പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പിഐബി കൊച്ചി, കണ്ണൂർ തളിപ്പറമ്പിൽ പ്രാദേശിക മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 10 JUL 2025 4:49PM by PIB Thiruvananthpuram
കണ്ണൂർ: ജൂലായ്‌ 10, 2025
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി)  മാധ്യമ  ശില്പശാല സംഘടിപ്പിച്ചു.  തളിപ്പറമ്പ  പ്രസ് ഫോറം, സിബിസി  കണ്ണൂർ ഓഫീസ് എന്നിവയുമായി  ചേർന്നാണ്   ശില്പശാല സംഘടിപ്പിച്ചത്.  
 


 
പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി. പളനിച്ചാമി ശില്‍പശാല ഉദ്ഘാടനം  ചെയ്തു . വികസനോന്മുഖ  പത്രപ്രവർത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്ക് വഹിക്കണം എന്ന്  ശ്രീ.വി.പളനിച്ചാമി പറഞ്ഞു .  സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട   വാർത്തകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം  നൽകണമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞ അദ്ദേഹം  അതിലൂടെ കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കൂടാതെ, വിവരസാങ്കേതികവിദ്യക്ക്  ജീവിതത്തിന്റെ എല്ലാ   മേഖലകളിലും സ്വാധീനം ഉള്ള സാഹചര്യത്തിൽ  മാധ്യമപ്രവർത്തകർ 'ഫേക്ക് , ഡീപ് ഫേക്ക് ' തുടങ്ങിയവ മനസിലാക്കാനും അതിനെ തുറന്നു കാട്ടാനുമുള്ള  നൈപുണ്യം ആർജിക്കണമെന്നും ശ്രീ പളനിച്ചാമി ആഹ്വാനം ചെയ്തു .
 


 
ജില്ലാ ഭരണകൂടത്തെ  പ്രതിനിധീകരിച്ച് കൊണ്ട്, കണ്ണൂർ ജില്ലാ അസിസ്റ്റൻ്റ് കളക്ടർ എഹ്തെദ  മുഫസിർ ചടങ്ങിനെ അഭിസംബോധന   ചെയ്തു.  ജനങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത നയങ്ങളെയും പദ്ധതികളെയും കുറിച്ച് അവർക്ക് അവബോധം ഉണ്ടാകുന്നതുവരെ വികസനം സാധ്യമാകില്ലെന്ന് ശ്രീമതി എഹ്തേദ മുഫാസിർ പറഞ്ഞു. അത്തരം വിവരങ്ങൾ എല്ലാ ജനങ്ങളിലേക്കും, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു. പുരോഗതിയുടെയും പരിവർത്തനത്തിന്റെയും കഥകൾ ഉയർത്തിക്കാട്ടുന്നതും , എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വാർത്തകൾക്ക്  മാധ്യമങ്ങൾ പ്രാധാന്യം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.
 

പരിപാടിയുടെ ഭാഗമായി പദ്മശ്രീ പുരസ്‍കാര ജേതാവ് ശ്രീ  ഇ.പി.നാരായണൻ പെരുവണ്ണാൻ, മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ വി ബി പരമേശ്വരൻ എന്നിവരെ ആദരിച്ചു  .

'വികസനം സാധ്യമാക്കൽ, ബാങ്കുകൾ വഴി ' എന്ന വിഷയത്തിൽ കണ്ണൂർ ലീഡ് ബാങ്ക്  മാനേജർ ഡോ രഞ്ജിത്  കെഎസ്  ക്ലാസ് നയിച്ചു. പിഎംഇജിപി, പിഎംജെജെബിവൈ, പിഎംഎസ്ബിവൈ, പി എം മുദ്ര  തുടങ്ങിയ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളെക്കുറിച്ച് അദ്ദേഹം  വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ പൂർത്തീകരണം  കൈവരിക്കുന്നതിനായി രാജ്യവ്യാപകമായി കേന്ദ ഗവണ്മെന്റ് വിഭാവനം ചെയ്തിരിക്കുന്ന  കാമ്പയിനെകുറിച്ചും   ഡോ രഞ്ജിത് സംസാരിച്ചു. 
 
 
 

 
ശേഷം  'വികസന പത്രപ്രവർത്തനം: കഴിഞ്ഞ 11 വർഷത്തെ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഒരു അവലോകനം,'   എന്ന വിഷയത്തിൽ   കേരളകൗമുദി മുൻ ന്യൂസ് എഡിറ്റർ, ശ്രീ സി പി സുരേന്ദ്രൻ   ആശയവിനിമയം നടത്തി.  വിവിധ സാമൂഹിക സുരക്ഷാ പദ്ധതികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശ്രീ സി പി സുരേന്ദ്രൻ വിവിധ ഉദാഹരണങ്ങൾ ഉദ്ധരിച്ച് സംസാരിച്ചു. വികസന പത്രപ്രവർത്തനത്തിന് മതിയായ മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുടർന്ന്  'വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ, വസ്തുതാ പരിശോധന എന്നിവയിൽ സോഷ്യൽ മീഡിയയുടെ പങ്ക്' എന്ന വിഷയത്തിൽ മലയാള മനോരമ ചീഫ് സബ് എഡിറ്റർ ശ്രീ സാബു  ടി ജോൺ ക്ലാസ്  നയിച്ചു. മിസ്ഇൻഫൊർമേഷനും ഡിസ്ഇൻഫൊർമേഷനും   തമ്മിലുള്ള വ്യത്യാസം ശ്രീ സാബു തന്റെ സെഷനിൽ വിശദീകരിച്ചു. വ്യാജ വാർത്തകൾ തടയുന്നതിൽ ഒരു പത്രപ്രവർത്തകനെന്ന നിലയിൽ നിരീക്ഷണ കഴിവുകൾ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യാജ വാർത്തകൾ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന നിരവധി ടൂളുകളെക്കുറിച്ചും  അദ്ദേഹം പരാമർശിച്ചു.
 


 
പിഐബി കൊച്ചി  അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ലക്ഷ്മിപ്രിയ എസ് എസ്  കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു.


ശ്രീ  ബിജു മാത്യു, അസിസ്റ്റന്റ് ഡയറക്ടർ, സി ബി സി, കണ്ണൂർ; ശ്രീ  കെ ഓ ശശിധരൻ ആകാശവാണി പി ടി സി കണ്ണൂർ ; ശ്രീ ശ്രീനി ആലക്കോട് ദൂരദർശൻ സ്ട്രിങ്ങർ കണ്ണൂർ , എന്നിവർ കേരളത്തിൽ കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു .  കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ ജനവാണി എഫ് എമ്മിനെ പ്രതിനിധീകരിച്ച് ശ്രീ നിർമൽ മയ്യഴിയും ചടങ്ങിനെ അഭിസംബോധന ചെയ്തു .

പരിപാടിയുടെ ഭാഗമായി, കേന്ദ്ര ഗവൺമെന്റ് പദ്ധതികളായ    പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി- പിഎംഇജിപി,  പി എം  ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് പദ്ധതി (പിഎംഎഫ്എംഇ) എന്നിവയുടെ ഗുണഭോക്താവ് ശ്രീ ജബ്ബാർ പി, ഈ രണ്ട് പദ്ധതികൾക്കും കീഴിലുള്ള വായ്പകൾ ലഭിച്ചതിനുശേഷം തന്റെ ജീവിതത്തിൽ വന്ന നേട്ടങ്ങളെ കുറിച്ചുള്ള    അനുഭവങ്ങൾ പങ്കുവെച്ചു.

തളിപ്പറമ്പ  പ്രസ് ഫോറം  പ്രസിഡന്റ് ശ്രീ  എം കെ മനോഹരൻ,   സെക്രെട്ടറി ശ്രീ എം വി രാജേഷ് , കൊച്ചി പിഐബിയിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഓഫീസർ ശ്രീമതി ഷാമില കെ. വൈ. എന്നിവരും സംസാരിച്ചു .

കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രാദേശിക ലേഖകര്‍ക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് പിഐബി വിവിധ ജില്ലകളിൽ ഇത്തരം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്.


 
*****************

( റിലീസ് ഐ.ഡി: 2143739) സന്ദര്‍ശക കൗണ്ടര്‍ : 16
ഈ റിലീസ് വായിക്കുക: English