വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയുടെ സാമ്പത്തിക നവോത്ഥാനം: ആഗോള നേതൃത്വത്തിൻ്റെ പുതിയ യുഗം
പ്രവചിക്കപ്പെട്ട 7% GDP വളർച്ചാ നിരക്കോടെ സാമ്പത്തിക നവീകരണത്തിൽ ഇന്ത്യ മുൻനിരയില്‍
Posted On:
16 OCT 2024 6:03PM by PIB Thiruvananthpuram
പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജഗദീഷ് ഭഗവതി ഇന്ത്യയുടെ പരിവർത്തനത്തിൻ്റെ വ്യാപ്തിയ്ക്കനുസൃതമായ ആത്മവിശ്വാസത്തോടെയാണ് കൗടില്യ സാമ്പത്തിക കോൺക്ലേവിന്റെ തിങ്ങിനിറഞ്ഞ സദസ്സിനു മുന്നില്‍ സംസാരിച്ചത്. അഭിമാനത്തിൻ്റെയും പുരോഗതിയുടെയും ചിന്തകളാല്‍ അദ്ദേഹത്തിൻ്റെ വാക്കുകൾ പ്രതിധ്വനിച്ചു: "ഇന്ത്യയുടെ സാമ്പത്തികസ്ഥിതി സമ്പൂര്‍ണ പരിവർത്തനത്തിന് വിധേയമായിരിക്കുന്നു. നേരത്തെ ലോകബാങ്ക് ഇന്ത്യയോട് എന്താണ് ചെയ്യേണ്ടതെന്ന് പറയുമായിരുന്നുവെങ്കില്‍ ഇപ്പോൾ എന്തുചെയ്യണമെന്ന് ഇന്ത്യ ലോകബാങ്കിനോട് പറയുന്നു. നാം പൂർണ്ണമായും ഒരു പുതിയ യുഗത്തിൽ എത്തിയിരിക്കുന്നു. ബാഹ്യ മാർഗനിർദ്ദേശം മാത്രം പിന്തുടർന്ന ഒരു സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ആഗോള സാമ്പത്തിക വ്യവഹാരത്തെ രൂപപ്പെടുത്തുന്ന ഒന്നിലേക്കുള്ള ഇന്ത്യയുടെ അസാധാരണ യാത്രയെ പൂര്‍ണമായും ഉൾക്കൊള്ളുന്നതാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന.
ലോകബാങ്കിൻ്റെ സമീപകാല ഇന്ത്യാ വികസന അപ്‌ഡേറ്റ് (IDU) ഈ സാമ്പത്തിക പരിവർത്തനത്തെ അടിവരയിടുന്നു, 2024-25 സാമ്പത്തിക വർഷം ശക്തമായ 7% GDP വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതിനൊപ്പം ഭാവിയിലേക്ക് സമാനമായ മികച്ച പ്രവചനങ്ങളും ഉള്‍പ്പെടുന്നു. 2022-23 സാമ്പത്തിക വർഷത്തിലെ 7.0% ത്തിൽ നിന്ന് 2023-24 സാമ്പത്തിക വർഷം 8.2% ആയി വളർച്ച ത്വരിതപ്പെടുത്തിക്കൊണ്ട് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നതായും കാണാം. കൂടാതെ, 2013-14 സാമ്പത്തിക വര്‍ഷത്തിലെ പത്താമത് വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് 2021-22 ൽ അഞ്ചാമത് വലിയ സമ്പദ്‌വ്യവസ്ഥയിലേക്കെത്തിയതോടെ ഇന്ത്യയുടെ GDP റാങ്കിംഗ് ഗണ്യമായി മെച്ചപ്പെട്ടതായി ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) ഡാറ്റാബേസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ സാമ്പത്തിക പുരോഗതിക്ക് പുറമെ 2013-14 നും 2022-23 നും ഇടയിൽ 24.82 കോടി പേര്‍ വിവിധ തലങ്ങളിലെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെട്ടതായി 'ഇന്ത്യയിലെ ബഹുതല ദാരിദ്ര്യം 2005-06 മുതൽ' എന്ന തലക്കെട്ടില്‍ നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തു. ദാരിദ്ര്യത്തിൻ്റെ എല്ലാ തലങ്ങളെയും അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ട് ഇക്കാലയളവില്‍ നടപ്പാക്കിയ വിവിധ സർക്കാർ സംരംഭങ്ങളാണ് ഈ ഗണ്യമായ കുറവിന് കാരണമായത്. രാജ്യത്തെ ദശലക്ഷക്കണക്കിന് പേരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ ഈ ശ്രമങ്ങൾ നിർണായക പങ്ക് വഹിച്ചുവെന്ന് റിപ്പോർട്ടില്‍ ഊന്നിപ്പറയുന്നു. കൂടാതെ, 2023-24 ല്‍ നിലവിലെ വിപണിമൂല്യത്തിലെ ഇന്ത്യയുടെ പ്രതിശീർഷ GDP 2,11,725 രൂപയെന്ന സൂചന നല്‍കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ആദ്യഘട്ട കണക്കുകളും രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിക്ക് അടിവരയിടുന്നു.
കഴിഞ്ഞ ദശാബ്ദക്കാലത്തെ ബോധപൂർവമായ പരിഷ്‌കാരങ്ങളുടെയും ദർശനപരമായ നേതൃത്വത്തിൻ്റെയും ഫലമാണ് ഈ മികച്ച സാഹചര്യം. 2017-ൽ നടപ്പാക്കിയ ചരക്കുസേവന നികുതി (GST) വിവിധ തലങ്ങളില്‍ വിഭജിക്കപ്പെട്ട സംസ്ഥാനതല നികുതികള്‍ ലഘൂകരിച്ച് രാജ്യത്തെ ഏക വിപണിയാക്കി മാറ്റിയതോടെ ഇന്ത്യയുടെ സാമ്പത്തിക വഴിത്തിരിവിലെ ഒരു പ്രധാന ഘടകമായി മാറി. തൽഫലമായി 2023-24ൽ പ്രതിമാസം ശരാശരി 1.68 ലക്ഷം കോടി രൂപയെന്ന നിരക്കില്‍ GST വരുമാനം 20.18 ലക്ഷം കോടി രൂപയായി ഉയർന്നു.
ഇന്ത്യ അതിൻ്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുമ്പോൾ, സാമ്പത്തിക ഉൾച്ചേര്‍ക്കല്‍ തുല്യവളർച്ചയുടെ നിർണായകശക്തിയായി ഉയർന്നു. ഒരു ദശാബ്ദം മുന്‍പ് ആരംഭിച്ച പ്രധാന്‍മന്ത്രി ജൻ ധൻ യോജന (PMJDY) ബാങ്കിംഗ് സംവിധാനങ്ങളെ പ്രാപ്യമാക്കുന്നതില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും 2024 ഒക്ടോബറോടെ 53 കോടി അക്കൗണ്ടുകൾ തുറക്കുകയും ചെയ്തു. നേരത്തെ ബാങ്കിംഗ് സേവനങ്ങളുടെ ഭാഗമല്ലാതിരുന്ന ദശലക്ഷക്കണക്കിന് പേരെ ഔപചാരിക സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുവന്നതോടെ സേവനങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കാനും അതുവഴി സാമ്പത്തിക അസമത്വം കുറയ്ക്കാനും സാധിച്ചു. ഈ പരിഷ്‌കാരങ്ങൾ GST-യ്‌ക്കൊപ്പം സമഗ്ര വളർച്ചയിലേക്കുള്ള ഇന്ത്യയുടെ നിലവിലെ പരിവർത്തനത്തിന് ഗണ്യമായ രീതിയില്‍ ആക്കം കൂട്ടി.
ഇന്ത്യയെ ആഗോള ഉൽപ്പാദന കേന്ദ്രമായി ഉയർത്തുന്നതിൽ 2014-ൽ അവതരിപ്പിച്ച “മേക്ക് ഇൻ ഇന്ത്യ” സംരംഭവും നിർണായകമാണ്. നിയന്ത്രണങ്ങൾ ലഘൂകരിച്ചതിലൂടെയും ബിസിനസ്സ് സുഗമമാക്കിയതിലൂടെയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിൻ്റെ (FDI) റെക്കോർഡുകള്‍ തകര്‍ക്കാന്‍ ഈ സംരംഭത്തിനായി. 2014 ഏപ്രിലിനും 2024 മാർച്ചിനും ഇടയിൽ ഇന്ത്യ 667.41 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപം നേടി. 2021-22 സാമ്പത്തിക വർഷത്തിൽ മാത്രം 84.83 ബില്യൺ ഡോളറാണിത്. നിക്ഷേപത്തിൻ്റെ ഈ ഒഴുക്ക് വ്യാവസായിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ വിശാലമായ വിപണിയും സംരംഭകത്വ മനോഭാവവും ഒരു നിർമാണ കേന്ദ്രമെന്ന നിലയില്‍ വളര്‍ന്നുവരുന്ന ഇന്ത്യയുടെ താല്പര്യങ്ങളെ ശക്തിപ്പെടുത്തുന്നു.
ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെൻ്റിൻ്റെ (OECD) മുഖ്യ സാമ്പത്തികവിദഗ്ധന്‍ അൽവാരോ സാൻ്റോസ് പെരേര അടുത്തിടെ ഒരു അഭിമുഖത്തിൽ ഈ വികാരം പങ്കുവെച്ചു: “അടുത്ത ഏതാനും ദശാബ്ദങ്ങളില്‍ ശക്തമായ വളർച്ചാ നിരക്ക് കൈവരിക്കാൻ ആവശ്യമായതെല്ലാം ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ 10 വർഷമായി കാര്യമായ പരിഷ്‌കാരങ്ങളുണ്ടായതിനൊപ്പം പല രാജ്യങ്ങളിലും ഞാൻ കാണാത്ത ചലനാത്മകതയും സംരംഭകത്വ മനോഭാവവും പരിഷ്‌കരണ മനോഭാവവും രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ഉയിർത്തെഴുന്നേൽപ്പിനെ മുന്നോട്ടു നയിക്കുന്ന അഭിലാഷത്തിൻ്റെയും പ്രതിരോധശേഷിയുടെയും ദീർഘവീക്ഷണത്തിൻ്റെയും അതുല്യ സമന്വയത്തെയാണ് പെരേരയുടെ വാക്കുകൾ അടിവരയിടുന്നത്.
ഇന്ത്യയുടെ വളർച്ചയുടെ മറ്റൊരു നിർണായക സ്തംഭമാണ് അടിസ്ഥാന സൗകര്യങ്ങൾ. ഭാരത്‌മാല പരിയോജന, പിഎം ഗതിശക്തി തുടങ്ങിയ മുൻനിര പദ്ധതികൾ രാജ്യത്തിൻ്റെ ഗതാഗത, ചരക്കുനീക്ക മേഖലകളെ മാറ്റിമറിച്ചു. കഴിഞ്ഞ 5 വർഷത്തില്‍ നിര്‍മിക്കപ്പെട്ട 24,000 കിലോമീറ്ററിലധികം ദേശീയപാതകള്‍ യാത്രാ സമയം കുറയ്ക്കുകയും സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലെ ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തു. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് തൊഴില്‍ സൃഷ്ടിക്കുന്ന ഈ പദ്ധതികൾ രാജ്യത്തെ തൊഴിലവസരങ്ങള്‍ക്കും പ്രധാന സംഭാവനയായി മാറുന്നു. അടിസ്ഥാനസൗകര്യ വികസനത്തില്‍ നിക്ഷേപിക്കുന്നതുവഴി ഇന്ത്യ അതിൻ്റെ ആഭ്യന്തര ഗതാഗതം മെച്ചപ്പെടുത്തുക മാത്രമല്ല, തുടർച്ചയായ സാമ്പത്തിക വിപുലീകരണത്തിന് കളമൊരുക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ പരിവർത്തനം വ്യക്തമായി കാണാവുന്ന മറ്റൊരു മേഖലയാണ് നവീകരണം. 2016-ൽ ആരംഭിച്ച അടൽ ഇന്നൊവേഷൻ മിഷൻ (AIM) സ്‌കൂളുകളിൽ പതിനായിരത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ച് യുവപ്രതിഭകളെ പരിപോഷിപ്പിച്ചു. പുതിയ സാങ്കേതികവിദ്യകളില്‍ സമഗ്ര പഠനത്തിനും പ്രശ്‌നപരിഹാരശേഷി വികസിപ്പിക്കാനും ഈ ലാബുകൾ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി ഭാവിയിലെ മുന്നേറ്റങ്ങൾക്ക് അടിത്തറയിടുകയും ചെയ്യുന്നു. നവീകരണത്തിലെ ഈ ശ്രദ്ധ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിന് കാരണമായതോടെ ലോകത്തിലെ മൂന്നാമത് വലിയ ആവാസവ്യവസ്ഥയായി നാം മാറി. 2024 ഒക്ടോബറിലെ കണക്കനുസരിച്ച്, ഇന്ത്യയിലെ 150,000-ത്തിലധികം അംഗീകൃത സ്റ്റാർട്ടപ്പുകൾ 1.5 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നത് രാജ്യത്തിൻ്റെ സംരംഭകത്വ ശക്തിയെ ഉയർത്തിക്കാട്ടുന്നു.
ആഗോളതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് ജഗദീഷ് ഭഗവതി പറഞ്ഞതുപോലെ "നാം പൂർണ്ണമായും ഒരു പുതിയ യുഗത്തിൽ എത്തിയിരിക്കുന്നു". 2023-ൽ ഇന്ത്യ ജി-20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത് രാജ്യത്തിന്റെ ഈ അന്താരാഷ്ട്ര യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. "വസുധൈവ കുടുംബകം" (ലോകം ഒരു കുടുംബം) എന്ന പ്രമേയത്തിന് കീഴിൽ ഇന്ത്യ 18-ാമത് ജി-20 നേതാക്കളുടെ ഉച്ചകോടി ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു. "ഒരു കുടുംബം" സെഷനിൽ, ഉക്രെയ്ൻ സംഘർഷം ഉൾപ്പെടെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലെ ഒരു സുപ്രധാന നേട്ടമായി മാറിയ ന്യൂഡൽഹി പ്രഖ്യാപനം അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഈ അധ്യക്ഷപദവി ഇന്ത്യയുടെ നയതന്ത്ര നേതൃപാടവത്തെ പ്രകടമാക്കുകയും വൻശക്തികൾക്കിടയിൽ ഭിന്നത രൂക്ഷമാവുന്ന സമയത്ത് ബഹുമുഖത്വത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു.
2030-ഓടെ സൗരോർജ്ജ നിക്ഷേപത്തിൽ 1,000 ബില്യൺ ഡോളർ സമാഹരിക്കുന്നതിനായി 2015-ൽ ഫ്രാൻസുമായി ചേർന്ന് ആരംഭിച്ച ഇൻ്റർനാഷണൽ സോളാർ അലയൻസ് (ISA) പോലുള്ള സംരംഭങ്ങളിലൂടെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആഗോള സുസ്ഥിരതാ ശ്രമങ്ങളിൽ ഇന്ത്യയുടെ നേതൃത്വത്തിന് കൂടുതൽ ശക്തിപകര്‍ന്നുകൊണ്ട് ISA അസംബ്ലിയുടെ ഏഴാമത് സെഷൻ നവംബറിൽ ന്യൂഡൽഹിയിൽ നടക്കും. ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (IRENA) 2024 വാർഷിക അവലോകനം റിപ്പോർട്ട് പ്രകാരം 2023-ൽ പുനരുപയോഗ ഊർജ മേഖലയിൽ 1.02 ദശലക്ഷം തൊഴിലവസരങ്ങളെന്ന നേട്ടം കൈവരിച്ചത് പുനരുപയോഗ ഊർജത്തോടുള്ള പ്രതിബദ്ധതയെ അടിവരയിടുന്നു. 2024 ഒക്ടോബർ 10-ന് ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി 200 GW കവിഞ്ഞ് 201.45 GW-ൽ എത്തിയത് ഹരിത ഭാവിയിലേക്കും സുസ്ഥിര സാമ്പത്തിക വളർച്ചയിലേക്കുമുള്ള ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു.
ഒരു കാലത്ത് വിവിധ ആഗോള സ്ഥാപനങ്ങളിൽ നിന്ന് ഉപദേശം സ്വീകരിച്ചിരുന്ന സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഇപ്പോൾ അന്താരാഷ്ട്ര സാമ്പത്തിക തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനം രാജ്യത്തിന്റെ അഭിലാഷത്തിൻ്റെയും പ്രതിരോധ ശേഷിയുടെയും ശ്രദ്ധേയമായ തെളിവാണ്. സുസ്ഥിര പരിഷ്കാരങ്ങൾ, ശക്തമായ അടിസ്ഥാന സൗകര്യ വികസനം, സംരംഭകത്വ മനോഭാവം എന്നിവയിലൂടെ രാജ്യം ദീർഘകാല വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. അൽവാരോ സാൻ്റോസ് പെരേര സൂചിപ്പിച്ചതുപോലെ, വരും വർഷങ്ങളിലും ആഗോള സാമ്പത്തിക വ്യവഹാരത്തെ സ്വാധീനിക്കുന്നത് തുടരുമെന്ന ഉറപ്പോടെ ഇന്ത്യയുടെ പരിവര്‍ത്തന തീക്ഷ്ണതയുടെയും ചലനാത്മക സമ്പദ്‌വ്യവസ്ഥയുടെയും സംയോജനം രാജ്യത്തെ വേറിട്ടു നിർത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
References:
Kindly find the pdf file
(Release ID: 2065633)
Visitor Counter : 105