പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ് : പത്തനംതിട്ടയിലും കോട്ടയത്തും അനധികൃത റിക്രൂട്ടിംഗ് ഏജൻസികളിൽ റെയ്ഡ്

Posted On: 28 MAY 2025 11:26AM by PIB Thiruvananthpuram

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും, കേരള പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡിൻ്റെ മൂന്നാം ഘട്ടത്തിൽ 2025 മെയ് 20 ന് പത്തനംതിട്ടയിലും, മെയ് 23 ന് കോട്ടയത്തും വിവിധ റിക്രൂട്ടിംഗ് ഏജൻസികളിൽ റെയ്ഡ് നടത്തി.

പരിശോധനയിൽ, വ്യാജ പരസ്യങ്ങൾ (പ്രത്യേകിച്ച് സമൂഹ മാധ്യമം), രേഖകൾ, അനധികൃത വിദേശ റിക്രൂട്ട്മെന്റ് എന്നിവയുൾപ്പെടെയുള്ള 1983 ലെ എമിഗ്രേഷൻ ആക്ട് അനുസരിച്ചുള്ള നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി.

വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ ലക്ഷ്യം വച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ (സോഫ്റ്റ്, ഹാർഡ് കോപ്പികൾ) ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

വിദേശകാര്യ മന്ത്രാലയത്തിൻ്റെ സാധുവായ ലൈസൻസുകളില്ലാതെയാണ് ഈ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും, വ്യാജമായി ഇന്ത്യൻ തൊഴിലാളികളെ വിദേശത്തേക്ക് അയയ്ക്കുന്നതിൽ പങ്കാളികളാണെന്നും, ഇത് പലപ്പോഴും ചൂഷണത്തിനും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾക്കും കാരണമാകുമെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഏജൻസികൾ തൊഴിലന്വേഷകരിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുകയും വിദേശ രാജ്യങ്ങളിൽ നിലവിലില്ലാത്ത ജോലികൾ വാഗ്ദാനം ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.കൂടാതെ,അവരുടെ തൊഴിൽ നിബന്ധനകൾ, വേതനം,ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച ശരിയായ വിശദാംശങ്ങൾ തൊഴിലാളികൾക്ക് നൽകിയിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയെ "ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്" അടിവരയിടുന്നു. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാൽ ഏതെങ്കിലും ഏജൻസിക്കോ വ്യക്തിക്കോ എതിരെ നിരീക്ഷണം ശക്തമാക്കാനും, കർശന നടപടി സ്വീകരിക്കാനും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് പ്രതിജ്ഞാബദ്ധമാണ്.

***

NK


(Release ID: 2131889)
Read this release in: English