പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

CSIR-NIIST ൽ അടുത്ത തലമുറ ഭക്ഷ്യ സാങ്കേതികവിദ്യകൾ സംബന്ധിച്ച കോൺക്ലേവ് സംഘടിപ്പിച്ചു

Posted On: 13 JUN 2025 3:19PM by PIB Thiruvananthpuram

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ (CSIR-NIIST) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “അടുത്ത തലമുറ ഭക്ഷ്യ സാങ്കേതികവിദ്യകൾ: സുസ്ഥിര നാളേക്കായുള്ള സംസ്കരണം” എന്ന വിഷയത്തിൽ  കോൺക്ലേവ് സംഘടിപ്പിച്ചു. കൊടഗു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. അശോക് എസ്. ആളൂർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. അടുത്ത തലമുറ ഭക്ഷ്യ സംസ്കരണം ഒരു സാങ്കേതിക കുതിച്ചുചാട്ടം മാത്രമല്ല, മറിച്ച് മികച്ചതും വൃത്തിയുള്ളതും കൂടുതൽ സുസ്ഥിരവുമായ ഭക്ഷ്യ സംവിധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. സി‌എസ്‌ഐ‌ആർ-എൻ‌ഐ‌ഐ‌എസ്‌ടി ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭാവിക്കായി നൂതനാശയ ആവാസവ്യവസ്ഥയും വ്യവസായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

CSIR-NIIST വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത പ്രോട്ടീൻ അടങ്ങിയ മില്ലറ്റ് അധിഷ്ഠിത ന്യൂട്രി ബാറിന്റെ സാങ്കേതിക കൈമാറ്റവും പരിപാടിയിൽ നടന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ജഗൻസ് മില്ലറ്റ് ബാങ്ക് - ശബരി അഗ്രോ ഫുഡ് പ്രോഡക്‌ട്‌സിനാണ് സാങ്കേതിക വിദ്യ കൈമാറിയത്.ഓരോ ബാറും 228.66 കിലോ കലോറി ഊർജ്ജം നൽകുന്നു, ഇത് ആരോഗ്യകരമായ ഒരു ഭക്ഷണ തെരഞ്ഞെടുപ്പാണ്.  സിന്തറ്റിക് അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയില്ലാത്തതാണ് ഈ ന്യൂട്രി ബാറുകൾ. സംശുദ്ധമായ ആരോഗ്യ-കേന്ദ്രീകൃത ഉൽപ്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഇതിലൂടെ നിറവേറ്റുന്നു.

ഭക്ഷ്യ സംസ്കരണത്തിന്റെയും ലൈഫ് സയൻസസിന്റെയും പ്രത്യേക മേഖലകളിൽ സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രത്തിൽ സി‌എസ്‌ഐ‌ആർ-എൻ‌ഐ‌ഐ‌എസ്‌ടിയും കൊടഗു  സർവകലാശാലയും തമ്മിൽ ഒപ്പുവച്ചു.

"ആയുർ-ആഹാറിലെ പുരോഗതി", "ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലെ സമീപകാല വെല്ലുവിളികൾ", "ഭക്ഷ്യ സംസ്കരണത്തിലെ സമീപകാല മുന്നേറ്റങ്ങൾ" എന്നീ വിഷയങ്ങളിൽ  പാനൽ ചർച്ചകളും നടന്നു.

സി‌എസ്‌ഐ‌ആർ-സെൻട്രൽ ഫുഡ് ടെക്‌നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി‌എഫ്‌ടി‌ആർ‌ഐ) ഡയറക്ടർ ഡോ. ശ്രീദേവി അന്നപൂർണ സിംഗ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എ‌ഐ) യുടെ സയൻസ് & സ്റ്റാൻഡേർഡ്സ് & റെഗുലേഷൻസ് ഉപദേഷ്ടാവ് ഡോ. അൽക്ക റാവു എന്നിവരും പങ്കെടുത്തു.

***

NK


(Release ID: 2136139)
Read this release in: English