാദനത്തിലും 180 പേർ കൂടുകൃഷി മത്സ്യകൃഷിയുടെ അടിസ്ഥാനതത്വങ്ങളിലുമാണ് പരിശീലനം നൽകുക. ഈ പ്രത്യേക കഴിവുകൾ മത്സ്യത്തൊഴിലാളികളുടെ സ്വയം തൊഴിൽ സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കും, അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് സംഭാവന നൽകുകയും ചെയ്യും. കൂടാതെ, 420 സ്ത്രീകൾക്ക് സ്വന്തം സംരംഭങ്ങൾ സ്ഥാപിക്കാനും കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നേതൃത്വ, സംരംഭകത്വ വികസന പരിപാടികളും സംഘടിപ്പിക്കും.
എല്ലാ ഉദ്യോഗാർത്ഥികൾക്കും പരിശീലന വേളയിൽ സ്റ്റൈപ്പൻഡുകൾ ലഭിക്കും. നൈപുണ്യ വികസനത്തിനു പുറമേ, സ്വയം തൊഴിൽ അവസരങ്ങൾക്കായി പങ്കാളികളെ കൈപിടിച്ചുയർത്തുന്നതിലും പദ്ധതി ഊന്നൽ നൽകുന്നു.
സമുദ്ര മത്സ്യബന്ധന മേഖലയിലെ ഗവേഷണം, നവീകരണം, ഇൻകുബേഷൻ എന്നിവയിൽ വൈദഗ്ധ്യത്തിന് പേരുകേട്ട ICAR-CMFRI, പരിശീലനവും മാർഗനിർദേശ പിന്തുണയും നൽകുന്ന നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കും. ഇന്ത്യയിലെ ആറ് വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനും ഉപജീവന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി മന്ത്രാലയത്തിന്റെ മുൻകാല നൈപുണ്യ, വിദ്യാഭ്യാസ പരിപാടികളെ ഒരു ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവന്ന പിഎം വികാസ് പദ്ധതി പ്രകാരം രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിരവധി മുൻനിര പദ്ധതികളിൽ ഒന്നാണിത്.
-SK-
(Release ID: 2161618)
Visitor Counter : 53