പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

രാഷ്ട്രനിർമ്മാണത്തിനായുള്ള ഒരു വലിയ ഉത്തരവാദിത്തമായി സർക്കാർ ജോലിയെ യുവാക്കൾ കാണണം: കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാൻ


ആദായനികുതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തൊഴിൽമേള സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 26 APR 2025 1:43PM by PIB Thiruvananthpuram

 

രാഷ്ട്രനിർമ്മാണത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള ഒരു വലിയ ഉത്തരവാദിത്തമായി സർക്കാർ ജോലിയെ യുവാക്കൾ കാണണമെന്ന് കേന്ദ്ര ​ഗ്രാമവികസന വകുപ്പ് സഹമന്ത്രി ശ്രീ കമലേഷ് പാസ്വാൻ. തിരുവനന്തപുരത്ത് ആദായനികുതി വകുപ്പ് സംഘടിപ്പിച്ച 15ാമത് റോസ്ഗർ മേളയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്ക് നിയമിതരായ ഉദ്യോഗാർത്ഥികളോട്, തങ്ങൾക്ക് ലഭിക്കുന്നത് കേവലം നിയമന ഉത്തരവ് മാത്രമല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമന ഉത്തരവ് ലഭിച്ച യുവാക്കൾ ഇതോടെ സർക്കാർ ഘടനയുടെ ഭാ​ഗമായിരിക്കുകയാണെന്നും, വികസിത ഭാരതത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവർക്ക് നിർണായകമായ പങ്കുണ്ടെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. 2047ൽ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. മറ്റൊരു ലോകമാണ് അന്ന് നമ്മൾ കാണാൻ പോകുന്നത്. ആ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നവർ കൂടിയാണ് ഇന്ന് ജോലിയിൽ പ്രവേശിക്കുന്ന യുവാക്കളെന്നും അദ്ദേഹം സൂചിപ്പിച്ചു.

വ്യക്തിത്വ വികസനത്തിൽ കായികരം​ഗത്തിന്റെ സുപ്രധാന പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ട്, കായികയിനങ്ങളിൽ സജീവമായി പങ്കെടുക്കാൻ ശ്രീ പാസ്വാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. "കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്തുന്നു. ഇത് മികച്ച പൗരന്മാരാകാനും ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യാനും സഹായിക്കും," അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് സ്വന്തം രാജ്യത്തിനകത്തു തന്നെ മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുക എന്ന പ്രധാനമന്ത്രിയുടെ ദർശനത്തോടു ചേർന്നു കൊണ്ട്, പുതിയ കഴിവുകൾ‌ വികസിപ്പിക്കാനും റോസ്​ഗർ മേള പോലുള്ള വേദികൾ പരമാവധി പ്രയോജനപ്പെടുത്താനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
 
ദേശീയ റോസ്ഗർ മേളയുടെ ഭാഗമായി, വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി നിയമിതരായ 51,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിയമന കത്തുകൾ വിതരണം ചെയ്യുകയും നിയമിതരായവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരത്തു നടന്ന തൊഴിൽ മേളയിൽ പങ്കെടുത്തവർ പരിപാടിയുടെ വെബ്കാസ്റ്റ് തത്സമയം വീക്ഷിച്ചു. തുടർന്ന് കേന്ദ്രമന്ത്രി ശ്രീ കമലേഷ് പാസ്വാൻ തെരഞ്ഞെടുക്കപ്പെട്ട 25 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി. ആദായനികുതി പ്രിൻസിപ്പൽ കമ്മീഷണർ ശ്രീ പി. ചന്ദ്രശേഖറും മറ്റ് വകുപ്പു മേധാവികളും അതാത് വകുപ്പുകളിൽ നിയമനം ലഭിച്ചവർക്കുള്ള നിയമന ഉത്തരവുകൾ നൽകി. ആദായ നികുതി വകുപ്പ്, റെയിൽവേ, തപാൽ വകുപ്പ്, ഐഎസ്ആർഒ, ഡിഫൻസ് അക്കൗണ്ട്, ഇപിഎഫ്ഒ, ഇഎസ്ഐസി, ജിയോളജിക്കൽ സർവേ, ബാങ്ക് ഓഫ് ബറോഡ തുടങ്ങി വിവിധ കേന്ദ്ര ​ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കായി 170 ഓളം ഉദ്യോ​ഗാർത്ഥികൾക്കാണ് നിയമന ഉത്തരവുകൾ കൈമാറിയത്.

*****

SK


( റിലീസ് ഐ.ഡി: 2124500) സന്ദര്‍ശക കൗണ്ടര്‍ : 73
ഈ റിലീസ് വായിക്കുക: English