പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ജിഎസ്ടി നടപ്പിലാക്കിയതിന്റെ എട്ട് വർഷം തികയുന്ന വേളയിൽ, സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് തിരുവനന്തപുരം മേഖല 2025 ജൂലൈ 1 ന് ജിഎസ്ടി ദിനാഘോഷങ്ങൾ സംഘടിപ്പിക്കും
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരങ്ങളിലൊന്നാണ് ജിഎസ്ടി: സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം മേഖല ചീഫ് കമ്മീഷണർ ശ്രീ ഷെയ്ഖ് ഖാദർ റഹ്മാൻ
പോസ്റ്റഡ് ഓണ്‍:
30 JUN 2025 3:16PM by PIB Thiruvananthpuram
രാജ്യത്തെ ഏറ്റവും സുപ്രധാന നികുതി പരിഷ്കരണം നടപ്പിലാക്കിയതിന്റെ എട്ട് വർഷം തികയുന്ന 2025 ൽ, ഈ വർഷത്തെ ജിഎസ്ടി ദിനാഘോഷത്തോടനുബന്ധിച്ച്, സെൻട്രൽ ടാക്സ് & സെൻട്രൽ എക്സൈസ് തിരുവനന്തപുരം മേഖല ഓഫീസ് ഇന്ന് കൊച്ചിയിൽ ഒരു വാർത്താസമ്മേളനം നടത്തി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമാണ് ചരക്ക് സേവന നികുതി (ജിഎസ്ടി)യെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് & കസ്റ്റംസ് തിരുവനന്തപുരം മേഖല ചീഫ് കമ്മീഷണർ ശ്രീ ഷെയ്ഖ് ഖാദർ റഹ്മാൻ പറഞ്ഞു
ജിഎസ്ടി ഭരണസംവിധാനത്തിന്റെ രണ്ട് പ്രധാന മേഖലകളിലെ മികച്ച പ്രകടനത്തിന് കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ്(സിബിഐസി) തിരുവനന്തപുരം സിജിഎസ്ടി മേഖല ഓഫീസിനു ' പ്രശംസാപത്രം ' നൽകിയതായി ശ്രീ റഹ്മാൻ പറഞ്ഞു.ഇത് തിരുവനന്തപുരം മേഖല ഓഫീസിന്റെ പ്രവർത്തന ചരിത്രത്തിലെ മറ്റൊരു പൊൻതൂവൽ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു
ജിഎസ്ടി രജിസ്ട്രേഷനുകളുടെ നടപടികൾ പൂർത്തിയാക്കിയ അസാധാരണ മികവിനാണ് അംഗീകാരം ലഭിച്ചത്. ലഭിച്ച അപേക്ഷകളിൽ 55% വും 7 ദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കി. ഇത് ദേശീയ ശരാശരിയായ 17% നേക്കാൾ വളരെ കൂടുതലാണ്.കൂടാതെ ജിഎസ്ടി അപ്പീലുകളുടെ തീർപ്പാക്കലിലും മികവ് പ്രദർശിപ്പിച്ചു കൊണ്ട്, സമർപ്പിച്ച അപ്പീലുകളിൽ 83% വിജയകരമായി പരിഹരിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിഎസ്ടി വരുമാന സമാഹരണത്തിൽ തിരുവനന്തപുരം മേഖലയുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് പരാമർശിച്ച ചീഫ് കമ്മീഷണർ, 2025–26 സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ ജിഎസ്ടി വരുമാനം 18% എന്ന ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായും സെൻട്രൽ എക്സൈസ് വരുമാനം 14% വളർച്ചാ നിരക്ക് കൈവരിച്ചതായും പറഞ്ഞു.നികുതി അനുബന്ധ നിയമനിർവഹണത്തിന്റെയും പരിശോധനകളുടെയും പ്രധാന സ്തംഭങ്ങളായ എൻഫോഴ്‌സ്‌മെന്റ്, ഓഡിറ്റ് വിഭാഗങ്ങൾ 580 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.
ജിഎസ്ടി പഖ്‌വാഡ 2025 ൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണറേറ്റുകൾ നടപ്പാക്കിയ വിവിധ പ്രധാന സംരംഭങ്ങൾ വിശദീകരിച്ചുകൊണ്ട് നികുതിദായകരുടെ സംശയങ്ങൾ പരിഹരിക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി കമ്മീഷണറേറ്റ് ആസ്ഥാനത്തും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ എല്ലാ ഡിവിഷനുകളിലും ജിഎസ്ടി ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ചതായി ശ്രീ റഹ്മാൻ പറഞ്ഞു. ഈ പ്രത്യേക ഹെൽപ്പ് ഡെസ്‌കുകൾ ഈ കാലയളവിൽ ഏകദേശം 200 നികുതിദായക പരാതികൾ വിജയകരമായി പരിഹരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഫിറ്റ് ഇന്ത്യ’ പരിപാടിയുടെ ഭാഗമായി, 2025 മെയ് 18 ന് മൂന്ന് കമ്മീഷണറേറ്റുകളിലും സൈക്കിൾ മാരത്തണുകൾ നടത്തി. കൂടാതെ, തിരുവനന്തപുരം കമ്മീഷണറേറ്റ് ജിഎസ്ടി പ്രമേയമാക്കിക്കൊണ്ട് ക്വിസ്, ഉപന്യാസ രചന, പോസ്റ്റർ ഡിസൈൻ, തത്സമയ പ്രസംഗങ്ങൾ തുടങ്ങിയ മത്സരങ്ങൾ 20 സ്‌കൂളുകളിലായി സംഘടിപ്പിച്ചു.കൂടാതെ വൈവിധ്യമാർന്ന പ്രചാരണ, അവബോധ പ്രവർത്തനങ്ങളും നടത്തി എന്നും അദ്ദേഹം പറഞ്ഞു.
'ജിഎസ്ടി - നികുതി ലളിതമാക്കൽ: പൗരന്മാരെ ശാക്തീകരിക്കൽ' എന്നതാണ് ഈ വർഷത്തെ ജി എസ് ടി ദിനാഘോഷത്തിന്റെ പ്രമേയം. തിരുവനന്തപുരം മേഖലാ സംഘടിപ്പിക്കുന്ന ജിഎസ്ടി ദിനാചരണം 2025 ജൂലൈ 1 ന് തിരുവനന്തപുരത്ത് നടക്കും. സംസ്ഥാന ധനകാര്യ മന്ത്രി ശ്രീ കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ നടൻ ശ്രീ മോഹൻലാൽ വിശിഷ്ടാതിഥിയായിരിക്കും.




****
( റിലീസ് ഐ.ഡി: 2140762)
സന്ദര്‍ശക കൗണ്ടര്‍ : 14