പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഗവേഷണ സഹകരണത്തിന് സിഎംഎഫ്ആർഐ ഇൻകോയിസുമായി കൈകോർക്കുന്നു
Posted On:
13 JUN 2024 4:53PM by PIB Thiruvananthpuram
കൊച്ചി: ജൂൺ 13,2024
സമുദ്രമത്സ്യ മേഖലയിൽ ഗവേഷണ സഹകരത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസുമായി (ഇൻകോയിസ്) ധാരണാപത്രം ഒപ്പുവെച്ചു. മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്ക് ഉപദേശം നൽകുന്നതിനുള്ള നിലവിലുള്ള സാങ്കേതികവിദ്യകൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഗവേഷണ സഹകരണം ലക്ഷ്യമിടുന്നത്.
ധാരണാപത്രത്തിൽ സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണനും ഇൻകോയ്‌സ് ഡയറക്ടർ ഡോ ടി ശ്രീനിവാസകുമാറും ഒപ്പുവച്ചു. ഇതുപ്രകാരം, സിഎംഎഫ്ആർഐയും ഇൻകോയിസും സംയുക്ത പദ്ധതികളിൽ ഒരുമിച്ച് പ്രവർത്തിക്കും, മത്സ്യബന്ധന സമുദ്രശാസ്ത്രം, സമുദ്ര പരിസ്ഥിതി ആഘാത പഠനം, റിമോട്ട് സെൻസിംഗ്, ജിഐഎസ് ജൈവവൈവിധ്യം, മത്സ്യസമ്പത്തിന്റെ പരിപാലനം, സാമൂഹിക ബോധവൽകരണം തുടങ്ങിയ മേഖലകളിൽ സംയുക്ത പഠനത്തിനാണ് ധാരണയായത്.
മത്സ്യലഭ്യതയെ കുറിച്ച്, മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ കൃത്യവും ഫലപ്രദവുമായ ഉപദേശങ്ങൾ നൽകുന്നതിന് നിലവിലുള്ള സാങ്കേതിക വിദ്യകൾ പരിഷ്‌കരിക്കാൻ സംയുക്ത സഹകരണം സഹായകരമാകും.
മത്സ്യബന്ധന-സമുദ്ര പാരിസ്ഥിതിക വിവരങ്ങൾ ശേഖരിക്കുന്നതിന് സംയുക്ത പര്യവേക്ഷണ സർവേകൾ നടത്താനും ധാരണയുണ്ട്. മത്സ്യസമ്പത്ത്, സമുദ്ര ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മനസ്സിലാക്കുന്നതിന് ഈ ഡേറ്റ നിർണായകമാകും.
സമുദ്രമത്സ്യ മേഖലയിൽ സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ് ഉപയോഗിച്ച് തീരദേശ സമൂഹങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രയോജനകരമാകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കൽ, സംയുക്ത പരിശീലന പരിപാടികൾ, തൊഴിൽ നൈപുണ്യവികസനം തുടങ്ങിയവ നടപ്പിലാക്കാൻ ധാരണയായി.
മത്സ്യലഭ്യതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ മീൻപിടുത്ത മേഖകൾ മനസ്സിലാക്കാൻ മത്സ്യത്തൊഴിലാളികൾക്ക് ഏറെ സഹായകരമാകുമെന്ന് ഇൻകോയിസ് ഡയറക്ടർ ഡോ ടി ശ്രീനിവാസകുമാർ പറഞ്ഞു.
(Release ID: 2025049)
Visitor Counter : 38