പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

വികസിത് ഭാരത് സങ്കല്പ് യാത്രയുടെ പര്യടനം കൊല്ലം ജില്ലയിൽ പൂർത്തിയായി

Posted On: 17 JAN 2024 4:08PM by PIB Thiruvananthpuram

 

കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്രയുടെ പര്യടനം കൊല്ലം ജില്ലയിൽ പൂർത്തിയായി. 46 ദിവസംകൊണ്ട് ഗ്രാമ-നഗര പ്രദേശങ്ങളിലെ 91 വേദികളിൽ ജനസമ്പർക്ക - ബോധവത്കരണപരിപാടി സംഘടിപ്പിച്ച്, അർഹതയുള്ള ആയിരങ്ങളെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാക്കി ആയിരുന്നു പര്യടനം. 46 ദിവസത്തെ പരിപാടിക്കിടെ അർഹരായ രണ്ടായിരത്തിലധികം വീട്ടമ്മമാർക്ക് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷൻ നൽകി. ആയിരക്കണക്കിന് പേരെ വിവിധ സമ്പാദ്യ - സുരക്ഷാ പദ്ധതികളിൽ അംഗങ്ങളാക്കാനും യാത്രയിലൂടെ സാധിച്ചു. ഇന്ന് ചിന്നക്കട മെയിൻ റോഡിലെ ഇന്ത്യൻ ബാങ്ക് ടവറിൽ സംഘടിപ്പിച്ച അവസാനപരിപാടിയിലും നിരവധിപേർ പങ്കെടുത്തു. ജില്ലാ ലീഡ് ബാങ്കായ ഇന്ത്യൻ ബാങ്കിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ ബാങ്ക് തിരുവനന്തപുരം സോണൽ മാനേജർ സാം സമ്പത്ത് യൂജിൻ ഉദ്ഘാടനം ചെയ്തു. വികസിത ഭാരതമെന്ന നേട്ടം കൈവരിക്കാൻ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ശരിയായ അറിവ് സമൂഹത്തിലേക്കെത്തിക്കുക എന്നത് പ്രധാനമാണെന്നും, യാത്ര അവസാനിച്ചെങ്കിലും അറിവിൻ്റെ വിനിമയം ബാങ്കുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ കൗൺസിലർ ഷൈലജ ബി. അധ്യക്ഷത വഹിച്ചു. എല്ലാവരുംചേർന്ന് വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞയെടുത്തു. യാത്രയുടെ ഭാഗമായിരുന്ന ബാങ്കുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, തപാൽവകുപ്പ്, പെട്രോളിയം കമ്പനികൾ, ഹിന്ദുസ്ഥാൻ ലൈഫ് കെയർ, ജൻ ഔഷധി എന്നിവയുടെ പ്രതിനിധികൾക്കും, സാമ്പത്തിക സ്വക്ഷരതാ കൗൺസിലർമാർക്കും സ്നേഹോപഹാരങ്ങൾ നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം 5 വീട്ടമ്മമാർക്ക് സൗജന്യ പാചകവാതക കണക്ഷൻ നൽകി. യാത്രയുടെ നോഡൽ ഓഫീസർമാരായ അരുണിമ വി.റ്റി. , സന്തോഷ് കുമാർ പി.ബി. എന്നിവരെ ആദരിച്ചു. എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് ഡെപ്യൂട്ടി വൈസ് പ്രസിഡൻറ് രാജ്മോഹൻ ജി. , തപാൽ വകുപ്പ് കൊല്ലം ഡിവിഷൻ പ്രതിനിധി ബിന്ദു എം., ഇന്ത്യൻ ബാങ്ക് എ.ജി.എം. റീന സൂസൻ ചാക്കോ, കാനറ ബാങ്ക് കൊല്ലം റീജണൽ മാനേജർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. നഗരപര്യടനത്തിൻ്റെ നോഡൽ ഓഫീസർ സന്തോഷ് കുമാർ പി.ബി. നന്ദി പറഞ്ഞു.

--NK--


(Release ID: 1996940) Visitor Counter : 154