പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും സ്വയം പര്യാപ്തത കൈവരിക്കണം: ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ


സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ്ണ ജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

Posted On: 01 AUG 2025 4:03PM by PIB Thiruvananthpuram

നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും രാജ്യം ഇറക്കുമതി ഇല്ലാതാക്കി സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയും ഐഎസ്ആർഒ ചെയർമാനുമായ ഡോ വി നാരായണൻ. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) സുവർണ്ണ ജൂബിലിയുടെ ഭാഗമായി  "നിർണായക മിനറലുകളിലും മെറ്റീരിയലുകളിലും  പുതിയ സാധ്യതകൾ" എന്ന വിഷയത്തിൽ  സംഘടിപ്പിച്ച കോൺക്ലേവിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ  ഇറക്കുമതിക്ക് പകരം തദ്ദേശീയ ഉല്പന്നങ്ങൾ കൊണ്ടുവരാൻ സിഎസ്ഐആർ സമൂഹം മാർഗരേഖ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയും, പ്രഗത്ഭരായ മനുഷ്യ വിഭവ ശേഷിയിലൂടെയും ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറ്റീരിയലുകൾ ഇല്ലാതെ ബഹിരാകാശ മേഖലയിലടക്കം രാജ്യത്തിന് മുന്നേറ്റം സാധ്യമല്ല. മെറ്റീരിയൽ സയൻസ് ശാഖയ്ക്ക് നിർണായക സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിടുമ്പോൾ ശാസ്ത്ര സാങ്കേതിക മേഖല ഉൾപ്പടെ എല്ലാ മേഖലയിലും രാജ്യം പുരോഗതി കൈവരിച്ചതായും ഡോ വി നാരായണൻ അഭിപ്രായപ്പെട്ടു. ഇതിൽ സിഎസ്ഐആർ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷ മുതൽ മാലിന്യത്തിൽ നിന്ന് ഉപയോഗപ്രദമായ വസ്തുക്കൾ നിർമ്മിക്കുന്നത് വരെ സിഎസ്ഐആറിൻ്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എൻ ഐ സാറിൻ്റെ വിക്ഷേപണം ചരിത്രപരമായിരുന്നുവെന്നും ഡോ നാരായണൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ ജ്ഞാനവും, ഇന്ത്യൻ വിദഗ്ധരുമാണ് വിക്ഷേപണ റോക്കറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യം ബഹിരാകാശ ദൗത്യം ആരംഭിക്കുമ്പോൾ, വിക്ഷേപണത്തിനുള്ള റോക്കറ്റ് സമ്മാനിച്ചത് അമേരിക്കയാണ്. എന്നാൽ ഇന്ന് വികസിത രാജ്യങ്ങളുമായി തുല്യ പങ്കാളിത്തത്തോടെ രാജ്യം മുന്നേറുകയാണെന്നും ഡോ വി നാരായണൻ വ്യക്തമാക്കി.

ചടങ്ങിൽ ഡോ. വി. നാരായണനെ ആദരിച്ചു. എച്ച്ബിഎൻഐ (HBNI) മുംബൈ വൈസ് ചാൻസലർ പ്രൊഫ. കമാച്ചി മുദലിയും ജെഎൻഎആർഡിഡിസി (JNARDDC) ഡയറക്ടർ ശ്രീ അനുപം അഗ്നിഹോത്രിയും ചേർന്ന് സിഎസ്ഐആർ- എൻഐഐഎസ്ടി സുവർണ ജൂബിലി കോൺക്ലേവിന്റെ സുവനീർ പ്രകാശനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണത്തിന് സിഎസ്ഐആർ- എൻഐഐഎസ്ടി വിവിധ പങ്കാളികളുമായി ഒപ്പു വെച്ച ധാരണാ പത്രവും ചടങ്ങിൽ കൈമാറി. സിഎസ്ഐആർ-ഐഎംഎംടി ഭുവനേശ്വർ ഡയറക്ടർ ഡോ. രാമാനുജ് നാരായൺ, സിഎസ്ഐആർ-എൻഎംഎൽ ജംഷദ്പുർ ഡയറക്ടർ ഡോ. സന്ദീപ് ഘോഷ് ചൗധരി, എച്ച്ബിഎൻഐ (HBNI) മുംബൈ വൈസ് ചാൻസലർ പ്രൊഫ. കമാച്ചി മുദലി, ജെഎൻഎആർഡിഡിസി (JNARDDC) ഡയറക്ടർ ശ്രീ അനുപം അഗ്നിഹോത്രി എന്നിവർ മുഖ്യാതിഥികളായി. സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഎസ്ഐആർ-എൻഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. പി. നിഷി, സിഎസ്ഐആർ-എൻഐഐഎസ്ടി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്. എസ്. ശ്രീജകുമാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

***

NK


(Release ID: 2151302)
Read this release in: English