ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

AI നവീകരണം സാധ്യമാക്കുന്നതിനായി ഡാറ്റാസെറ്റുകൾ, മോഡലുകൾ, ഉപയോഗ മാനദണ്ഡങ്ങൾ എന്നിവയുടെ ഒരു ശേഖരം ലഭ്യമാക്കുന്ന സുരക്ഷിത പ്ലാറ്റ്‌ഫോമായ AIKosha, പുറത്തിറക്കി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

Posted On: 06 MAR 2025 10:40PM by PIB Thiruvananthpuram
ഇന്ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ മിഷന്റെ വാർഷികാഘോഷ വേളയിൽ, ഇലക്ട്രോണിക്‌സ് വിവര സാങ്കേതിക , റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് AIKosha പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന നിരവധി സുപ്രധാന സംരംഭങ്ങളുടെ , ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഇന്ത്യയുടെ നിർമ്മിത ബുദ്ധി യാത്രയിൽ ഒരു സുപ്രധാന നാഴികക്കല്ല് കുറിച്ചിരിക്കുകയാണ്.
 
 
പുതുതായി അവതരിപ്പിച്ച സംരംഭങ്ങളിൽ നിർമ്മിതബുദ്ധി അധിഷ്ഠിത ഗവേഷണം, നവീകരണം, നൈപുണ്യ വികസനം എന്നിവ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന AIKosha : ഇന്ത്യ എഐ ഡാറ്റാസെറ്റ്സ് പ്ലാറ്റ്‌ഫോമിൽ, AI കമ്പ്യൂട്ട് പോർട്ടൽ, പൊതുമേഖലാ ഉദ്യോഗസ്ഥർക്കുള്ള AI കാര്യശേഷി ചട്ടക്കൂട്, iGOT-AI മിഷൻ കർമ്മയോഗി, സ്റ്റേഷൻ എഫുമായുള്ള ഇന്ത്യ എഐ സ്റ്റാർട്ടപ്പുകളുടെ ഗ്ലോബൽ ആക്സിലറേഷൻ പ്രോഗ്രാം, ഇന്ത്യ എഐ ആപ്ലിക്കേഷൻ വികസന ദൗത്യം , ഇന്ത്യ എഐ ഫ്യൂച്ചർ സ്‌കിൽസ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
 
 
AIKosha: ഇന്ത്യ AI ഡാറ്റാസെറ്റ്സ് പ്ലാറ്റ്‌ഫോം, AI കമ്പ്യൂട്ട് പോർട്ടൽ എന്നിവയുടെ സമാരംഭം ഇന്ത്യയിൽ AI ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ് എന്ന് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ, കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എടുത്തു പറഞ്ഞു. AI കമ്പ്യൂട്ട് പോർട്ടൽ തുടക്കത്തിൽ 10,000 GPU-കൾക്ക് ഉപയുക്ത ലഭ്യമാക്കുമെന്നും ഇതിലേക്കു 8,693 എണ്ണം കൂടി കൂട്ടി 
ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഉയർന്ന സബ്‌സിഡി നിരക്കിൽ AI കമ്പ്യൂട്ട് സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിതബുദ്ധി നൈപുണ്യ മുന്നേറ്റത്തിൽ ഒന്നാം സ്ഥാനം നേടുകയും , മികച്ച 10 AI രാജ്യങ്ങൾക്കിടയിൽ അംഗീകരിക്കപ്പെടുകയും ചെയ്തതോടെ ആഗോള AI റാങ്കിംഗിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 
AIKosha- യെക്കുറിച്ച് സംസാരിക്കുമ്പോൾ, വൈവിധ്യമാർന്നതും പക്ഷപാതമില്ലാത്തതുമായ നിർമ്മിതബുദ്ധി പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിച്ചുകൊണ്ട് 300-ലധികം ഡാറ്റാസെറ്റുകളും 80-ലധികം മോഡലുകളും സംവിധാനം ഉൾക്കൊള്ളുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . പൊതുമേഖലാ ഉദ്യോഗസ്ഥർക്കായി AI-അധിഷ്ഠിത പഠന ശുപാർശകൾ സംയോജിപ്പിക്കുന്ന iGOT-AI മിഷൻ കർമ്മയോഗിയെകുറിച്ച് പരാമർശിക്കവേ ഭരണനിർവ്വഹണത്തിലും ശേഷി വികസനത്തിലും നിർമ്മിതബുദ്ധിയുടെ പങ്ക് ശ്രീ വൈഷ്ണവ് എടുത്തുപറഞ്ഞു.
 
 
2024 മാർച്ചിൽ അംഗീകരിക്കപ്പെട്ട ഇന്ത്യാ എഐ പദ്ധതി , പൊതു, സ്വകാര്യ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന തന്ത്രപരമായ പദ്ധതികളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും ഇന്ത്യയുടെ നിർമ്മിതബുദ്ധി ആവാസവ്യവസ്ഥയെ സമ്പുഷ്‌ടീകരിക്കാൻ വിഭാവനം ചെയ്യുന്ന ശ്രദ്ധേയമായ സംരംഭമാണ്. നിർമ്മിതബുദ്ധി ഉപയുക്തത ജനാധിപത്യവൽക്കരിക്കുക, വിവരങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിർമ്മിതബുദ്ധി ശേഷി വളർത്തിയെടുക്കുക, ധാർമ്മിക നിർമ്മിതബുദ്ധി ഉപയുക്തത ഉറപ്പാക്കുക എന്നീ കാഴ്ചപ്പാടുകളോടെ, താഴെപറയുന്ന ഏഴ് പ്രധാന സ്തംഭങ്ങളെ ആശ്രയിച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്:
 
● ഇന്ത്യാ എഐ കമ്പ്യൂട്ട്
● ഇന്ത്യാ എഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം
● ഇന്ത്യാ എഐ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്‌സ്
● ഇന്ത്യാ എഐ ഫ്യൂച്ചർ സ്‌കിൽസ്
● ഇന്ത്യാ എഐ ഇന്നൊവേഷൻ സെന്റർ
● ഇന്ത്യാ എഐ സ്റ്റാർട്ടപ്പ് ഫിനാൻസിംഗ്
● സുരക്ഷിതവും വിശ്വസനീയവുമായ നിർമ്മിതബുദ്ധി
 
 
AIKosha- യുടെ സമാരംഭം: ഇന്ത്യ എഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം
 
ഡാറ്റാസെറ്റുകൾ, മോഡലുകൾ, നൂതന കണ്ടുപിടിത്തങ്ങൾ സാധ്യമാക്കുന്നതിനുള്ള AI ഉപയോഗ മാനദണ്ഡങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സുരക്ഷിത പ്ലാറ്റ്‌ഫോമായ AIKosha - യ്ക്ക് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി തുടക്കം കുറിച്ചു. ഇത് AI സാൻഡ്‌ബോക്‌സ് ശേഷി , ഉള്ളടക്ക കണ്ടെത്തൽ ശേഷി , AI സന്നദ്ധത സ്‌കോറിംഗ്, എൻക്രിപ്ഷൻ, API-കൾ സുരക്ഷിതമാക്കൽ , തത്സമയ സുരക്ഷയ്ക്കായി ഫയർവാളുകൾ എന്നിവ ഉറപ്പുനൽകുന്നു.
 
ഇന്ത്യ എഐ കമ്പ്യൂട്ട് പോർട്ടലിന്റെ സമാരംഭം
 
AI കമ്പ്യൂട്ട്, നെറ്റ്‌വർക്ക്, സംഭരണം, ക്ലൗഡ് സേവനങ്ങൾ എന്നിവ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനാണ് ഇന്ത്യ എഐ കമ്പ്യൂട്ട് പോർട്ടലിന് തുടക്കം കുറിച്ചത്. ജിപിയു, എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനായി ശക്തമായ ലേല നടപടികൾക്ക് ശേഷം, 10 എണ്ണം ഷോർട്ട്‌ലിസ്റ്റ് ചെയ്തു. യോഗ്യരായ ഉപയോക്താക്കൾക്ക് 40% വരെ സബ്‌സിഡി ലഭിക്കും.
 
 
 
പൊതുമേഖലാ ഉദ്യോഗസ്ഥർക്കുള്ള നിർമ്മിതബുദ്ധി അധിഷ്ഠിത ശേഷിവർധന ചട്ടക്കൂട്
 
പൊതുമേഖലാ ഉദ്യോഗസ്ഥർക്കിടയിൽ നിർമ്മിതബുദ്ധി സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി ഒരു എഐ ശേഷിവർധന ചട്ടക്കൂടിന് രൂപം നൽകി. എഐ നയരൂപീകരണത്തിനായി ആഗോളതലത്തിലുള്ള മികച്ച രീതികളുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള പ്രവർത്തനശേഷി മാപ്പിംഗിലും നൈപുണ്യ വികസനത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
 
 
 
നിർമ്മിതബുദ്ധി അധിഷ്ഠിത സംയോജിത സർക്കാർ ഓൺലൈൻ പരിശീലനം (iGOT-AI):
 
iGOT-AI സംവിധാനം, നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിഗത പഠനം സാധ്യമാക്കുന്നതിനായി രൂപീകൃതമായി. ഇത് iGOT കർമ്മയോഗി പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ച് പരിശീലന കാര്യക്ഷമതയും ഉള്ളടക്ക പ്രവേശനക്ഷമതയും വർദ്ധിപ്പിക്കുന്നു.
 
 
സ്റ്റേഷൻ എഫുമായി ചേർന്നുള്ള ഇന്ത്യ എഐ സ്റ്റാർട്ടപ്പ് ഗ്ലോബൽ ആക്സിലറേഷൻ പ്രോഗ്രാം
 
സ്റ്റേഷൻ എഫിന്റെയും എച്ച്ഇസി പാരീസിന്റെയും പങ്കാളിത്തത്തിൽ , ഇന്ത്യൻ എഐ സ്റ്റാർട്ടപ്പുകൾക്കായുള്ള നാല് മാസത്തെ ആക്സിലറേഷൻ പ്രോഗ്രാം പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത പത്ത് സ്റ്റാർട്ടപ്പുകൾക്ക് യൂറോപ്പിൽ മാർഗ്ഗനിർദ്ദേശ സേവനങ്ങൾ , നെറ്റ്‌വർക്കിംഗ്, വിപണി വിപുലീകരണം എന്നിവക്ക് അവസരം ലഭിക്കും.
 
Image
 
ഇന്ത്യാ എഐ ഇന്നൊവേഷൻ ചലഞ്ച്: നിർമ്മിതബുദ്ധി മേഖലയിൽ നൂതനാശയങ്ങൾ കണ്ടെത്തുന്നവരെ ആദരിക്കൽ
 
ആരോഗ്യ സംരക്ഷണം, കൃഷി, ഭരണം, കാലാവസ്ഥാ വ്യതിയാനം എന്നി മേഖലകളിൽ നിർണ്ണായകമായ നിർമ്മിതബുദ്ധി പരിഹാരങ്ങൾ കണ്ടെത്തുന്നതിനു ഇന്ത്യാ എഐ ഇന്നൊവേഷൻ ചലഞ്ച് പ്രോത്സാഹനം നൽകുന്നു. ഇതിന്റെ ഭാഗമായി വിവിധ നിലവാരങ്ങളിലുള്ള 900 സമർപ്പണങ്ങളിൽ നിന്ന് ശ്രദ്ധേയമായ പരിഹാരങ്ങൾ നിർദേശിച്ച 30 സമർപ്പണങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.
 
 
ഇന്ത്യാഎഐ ഫ്യൂച്ചർ സ്കിൽസ് ഫെലോഷിപ്പ്
 
നിർമ്മിതബുദ്ധി വിദ്യാഭ്യാസത്തിനും, ഗവേഷണതിനുമുള്ള അവസരങ്ങൾ വികസിപ്പിക്കുക എന്നതാണ് ഇന്ത്യാ എഐ ഫ്യൂച്ചർ സ്കിൽസ് ദൗത്യത്തിന്റെ ലക്ഷ്യം. പ്രമുഖ സ്ഥാപനങ്ങളിൽ തങ്ങളുടെ എഐ പ്രൊജക്ടുകൾ നടപ്പിലാക്കാൻ പദ്ധതി എങ്ങനെ പിന്തുണച്ചുവെന്നതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഇന്ത്യാ എഐ ഫെലോഷിപ്പ് നേടിയ വിദ്യാർത്ഥികൾ പങ്കുവെച്ചു.
 
******
 
 

(Release ID: 2109268) Visitor Counter : 19


Read this release in: English , Urdu , Hindi