ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

പിഎം വികാസ് പദ്ധതി: ന്യൂനപക്ഷകാര്യ മന്ത്രാലയവും ഐസിഎആർ-സിഎംഎഫ്ആർഐയും സഹകരണത്തിനൊരുങ്ങുന്നു


ധാരണാപത്രം ഒപ്പുവയ്ക്കൽ ഓഗസ്റ്റ് 28-ന് (നാളെ) കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ്റെ സാന്നിധ്യത്തിൽ

Posted On: 27 AUG 2025 10:54AM by PIB Thiruvananthpuram


പ്രധാൻ മന്ത്രി വിരാസത് കാ സംവർധൻ (പിഎം വികാസ്) പദ്ധതിയ്ക്ക് കീഴിൽ  കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ അധ്യക്ഷത വഹിക്കും.  2025 ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്തെ കോവളത്തുള്ള ആനിമേഷൻ സെന്ററിൽ നടക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആരംഭിക്കും. നൈപുണ്യ പരിശീലനത്തിനും വനിതാ സംരംഭകത്വ വികസനത്തിനുമായാണ്  പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പിഎം വികാസ് പദ്ധതിയുടെ ഭാഗമായി, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള 690 പേർക്ക് പരിശീലനം നൽകുന്നതിൽ ഐസിഎആർ-സിഎംഎഫ്ആർഐ ശ്രദ്ധ കേന്ദ്രീകരിക്കും. പങ്കെടുക്കുന്നവരുടെ മേഖലാ പരിജ്ഞാനവും സംരംഭക കഴിവുകളും സജ്ജീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുവഴി വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭക പ്രോത്സാഹനം എന്നിവയിലൂടെ ന്യൂനപക്ഷ സമൂഹങ്ങളെ ശാക്തീകരിക്കുക എന്ന പദ്ധതിയുടെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.

690 ഉദ്യോഗാർത്ഥികളിൽ 270 പേർക്ക് പാരമ്പര്യേതര മത്സ്യബന്ധന അധിഷ്ഠിത കഴിവുകളിൽ പരിശീലനം നൽകും . ഇതിൽ 90 പേർക്ക് മത്സ്യവിഭവ ഉത്പാദനത്തിലും 180 പേർ കൂടുകൃഷി മത്സ്യകൃഷിയുടെ അടിസ്ഥാനതത്വങ്ങളിലുമാണ് പരിശീലനം നൽകുക. ഈ പ്രത്യേക കഴിവുകൾ മത്സ്യത്തൊഴിലാളികളുടെ സ്വയം തൊഴിൽ സാധ്യതകളെ ഗണ്യമായി വർദ്ധിപ്പിക്കും, അവരുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണത്തിന് സംഭാവന നൽകുകയും ചെയ്യും. കൂടാതെ, 420 സ്ത്രീകൾക്ക് സ്വന്തം സംരംഭങ്ങൾ സ്ഥാപിക്കാനും കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നേതൃത്വ, സംരംഭകത്വ വികസന പരിപാടികളും സംഘടിപ്പിക്കും.

എല്ലാ ഉദ്യോഗാർത്ഥികൾക്കും പരിശീലന വേളയിൽ സ്റ്റൈപ്പൻഡുകൾ ലഭിക്കും. നൈപുണ്യ വികസനത്തിനു പുറമേ, സ്വയം തൊഴിൽ അവസരങ്ങൾക്കായി പങ്കാളികളെ കൈപിടിച്ചുയർത്തുന്നതിലും പദ്ധതി ഊന്നൽ നൽകുന്നു.

സമുദ്ര മത്സ്യബന്ധന മേഖലയിലെ ഗവേഷണം, നവീകരണം, ഇൻകുബേഷൻ എന്നിവയിൽ വൈദഗ്ധ്യത്തിന് പേരുകേട്ട ICAR-CMFRI, പരിശീലനവും മാർഗനിർദേശ പിന്തുണയും നൽകുന്ന നിർവ്വഹണ ഏജൻസിയായി പ്രവർത്തിക്കും. ഇന്ത്യയിലെ ആറ് വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനും ഉപജീവന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി മന്ത്രാലയത്തിന്റെ മുൻകാല നൈപുണ്യ, വിദ്യാഭ്യാസ പരിപാടികളെ ഒരു ഏകീകൃത ചട്ടക്കൂടിലേക്ക് കൊണ്ടുവന്ന പിഎം വികാസ് പദ്ധതി പ്രകാരം രാജ്യത്തുടനീളം നടപ്പിലാക്കുന്ന നിരവധി മുൻനിര പദ്ധതികളിൽ ഒന്നാണിത്.

***

SK


(Release ID: 2161071)
Read this release in: English