വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പ്രയാഗ്‌രാജിൽ 2025 ലെ ചരിത്രപ്രസിദ്ധമായ മഹാകുംഭമേളയോടനുബന്ധിച്ചുള്ള സ്മരണിക തപാൽ സ്റ്റാമ്പുകൾ, കേന്ദ്ര വാർത്താവിനിമയ & വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ പുറത്തിറക്കി
Posted On:
13 FEB 2025 8:42PM by PIB Thiruvananthpuram
2025 ലെ മഹാ കുംഭമേളയെക്കുറിച്ചുള്ള മൂന്ന് സ്റ്റാമ്പുകൾ പതിച്ച ഒരു സ്മരണിക സുവനീർ, കേന്ദ്ര തപാൽ വകുപ്പ് അഭിമാനപൂർവ്വം പുറത്തിറക്കി. പ്രയാഗ്‌രാജിലെ അറൈൽ ഘട്ട് പോസ്റ്റ് ഓഫീസിൽ, കേന്ദ്ര വാർത്താവിനിമയ & വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയാണ് സ്റ്റാമ്പുകൾ അനാച്ഛാദനം ചെയ്തത്.
2025 ലെ മഹാ കുംഭമേളയുടെ സമ്പന്നമായ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട്,പുണ്യ സ്നാന ദിനങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കവറുകൾ, 'ദിവ്യ, ഭവ്യ, ഡിജിറ്റൽ മഹാ കുംഭ്'- ആശയത്തിൽ തപാൽ മുദ്രകൾ, 'പ്രഖ്യാത് പ്രയാഗ്‌രാജ്' ആഘോഷിക്കുന്ന ഒരു ചിത്ര പോസ്റ്റ്കാർഡ് എന്നിവയും പുറത്തിറക്കി. ഇവ മഹാ കുംഭമേളയുടെ ചരിത്രപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നു.
കുംഭമേളയുടെ ഉത്ഭവം ഹിന്ദു പുരാണങ്ങളിൽ നിന്നാണ്. പുരാതന ഹിന്ദു ഗ്രന്ഥങ്ങളിലെ സമുദ്രമഥനം (സമുദ്രം കടയൽ ) കഥ അനുസരിച്ച്, ദേവന്മാരും അസുരന്മാരും അമൃതിന് (അമരത്വത്തിന്റെ അമൃത്) വേണ്ടി പോരാടി. ഈ യുദ്ധത്തിൽ, അമൃതിന്റെ തുള്ളികൾ പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജയിൻ, നാസിക് - എന്നീ നാല് സ്ഥലങ്ങളിൽ പതിച്ചു .പ്രയാഗ്‌രാജിൽ- ഇപ്പോൾ കുംഭമേള നടക്കുന്നിടത്ത്, 144 വർഷത്തിലൊരിക്കൽ മഹാകുംഭം നടക്കുന്നു. ഇതിന് മതപരവും സാംസ്കാരികവും ചരിത്രപരവുമായ വലിയ പ്രാധാന്യമുണ്ട്.
സുവനീർ ഷീറ്റിൽ പുറത്തിറക്കിയ മൂന്ന് സ്റ്റാമ്പുകൾ ഈ വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്:
त्रिवेणीं माधवं सोमं भरद्वाजं च वासुकिम्।
वन्दे अक्षयवटं शेष प्रयागं तीर्थनायकम।
ശ്രീ ശംഖ സാമന്ത രൂപകൽപ്പന ചെയ്ത സ്മരണിക തപാൽ സ്റ്റാമ്പുകൾ ത്രിവേണി തീർത്ഥത്തിന്റെ മൂന്ന് പ്രധാന വശങ്ങളെ - മഹർഷി ഭരദ്വാജ് ആശ്രമം, സ്നാൻ, അക്ഷയവത് എന്നിവയെ - മനോഹരമായി ചിത്രീകരിക്കുന്നു.
ഋഷി ഭരദ്വാജിന്റെ കാലത്തെ ഒരു പ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്നു മഹർഷി ഭരദ്വാജ് ആശ്രമം.വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ഈ ആശ്രമം സന്ദർശിച്ചതായി രാമായണത്തിലും ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. രണ്ടാമത്തെ സ്റ്റാമ്പായ സ്നാനത്തിൽ, ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുന്നതിന്റെ പ്രാധാന്യം പ്രദർശിപ്പിച്ചിരിക്കുന്നു. പാപങ്ങൾ കഴുകി കളയുമെന്നും മോക്ഷം ലഭിക്കുകയും ചെയ്യുമെന്ന വിശ്വാസത്തോടെ ദശലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണിയിൽ സ്നാനം ചെയ്യുന്നു. മൂന്നാമത്തെ സ്റ്റാമ്പായ അക്ഷയവത്, ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസകാലത്ത് വിശ്രമിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന അനശ്വരമായ ആൽമരമാണ്. പുരാതന ഗ്രന്ഥങ്ങൾ അനുസരിച്ച്, മഹാപ്രളയസമയത്തും അക്ഷയവത് ഉറച്ചുനിന്നു.
ഈ ചരിത്ര സംഭവത്തെ അനുസ്മരിക്കുന്ന സ്റ്റാമ്പുകൾ, ഫസ്റ്റ് ഡേ കവറുകൾ, ബ്രോഷറുകൾ എന്നിവയുടെ പരിമിത പതിപ്പിലുള്ള സുവനീർ സ്വന്തമാക്കൂ!
ഇപ്പോൾ https://www.epostoffice.gov.in/ ൽ ലഭ്യമാണ്
ഇവ ശേഖരിച്ചു കൊണ്ട് 2025 ലെ മഹാ കുംഭമേളയുടെ മഹത്വം ആഘോഷിക്കൂ.
SKY
(Release ID: 2104055)
Visitor Counter : 14