പാര്‍ലമെന്ററികാര്യ മന്ത്രാലയം
പാർലമെന്റിന്റെ 2025 ലെ ബജറ്റ് സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ബജറ്റ് സമ്മേളനത്തിൽ ലോക്സഭയുടെയും രാജ്യസഭയുടെയും ഉൽപ്പാദനക്ഷമത യഥാക്രമം ഏകദേശം 118% ഉം 119% ഉം ആയിരുന്നു
പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് 16 ബില്ലുകൾ
Posted On:
04 APR 2025 6:14PM by PIB Thiruvananthpuram
പാർലമെന്റിന്റെ 2025 ജനുവരി 31 വെള്ളിയാഴ്ച ആരംഭിച്ച 2025 ലെ ബജറ്റ് സമ്മേളനം, 2025 ഏപ്രിൽ 4 വെള്ളിയാഴ്ച അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.അതിനിടയിൽ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ഗ്രാന്റിനായുള്ള ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികളെ പ്രാപ്തമാക്കുന്നതിനായി, 2025 ഫെബ്രുവരി 13 വ്യാഴാഴ്ച ഇരുസഭകളും ഇടക്കാലത്തേക്ക് പിരിഞ്ഞു. തുടർന്ന് 2025 മാർച്ച് 10 തിങ്കളാഴ്ച വീണ്ടും സമ്മേളിക്കുകയും ചെയ്തു.

പാർലമെന്റിന്റെ 2025 ലെ ബജറ്റ് സമ്മേളനം അവസാനിച്ചതിന് ശേഷം കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു ഇന്ന് ഒരു വാർത്താ സമ്മേളനം നടത്തി. നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല), പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, വാർത്താ വിതരണ പ്രക്ഷേപണ-പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ ലോക്‌സഭയുടെയും രാജ്യസഭയുടെയും ആകെ 9 സിറ്റിങ്ങുകൾ നടന്നതായി കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജു അറിയിച്ചു. സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ ഇരുസഭകളുടെയും 17 സിറ്റിങ്ങുകൾ നടന്നു. ബജറ്റ് സമ്മേളനത്തിൽ ആകെ 26 സിറ്റിങ്ങുകൾ നടന്നു.
ഈ വർഷത്തിലെ ആദ്യ സമ്മേളനമായിരുന്നു ഇത്. 2025 ജനുവരി 31-ന് ചേർന്ന പാർലമെന്റിന്റെ ഇരുസഭകളെയും ഭരണഘടനയുടെ അനുഛേദം 87(1) പ്രകാരം രാഷ്ട്രപതി അഭിസംബോധന ചെയ്തു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭയിൽ ശ്രീ രാംവീർ സിംഗ് ബിധുരി അവതരിപ്പിക്കുകയും ശ്രീ രവിശങ്കർ പ്രസാദ് പിന്താങ്ങുകയും ചെയ്തു. അനുവദിച്ച 12 മണിക്കൂർ സമയത്തിന് പകരം 17 മണിക്കൂർ 23 മിനിറ്റ് ലോക്‌സഭ ഇതിനായി ചെലവഴിച്ചു. 173 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. രാജ്യസഭയിൽ ശ്രീമതി കിരൺ ചൗധരി ഇത് അവതരിപ്പിക്കുകയും ശ്രീ നീരജ് ശേഖർ പിന്താങ്ങുകയും ചെയ്തു. അനുവദിച്ച 15 മണിക്കൂർ സമയത്തിന് പകരം 21 മണിക്കൂർ 46 മിനിറ്റ് ഈ ഇനം രാജ്യസഭയിൽ ചർച്ച ചെയ്തു. 73 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയങ്ങൾ സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ ഇരുസഭകളും ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
2025-26 ലെ കേന്ദ്ര ബജറ്റ് 2025 ഫെബ്രുവരി 1 ശനിയാഴ്ച അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിൽ ഇരുസഭകളിലും കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ച നടന്നു. ഇതിൽ ലോക്‌സഭയിൽ അനുവദിച്ച 12 മണിക്കൂർ സമയത്തിന് പകരം 16 മണിക്കൂർ 13 മിനിറ്റ് നേരം ചർച്ച നടന്നു. 169 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു. രാജ്യസഭയിൽ അനുവദിച്ച 15 മണിക്കൂർ സമയത്തിന് പകരം 17 മണിക്കൂർ 56 മിനിറ്റ് നേരമാണ് ചർച്ച നടന്നത്.89 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ രണ്ടാം ഭാഗത്തിൽ, റെയിൽവേ, ജലശക്തി, കൃഷി& കർഷകക്ഷേമം എന്നീ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ ലോക്‌സഭയിൽ ചർച്ച ചെയ്യുകയും വോട്ടിനിടുകയും ചെയ്തു. തുടർന്ന് ശേഷിക്കുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഗ്രാന്റിനായുള്ള ആവശ്യങ്ങൾ 2025 മാർച്ച് 21 ന് വെള്ളിയാഴ്ച സഭയിൽ വോട്ടിങ്ങിന് വിധേയമാക്കി. ബന്ധപ്പെട്ട ധന വിനിയോഗ ബില്ലും 21.03.2025 ന് തന്നെ ലോക്‌സഭയിൽ അവതരിപ്പിക്കുകയും പരിഗണിക്കുകയും പാസാക്കുകയും ചെയ്തു.
2024-25 വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട,അനുബന്ധ ആവശ്യ ഗ്രാന്റിനായുള്ള ധന വിനിയോഗ ബില്ലുകൾ; 2021-22 വർഷത്തെ അധിക ഗ്രാന്റുകൾക്കായുള്ള ആവശ്യകതകൾ, മണിപ്പൂരിന്റെ 2024-25 വർഷത്തെ ഗ്രാന്റുകൾക്ക് വേണ്ടിയുള്ള അനുബന്ധ ആവശ്യകതകൾ, മണിപ്പൂർ സംസ്ഥാനവുമായി ബന്ധപ്പെട്ട് 2025-26 വർഷത്തെ ഗ്രാന്റ് ഓൺ അക്കൗണ്ടിനുള്ള ആവശ്യകതകൾ എന്നിവ 11.03.2025 ന് ലോക്സഭ പാസാക്കി.
ധനകാര്യ ബിൽ2025, 25.03.2025 ന് ലോക്സഭ പാസാക്കി.
വിദ്യാഭ്യാസം, റെയിൽവേ, ആരോഗ്യം& കുടുംബക്ഷേമം, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രവർത്തനം രാജ്യസഭയിൽ ചർച്ച ചെയ്തു.
2024-25 വർഷത്തെ അനുബന്ധ ആവശ്യകതകളുമായി ബന്ധപ്പെട്ട രണ്ടാമത്തെയും അവസാനത്തെയും ബാച്ച് വിനിയോഗ ബില്ലുകൾ ; 2021-22 വർഷത്തെ അധിക ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ;മണിപ്പൂരിനുള്ള 2024-25 വർഷത്തെ അനുബന്ധ ഗ്രാന്റുകൾക്കായുള്ള ആവശ്യങ്ങൾ; മണിപ്പൂർ സംസ്ഥാനവുമായി ബന്ധപ്പെട്ട് 2025-26 വർഷത്തെ ഗ്രാന്റ് ഓൺ അക്കൗണ്ടിനായുള്ള ആവശ്യങ്ങൾ എന്നിവ 18.03.2025 ന് രാജ്യസഭ തിരിച്ചയച്ചു .
2025-26 വർഷത്തെ കേന്ദ്ര ഗവൺമെന്റിന്റെ ഗ്രാന്റ് ആവശ്യങ്ങൾക്കായുള്ള ധന വിനിയോഗ ബില്ലും 2025 ലെ ധനകാര്യ ബില്ലും 27.03.2025 ന് രാജ്യസഭ തിരിച്ചയച്ചു.
അങ്ങനെ, 2025 മാർച്ച് 31-ന് മുമ്പ് പാർലമെന്റിന്റെ ഇരു സഭകളിലും എല്ലാ സാമ്പത്തിക കാര്യ നടപടികളും പൂർത്തിയായി.
മണിപ്പൂർ സംസ്ഥാനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ അനുഛേദം 356(1) പ്രകാരം 2025 ഫെബ്രുവരി 13-ന് രാഷ്ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനം അംഗീകരിക്കുന്ന നിയമപരമായ പ്രമേയം സമ്മേളനത്തിന്റെ 2025 ഏപ്രിൽ 3, 4 തീയതികളിൽ നടന്ന ദീർഘിപ്പിച്ച സിറ്റിങ്ങിൽ ഇരു സഭകളിലും പാസാക്കി.
സംയുക്ത സമിതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചതിനുശേഷം, വഖഫ് സ്വത്തുക്കളുടെ പരിപാലനം മെച്ചപ്പെടുത്തൽ, വഖഫ് സ്വത്തുക്കളുടെ പരിപാലനവുമായി ബന്ധപ്പെട്ട പങ്കാളികളുടെ ശാക്തീകരണം, സർവേ, രജിസ്ട്രേഷൻ, കേസ് തീർപ്പാക്കൽ പ്രക്രിയയിലെ കാര്യക്ഷമത മെച്ചപ്പെടുത്തൽ, വഖഫ് സ്വത്തുക്കളുടെ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം എങ്കിലും, മികച്ച ഭരണത്തിനായി ആധുനികവും ശാസ്ത്രീയവുമായ രീതികൾ നടപ്പിലാക്കുക എന്നതിനും ഊന്നൽ നൽകി . 1923-ലെ മുസൽമാൻ വഖഫ് നിയമവും റദ്ദാക്കി.
ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ചുമതലകളിൽ കൂടുതൽ വ്യക്തതയും സംയോജനവും കൊണ്ടുവരിക, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെയും കാര്യക്ഷമമായ പ്രവർത്തനം ശക്തിപ്പെടുത്തുക, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ദുരന്ത പദ്ധതി തയ്യാറാക്കാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളെയും അധികാരപ്പെടുത്തുക, ദേശീയ, സംസ്ഥാന തലങ്ങളിൽ ദുരന്ത ഡാറ്റാബേസ് സൃഷ്ടിക്കുന്നതിന് വ്യവസ്ഥ ചെയ്യുക, സംസ്ഥാന തലസ്ഥാനത്തിനും മുനിസിപ്പൽ കോർപ്പറേഷനുള്ള വലിയ നഗരങ്ങൾക്കും "നഗര ദുരന്തനിവാരണ അതോറിറ്റി" രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുക, സംസ്ഥാന ഗവൺമെന്റിന്റെ നേതൃത്വത്തിൽ "സംസ്ഥാന ദുരന്ത പ്രതികരണ സേന" രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുക എന്നിവ ലക്ഷ്യമിട്ടുള്ള ദുരന്തനിവാരണ (ഭേദഗതി) ബിൽ 2025 പാസാക്കി.
സഹകരണ മേഖലയിൽ വിദ്യാഭ്യാസം, പരിശീലനം, ശേഷി വികസനം എന്നിവയ്ക്കും അനുബന്ധ മേഖലകളിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുമായി "ത്രിഭുവൻ" സഹകാരി സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട "ത്രിഭുവൻ" സഹകാരി സർവകലാശാല ബിൽ, 2025 പാസാക്കി. ഇത് ബിരുദ പ്രോഗ്രാമുകൾ, വിദൂര പഠനം, ഇ-ലേണിംഗ് കോഴ്സുകൾ എന്നിവ വാഗ്ദാനം ചെയ്യുകയും സഹകരണ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലേക്ക് വരികയും പുറത്തുപോവുകയും ചെയ്യുന്ന വ്യക്തികൾക്ക് പാസ്‌പോർട്ടുകൾ അല്ലെങ്കിൽ മറ്റ് യാത്രാ രേഖകൾ എന്നിവയുടെ ആവശ്യകത സംബന്ധിച്ച നിയമങ്ങൾ ലളിതമാക്കുന്നതിനും വിസ, രജിസ്ട്രേഷൻ ആവശ്യകത ഉൾപ്പെടെ വിദേശികളുമായി ബന്ധപ്പെട്ട നടപടികൾ നിയന്ത്രിക്കുന്നതിനുമായി ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, 2025 പാസാക്കി.
ഭരണ നിലവാരം മെച്ചപ്പെടുത്തുന്നതിനും, ബാങ്കുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ സ്ഥിരത ഉറപ്പാക്കുന്നതിനും, നിക്ഷേപകർക്കും ഡെപ്പോസിറ്റർമാർക്കും മികച്ച സംരക്ഷണം ഉറപ്പാക്കുന്നതിനും, പൊതുമേഖലാ ബാങ്കുകളിൽ ഓഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, നാമനിർദ്ദേശങ്ങൾ സംബന്ധിച്ച് ഉപഭോക്തൃ സൗകര്യം ഉറപ്പാക്കുന്നതിനും വേണ്ടി ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2025 പാസാക്കി.
ഈ സമ്മേളനത്തിൽ ആകെ 11 ബില്ലുകൾ (ലോക്സഭയിൽ 10 ഉം രാജ്യസഭയിൽ ഒന്നും) അവതരിപ്പിച്ചു. ലോക്സഭ 16 ബില്ലുകൾ പാസാക്കി, രാജ്യസഭ 14 ബില്ലുകൾ പാസാക്കി/തിരിച്ചയച്ചു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകളുടെ ആകെ എണ്ണം 16 ആണ്.
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ, ലോക്സഭ പാസാക്കിയ ബില്ലുകൾ, രാജ്യസഭ പാസാക്കിയ/തിരിച്ചയച്ച ബില്ലുകൾ, പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലുകൾ എന്നിവയുടെ പട്ടിക അനുബന്ധത്തിൽ ചേർത്തിട്ടുണ്ട്.
2025 ലെ ബജറ്റ് സമ്മേളനത്തിൽ ലോക്‌സഭയുടെ ഉൽപ്പാദനക്ഷമത ഏകദേശം 118% ആയിരുന്നു. രാജ്യസഭയുടേത് ഇത് ഏകദേശം 119% ആയിരുന്നു.
അനുബന്ധം
18-ാം ലോക്‌സഭയുടെ നാലാം സമ്മേളനത്തിലും രാജ്യസഭയുടെ 276-ാം സെഷനിലും നടന്ന നിയമനിർമ്മാണ പ്രവർത്തനങ്ങൾ
(ബജറ്റ് സെഷൻ, 2025)
1.ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകൾ
•ധനകാര്യ ബിൽ, 2025
•ത്രിഭുവൻ സഹകാരി സർവകലാശാല ബിൽ, 2025
•ആദായനികുതി ബിൽ, 2025
•ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, 2025
•ധന വിനിയോഗ ബിൽ (നമ്പർ 2), 2025
•ധനവിനിയോഗ ബിൽ, 2025;
•മണിപ്പൂർ ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ, 2025
•മണിപ്പൂർ ധനവിനിയോഗ ബിൽ, 2025
•ധനവിനിയോഗ ബിൽ (നമ്പർ 3), 2025
•ഇന്ത്യൻ തുറമുഖ ബിൽ, 2025.
2. രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലുകൾ
•പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻ എയർക്രാഫ്റ്റ് ഒബ്ജക്ട് 2025
3. ലോക്സഭ പാസാക്കിയ ബില്ലുകൾ
•ബിൽസ് ഓഫ് ലാഡിംഗ് ബില്ലുകൾ, 2025
•ധന വിനിയോഗ ബിൽ (നമ്പർ 2) ബിൽ, 2025
•ധന വിനിയോഗ ബിൽ, 2025
•മണിപ്പൂർ ധന വിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ, 2025
•മണിപ്പൂർ ധന വിനിയോഗ ബിൽ, 2025
•എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ, 2025
•ധന വിനിയോഗ ബിൽ(നമ്പർ 3) , 2025
•ധനകാര്യ ബിൾ 2025
•ബോയിലറുകൾ ബിൽ, 2025
•“ത്രിഭുവൻ” സഹകാരി സർവകലാശാല ബിൽ, 2025
• ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, 2025
•കടൽ മാർഗ്ഗമുള്ള ചരക്ക് നീക്കം ബിൽ, 2025.
•വഖഫ് (ഭേദഗതി) ബിൽ, 2025.
•മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബിൽ, 2025
•കോസ്റ്റൽ ഷിപ്പിംഗ് ബിൽ, 2025.
• പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻ എയർക്രാഫ്റ്റ് ഒബ്ജക്ട് ബിൽ 2025
4.രാജ്യസഭ പാസാക്കിയ/തിരിച്ചയച്ച ബില്ലുകൾ
•റെയിൽവേ (ഭേദഗതി) ബിൽ, 2025
•ധനവിനിയോഗ(no. 2) ബിൽ, 2025
•ധനവിനിയോഗ ബിൽ, 2025
•മണിപ്പൂർ ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ, 2025
•മണിപ്പൂർ ധനവിനിയോഗ ബിൽ, 2025
ദുരന്തനിവാരണ (ഭേദഗതി) ബിൽ, 2025
•ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2025
•ധനവിനിയോഗ ബിൽ(നമ്പർ 3), 2025
•ധനകാര്യ ബിൽ 2025
•പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻ എയർക്രാഫ്റ്റ് ഒബ്ജക്ട് ബിൽ 2025
•“ത്രിഭുവൻ” സഹകാരി സർവകലാശാല ബിൽ, 2025
•ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ,2025
•വഖഫ് (ഭേദഗതി) ബിൽ, 2025.
•മുസൽമാൻ വഖഫ് (പിൻവലിക്കൽ) ബിൽ, 2025
5. ഇരുസഭകളും പാസാക്കിയ ബില്ലുകൾ
•റെയിൽവേ (ഭേദഗതി) ബിൽ, 2025
•എണ്ണപ്പാടങ്ങൾ (നിയന്ത്രണവും വികസനവും) ഭേദഗതി ബിൽ, 2025
•ധനവിനിയോഗ ബിൽ(നമ്പർ 2) , 2025
•ധനവിനിയോഗ ബിൽ, 2025
•മണിപ്പൂർ ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ, 2025
•മണിപ്പൂർ ധനവിനിയോഗ ബിൽ, 2025
•ദുരന്തനിവാരണ (ഭേദഗതി) ബിൽ, 2025
•ബോയിലേഴ്‌സ് ബിൽ, 2025
•ബാങ്കിംഗ് നിയമങ്ങൾ (ഭേദഗതി) ബിൽ, 2025
•ധനവിനിയോഗ ബിൽ (3), 2025
•ധനകാര്യ ബിൽ, 2025.
•“ത്രിഭുവൻ” സഹ്കാരി സർവകലാശാല ബിൽ, 2025
•ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ,2025
•വഖഫ് (ഭേദഗതി) ബിൽ, 2025.
•മുസൽമാൻ വഖഫ് (പിൻവലിക്കൽ) ബിൽ, 2025
•പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ് ഇൻ എയർക്രാഫ്റ്റ് ഒബ്ജക്ട് ബിൽ 2025
****
(Release ID: 2119386)