പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പാസ്‌പോർട്ട് സേവാ ദിനം 2025 (ജൂൺ 24, 2025)

പോസ്റ്റഡ് ഓണ്‍: 25 JUN 2025 8:19PM by PIB Thiruvananthpuram
1967 ജൂൺ 24 ന് പാസ്‌പോർട്ട് നിയമം പ്രാബല്യത്തില്‍ വന്നതിന്റെ സ്മരണാർത്ഥം വിദേശകാര്യ മന്ത്രാലയം (എംഇഎ) 2025 ജൂൺ 24 ന് പാസ്‌പോർട്ട് സേവാ ദിനം ആഘോഷിച്ചു. ദിനാചരണത്തോടനുബന്ധിച്ച് 2025 ജൂൺ 23 മുതൽ 25 വരെ മേഖലാ പാസ്‌പോർട്ട് ഓഫീസർമാരുടെ (ആർപിഒ) ത്രിദിന സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 
 
 
ഇ-പാസ്‌പോർട്ട് പദ്ധതിയ്ക്കൊപ്പം പിഎസ്‌പി രണ്ടാംപതിപ്പ് നടപ്പാക്കിയതിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പാസ്‌പോർട്ട് സേവാദിന സന്ദേശത്തിൽ മന്ത്രാലയത്തെ അഭിനന്ദിച്ചു. എം-പോലീസ് ആപ്പ്, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഒപിഎസ്‌കെ), ജിപിഎസ്പി തുടങ്ങിയ നൂതനാശയങ്ങളിലൂടെയാണ് 2014-ലെ 91 ലക്ഷം പാസ്‌പോർട്ടുകളിൽ നിന്ന് 2024-ൽ 1.46 കോടി പാസ്‌പോർട്ടുകളെന്ന നേട്ടം കൈവരിച്ച പാസ്പോര്‍ട്ട് സേവന യാത്രയെ അടയാളപ്പെടുത്തുന്നതെന്നും രാജ്യത്തിന്റെ വിദൂമേഖലകളില്‍ പോലും പാസ്‌പോർട്ട് വിതരണം താരതമ്യേന വേഗത്തിലും തടസരഹിതമായും സാധ്യമാക്കിയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 
 
 
2025 ജൂൺ 24-ന് സംഘടിപ്പിച്ച പാസ്‌പോർട്ട് സേവാ ദിനാഘോഷത്തിൽ വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ അധ്യക്ഷനായി. പാസ്‌പോർട്ട് വിതരണ സേവനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതികളും താങ്ങാവുന്ന നിരക്കുമാണ് ഇന്നത്തെ ശ്രദ്ധേയ സവിശേഷതയെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രക്ഷേമം പ്രോത്സാഹിപ്പിക്കുന്ന ഗോത്ര സഹകരണ വിപണന വികസന ഫെഡറേഷൻ (ട്രിഫെഡ്) ഔട്ട്‌ലെറ്റുകൾ, സൗരോര്‍ജ നിലയങ്ങള്‍, മഴവെള്ള സംഭരണികള്‍ തുടങ്ങി പാസ്‌പോർട്ട് ഓഫീസുകളിലെ നൂതന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പാസ്‌പോർട്ട് സേവനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും തപാൽ വകുപ്പിന്റെയും മറ്റ് പങ്കാളികളുടെയും ശ്രമങ്ങളെ കേന്ദ്രസഹമന്ത്രി അഭിനന്ദിച്ചു. രാജ്യത്ത് പാസ്‌പോർട്ട് സേവന രംഗത്തെ പരിഷ്കാരങ്ങൾ യാഥാര്‍ത്ഥ്യമാക്കുന്നതിലെ പ്രചോദനത്തിനും മാർഗനിർദേശത്തിനും പ്രധാനമന്ത്രിയ്ക്കും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും അദ്ദേഹം നന്ദി അറിയിച്ചു. പാസ്‌പോർട്ട് വിതരണ സേവന വ്യാപനവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതില്‍ സംഭാവന നൽകിയ ഉദ്യോഗസ്ഥർക്കും ജീവനക്കാര്‍ക്കും സംഘടനകൾക്കും ചടങ്ങില്‍ കേന്ദ്രസഹമന്ത്രി പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 
 
 
ഇന്ത്യയിലുടനീളം 37 പാസ്‌പോർട്ട് ഓഫീസുകളിലെ പാസ്‌പോർട്ട് ഓഫീസർമാര്‍ക്കൊപ്പം ജോയിന്റ് സെക്രട്ടറിയും (പിഎസ്‌പി) ചീഫ് പാസ്‌പോർട്ട് ഓഫീസറുമായ ഡോ. കെ.ജെ. ശ്രീനിവാസയുടെ നേതൃത്വത്തിൽ സെൻട്രൽ പാസ്‌പോർട്ട് ഓർഗനൈസേഷൻ ഉദ്യോഗസ്ഥരും ആർ‌പി‌ഒ സമ്മേളനത്തിൽ പങ്കെടുത്തു. ജനങ്ങള്‍ക്ക് സുരക്ഷിതവും തടസ്സരഹിതവുമായ അതിവേഗ പാസ്‌പോർട്ട് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ പാസ്‌പോർട്ട് സേവാ പദ്ധതി രണ്ടാംപതിപ്പ്, ഇ-പാസ്‌പോർട്ടുകളുടെ വ്യാപനം, മാനവ വിഭവശേഷി വികസനം, ശേഷിവർധന, പൊതുജന പരാതി പരിഹാര സംവിധാനം, സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.
 
***********

( റിലീസ് ഐ.ഡി: 2139695) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: English