ജൽ ശക്തി മന്ത്രാലയം
ഏകീകൃത പ്രളയ പ്രവചന സംവിധാനം ‘C- FLOOD’ കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി ആർ പാട്ടീൽ ഉദ്ഘാടനം ചെയ്തു
Posted On:
02 JUL 2025 6:13PM by PIB Thiruvananthpuram
പൂനെയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങും (സി-ഡിഎസി) കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ജലകമ്മീഷൻ (സിഡബ്ല്യുസി), ജലവിഭവ നദീവികസന- ഗംഗാ പുനരുജ്ജീവന വകുപ്പ് (ഡിഒഡബ്ല്യുആർ, ആർഡി & ജിആർ) എന്നിവയും സഹകരിച്ച് വികസിപ്പിച്ച ഏകീകൃത പ്രളയ പ്രവചന സംവിധാനം ‘C- FLOOD’ ഇന്ന് കേന്ദ്ര ജലശക്തി മന്ത്രി ശ്രീ സി.ആർ. പാട്ടീൽ ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹിയിലെ ശ്രമശക്തി ഭവനിൽ സംഘടിപ്പിച്ച ചടങ്ങില്‍ ജലവിഭവ - നദീവികസന - ഗംഗാ പുനരുജ്ജീവന വകുപ്പിലെയും ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിലെയും ശാസ്ത്ര സാങ്കേതിക വകുപ്പിലെയും മുതിർന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയവും ശാസ്ത്ര-സാങ്കേതിക വകുപ്പും സംയുക്തമായി നേതൃത്വം നല്‍കുന്ന ദേശീയ സൂപ്പർ കമ്പ്യൂട്ടിങ് ദൗത്യത്തിന് കീഴില്‍ നടപ്പാക്കുന്ന സംരംഭം രാജ്യത്തെ പ്രളയ പ്രതിരോധ നിര്‍വഹണവും ദുരന്ത പ്രതികരണ ചട്ടക്കൂടും ശക്തിപ്പെടുത്തുന്ന പരിവർത്തനാത്മക ചുവടുവെയ്പ്പാണ്.
പ്രളയ ഭൂപടങ്ങളുടെയും ജലനിരപ്പ് പ്രവചനങ്ങളുടെയും രൂപത്തിൽ ഗ്രാമീണതലം വരെ രണ്ട് ദിവസം മുൻകൂട്ടി വെള്ളപ്പൊക്ക പ്രവചനം ലഭ്യമാക്കുന്ന വെബ് അധിഷ്ഠിത സംവിധാനമാണ് സി-ഫ്ലഡ്. ദേശീയ - പ്രാദേശിക ഏജൻസികളുടെ പ്രളയ മാതൃകാ വിവരങ്ങള്‍ സംയോജിപ്പിച്ച് ഏകീകൃത സംവിധാനമായി പ്രവര്‍ത്തിക്കുന്ന C- FLOOD ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സമഗ്ര പിന്തുണ ഉറപ്പാക്കുന്നു. നിലവിൽ മഹാനദി, ഗോദാവരി, താപി നദീതടങ്ങളെ ഉൾക്കൊള്ളുന്ന ഈ സംവിധാനത്തില്‍ ഭാവിയിൽ കൂടുതൽ നദികള്‍ ഉൾപ്പെടുത്തും.
പ്രളയ സാഹചര്യങ്ങളുടെ രൂപഘടന തയ്യാറാക്കാന്‍ വിപുലമായ ദ്വിമാന ഹൈഡ്രോഡൈനാമിക് മാതൃകയാണ് C- FLOOD പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. ദേശീയ ഹൈഡ്രോളജി പദ്ധതിയ്ക്ക് (NHP) കീഴിൽ ദേശീയ റിമോട്ട് സെൻസിംഗ് കേന്ദ്രം (NRSC) വികസിപ്പിച്ച ഗോദാവരി, താപി നദീതട മാതൃകകള്‍ സംയോജിപ്പിച്ച് പൂനെ C-DACലെ NSM-ന് കീഴില്‍ പ്രകടനശേഷി കൂടിയ കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യമുപയോഗിച്ചാണ് മഹാനദിയുടെ മാതൃകകള്‍ പ്രവർത്തിക്കുന്നത്.
ഈ അവസരത്തിൽ പൊതുജന അവബോധവും പ്രളയ തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നതിനും എല്ലാ നദീതടങ്ങളെയും ഉൾക്കൊള്ളുന്ന വെള്ളപ്പൊക്ക പഠനങ്ങൾക്ക് സമഗ്ര പദ്ധതി വികസിപ്പിക്കുന്നതിനും C- FLOOD പോർട്ടല്‍ വ്യാപകമായി പ്രചരിപ്പിക്കാൻ കേന്ദ്ര ജല കമ്മീഷനോടും ബന്ധപ്പെട്ട ഏജൻസികളോടും കേന്ദ്രമന്ത്രി നിർദേശിച്ചു. പ്രളയ പ്രവചനങ്ങൾ ദേശീയ ദുരന്ത നിവാരണ അടിയന്തര പ്രതികരണ പോർട്ടലുമായി ഉടനടി സംയോജിപ്പിക്കണം. ഉപഗ്രഹ മൂല്യനിർണയത്തിലൂടെയും ഭൗതിക സ്ഥിരീകരണത്തിലൂടെയും പ്രവചനത്തിന്റെ കൃത്യത മെച്ചപ്പെടുത്താനും ഏജൻസികൾക്ക് നിർദേശം നൽകി. കൂടാതെ പ്രവചന സംവിധാനം ഫലപ്രദമായി നടപ്പാക്കാനും തുടർച്ചയായി മെച്ചപ്പെടുത്താനും C-DAC, NRSC ഉള്‍പ്പെടെയുള്ള പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷനോട് നിർദേശിച്ചു.
****
(Release ID: 2141712)
Visitor Counter : 3