പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
യൂറോപ്പിനു വേണ്ടി കൊച്ചി കപ്പൽശാല ഹൈബ്രിഡ് ഓഫ്ഷോർ കപ്പൽ നിർമിക്കും
Posted On:
31 JAN 2024 7:51PM by PIB Thiruvananthpuram
കൊച്ചി: ജനുവരി 31, 2024
ഇന്ത്യയിലെ മുൻനിര കപ്പൽശാലയായ കൊച്ചിൻ ഷിപ്യാർഡിന് യൂറോപ്പിൽ നിന്ന് പുതിയൊരു കപ്പൽ നിർമ്മാണ ഓർഡർ കൂടി ലഭിച്ചു. തീരത്ത് നിന്നും ഏറെ അകലെ സമുദ്രത്തിൽ പ്രവർത്തിക്കുന്ന സർവീസ് ഓപറേഷൻ വെസൽ (എസ്.ഒ.വി) വിഭാഗത്തിൽപ്പെടുന്ന ഹൈബ്രിഡ് കപ്പലാണ് യൂറോപ്യൻ കമ്പനിക്കു വേണ്ടി പുതുതായി കൊച്ചിയിൽ നിർമ്മിക്കുന്നത്. സമുദ്രമേഖലയിൽ നിലയുറപ്പിച്ച് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനാണ് ഈ കപ്പൽ ഉപയോഗിക്കുക. മറ്റൊരു കപ്പൽകൂടി നിർമ്മിച്ചു നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. നിലവിൽ ഇത്തരത്തിലുള്ള രണ്ട് കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു.
ലോകത്തിന്റെ ശ്രദ്ധ സുസ്ഥിര, പുനരുപയോഗ ഊർജ്ജത്തിലേക്ക് തിരിഞ്ഞതോടെ ആഗോള തലത്തിൽ ഓഫ്ഷോർ ഊർജ്ജോൽപ്പാദന മേഖല വികസിക്കുകയാണ്. ഈ രംഗത്തെ ആവശ്യങ്ങൾ നിറവേറ്റുന്ന പടക്കുതിരയാകും കൊച്ചിൻ ഷിപ്യാർഡ് നിർമ്മിക്കുന്ന ഈ ഹൈബ്രിഡ് സർവീസ് ഓപറേഷൻ വെസൽ. ഇത്തരം കപ്പലുകൽ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള കപ്പൽശാലയാണ് കൊച്ചിൻ ഷിപ്യാർഡ്. ഡീസലിനു പുറമെ വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഈ കപ്പൽ പരിസ്ഥിതി മലിനീകരണം വൻതോതിൽ ലഘൂകരിക്കാനും സഹായിക്കും.
ഓഫ്ഷോർ ഊർജ്ജോൽപ്പാദന രംഗത്തെ പ്രവർത്തനാവശ്യങ്ങൾക്കും സേവനത്തിനും അറ്റക്കുറ്റപ്പണികൾക്കുമായി നോർവെയിലെ വാർഡ് എഎസ് ആണ് ഈ കപ്പൽ രൂപകൽപ്പന ചെയ്‌തതത്. ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റവും മൂന്ന് 1300 ഇകെഡബ്ല്യു ഡീസൽ ജനറേറ്റർ സെറ്റുകളുമാണ് ഈ കപ്പലിന് കരുത്ത് പകരുന്നത്. കൂറ്റൻ ലിഥിയം ബാറ്ററി പാക്കാണ് ഇതിലുള്ളത്. ഇത് വൻതോതിൽ കാർബൺ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച സുരക്ഷാ സംവിധാനങ്ങളും സുഖസൗകര്യങ്ങളുമുള്ള ഈ കപ്പലിലെ പ്രധാന ക്യാബിനിൽ 54 ടെക്നീഷ്യൻമാരേയും ജീവനക്കാരേയും ഉൾക്കൊള്ളും.
രണ്ടു പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പൽ നിർമ്മാണ രംഗത്ത് കൊച്ചിൻ ഷിപ്യാർഡ് സജീവമാണ്. ഇതിനകം യുഎസ്എ, ജർമനി, നെതർലാൻഡ്സ്, നോർവെ, ഡെൻമാർക്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായി 50ലധികം അത്യാധുനിക കപ്പലുകൾ കൊച്ചിൻ ഷിപ്യാർഡ് നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓഫ്ഷോർ സപ്പോർട്ട് വെസലുകൾ നിർമ്മിക്കുന്നതിൽ കൊച്ചിൻ ഷിപ്യാർഡ് ആഗോള തലത്തിൽ പേരെടുത്തിട്ടുണ്ട്. നോർവീജിയൻ കമ്പനിക്കു വേണ്ടി ഈയിടെ സ്വയംനിയന്ത്രിത ഇലക്ട്രിക് കാർഗോ ഫെറികൾ നിർമ്മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജർമൻ കമ്പനിക്കു വേണ്ടിയുള്ള എട്ട് മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണവും കൊച്ചി കപ്പൽശാലയിൽ പുരോഗമിക്കുകയാണ്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള കപ്പലുകൾ നിർമ്മിക്കുന്നതിലും കൊച്ചിൻ ഷിപ്യാർഡ് മികവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഇന്ത്യൻ നാവിക സേനയ്ക്കു കൈമാറിയത് സമീപകാലത്താണ്. കൂടാതെ ആന്റി സബ്‌മറൈൻ യുദ്ധക്കപ്പലുകളും പുതുതലമുറ മിസൈൽ വെസലുകളും നിർമ്മിക്കാനുള്ള ഓർഡനും കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.
***
(Release ID: 2000968)
Visitor Counter : 75