പോസ്റ്റഡ് ഓണ്‍:
27 AUG 2024 11:41AM by PIB Thiruvananthpuram
ഇന്ത്യയുടെ മാധ്യമ - വിനോദ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും അതിൻ്റെ ആഗോള സ്വാധീനം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (WAVES) യുടെ ഉദ്ഘാടനപ്പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ് ഭാരത സര്‍ക്കാര്‍. 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് - സീസൺ 1' എന്ന പേരിൽ 2024 ഓഗസ്റ്റ് 22-ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് 25 മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ വിനോദ സാമ്പത്തിക ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന WAVES ലോകമെങ്ങുമുള്ള മാധ്യമ-വിനോദ രംഗത്തെ സാഹോദര്യ കൂട്ടായ്മയ്ക്ക് ഒരു സുപ്രധാന വേദിയായി മാറുകയാണ്.
25 മത്സര ഇനങ്ങളിലെയും ഫൈനലിലെത്തുന്ന എല്ലാവര്ക്കും പ്രധാന WAVES വേദിയില്‍ ഒത്തുചേരാനും അവരുടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അവസരം നൽകും. വിവിധ മത്സരങ്ങളില്‍ നിന്ന് അന്തിമമായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും പ്രസക്തവും വലുതുമായ ലോകോത്തര വേദികളില്‍ പങ്കെടുക്കാൻ അവസരമൊരുക്കും. ഉദാഹരണത്തിന്, അനിമേഷൻ ചലചിത്ര നിര്‍മാണത്തിലെ വിജയിയെ വന്‍കിട ചലചിത്ര നിര്‍മാണ കേന്ദ്രങ്ങളില്‍ ചിലതുമായി ബന്ധപ്പെടുത്തി അവരുടെ ചിത്രം പൂർത്തിയാക്കാൻ അവസരമൊരുക്കും. അവരുടെ പൂര്‍ത്തീകരിച്ച ചിത്രത്തിന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ പിന്തുണയോടെ എനേസി അനിമേഷൻ ചലചിത്രോത്സവം പോലുള്ള പ്രശസ്തമായ ചലചിത്രമേളകളില്‍ വേദിയൊരുങ്ങും. ജപ്പാനിലെ ഏറ്റവും വലിയ അനിമേ പരിപാടിയില്‍ പങ്കെടുക്കാൻ അനിമേ മത്സരത്തിലെ വിജയികള്‍ക്ക് പിന്തുണ നല്‍കും.
WAVES പ്രധാന പരിപാടിയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന വിവിധ മത്സരയിനങ്ങള്‍ അടുത്ത ഏതാനും മാസങ്ങളില്‍ രാജ്യത്തെ മുഴുവൻ ദൃശ്യ-ശ്രാവ്യ ഉള്ളടക്ക നിര്‍മാണ സമൂഹത്തെയും ഈ രംഗത്ത് വ്യാപൃതരാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ പൊതുജന സേവന പ്രക്ഷേപകരായ പ്രസാർ ഭാരതി, ബാറ്റിൽ ഓഫ് ദ ബാൻഡ്സ്, ദി സിംഫണി ഓഫ് ഇന്ത്യ എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ബാറ്റിൽ ഓഫ് ദ ബാൻഡ്സ് മത്സരം ആധുനിക സംഗീതവും പരമ്പരാഗത നാടോടി ശകലങ്ങളും സംയോജിപ്പിച്ച് പരീക്ഷണങ്ങൾ നടത്താൻ വാദ്യമേള കൂട്ടായ്കള്‍ക്ക് വേദിയൊരുക്കുന്നു. ഈ നൂതന സമീപനത്തിലൂടെ കൂടുതല്‍ പ്രേക്ഷകരെ ആകർഷിക്കാനും ഇന്ത്യയുടെ സംഗീത പാരമ്പര്യങ്ങളുടെ സൗന്ദര്യവും വൈവിധ്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും സാധിക്കുന്നു. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുന്നതിലൂടെയും ഈ തൊഴില്‍ മേഖലയിലെ വിദഗ്ധരുമായി ബന്ധപ്പെടുന്നതിലൂടെയും മത്സരത്തില്‍ പങ്കെടുക്കുന്ന വാദ്യമേള കൂട്ടായ്കള്‍ക്ക് അവരുടെ ദൃശ്യപരത വർധിപ്പിക്കാനും ആരാധകരുടെ എണ്ണം കൂട്ടാനും സഹകരണത്തിനും വിതരണത്തിനുമുള്ള അവസരങ്ങൾ സുരക്ഷിതമാക്കാനും കഴിയുന്നു.
സിംഫണി ഓഫ് ഇന്ത്യ മത്സരം ഇതില്‍നിന്ന് വ്യത്യസ്തമായി പരമ്പരാഗത ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ വൈദഗ്ധ്യമുള്ള ഏകാംഗ ഗായകരുടെയും സംഘങ്ങളുടെയും കലാനൈപുണ്യം ആഘോഷിക്കുന്നതിനായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രഗത്ഭരായ ഈ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാന്‍ വേദിയൊരുക്കുന്നതിലൂടെ ഇന്ത്യയുടെ ശാസ്ത്രീയ സംഗീത പാരമ്പര്യങ്ങളുടെ മതിപ്പും സംരക്ഷണവും പ്രോത്സാഹിപ്പിക്കാനാണ് പ്രസാർഭാരതി ലക്ഷ്യമിടുന്നത്. അതിവേഗം കുതിക്കുന്ന ഇന്നത്തെ ലോകത്ത് പരമ്പരാഗത കലകൾ ജനപ്രിയ സംസ്കാരത്തിനനുസൃതമായി അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്.
അനിമേഷൻ ചലചിത്ര നിര്‍മാണ മത്സരം ഇന്ത്യയുടെ അനിമേഷൻ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. ഇച്ഛാശക്തിയുള്ള ചലചിത്ര പ്രവർത്തകർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും നൈപുണ്യവികസനത്തിനും ആവശ്യമായ വേദി പ്രദാനം ചെയ്യുന്നു. അനിമേഷൻ വ്യവസായം അതിവേഗം വളരുമ്പോഴും നൈപുണ്യ വികസനത്തിൻ്റെയും അംഗീകാരത്തിൻ്റെയും കാര്യത്തിൽ ഇപ്പോഴും വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന ഒരു രാജ്യത്ത്, പ്രതിസന്ധികള്‍ മറികടക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും ഈ മത്സരം ചലചിത്ര പ്രവര്‍ത്തകര്‍ക്ക് സവിശേഷ അവസരമൊരുക്കുന്നു. പ്രബലമായ കഥാവിഷ്ക്കാരത്തിന് പേരുകേട്ട ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായ ഡാൻസിങ് ആറ്റംസ് അനിമേഷൻ സ്റ്റുഡിയോ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വ്യവസായ വിദഗ്ധരെ സമീപിക്കാനുള്ള അവസരം, മാര്‍ഗനിര്‍ദേശം, ഈ രംഗത്ത് പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ എന്നിവയിലൂടെ അവരുടെ തൊഴിലിനെ മുന്നോട്ട് കൊണ്ടുപോകാനാവുന്നു. വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യൻ അനിമേഷന്‍ മേഖലയുടെ ഗുണനിലവാരവും വൈവിധ്യവും ഉയർത്താനും ഈ മേഖലയിലെ ആഗോള നേതാവായി രാജ്യത്തെ മാറ്റിയെടുക്കാനും ഈ മത്സരത്തിന് സാധിക്കും.
ഓൺലൈൻ തിരഞ്ഞെടുപ്പും വിദഗ്ധര്‍ നയിക്കുന്ന പഠനവേദികളും ഉൾപ്പെടുന്ന ഈ പ്രക്രിയയില്‍ തുടർന്ന് ആശയങ്ങള്‍ സമർപ്പിക്കലും അവയുടെ പരിഷ്ക്കരണവും നടക്കുന്നു. വ്യക്തിഗത മാര്‍ഗനിര്‍ദേശവും തുടര്‍ന്നുള്ള ദൃശ്യാധിഷ്ഠിത ആശയ സമർപ്പണവും വഴി അന്തിമഘട്ടത്തിലേക്ക് 15 പേരെ തിരഞ്ഞെടുക്കുന്നു. സൃഷ്ടികള്‍ ആഗോള പ്രേക്ഷകർക്കു മുന്നില്‍ പ്രദർശിപ്പിക്കുക, പ്രധാന പങ്കാളികളുമായി ബന്ധപ്പെടുക, അവരുമായി സൗഹൃദം സ്ഥാപിക്കുക, സഹകരണത്തിനും വിതരണത്തിനുമുള്ള അവസരങ്ങൾ ഉറപ്പാക്കുക, ആശയങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് ധനസഹായം നേടുക തുടങ്ങിയവയ്ക്കെല്ലാം ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കുന്നു. കൂടാതെ, വിജയികൾക്ക് പ്രശസ്ത സ്റ്റുഡിയോകൾ, നിർമാതാക്കൾ, വിതരണക്കാർ, ദൂരദര്ശന് പോലുള്ള പ്രക്ഷേപകർ എന്നിവരുമായി സഹകരിക്കാനും അവസരം ലഭിക്കുന്നു.
അനീമേ ചലഞ്ച് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും വ്യവസായരംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടാനും ആവശ്യമായ വേദി പ്രദാനം ചെയ്യുന്നതിലൂടെ ഇന്ത്യൻ അനിമേ, മാംഗ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ കലാരൂപങ്ങൾ ജനപ്രീതിയാര്‍ജിക്കുകയും എന്നാൽ ദൃശ്യപരതയുടെയും പിന്തുണയുടെയും കാര്യത്തിൽ ഇപ്പോഴും വെല്ലുവിളികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഈ മത്സരം ക്രിയേറ്റര്‍മാര്‍ക്ക് പ്രതിസന്ധികളെ മറികടക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും സവിശേഷ അവസരം നൽകുന്നു.
മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഈ മത്സരം 11 നഗരങ്ങളില്‍ സംസ്ഥാന, ദേശീയ തലങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിലായാണ് നടത്തുന്നത്. മാംഗ, വെബ്ടൂണ്, അനിമേ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി മത്സരം നടത്തുന്നതുവഴി വ്യത്യസ്ത പശ്ചാത്തലങ്ങളും ശൈലികളുമുള്ള ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാന്‍ മത്സരത്തില്‍ അവസരമുറപ്പാക്കുന്നു.
മാര്‍ഗനിര്‍ദേശം, ദൃശ്യപരത, ഈ രംഗത്തെ വിദഗ്ധരുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ എന്നിവയിലൂടെ അനിമേ വ്യവസായത്തിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഊർജസ്വലമായ ഒരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും 'അനിമേ ചലഞ്ച്' ലക്ഷ്യമിടുന്നു. വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യൻ അനിമേയുടെയും മാംഗയുടെയും ഗുണനിലവാരവും വൈവിധ്യവും ഉയർത്താനും ഈ സർഗാത്മക മേഖലകളിൽ ആഗോളതലത്തിലെ പ്രധാനിയായി രാജ്യത്തെ മാറ്റിയെടുക്കാനും ഈ മത്സരത്തിന് ശക്തിയുണ്ട്.
ഇന്ത്യ ഗെയിം ഡെവലപ്പർ കോൺഫറൻസ് (ഐജിഡിസി) സംഘടിപ്പിക്കുന്ന ഗെയിം ജാം, ഇന്ത്യയുടെ വളർന്നുവരുന്ന ഗെയിം വികസന വ്യവസായത്തിൽ സർഗാത്മകതയും നൂതനത്വവും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ദേശീയ തല മത്സരമാണ്.
രണ്ട് ഘട്ടങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്: ഇന്ത്യയിലെ ആറ് മേഖലകളിലായി സംഘടിപ്പിക്കുന്ന ആദ്യഘട്ട വെർച്വൽ ഗെയിം ജാമില്‍ മത്സരാര്‍ത്ഥികള്‍ 48 മണിക്കൂറിലധികം മത്സരിക്കുന്നു. തുടർന്ന് ഓരോ മേഖലകളില്‍നിന്നും തിരഞ്ഞെടുക്കുന്ന മികച്ച 10 മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ഗെയിം ജാം നടത്തുന്നു. മികച്ച വിജയം നേടുന്നവര്‍ക്ക് STPI യുടെ IMAGE COE കൂട്ടായ്മയില്‍ ഇടം നേടാനും വളർച്ചയ്ക്കും വികസനത്തിനും കൂടുതൽ അവസരങ്ങള്‍ നേടാനും സാധിക്കുന്നു. ഗെയിം വികസിപ്പിക്കുന്നവര്‍ക്ക് ഈ മത്സരം അമൂല്യമായ അനുഭവങ്ങളും, മാര്ഗനിര്ദേശത്തിന് അവസരങ്ങളും, മികച്ച വേദികളിലൂടെയും ഈ രംഗത്തെ ബന്ധങ്ങളിലൂടെയും അവരുടെ തൊഴില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള സാധ്യതയും വാഗ്ദാനം ചെയ്യുന്നു.
ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ AI ആർട്ട് ഇൻസ്റ്റലേഷൻ ചലഞ്ച്, കലയുടെയും സാങ്കേതികവിദ്യയുടെയും സംഗമത്തില്‍ വിപ്ലവം തീര്‍ക്കാനൊരുങ്ങുന്ന ഒരു മികച്ച മത്സരമാണ്. AI ഉപയോഗിച്ച് ആഴത്തിലുള്ളതും സംവേദനാത്മകവുമായ കലാനിര്‍മിതികള്‍ സൃഷ്ടിക്കാൻ കലാകാരന്മാരെയും ഡിസൈനർമാരെയും AI യില്‍ തല്പരരായവരെയും ക്ഷണിക്കുന്നതിലൂടെ പരീക്ഷണം, നവീകരണം, കലാരംഗത്തെ പുതിയ തലങ്ങള്‍ തേടല്‍ എന്നിവ ഈ മത്സരം പ്രോത്സാഹിപ്പിക്കുന്നു.
കലാപരമായ പ്രാധാന്യത്തിനപ്പുറം ഈ മത്സരം വ്യവസായത്തിന് വലിയ വിലകല്‍പ്പിക്കുന്നു. ഈ രംഗത്ത് സ്വാധീനമുള്ള നിക്ഷേപകർ, സഹകാരികൾ, ഉപഭോക്താക്കൾ എന്നിവർക്കിടയിൽ അവബോധവും താൽപ്പര്യവും വളർത്തിയെടുക്കാനും കലയിൽ AI-യുടെ നൂതന ആപ്ലിക്കേഷനുകൾ പ്രദർശിപ്പിക്കാനും ഇത് വേദിയൊരുക്കുന്നു. കലാപരമായ നവീകരണത്തിനും AI- നയിക്കുന്ന ക്രിയേറ്റീവ് മേഖലയുടെ വളർച്ചയ്ക്കും ഉത്തേജകമായ ഈ AI ആർട്ട് ഇൻസ്റ്റലേഷൻ ചലഞ്ച്, ആവേശകരവും അതിവേഗം വികസിക്കുന്നതുമായ ഈ മേഖലയുടെ മുൻനിരയിലേക്ക് ഇന്ത്യയെ നയിക്കുന്നു.
WAVES ഹാക്കത്തൺ: അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഡ്സ്പെൻഡ് ഒപ്റ്റിമൈസർ മത്സരത്തിലൂടെ ROI മെച്ചപ്പെടുത്തുക, കാര്യക്ഷമത വർധിപ്പിക്കുക, വിവരാധിഷ്ഠിത തീരുമാനമെടുക്കലും നൂതനത്വവും പ്രോത്സാഹിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ മത്സരാധിഷ്ഠിത ഡിജിറ്റൽ പരിതസ്ഥിതിയില്‍ പരസ്യത്തിനായി ചെലവഴിക്കുന്ന തുക പരമാവധി ROI (നിക്ഷേപത്തിൽ നിന്നുള്ള വരുമാനം) വർധിപ്പിക്കാന്‍ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ പരസ്യദാതാക്കൾ വെല്ലുവിളി നേരിടുന്നു. അധിക വിവരങ്ങള്‍, പരസ്യ ചാനലിന്റെ സങ്കീർണ്ണത, മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വിപണി സാഹചര്യങ്ങള്‍, പരസ്യ സ്രോതസ്സ് തിരിച്ചറിയുന്നതിലെ വെല്ലുവിളികൾ എന്നിവ തീരുമാനങ്ങളെടുക്കുന്നതിന് തടസ്സമാകുന്നു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നത് പരസ്യദാതാക്കൾക്കും വ്യവസായത്തിനും നിർണായകമാണ്. കാര്യക്ഷമമല്ലാത്ത പരസ്യ ചെലവ് വിഹിതം വിഭവങ്ങൾ പാഴാവുന്നതിനും ബ്രാൻഡിന്റെ പ്രശസ്തി കുറയുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും ഇടയാക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഡിജിറ്റൽ പരസ്യ ആവാസവ്യവസ്ഥയിലേക്ക് മികച്ച സംഭാവനകള്‍ നല്കാന് മത്സരാര്ത്ഥികള്ക്കാവും.
കമ്മ്യൂണിറ്റി റേഡിയോ അസോസിയേഷൻ്റെ കമ്മ്യൂണിറ്റി റേഡിയോ കണ്ടന്റ് ചലഞ്ച്, ഇന്ത്യയുടെ കമ്മ്യൂണിറ്റി റേഡിയോ രംഗത്തെ സർഗ്ഗാത്മകതയും മികവും വളർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു സുപ്രധാന മത്സരമാണ്. ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ ഏതൊരു ഘടനയിലും വിഭാഗത്തിലുമുള്ള അവരുടെ മികച്ച പ്രോഗ്രാമുകൾ മത്സരത്തിനായി സമർപ്പിക്കും. അരമണിക്കൂർ ദൈര്‍ഘ്യമുള്ള ഒരു പരിപാടിയോ ഒരു പരമ്പരയിലെ തിരഞ്ഞെടുത്ത പതിപ്പോ അതിനെ പിന്തുണയ്ക്കുന്ന വിവരങ്ങള്‍ സഹിതമാണ് സമര്‍പ്പിക്കേണ്ടത്. വിദഗ്ധരുടെ ഒരു ജൂറി ഇവ വിലയിരുത്തുകയും അന്തിമഘട്ടത്തിലേക്ക് മികച്ച 5 മത്സരാര്‍ത്ഥികളെ പട്ടികപ്പെടുത്തുകയും ചെയ്യും.
കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളെ അവരുടെ ഏറ്റവും നൂതനവും ഫലപ്രദവുമായ പരിപാടികള്‍ സമർപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രാദേശിക സമുദായങ്ങള്‍ക്ക് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ നല്കുന്ന അതുല്യമായ സംഭാവനകൾ പ്രദർശിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു വേദിയായി ഈ മത്സരം മാറുന്നു. നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും വൈവിധ്യമാർന്ന ശബ്ദങ്ങൾ ഉയർത്തിക്കാട്ടുകയും മികവ് തിരിച്ചറിയുകയും സമൂഹത്തെ കെട്ടിപ്പടുക്കുകയും ചെയ്യുന്ന ഈ സംരംഭം ആത്യന്തികമായി ഇന്ത്യയിലെ കമ്മ്യൂണിറ്റി റേഡിയോയുടെ ഭാവി രൂപപ്പെടുത്തുന്നു.
നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ - NFDC സംഘടിപ്പിക്കുന്ന ഫിലിം പോസ്റ്റർ രചന മത്സരം കലയുടെയും സിനിമയുടെയും സംഗമം ആഘോഷിക്കുന്ന ഒരു അതുല്യ സംരംഭമാണ്. ശ്രദ്ധേയമായ സിനിമകൾക്ക് ദൃശ്യപരമായി ശ്രദ്ധേയമായ, കൈകൊണ്ട് തയ്യാറാക്കുന്ന പോസ്റ്ററുകൾ രൂപകൽപ്പന ചെയ്യാന്‍ അവസരമൊരുക്കുന്നതിലൂടെ സർഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചലചിത്ര പോസ്റ്റർ തയ്യാറാക്കാനുള്ള കഴിവിന് ഈ മത്സരം ആഴത്തിലുള്ള അംഗീകാരം നല്‍കുകയും ചെയ്യുന്നു.
ഈ മത്സരത്തിന് സിനിമാ വ്യവസായത്തില്‍ പല കാരണങ്ങളാൽ കാര്യമായ പ്രാധാന്യമുണ്ട്. ആദ്യമായി ഈ രംഗത്ത് തല്പരരായ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഈ മേഖലയില്‍തന്നെ അംഗീകാരം നേടുന്നതിനുമുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു. രണ്ടാമതായി, ഒരു സിനിമയുടെ അന്തസ്സത്ത മനസ്സിലാക്കി പ്രേക്ഷകരെ ആകർഷിക്കാനാവുന്ന ശക്തമായ വിപണി ഉപകരണമായി സിനിമാ പോസ്റ്ററുകളുടെ പ്രാധാന്യം ഇത് എടുത്തുകാണിക്കുന്നു. മൂന്നാമതായി, ദേശീയ ചലചിത്ര അവാർഡ് നേടിയ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഇന്ത്യയുടെ സമ്പന്നമായ സിനിമാ പാരമ്പര്യത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കാനും ശ്രേഷ്ഠ സിനിമകളുമായി ഇടപഴകാനും പുതിയ തലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യൻ ഡിജിറ്റൽ ഗെയിമിംഗ് സൊസൈറ്റിയുടെ (IDGS) ഹാൻഡ്ഹെൽഡ് എഡ്യൂക്കേഷണൽ വീഡിയോ ഗെയിം ഡെവലപ്മെൻ്റ് മത്സരം നൂതനവും കൈയ്യിലൊതുങ്ങുന്നതുമായ വിദ്യാഭ്യാസ വീഡിയോ ഗെയിമുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നു. ഉപയോക്താക്കളെ, പ്രത്യേകിച്ച് കുട്ടികളെ കണക്ക് പഠിക്കാനും പസിലുകൾ പരിഹരിക്കാനും അവരുടെ വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന ആകർഷകമായ ഉപകരണങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. നിര്‍മാണ സാമഗ്രികളുടെ ചെലവിലെ കാര്യക്ഷമതയ്ക്കും സർഗാത്മകതയ്ക്കും മത്സരം ഊന്നൽ നൽകുന്നു. പങ്കെടുക്കുന്നവർ ആശയത്തിന്റെ തെളിവുകളും തുടര്‍ന്ന് ആദ്യമാതൃകയും സമര്‍പ്പിക്കും. വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെ വികസനവും നവീകരണവും പ്രോത്സാഹിപ്പിക്കുകയും പഠനത്തിനായി ഗെയിമിംഗിൻ്റെ സാധ്യതകൾ ഉയർത്തിക്കാട്ടുകയും ചെയ്യുന്നതിനാൽ മത്സരം ഈ രംഗത്ത് നിർണായകമാണ്.
ഇന്ത്യൻ കോമിക്സ് അസോസിയേഷൻ്റെ കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ ഹാസ്യ പുസ്തക നിർമാണവും സംസ്കാരവും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന മത്സരമാണ്. നൽകിയിരിക്കുന്ന പ്രമേയങ്ങളില്‍ സന്നദ്ധ, തൊഴിലധിഷ്ഠിത കലാകാരന്മാർ അവരുടെ ഇഷ്ട കലാശൈലികളുപയോഗിച്ച് ഹാസ്യചിത്രങ്ങള്‍ തയ്യാറാക്കി മത്സരിക്കുന്നു. വിജയിച്ച മത്സര സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുകയും പുരസ്കാരം നൽകുകയും ചെയ്യുന്ന ഗ്രാൻഡ് ഫിനാലെയിലാണ് മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരം അവസാനിക്കുന്നത്. ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പ്രസാധകരുമായുള്ള ശൃംഖല സൃഷ്ടിക്കാനും ഇന്ത്യയിലെ ഹാസ്യ ഉള്ളടക്കത്തിന്റെ ആവാസവ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകാനും വേദിയൊരുക്കുന്നതിനാല് ഈ മത്സരം ഹാസ്യമേഖലയ്ക്ക് നിര്‍ണായകമാണ്.
മാധ്യമ-വിനോദ രംഗത്ത് ഉള്ളടക്കം സൃഷ്ടിക്കുന്നവര്‍ക്ക് അംഗീകാരം നേടാനുള്ള അവസരം മാത്രമല്ല, ഊർജ്ജസ്വലവും വളര്‍ന്നുവരുന്നതുമായ ക്രിയേറ്റര്‍മാരുടെ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ വിലയേറിയ അവസരവും ഈ മത്സരങ്ങള്‍ നൽകുന്നു. ഇന്ത്യൻ കലാകാരന്മാർക്ക് അവരുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കാന്‍ വേദി നൽകുന്നതിലൂടെ, ആഗോള അനിമേഷൻ വ്യവസായത്തിലെ പ്രധാനിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കാൻ ഈ മത്സരങ്ങൾ സഹായിക്കും.
അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ആൻഡ് ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റന്റഡ് റിയാലിറ്റി എന്നിവയ്ക്കായുള്ള നിർദ്ദിഷ്ട നാഷണൽ സെൻ്റർ ഓഫ് എക്സലൻസിന്റെ ഒരു ഡാറ്റാ ബേസ് ആയി വിവിധ വിഭാഗങ്ങളിലെ മത്സരാർത്ഥികള്‍ മാറും. AVGC-XR-ൻ്റെ വിവിധ തലങ്ങളില്‍ വളരുന്നതിനുള്ള സൗകര്യങ്ങളും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പരിപാടികളും ആവിഷ്ക്കരിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നു.
WAVES 2024 അടുത്തുവരുമ്പോള്‍ ഇത് ഇന്ത്യയുടെ മാധ്യമ-വിനോദ വ്യവസായത്തിന് ഒരു സുപ്രധാന നിമിഷമായി നിലകൊള്ളുകയും ആഗോള തലത്തിൽ രാജ്യത്തിൻ്റെ സര്‍ഗാത്മക കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ഒരു ചലനാത്മക വേദി ഉറപ്പാക്കുകയും ചെയ്യുന്നു. അനിമേഷൻ മുതൽ ഗെയിമിംഗ്, AI ആർട്ട് വരെ വിവിധ മേഖലകളിലെ കലാകാരന്മാരെ പങ്കെടുപ്പിക്കാനും പ്രചോദിപ്പിക്കാനും രൂപകൽപ്പന ചെയ്തിരിക്കുന്ന 25 വൈവിധ്യമാർന്ന മത്സരങ്ങളോടെയാണ് ഈ പ്രഥമ ഉച്ചകോടി സഹകരണത്തിനും നവീകരണത്തിനും പുതിയ പാതകൾ രൂപപ്പെടുത്തുന്നത്. വളർന്നുവരുന്ന പ്രതിഭകളെ വ്യവസായ പ്രമുഖരിലേക്കും അന്താരാഷ്ട്ര അവസരങ്ങളിലേക്കും ബന്ധിപ്പിക്കുന്നതിലൂടെ ആഗോള വിനോദ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉയർത്തുക മാത്രമല്ല, ആഗോള സർഗാത്മക വ്യവസായങ്ങളുടെ ഭാവിയെ മുന്നോട്ട് നയിക്കുമെന്നും WAVES 2024 ഉറപ്പുനല്‍കുന്നു. ഇന്ത്യൻ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഉച്ചകോടിയുടെ പ്രതിബദ്ധത ആഗോള മാധ്യമ വിനോദ മേഖലകളെ മികച്ച തലത്തില്‍ സ്വാധീനിക്കുന്നതിനുള്ള അതിൻ്റെ സാധ്യതകളെ ഉയർത്തിക്കാട്ടുകയും തുടർച്ചയായ വളർച്ചയ്ക്കും അംഗീകാരത്തിനും കളമൊരുക്കുകയും ചെയ്യുന്നു.