പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

കൊച്ചിന്‍ ഷിപ്‌യാര്‍ഡ്  13-ാമത്തെ ഇലക്ടിക് ഹൈബ്രിഡ് 100 പാക്‌സ് വാട്ടര്‍ മെട്രോ ഫെറി ബിവൈ 137 കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കൈമാറി

Posted On: 23 FEB 2024 3:42PM by PIB Thiruvananthpuram

കൊച്ചി: ഫെബ്രുവരി 23, 2024

കപ്പല്‍ നിര്‍മ്മിക്കുന്നതിലും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍), കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് 13-ാമത്തെ ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്‌സ് വാട്ടര്‍ മെട്രോ ഫെറി ബിവൈ 137 ഇന്ന് കൈമാറി.

കെഎംആര്‍എല്ലിന്റെയും സിഎസ്എല്ലിന്റെയും ഡയറക്ടര്‍മാര്‍ക്കൊപ്പം കെഎംആര്‍എല്‍, സിഎസ്എല്‍, ഡി എൻ വി, ഐആര്‍എസ് എന്നിവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു സിഎസ്എല്ലില്‍ നടന്ന കൈമാറ്റ നടപടിക്രമങ്ങള്‍ ഒപ്പു വയ്ക്കല്‍ ചടങ്ങ്.

സിഎസ്എല്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ ഹരികൃഷ്ണന്‍ എസ്, കെഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ശ്രീ ഷാജി പി ജനാര്‍ദ്ദനന്‍ എന്നിവര്‍ അവരവരുടെ സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്ത് കൈമാറ്റ രേഖയില്‍ ഒപ്പു വച്ചു. കൊച്ചിയിലെ ജലഗതാഗതത്തിന്റെ സുസ്ഥിര വികസനത്തിനും ആധുനികവത്കരണത്തിനും ഗണ്യമായ സംഭാവന നല്‍കാന്‍ കഴിയുന്ന ഈ പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനായി ഇരു സ്ഥാപനങ്ങളും യോജിപ്പോടെയാണു പ്രവര്‍ത്തിച്ചത്.

കൊച്ചിയിലെ താമസക്കാര്‍ക്കും സന്ദര്‍ശര്‍ക്കും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക യാനമാണ് ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്സ് വാട്ടര്‍ മെട്രോ ഫെറി ബിവൈ 137. സുസ്ഥിരതയിലും പാരിസ്ഥിതിക ഉത്തരവാദിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്ന ഈ ഫെറി കുറഞ്ഞ മലിനീകരണം ഉറപ്പാക്കുന്നതിനും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും  ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയതാണ്.

13-ാമത് വാട്ടര്‍ മെട്രോ ഫെറി കൈമാറുകയെന്ന നാഴികക്കല്ല് പിന്നിട്ടതോടെ, സിഎസ്എല്ലും കെഎംആര്‍എല്ലും പാരിസ്ഥിതിക ബോധമുള്ള ഗതാഗത സംവിധാനങ്ങള്‍ക്കു മുന്‍ഗണന നല്‍കി രാജ്യത്തിന്റെ നാവിക ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തില്‍ മികവിനുള്ള സാദ്ധ്യതകളുടെ തെളിവാണ് പ്രശസ്തമായ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം.


(Release ID: 2008362) Visitor Counter : 98
Read this release in: English