പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കോഴിക്കോട് ജില്ലയിലെ 2500-ലധികം സ്കൂൾ വിദ്യാർത്ഥികൾ എൻഐടിസി സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 28 FEB 2024 10:04PM by PIB Thiruvananthpuram

കോഴിക്കോട്: ഫെബ്രുവരി 28, 2024

ദേശീയ ശാസ്ത്ര ദിനത്തിൽ കോഴിക്കോട് ജില്ലയിലെ 2500-ത്തിലധികം വിദ്യാർത്ഥികൾ കോഴിക്കോടിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെത്തി. ദേശീയ ശാസ്ത്ര ദിനം എൻ ഐ ടി സി 'ഓപ്പൺ ഹൌസ്' ആയി ആചരിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് സ്ഥാപനം സന്ദർശിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയായിരുന്നു.

50-ലധികം സ്‌കൂളുകളിൽ നിന്നുള്ള ഹൈ സ്കൂൾ-ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ്  ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യയുടെയും കണ്ടുപിടുത്തങ്ങളുടെയും ലോകത്തെ കുറിച്ചറിയാൻ കാമ്പസിലേക്ക് ഒഴുകിയെത്തിയത്.

യുവാക്കളിൽ ശാസ്ത്രത്തോടുള്ള ജിജ്ഞാസയും അഭിനിവേശവും ഉണർത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ 12 ഡിപ്പാർട്ട്‌മെൻ്റുകളിലെ വിദ്യാർത്ഥികളും അധ്യാപരും അവരുടെ കണ്ടുപിടുത്തങ്ങളും പ്രവർത്തന മാതൃകകളും പ്രദർശിപ്പിച്ചു.

ശില്പശാലകളിലൂടെ വിദഗ്ധരുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായിരുന്നു. സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) വിഷയങ്ങളിലുള്ള അറിവ് വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു.

എഞ്ചിനീയറിംഗ്, സയൻസ് ഡിപ്പാർട്ട്‌മെൻ്റുകൾ അവതരിപ്പിക്കുന്ന അത്യാധുനിക ഗവേഷണ പ്രോജക്റ്റുകൾക്കും പ്രവർത്തനങ്ങൾക്കും പുറമേ, ഇൻസ്റ്റിറ്റ്യൂട്ടിലെ ടെക്‌നോളജി ബിസിനസ് ഇൻകുബേറ്ററും വിദ്യാർത്ഥികൾക്ക് പ്രായോഗിക ഉൾക്കാഴ്ചകൾ നൽകാൻ സഹായിക്കുന്ന നൂതനാശയങ്ങൾ പ്രദർശിപ്പിച്ചു.

എൻഐടിസി ഡയറക്ടരുടെ ചുമതല വഹിക്കുന്ന പ്രൊഫ. ജെ സുധാകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ ടിഡി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസറും സ്‌കിൽഫാവ്‌സ് ഡയറക്ടറുമായ ഡോ. ടി.പി സേതുമാധവൻ മുഖ്യാതിഥിയായിരുന്നു.

മാരായമംഗലം സ്കൂളിലെ മുഹമ്മദ് റഫീഖ് ഇ. കെ. 'ഫിസിക്സ് ഫൺ സയൻസ്' എന്ന വിഷയത്തെക്കുറിച്ചും ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഡെപ്യൂട്ടി അനലിസ്റ്റ് സുബ്ബരാജ് എം  'ഭക്ഷണത്തിൽ മായം ചേർക്കലും സുരക്ഷയും' എന്ന വിഷയത്തെക്കുറിച്ചും ക്ലാസ് എടുത്തു. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച 'മാജിക് റെയിൻബോ' എന്ന മാജിക് ഷോ ഏകദിന പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മനം കവരുന്ന അനുഭവമായി.

പരിപാടിയുടെ കോർഡിനേറ്റർ പ്രൊഫ.എം.കെ.രവിവർമ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ശ്രീ. ഇ. കെ കുട്ടി, ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രി കെ  ജയറാം, പരിപാടിയുടെ കോഓർഡിനേറ്റർ പ്രൊഫ. എ സുജിത്ത്, സ്ഥാപനത്തിൻ്റെ ഇന്നവേഷൻ കൗൺസിൽ പ്രസിഡൻ്റ് ഡോ. കുമാരവേൽ എസ്., കെമിസ്ട്രി വിഭാഗം മേധാവി പ്രൊഫ. പരമേശ്വരൻ, ഡയറ്റ് . പ്രിൻസിപ്പൽ ഡോ. അബ്ദുന്നാസർ യു.കെ., ടീച്ചർ കോ-ഓർഡിനേറ്റർ ശ്രീ ഷജിൽ യു.കെ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.  
 


( റിലീസ് ഐ.ഡി: 2010034) സന്ദര്‍ശക കൗണ്ടര്‍ : 44
ഈ റിലീസ് വായിക്കുക: English