പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

77-ാം സ്ഥാപകദിനം: ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളുമായി സിഎംഎഫ്ആർഐ ഓപ്പൺ ഹൗസ് ഫെബ്രുവരി 2 ന്

Posted On: 01 FEB 2024 11:29AM by PIB Thiruvananthpuram



കൊച്ചി: ഫെബ്രുവരി 1, 2024  

ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഫെബ്രുവരി 2 ന് പൊതുജനങ്ങൾക്കായി തുറന്നിടും. സിഎംഎഫ്ആർഐയുടെ 77-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഹൗസ് പ്രദർശനം നടത്തുന്നത്.

വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, കടൽജൈവവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം എന്നിവ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

ഏറ്റവും മത്സ്യമായ തിമിംഗല സ്രാവ, കടൽ മുയൽ, പറക്കും കൂന്തൽ, കടൽ വെള്ളരി, പലതരം കടൽ സസ്യങ്ങൾ, കടൽപാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി മൂവായിരത്തോളം സമുദ്ര ജൈവവൈവിധ്യങ്ങളുടെ ശേഖരമടങ്ങുന്നതാണ് സിഎംഎഫ്ആർഐയിലെ നാഷണൽ മറൈൻ ബയോഡൈവേഴ്‌സിറ്റി മ്യൂസിയം.

കടലിൽ നിന്ന് പിടിക്കുന്ന ചെറുതും വലുതുമായ മത്സ്യങ്ങൾ, ചെമ്മീൻ-ഞണ്ട്-കക്കവർഗ്ഗയിനങ്ങൾ, സൂക്ഷ്മ ആൽഗകൾ, കടലിനടിയിലെ മുത്തുകൾ, കടൽകൃഷിയുമായി ബന്ധപ്പെട്ട നൂതനരീതികൾ, കണ്ടൽതൈകൾ തുടങ്ങിയവ പ്രദർശിപ്പിക്കും. കാഴ്ചകൾക്കൊപ്പം അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസ്സിലാക്കാനും അവസരമുണ്ടാകും. സിഎംഎഫ്ആർഐയുടെ ഗവേഷണമേഖലകൾ അടുത്തറിയാനും സംശയനിവാരണത്തിനും പ്രദർശനം പ്രയോജനപ്പെടും. രാവിലെ 10 മുതൽ 4 വരെയാണ് ഓപൺ ഹൗസിന്റെ സമയം. പ്രവേശനം സൗജന്യമാണ്.

സമുദ്രമത്സ്യസമ്പത്തിന്റെ സുസ്ഥിര ഉപയോഗത്തെ കുറിച്ചും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഓപ്പൺ ഹൗസിലൂടെ സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്.
 


(Release ID: 2001046) Visitor Counter : 40
Read this release in: English