പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ത്യയുടെ ദേശീയ പതാക
प्रविष्टि तिथि:
13 AUG 2024 5:32PM by PIB Thiruvananthpuram
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലൂടെ ഒരു യാത്ര
ചെന്നൈയിലെ സെൻ്റ് ജോർജ്ജ് കോട്ടയിൽ നമ്മുടെ രാജ്യത്തിൻ്റെ കഥ പ്രതിഫലിപ്പിക്കുന്ന ചരിത്രത്തിൻ്റെ ഒരു ഭാഗമുണ്ട് . സെൻ്റ് ജോർജ്ജ് കോട്ട മ്യൂസിയത്തിലുള്ള ഇന്ത്യൻ ഇൻഡിപെൻഡൻസ് ഗാലറിയിൽ വിളങ്ങുന്ന 12 അടി നീളവും 8 അടി വീതിയുമുള്ള ശുദ്ധമായ പട്ട് കഷണമാണ് ഇത് . 1947 ഓഗസ്റ്റ് 15 ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഉയർത്തിയ പതാകകളിൽ ഒന്നാണ് ഈ പതാക. ആ സുപ്രധാന ദിനത്തിന്റേതായി അവശേഷിക്കുന്ന പതാകകളിൽ ഒന്നാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ദശലക്ഷക്കണക്കിന് പേരുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിശ്ശബ്ദവും ശക്തവുമായ തെളിവാണിത്.
1947 ഓഗസ്റ്റ് 15 ന് പുലർച്ചെ 5:30 ന് ഉയർത്തിയ പതാക, ചക്രവാളത്തിൽ ഒരു പുതിയ യുഗപ്പിറവിയുടെ പ്രഭാതത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഉയർന്നുനിന്നു. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണം സഹിച്ച ഒരു ജനതയ്ക്ക്, അത് സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും ആശ്വാസത്തിൻ്റെയും നിമിഷമായിരുന്നു. ഇന്ത്യയുടെ ദേശീയ പതാക എന്താകും എന്നതിൻ്റെ വിവിധ നിർദേശങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട ,ആ വിജയകരമായ പ്രഭാതത്തിലേക്കുള്ള യാത്ര ദീർഘവും ക്ലേശകരവുമായിരുന്നു.
ഇന്ത്യൻ ദേശീയ പതാകയുടെ പരിണാമം കേവലം ഒരു പ്രതീകത്തിൻ്റെ കഥ മാത്രമല്ല, നിശ്ചയ ദാർഢ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ചരിത്രമാണ്. 1906-ൽ സ്വദേശി ബഹിഷ്‌കരണ പ്രസ്ഥാനത്തിൻ്റെ കാലത്താണ് കൽക്കട്ടയിൽ ആദ്യമായി പതാക ഉയർത്തിയത് . ഇന്ന് നമുക്കറിയാവുന്നതിൽ നിന്ന് വ്യത്യസ്തമായ ഈ പതാക ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിൻ്റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. അടുത്ത വർഷം, 1907-ൽ മാഡം ഭിക്കാജി കാമ പാരീസിൽ സമാനമായ പതാക ഉയർത്തി, ഇന്ത്യയുടെ പോരാട്ടത്തിൻ്റെ സന്ദേശം ആഗോളതലത്തിലേക്ക് എത്തിച്ചു .
വർഷങ്ങൾ കടന്നുപോകുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിനൊപ്പം പതാകയുടെ രൂപവും പരിണമിച്ചു. 1917-ൽ ആനി ബസൻ്റിൻ്റെയും ബാലഗംഗാധര തിലകിൻ്റെയും നേതൃത്വത്തിൽ നടന്ന ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ കാലത്ത് സ്വയം ഭരണം ആവശ്യപ്പെട്ട് മറ്റൊരു പതാക ഉയർത്തി. പിംഗളി വെങ്കയ്യ രൂപകല്പന ചെയ്ത പതാകയ്ക്ക് കൂടുതൽ പരിചിതമായ രൂപം കൈവരുന്നത് 1921-ൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ രൂപകൽപ്പനയിലെ, ഇന്ത്യയിലെ വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് വരകൾ നാനാത്വത്തിൽ ഏകത്വത്തിനുള്ള ആഹ്വാനമായിരുന്നു. കേന്ദ്രസ്ഥാനത്തുള്ള ചക്രം ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വത്തിൻ്റെ പ്രതീകമായിരുന്നു
1931-ൽ പതാകയുടെ നിറങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നതോടെയാണ് അതിന് അന്തിമമായ മാറ്റം സംഭവിച്ചത് : കുങ്കുമ നിറം ധീരതയെയും വെള്ള സമാധാനത്തെയും പച്ചനിറം ഫലഭൂയിഷ്ഠതയെയും വളർച്ചയെയും സൂചിപ്പിക്കുന്നവയായി. നൂൽനൂൽക്കുന്ന ചക്രത്തിനു പകരമായി നിയമത്തിൻ്റെയും പുരോഗതിയുടെയും അനശ്വരമായ ചക്രത്തിന്റെ സൂചകമായ ധർമ്മചക്രം സ്വീകരിച്ചു. 1947 ജൂലൈ 22-ന് ഭരണഘടനാ അസംബ്ലി ഔപചാരികമായി അംഗീകരിച്ച ഈ പതാക ഇന്ന് നാം ആദരിക്കുന്ന ത്രിവർണ്ണ പതാകയായി മാറി.
സ്വതന്ത്രരാകാൻ ആഗ്രഹിച്ച ഒരു രാഷ്ട്രത്തിന്റെ കൂട്ടായ അഭിലാഷങ്ങളുടെ പ്രതീകമാണ് ഫോർട്ട് സെൻ്റ് ജോർജ്ജ് മ്യൂസിയത്തിലെ കുങ്കുമ , വെള്ള, പച്ച വരകളും , കടും നീല അശോകചക്രവുമുള്ള പതാക. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് സാക്ഷ്യം വഹിക്കുകയും മാറ്റത്തിൻ്റെ കാറ്റേൽക്കുകയും ചെയ്ത ഈ പതാക രാജ്യത്തിൻ്റെ വളർച്ചയുടെയും വെല്ലുവിളികളുടെയും നിശ്ശബ്ദ നിരീക്ഷകനായി നിലകൊള്ളുകയും ചെയ്തു.
ഇന്ത്യൻ ദേശീയ പതാക സ്വാതന്ത്ര്യത്തിൻ്റെ പ്രതീകം മാത്രമല്ല, സ്വാതന്ത്ര്യത്തോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്തത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ത്രിവർണ്ണ പതാക അർഹിക്കുന്ന ബഹുമാനവും അന്തസ്സും ഉൾക്കൊണ്ടിരിക്കുന്നതാണ് 2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ. ഇതിലൂടെ സ്വകാര്യ, പൊതു, സർക്കാർ സ്ഥാപനങ്ങൾ പതാക പ്രദർശിപ്പിക്കുന്നത് , അതിന് കൽപ്പിച്ചു നൽകിയിട്ടുള്ള ആദരവ് പരിഗണിച്ചുകൊണ്ടാണെന്ന് ഉറപ്പാക്കുന്നു. ഖാദിയിൽ കൈകൊണ്ട് നൂൽ നൂൽക്കുന്നതായാലും പോളിയെസ്റ്ററിൽ യന്ത്രം കൊണ്ട് നിർമ്മിച്ചതായാലും പതാകയെ രാജ്യത്തിൻ്റെ അഭിമാനമായി കണക്കാക്കണം. പതാക പ്രദർശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗം കോഡ് ഊന്നിപ്പറയുന്നു, അതിന് എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന ബഹുമതി നൽകപ്പെടുന്നു, ഒരിക്കലും നിലത്തോ വെള്ളത്തിലോ തൊടാൻ അനുവദിക്കില്ല, കേടുപാടുകൾ സംഭവിച്ചാൽ മാന്യമായി നീക്കംചെയ്യുന്നു.
ഫോർട്ട് സെൻ്റ് ജോർജ് മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഈ പതാകയുടെ മുന്നിൽ നിൽക്കുന്നത് എളിമയുണർത്തുന്ന അനുഭവമാണ്. നമുക്ക് മുൻപുള്ളവരുടെ ത്യാഗത്തെ സ്മരിക്കാനും അവർ കരുതിവെച്ച പൈതൃകത്തെ ആദരിക്കാനും ഈ പതാക പ്രതിനിധീകരിക്കുന്ന ആദർശങ്ങളിലേക്കുള്ള യാത്രയെ തിരിച്ചറിയാനുമുള്ള നിമിഷമാണത്.
നിത്യവും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പ്രത്യാശയുടെയും തിരിച്ചുവരവിന്റെയും ശാശ്വത ദീപമായി ഇന്ത്യൻ ദേശീയ പതാക നിലകൊള്ളുന്നു. ഒരു ജനത സഹിച്ച പോരാട്ടങ്ങളെക്കുറിച്ചും നേടിയ വിജയങ്ങളെക്കുറിച്ചും എല്ലാ വൈചിത്ര്യങ്ങൾക്കും നടുവിൽ നിവർന്നു നിന്ന് , ലോകത്ത് സ്വന്തം സ്ഥാനമുറപ്പിച്ച കീഴടങ്ങാത്ത ഒരു രാഷ്ട്രത്തിന്റെ ചൈതന്യത്തെക്കുറിച്ചും അത് നമ്മെ ഓർമ്മിപ്പിക്കുന്നു, 12 അടി നീളവും 8 അടി വീതിയുമുള്ള പതാക ഭൂതകാലത്തിൻ്റെ ഒരു തിരുശേഷിപ്പ് മാത്രമല്ല, ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും ജീവിക്കുന്ന പ്രതീകമാണ്!
(रिलीज़ आईडी: 2044876)
आगंतुक पटल : 34
इस विज्ञप्ति को इन भाषाओं में पढ़ें:
English