പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ലോക നാളികേര ദിനാഘോഷം കൊച്ചിയിൽ സംഘടിപ്പിച്ചു

Posted On: 02 SEP 2024 4:44PM by PIB Thiruvananthpuram



കൊച്ചി : സെപ്റ്റംബർ 2, 2024

നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  ലോക നാളികേര ദിനാഘോഷം ഇന്ന് എറണാകുളം ടൗണ്‍ ഹാളില്‍  സംഘടിപ്പിച്ചു . സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു . പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനൊപ്പം വൈവിധ്യമാര്‍ന്ന നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ഭക്ഷ്യമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാകുമെന്ന്  മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 നാളികേര മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് വന്‍ഡിമാന്റാണ് വിപണിയില്‍ ഉള്ളത്. നാറ്റാ ഡി കൊക്കോ, നാളികേര ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കടന്നുവരവ് ഇതിനെ സൂചിപ്പിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇനിയും ധാരാളം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. അതിനായി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികളും സമന്വയിപ്പിച്ച് കര്‍ഷകര്‍ക്കും, സംരംഭകര്‍ക്കും പ്രയോജനപ്രദമാകും വിധം പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ രോഗ കീടാക്രമണവും അതിനെ പ്രതിരോധിക്കുന്നതിനുള്ള സംരംക്ഷണ മാര്‍ഗ്ഗങ്ങളും, നാളികേര വികസന ബോര്‍ഡും കേരള കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് കണ്ടെത്തേണ്ടതുണ്ടെന്നും  മന്ത്രി പറഞ്ഞു.  

ഇന്നത്തെ സാമൂഹിക സ്ഥിതിയ്ക്ക് അനുസൃതമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയണമെന്ന് ടി. ജെ. വിനോദ്  എം.എല്‍.എ  ആശംസ പ്രസംഗത്തില്‍ പറഞ്ഞു. നാളികേര കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇത്തരം പരിപാടികള്‍ വേദിയാകണമെന്നും നാളികേര മേഖലയുടെ ഭാവി മൂല്യവര്‍ദ്ധനവിലും കൂടുതല്‍ സംരംഭകരെ സൃഷ്ടിക്കുന്നതിലുമാണെന്നും അദ്ദേഹം പറഞ്ഞു.

നാളികേര വികസന ബോര്‍ഡിന്റെ പദ്ധതികളുടെ ലഘുലേഖയും, കേര ഭാരതി എന്ന ഹിന്ദി പുസ്തകത്തിന്റെ പ്രകാശനവും, ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രദര്‍ശന മേളയുടെ ഉദ്ഘാടനവും മന്ത്രി  പി. രാജീവ് നിര്‍വഹിച്ചു.  

ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ ആന്റ് കൊക്കോ ഡെവലപ്പ്‌മെന്റ്, ഡയറക്ടര്‍ ഡോ. ഫെമിന സന്നിഹിതയായിരുന്നു. നാളികേര വികസന ബോര്‍ഡിന്റെ മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ബി. ഹനുമന്ത ഗൗഡ സ്വാഗതവും, ഡയറക്ടര്‍ ദീപ്തി നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 ഓളം പുരോഗമന കര്‍ഷകരും, സംരംഭകരും, ഉത്പാദകരും, നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. കര്‍ഷകര്‍ക്കായി നാളികേര വികസന ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തെങ്ങ് കൃഷി രീതിയും സസ്യ സംരക്ഷണവും, മൂല്യവര്‍ദ്ധനവ്, കയറ്റുമതി, വിപണി പ്രോത്സാഹനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സുകള്‍ നയിച്ചു. ഇതോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി ക്വിസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് മന്ത്രി ഉപാഹാരങ്ങള്‍ നല്‍കി. 'സര്‍ക്കുലര്‍ സമ്പദ്‌വ്യവസ്ഥക്കായി കല്‍പ്പവൃക്ഷത്തിന്റെ മൂല്യം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന കൂട്ടായ്മകള്‍ കെട്ടിപ്പടുക്കാം' എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക നാളികേര ദിനത്തിന്റെ പ്രമേയം.


(Release ID: 2050909)
Read this release in: English